എം ടി യുടെ നിര്‍മ്മാല്യം

എം ടി യുടെ നിര്‍മ്മാല്യം

1974-ലാണ് എം ടി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'നിര്‍മ്മാല്യം' എന്ന സിനിമയിലെ അഭിനയത്തിന് പി ജെ ആന്റണിക്കു ഭരത് അവാര്‍ഡ് ലഭിച്ചത്. ചലച്ചിത്ര ലോകത്തെ അഭിനയ പ്രകടനത്തിന് ഭാരതത്തില്‍ നല്കുന്ന മികച്ച ദേശീയ അവാര്‍ഡാണിത്. നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ റോളില്‍ അതുല്യവും അവിസ്മരണീയവുമായ അഭിനയം കാഴ്ചവച്ചതിനാണ് ഈ അപൂര്‍വ ബഹുമതി. ഏറ്റവും നല്ല ചലച്ചിത്രത്തിനും സംവിധാനത്തിനുമുള്ള ദേശീയ പുരസ്‌ക്കാരം (സ്വര്‍ണ്ണപ്പതക്കം) ഇതേ ചിത്രത്തിന്റെ പേരില്‍ എം ടി ക്കും ലഭിച്ചു.

ഈ ഭരത് ബഹുമതിക്കു മറ്റൊരു സവിശേഷത കൂടിയുണ്ട്. തെക്കെ ഇന്ത്യയില്‍ ഈ ഭരത് അവാര്‍ഡിന് അര്‍ഹത നേടിയ ആദ്യത്തെ വ്യക്തിയാണ് പി ജെ ആന്റണി. തമിഴില്‍ അഭിനയ പ്രതിഭകളായ ശിവാജി ഗണേശന്‍ ജെമിനി ഗണേശന്‍, എം ഡി രാമചന്ദ്രന്‍ തുടങ്ങിയവരും തെലുങ്കില്‍ എ നാഗേശ്വര റാവു, എന്‍ ടി രാമറാവു, ജി രങ്കറാവു, വി നാഗയ്യ തുടങ്ങിയവരും മലയാളത്തില്‍ സത്യന്‍, പ്രേം നസീര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍ എന്നിവരുമെല്ലാം സജീവമായി ചലച്ചിത്ര രംഗത്തുണ്ടായിട്ടും ഈ അസുലഭ ബഹുമതി ലഭിച്ചതു പി ജെ ആന്റണിയെന്ന അഭിനയ വിസ്മയത്തിനാണ്.

നിര്‍മ്മാല്യം കണ്ടിട്ട് അഞ്ച് പതിറ്റാണ്ടു കഴിഞ്ഞെങ്കിലും അതിലെ വെളിച്ചപ്പാടിനെ മറക്കാന്‍ കഴിയുന്നില്ല. ആ റോളില്‍ ആന്റണി കാഴ്ചവച്ച ഭാവാഭിനയവും കാല്‍ച്ചിലമ്പണിഞ്ഞ് പള്ളിവാളും പിടിച്ച് ഉറഞ്ഞു തുള്ളുന്ന രൂപവും ജീവിതത്തകര്‍ച്ച സമ്മാനിച്ച ദൈന്യമുഖവും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. വാര്‍ത്തയറിഞ്ഞയുടനെ എന്റെയുള്ളില്‍ അലയടിച്ച ആഹ്ലാദം അറിയിച്ചുകൊണ്ടു സുഹൃത്തായ ആന്റണിക്ക് ഞാന്‍ കത്തയച്ചു. വര്‍ഷങ്ങളായിട്ട് ആന്റണിയുടെ പ്രത്യേകതരം സ്വഭാവം എനിക്കറിയാം. മറുപടി അയക്കില്ലെന്നും അറിയാം. എങ്കിലും എന്റെ മനസ്സിന്റെ സന്തോഷവും അകമഴിഞ്ഞ അഭിനന്ദനവും അറിയിച്ചെന്നു മാത്രം.

1963 ല്‍ എന്റെ 'തീപിടിച്ച ആത്മാവ്' എന്ന നാടകം തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ അവതരിപ്പിച്ചപ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് പി ജെ ആന്റണിയാണെന്നു ഞാന്‍ മുമ്പേ കുറിച്ചിട്ടുണ്ട്. ആയിടയ്ക്ക് മറ്റൊരു നാടകത്തിന്റെ ('മരുഭൂമിയിലെ യാത്രക്കാര്‍' എന്നാണ് ഓര്‍മ്മ) അവതരണവുമായി ബന്ധപ്പെട്ടു ഒരാഴ്ചക്കാലം ആന്റണി തൃശ്ശൂരിലെ ജയാ ലോഡ്ജില്‍ ക്യാമ്പു ചെയ്യുന്നുണ്ടായിരുന്നു. മിക്ക ദിവസവും ഞങ്ങള്‍ തമ്മില്‍ കണ്ടു, ദീര്‍ഘമായി സംസാരിച്ചു. ഞങ്ങളുടെ സൗഹൃദം പൂത്തുവിരിഞ്ഞത് അപ്പോഴാണ്. ഞങ്ങള്‍ പരസ്പരം ജീവിതാനുഭവങ്ങളും നാടകാനുഭവങ്ങളും പങ്കുവച്ചു. നാടകരംഗത്തെ പലരും ആന്റണിയെ നിഷേധിയെന്നും ധിക്കാരിയെന്നും പരിക്കനെന്നും മുരടനെന്നും വഴക്കാളിയെന്നുമൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും എന്നോടു സംസാരിച്ചപ്പോഴൊന്നും അത്ത രം ഭാവങ്ങള്‍ കണ്ടില്ല. തികച്ചും സൗമ്യന്‍, ശാന്തന്‍, സ്‌നേഹസമ്പന്നന്‍. ആന്റണി സംസാരം തുടങ്ങിയാല്‍ കേട്ടിരിക്കാന്‍ ബഹുരസമാണ്. നിരവധി അനുഭവങ്ങള്‍ വിവരിച്ച്, ചിരിച്ചും ചിരിപ്പിച്ചും കൊണ്ടുള്ള ആ സംസാരം അനര്‍ഗളമായ ഒരു ഒഴുക്കാണ്. മണിക്കൂറുകളോളം കേട്ടിരുന്നാലും മതിവരില്ല.

നാടകനടന്‍, നാടകകൃത്ത്, സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ചലച്ചിത്ര നടന്‍ എന്നിങ്ങനെ ഒട്ടനവധി രംഗങ്ങളില്‍ ഒരുപോലെ സര്‍ഗമുദ്ര ചാര്‍ത്തിയ ഒരപൂര്‍വ വ്യക്തിത്വമാണ് ആന്റണി.

പ്രകോപനമുണ്ടായാലേ പൊട്ടിത്തെറിക്കൂ. തനിക്കു ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങള്‍ കണ്ടാല്‍ ഉടനെ ക്ഷോഭിക്കും, ശകാരിക്കും, കലിതുള്ളും. എത്ര വലിയവനായാലും ഏതു സ്ഥാനമലങ്കരിക്കുന്നവനായാലും വേണ്ടില്ല പറയാനുള്ളത് ഒരു മയവുമില്ലാതെ വെട്ടിത്തുറന്നു കാച്ചും. ഒരു വമ്പന്റെ മുമ്പിലും കൊമ്പുകുത്തില്ല. ഇത്തരം പ്രകൃതം കണ്ടിട്ടാവണം പ്രൊഫ. എം എന്‍ വിജയന്‍ മാഷ് ഒരിക്കല്‍ ആന്റണിയെക്കുറിച്ചു പറഞ്ഞത് ''വെടിമരുന്നുപോലെ പൊട്ടിത്തെറിക്കുന്ന മനുഷ്യന്‍.''

താനെഴുതിയ നാടകം സംവിധാനം ചെയ്യുമ്പോള്‍ അതിലഭിനയിക്കുന്നവര്‍ തന്റെ കഥാപാത്രങ്ങളോടു നൂറു ശതമാനം നീതിപുലര്‍ത്തണമെന്ന് ആന്റണിക്കു നിര്‍ബന്ധമുണ്ട്. അവര്‍ പ്രതീക്ഷയ്‌ക്കൊത്ത് വളരുന്നില്ലെങ്കില്‍, എത്ര പറഞ്ഞു കൊടുത്തു പഠിപ്പിച്ചാലും ശരിയാവുന്നില്ലെങ്കില്‍, അഭിനയിച്ചു കാണിക്കുമ്പോള്‍ അപ്രകാരം അനുകരിക്കുന്നില്ലെങ്കില്‍ രോഷം പൂണ്ട് അവരോട് പറയുന്ന വാക്കുകള്‍ പലപ്പോഴും ചെവി പൊത്തിപ്പിടിച്ചു കേള്‍ക്കേണ്ടവയാണ്.

കേരളത്തിലെ പ്രശസ്തമായ ഒരു പ്രൊഫഷണല്‍ ട്രൂപ്പിനുവേണ്ടി ആന്റണി നാടകം എഴുതിക്കൊടുത്തു. സംവിധാനം നിര്‍വഹിക്കുന്നതും അദ്ദേഹമാണ്. ട്രൂപ്പിന്റെ ഉടമയും നാടകത്തില്‍ ഒരു റോള്‍ ചെയ്യുന്നുണ്ട്. പുറത്തുനിന്നുള്ള മറ്റൊരു നടനു കൊടുക്കുന്ന പണം അങ്ങനെ ലാഭിക്കാമല്ലോ എന്നതാണ് ലാക്ക്. റിഹേഴ്‌സല്‍ തുടങ്ങി, മറ്റു നടീ നടന്മാരെല്ലാം ആന്റണിയുടെ ഇംഗിതത്തിനുസരിച്ചു ഭംഗയായി അഭിനയിക്കുന്നുണ്ട്. ട്രൂപ്പിന്റെ ഉടമയുടെ ഭാഗം മാത്രം ആന്റണിയുടെ ഭാവനയ്‌ക്കൊത്ത് ഉയരുന്നില്ല. പല പ്രാവശ്യം പറഞ്ഞു കൊടുത്തു. അഭിനയിച്ചു കാണിച്ചു. അതു പലവട്ടം ആവര്‍ത്തിച്ചു. എന്നിട്ടും നേരെയാവുന്നില്ല. ആന്റണി നൈരാശ്യത്തില്‍ നിന്നുത്ഭവിച്ച സകല കലിയും ഉള്ളിലൊതുക്കിക്കൊണ്ട് ഉടമയോടു പറഞ്ഞു: ''മനുഷ്യന്റെ മുഖത്തു പ്രധാനമായിട്ടു രണ്ടു കാര്യങ്ങളാണ് വരിക. ഒന്ന് വികാരം, രണ്ടു വസൂരി. നിന്റെ മുഖത്തു രണ്ടാമതു പറഞ്ഞതേ വരൂ.'' ഇതാണ് സാക്ഷാല്‍ ആന്റണി. ട്രൂപ്പിന്റെ ഉടമയായിട്ടുപോലും പൊട്ടിത്തെറിയില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഒരു കാലത്ത് ഏറെ പ്രസിദ്ധമായിരുന്ന ആ നാടകട്രൂപ്പ് ഇപ്പോള്‍ നിലവിലില്ല. ട്രൂപ്പിന്റെ ഉടമസ്ഥനും ജീവിച്ചിരിപ്പില്ല.

ദ്രുതഗതിയില്‍, ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് നാടകമെഴുതുന്ന വ്യക്തിയാണ് ആന്റണി. അനവധി ജീവിതാനുഭവങ്ങളുള്ളതുകൊണ്ടും സമൂഹത്തില്‍ പല തട്ടിലുമുള്ള വ്യത്യസ്ത മനുഷ്യരുമായി ഇടപെടുന്നതു കൊണ്ടും തന്റെ ഉള്ളില്‍ ഒരു സാമൂഹ്യപരിഷ്‌ക്കര്‍ത്താവ് ജ്വലിച്ചു നില്‍ക്കുന്നതു കൊണ്ടും, പുതിയ പുതിയ ഇതിവൃത്തങ്ങളും കഥാപാത്രങ്ങളും നാടകത്തില്‍ കൊണ്ടുവരാന്‍ ആന്റണിക്ക് ഒരു പ്രയാസവുമില്ല.

ആന്റണി എഴുതിയ നാടകങ്ങളുടെ എണ്ണം നൂറിലേറെയാണ്. അത് അക്കാലത്തെ നാടകരചനയിലെ ഒരു റെക്കോര്‍ഡാണ്. അത്രയേറെ നാടകങ്ങള്‍ മലയാളത്തില്‍ അന്നുവരെ ആരുമെഴുതിയിട്ടില്ല. അവയില്‍ അച്ചടിച്ചവ ഇരുപത്തഞ്ചോളം കൃതികള്‍ മാത്രം. ബാക്കിയെല്ലാം അച്ചടിക്കാത്തവയാണ്.

പ്രതിഭ തിയ്യറ്റേഴ്‌സ്, പി ജെ തിയ്യറ്റേഴ്‌സ്, ചങ്ങനാശ്ശേരി ഗീഥ തുടങ്ങി വിവിധ പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ അദ്ദേഹത്തിന്റെ എത്രയോ നാടകങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഗീഥ അവതരിപ്പിച്ച രശ്മി, മണ്ണ്, ദീപ്തി, ഉഴവുചാല്‍, വേഴാമ്പല്‍ തുടങ്ങിയ ആന്റണിയുടെ നാടകങ്ങള്‍ അരങ്ങത്ത് ഇരമ്പുന്നവയായിരുന്നു. കഥാപാത്രങ്ങളായി വേഷമിട്ടവരോ തിലകന്‍, ആലുംമൂടന്‍, ജോസഫ് ചാക്കോ, കെ കെ ജേക്കബ്, കമലമ്മ, ചാച്ചപ്പന്‍, ജോസ് ആലഞ്ചേരി മുതലായ അന്നത്തെ പ്രമുഖ അഭിനേതാക്കള്‍. എല്ലാം തന്നെ ജീവിതഗന്ധിയായ നാടകങ്ങള്‍. മണ്ണിന്റെ മണവും വിയര്‍പ്പിന്റെ ഗന്ധവും കണ്ണീരിന്റെ നനവും വിപ്ലവത്തിന്റെ വീര്യവുമുള്ള നാടകങ്ങള്‍. മലയാളത്തിന്റെ മുഖമുദ്രയുള്ള നാടകങ്ങള്‍. അമ്പതു കൊല്ലങ്ങള്‍ക്കു മുമ്പ് കണ്ട ആ നാടകങ്ങളും അവയിലെ കഥാപാത്രങ്ങളും നാടകീയ മുഹൂര്‍ത്തങ്ങളും. ഇന്നും മനസ്സില്‍ സജീവമായി നില്‍ക്കുന്നു. എന്നാല്‍ ഇന്നത്തെ ചില നാടകങ്ങളോ? കണ്ടുകഴിഞ്ഞ് അമ്പതു മിനിറ്റാവുമ്പോഴേക്കും അവ മനസ്സില്‍ നിന്ന് ഊരിപ്പോകുന്നു.

ആന്റണിയുടെ ഏറ്റവും മികച്ച നാടകം ഏതെന്ന് എന്നോടു ചോദിച്ചാല്‍ ഞാന്‍ പറയും, അതു 'സോക്രട്ടീസ്' ആണെന്ന്. വളരെ സൂക്ഷ്മതയോടെ വാര്‍ത്തെടുത്ത ഒരു രചനാശില്പമാണത്. ഞാനതു വായിക്കുക മാത്രമല്ല, അത് തൃശ്ശൂര്‍ ആകാശവാണി റേഡിയോ നാടകവാരത്തിലുള്‍പ്പെടുത്തി പ്രക്ഷേപണം ചെയ്തു കേട്ടിട്ടുമുണ്ട്. അതില്‍ സോക്രട്ടീസായി അഭിനയിച്ചു ശബ്ദം നല്കിയത് ആന്റണി തന്നെ. ഈ നാടകം റെക്കോര്‍ഡ് ചെയ്യാന്‍ തൃശ്ശൂര്‍ക്കു വന്നപ്പോഴും ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി ദീര്‍ഘമായി സംസാരിച്ചു.

ഈ അധ്യായം ആരംഭിച്ചത് ആന്റണിക്കു ഭരത് അവാര്‍ഡ് ലഭിച്ച കാര്യം പറഞ്ഞുകൊണ്ടാണ്. മറുപടി കിട്ടില്ലെന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഞാന്‍ അനുമോദനക്കത്തയച്ചത്. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് 1974 സെപ്തംബര്‍ 7 ന് ആന്റണിയുടെ മറുപടി വന്നു. ആ കത്തിന്റെ ഉള്ളടക്കം അതേപടി താഴെ ചേര്‍ക്കുന്നു.

  • ''പ്രിയപ്പെട്ട ജോസ്, താങ്കളയച്ച കത്തു കിട്ടിയിട്ടു മാസമൊന്നു കഴിഞ്ഞെങ്കിലും, ഇപ്പോഴത്തെ ബഹളങ്ങള്‍ക്കിടയില്‍ പെട്ടെന്നൊരു മറുപടി അയക്കാന്‍ സൗകര്യം കിട്ടിയില്ല. ഇപ്പോള്‍ ഞാന്‍ നല്ല സുഖമില്ലാതെ ഇടപ്പള്ളിയിലുള്ള ഒരാസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു കൂടുകയാണ്. അതുകൊണ്ട് ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ക്കെങ്കിലും മറുപടികളയക്കാന്‍ സമയം കിട്ടിയിരിക്കുന്നു. താങ്കളുടെ അഭിനന്ദനങ്ങള്‍ക്കു നന്ദി പറഞ്ഞുകൊള്ളുന്നു. കൂടുതല്‍ വിശേഷങ്ങളൊന്നുമില്ല. ജോസിന് സുഖം തന്നെയെന്നു വിശ്വസിക്കുന്നു.

  • സ്‌നേഹപൂര്‍വം (ഒപ്പ്)''

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org