എന്‍ എന്‍ പിള്ളയും ഞാനും

എന്‍ എന്‍ പിള്ളയും ഞാനും

മലയാള പ്രൊഫഷണല്‍ നാടകവേദിയില്‍ പുതിയ ശബ്ദവും ശക്തിയുമായി 1960-കളില്‍ ഒരു കൊടുങ്കാറ്റുപോലെ കടന്നുവന്ന്, വിപ്ലവാത്മകമായ പരിവര്‍ത്തനം വരുത്തിയ നാടകാചാര്യനാണ് എന്റെ സുഹൃത്തുകൂടിയായ എന്‍ എന്‍ പിള്ള. ഇതര പ്രൊഫഷണല്‍ നാടക സംഘങ്ങളുടെ നാടകങ്ങളില്‍ നിന്നു വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ രചനകളും അവതരണങ്ങളും.

മലയാള നാടകചരിത്രത്തില്‍ എന്‍ എന്‍ പിള്ളയ്ക്കുള്ള സ്ഥാനം എന്റെ നോട്ടത്തില്‍ ഒന്നാം നിരയില്‍ തന്നെ. ഇക്കാര്യത്തില്‍ ചിലര്‍ക്കു പക്ഷാന്തരമുണ്ടാവാം. നാടകത്തെക്കുറിച്ച്, അതിന്റെ മര്‍മ്മങ്ങളെക്കുറിച്ച്, വിവിധ സങ്കേതങ്ങളെക്കുറിച്ച്, വിശ്വനാടകവേദിയെക്കുറിച്ച് ഇത്ര അവഗാഹമുള്ള മറ്റൊരു നാടകപണ്ഡിതന്‍ മലയാളത്തിലുണ്ടായിട്ടില്ല എന്നാണ് എന്റെ പക്ഷം.

അദ്ദേഹത്തിന്റെ നാടകദര്‍പ്പണം, കര്‍ട്ടന്‍ എന്നീ ഉല്‍കൃഷ്ടങ്ങളായ രണ്ടു സിദ്ധാന്ത ഗ്രന്ഥങ്ങള്‍ പിശോധിച്ചാല്‍ ലോക നാടക വേദിയെക്കുറിച്ച് എത്ര ആഴമുള്ള അറിവാണ് അദ്ദേഹത്തിനുള്ളതെന്നു മനസ്സിലാക്കാന്‍ കഴിയും. നാടകത്തെ സംബന്ധിച്ചു പറഞ്ഞാല്‍ എന്‍ എന്‍ പിള്ള ഒരു സര്‍വവിജ്ഞാനകോശമായിരുന്നു. നാടക പണ്ഡിതന്മാരെന്നു സ്വയം വിശേഷിപ്പിച്ച് നടന്നിരുന്ന പലര്‍ക്കും അദ്ദേഹത്തെ ഭയമായിരുന്നു. അദ്ദേഹത്തോടു തര്‍ക്കിക്കാനോ വാദിച്ചു ജയിക്കാനോ ആര്‍ക്കും കഴിയുമായിരുന്നില്ല.

അദ്ദേഹം സ്വായത്തമാക്കിയ സിദ്ധികള്‍ മുഴുവനും തന്റെ വിവിധ നാടകങ്ങളിലും ഏകാങ്കങ്ങളിലും അദ്ദേഹം പലതരത്തില്‍ പരീക്ഷിച്ചു നോക്കി, പ്രയോഗിച്ചു കാട്ടി. അദ്ദേഹത്തിന് നാടകെത്തക്കുറിച്ച് സ്വന്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ആരെയും ഒരു കാര്യത്തിലും അനുകരിച്ചില്ല. സ്വന്തമായ വീക്ഷണം, സ്വന്തമായ പരീക്ഷണം, സ്വന്തമായ ശൈലി; ഇതാണദ്ദേഹത്തിന്റെ നയം. നാടകവേദിയെക്കുറിച്ചു പിള്ളയുടെ പ്രസിദ്ധമായ ഒരു പ്രയോഗമുണ്ട്. ''പിന്നില്‍ ഒരു മറ, നില്‍ക്കാന്‍ ഒരു തറ എന്റെ മുന്നില്‍ നിങ്ങളും എന്റെ ഉള്ളില്‍ ഒരു നാടകവും അതാണ് തിയറ്റര്‍.''

തന്റെ 35 വര്‍ഷം നീണ്ടുനിന്ന നാടക സപര്യക്കിടയില്‍ നാടകങ്ങളും ഏകാങ്കങ്ങളും നാടകത്തെക്കുറിച്ചുള്ള പഠന ഗ്രന്ഥങ്ങളും ആത്മകഥയും അടക്കം 40 ഓളം കൃതികള്‍ അദ്ദേഹം കൈരളിക്കു കാഴ്ചവച്ചു. പ്രേതലോകം, ക്രോസ്ബല്‍ട്ട്, കാപാലിക, ഈശ്വരന്‍ അറസ്റ്റില്‍, മന്വന്തരം, ആത്മബലി തുടങ്ങി പ്രസിദ്ധങ്ങളായ നിരവധി നാടകങ്ങള്‍, ശുദ്ധമദ്ദളം, ചതുരംഗം, ഫഌഷ്ബാക്ക് എന്നിങ്ങനെ ഏതാനും ഏകാങ്ക സമാഹാരങ്ങള്‍. രചനയിലും അവതരണത്തിലും ഓരോ നാടകവും ഏകാങ്കവും പുതുമയും വ്യത്യസ്തതയും പുലര്‍ത്തി. വിശ്വനാടകവേദിയില്‍ കാലാകാലങ്ങളായി പരീക്ഷിക്കപ്പെട്ട ഏതാണ്ട് എല്ലാ സങ്കേതങ്ങളും ശൈലികളും തന്റെ രചനകളില്‍ മാറി മാറി അദ്ദേഹം പരീക്ഷിച്ചു. പലതും വിജയിച്ചു. ചിലതു പരാജയപ്പെട്ടു. നടന്‍, നാടകകൃത്ത്, സംവിധായകന്‍, സംഘാടകന്‍, പ്രഭാഷകന്‍, നാടക പണ്ഡിതന്‍, ചലച്ചിത്ര നടന്‍ (ഗോഡ്ഫാദറിലെ അഞ്ഞൂറാന്‍) ഇങ്ങനെ എല്ലാ തലങ്ങളിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച ഒരു മഹാപ്രതിഭയാണ് എന്‍ എന്‍ പിള്ള.

വളരെ ക്ലേശപൂര്‍ണ്ണമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം. ആ കാലത്തെക്കുറിച്ച് അദ്ദേഹം തന്നെ എഴുതിയിട്ടുള്ളത് ഇങ്ങനെ: മുപ്പത്തഞ്ചു വയസ്സുവരെ ഞാന്‍ ജീവിതത്തില്‍ പലതും പയറ്റിനോക്കി. പത്രപ്രവര്‍ത്തകനായി, എസ്‌റ്റേറ്റുടമസ്ഥനായി, ഐ എന്‍ എ ഗറില്ലയായി, വാദ്ധ്യാരായി, രാഷ്ട്രീയ പ്രവര്‍ത്തകനായി, ഹോട്ടല്‍ നടത്തി നോക്കി, തടിക്കമ്പനിയും പരീക്ഷിച്ചു. എല്ലാം പൊളിഞ്ഞു. അതായത് ഞാന്‍ അതിനൊന്നും കൊള്ളാത്തവനായിരുന്നു. അവസാനം നടകം എന്ന തടാകത്തില്‍ ആകസ്മികമായി ചെന്നു വീഴുകയായിരുന്നു. പിന്നെ കരകയറാന്‍ തോന്നിയിട്ടില്ല.''

''പിന്നില്‍ ഒരു മറ, നില്‍ക്കാന്‍ ഒരു തറ എന്റെ മുന്നില്‍ നിങ്ങളും എന്റെ ഉള്ളില്‍ ഒരു നാടകവും അതാണ് തിയറ്റര്‍.''

ഞാനും പിള്ളയും തമ്മിലുള്ള പരിചയത്തിന് വളരെക്കാലത്തെ ദൈര്‍ഘ്യമുണ്ട്. ഞങ്ങള്‍ തമ്മില്‍ പ്രായത്തില്‍ ഏകദേശം പതിനഞ്ചു വര്‍ഷത്തിന്റെ വ്യത്യാസമാണുള്ളത്. ശക്തനായ നാടകകൃത്ത് എന്ന നിലയില്‍ അദ്ദേഹത്തോട് എനിക്ക് ഏറെ ബഹുമാനമുണ്ടായിരുന്നു. സ്വന്തം ഒരനുജനെപ്പോലെയാണ് അദ്ദേഹം എന്നെ സ്‌നേഹിച്ചത്. നാടകത്തില്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്നതു രണ്ടു വഴികളിലൂടെയാണ്. പ്രേതലോകം, ക്രോസ് ബല്‍ട്ട്, ഈശ്വരന്‍ അറസ്റ്റില്‍, കാപാലിക തുടങ്ങിയ പ്രൊഫഷണല്‍ നാടകങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന അതേ കാലത്താണ് എന്റെ, തീ പിടിച്ച ആത്മാവ്, ഭൂമിയിലെ മാലാഖ, കറുത്ത വെളിച്ചം, വിഷക്കാറ്റ്, മണല്‍ക്കാട് എന്നീ നടാകങ്ങള്‍ കേരളത്തിലെ അമച്വര്‍ നാടകവേദിയില്‍ അവതരിപ്പിച്ചു കൊണ്ടിരുന്നത്. അതായത് രണ്ടു പേരും രണ്ടു ട്രാക്കിലൂടെ സമാന്തരമായി സഞ്ചരിച്ചു. രണ്ടു മേഖലയിലും ഒരുപോലെ വിജയിച്ച നാടകങ്ങള്‍. ഞങ്ങള്‍ പരസ്പരം കണ്ടപ്പോഴൊക്കെ നാടകരംഗത്തെ നവരചനകളും ചലനങ്ങളും പുതിയ സംരംഭങ്ങളും ചര്‍ച്ചാ വിഷയമായി.

ആക്ഷേപഹാസ്യമാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ മുഖമുദ്ര. കരുത്തുറ്റ ഇതിവൃത്തം, ചാട്ടുളിപോലെ മൂര്‍ച്ചയുള്ള സംഭാഷണം. സമൂഹത്തിന്റെ കാപട്യത്തെ കീറിപ്പൊളിക്കുന്ന വിമര്‍ശനം. സമൂഹത്തെ - അതിന്റെ ജീര്‍ണ്ണതയെ കഠിനമായി പരിഹസിച്ചു പരിഷ്‌ക്കരിക്കുക - ഇതാണ് പിള്ള സ്വീകരിച്ച നിലപാട്. അങ്ങനെയാവുമ്പോള്‍ സംഭാഷണം പരുഷവും നിശിതവുമാവും. പലപ്പോഴും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്ന തരത്തിലുമാവും. അത് എഴുത്തുകാരന്റെ ആത്മരോഷത്തിന്റെ പ്രകടനമായി കണ്ടാല്‍ മതി എന്നാണ് പിള്ള പറയാറ്.

പ്രേക്ഷകര്‍ക്ക് എരിവും പുളിയും പകര്‍ന്നു കൊടുക്കാന്‍ വേണ്ടി നാടകത്തില്‍ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങള്‍ കുത്തിത്തിരുകുന്ന പ്രവണത കേരളത്തില്‍ കൂടുതല്‍ പ്രകടിപ്പിച്ചത് പിള്ളയാണ്. ഒരിക്കല്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ ഞാനിതേപ്പറ്റി പിള്ളയോടു ചോദിച്ചു. ''പ്രേക്ഷകരെ ഹരം കൊള്ളിക്കാന്‍ ഇത്തരം സംഭാഷണങ്ങള്‍ കുത്തിക്കയറ്റുന്നതു ബുക്കിംഗിന്റെ എണ്ണം വര്‍ധിപ്പിക്കാനല്ലേ? സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരന്‍ സമൂഹത്തെ നന്മയിലേക്കു നയിക്കുകയല്ലേ വേണ്ടത്?'' അതിന് പിള്ളയുടെ മറുപടി: ''നിന്മയിലേക്ക് നയിക്കാന്‍ വേണ്ടി നല്ലതുമാത്രം പറഞ്ഞു നോക്കിയിട്ടു പറ്റാതെ വരുമ്പോഴോ? പിന്നെ ചെയ്യേണ്ടതു സമൂഹത്തെ പ്രകോപിപ്പിക്കുക, രൂക്ഷമായ വിമര്‍ശിക്കുക, ചീത്ത വിളിക്കുക - അങ്ങനെ ധര്‍മ്മരോഷം പ്രകടമാക്കുക.''

''എന്നിട്ടും സമൂഹം നേരെയാകുന്നില്ലല്ലൊ?''

''അതെന്റെ കുറ്റമാണോ ജോസേ?''

''അപ്പോള്‍ പിള്ളയുടെ നോട്ടത്തില്‍, നല്ലതു പറഞ്ഞിട്ടും സമൂഹം നേരെയാവുന്നില്ല. ചീത്ത വിളിച്ചിട്ടും നേരെയാവുന്നില്ല.''

''അതെ, അതാണ് സത്യം.''

''എങ്കില്‍ പിന്നെ, പണത്തിനു വേണ്ടിയല്ലെങ്കില്‍ നാടകത്തിലൂടെ നല്ലതു മാത്രം പറഞ്ഞാല്‍ പോരേ?''

പിള്ളയുടെ വക ഒരു കള്ളച്ചിരിയായിരുന്നു ഇതിനുള്ള മറുപടി. തുടര്‍ന്നു പിള്ള പറഞ്ഞു:

''എന്റെ ജോസേ! ക്രിസ്തുവും കൃഷ്ണനും ശ്രീബുദ്ധനുമൊക്കെ നൂറ്റാണ്ടുകളായി വിചാരിച്ചിട്ടു സമൂഹം നേരെയായിട്ടില്ല. എന്നിട്ടാണോ ഈ നമ്മള്‍? ഇതു വിടൂ. നമുക്കു വേറെ എന്തെങ്കിലും വിഷയം സംസാരിക്കാം.''

അദ്ദേഹം ഏതു ചോദ്യത്തിനും മറുപടി പറയും. എല്ലാത്തിനും ഒരു യുക്തിയുണ്ടാവും. പിള്ളയ്ക്ക് ആരേയും ഭയമില്ല. ഒന്നിനെയും പേടിയില്ല. തികച്ചും സ്വതന്ത്രന്‍. താന്‍ പറയുന്നതാണ് തന്റെ നിയമം. ഒന്നിനും കൂസാത്ത തന്റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങള്‍. അത് ആരുടെ മുഖത്തു നോക്കിയും - എത്ര വലിയവനായാലും - വെട്ടിത്തുറന്നു പറയാനുള്ള ചങ്കൂറ്റം.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org