1947-48 കാലം. ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. അക്കാലത്ത് വിദ്യാലയങ്ങളില്‍ സമരങ്ങളില്ല. രാഷ്ട്രീയമില്ല. ഛോട്ടാ പാര്‍ലമെന്റില്ല. പീക്കിരി പ്രധാനമന്ത്രിയില്ല. എന്നിട്ടും ഞാനടക്കമുള്ള വിദ്യാര്‍ത്ഥി ലോകത്തിന് ഒരു കുറവും സംഭവിച്ചതായി അറിവില്ല. മറിച്ച്, ഇന്നത്തെക്കാള്‍ പതിന്മടങ്ങു മര്യാദയും സംസ്‌കാരവും അച്ചടക്കവും ആദര്‍ശനിഷ്ഠയും പൗരധര്‍മ്മവും ദേശീയബോധവും ഉണ്ടായിരുന്നുതാനും. അന്നു വിദ്യാര്‍ത്ഥികളുടെ പരമമായ ലക്ഷ്യം പഠിക്കുക, അറിവു നേടുക; അധ്യാപകരുടെ ഉദാത്തമായ ദൗത്യം പഠിപ്പിക്കുക, വിജ്ഞാനം പകരുക - ഇതൊക്കെയായിരുന്നു.
തൃശ്ശൂര്‍ ബിഷപ്പിന്റെ കീഴിലുള്ള സെന്റ് തോമസ് ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. അക്കാലത്ത് അധ്യാപകരെ നിയമിച്ചിരുന്നത് യഥാര്‍ത്ഥമായ കഴിവിന്റെയും, പൂര്‍ണ്ണമായ യോഗ്യതയുടെയും, സ്വഭാവവൈശിഷ്ഠ്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. സ്ഥാപിത താല്പര്യങ്ങള്‍ അവിടെ സ്ഥാനം പിടിച്ചില്ല. സ്വജാതി ചിന്ത തലപൊക്കിയില്ല. സാമൂദായിക പക്ഷപാതം തൊട്ടുതീണ്ടിയില്ല.
സമര്‍ത്ഥരായിരുന്നു അന്നത്തെ എന്റെ അധ്യാപകര്‍. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഹൃദ്യമായ ശൈലിയില്‍ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച എല്‍ ആര്‍ സുബ്രഹ്മണ്യയ്യര്‍, ടി എച്ച് കൃഷ്ണയ്യര്‍, കണക്കില്‍ പിറകിലായിരുന്ന എന്നെ അത്ഭുതകരമായി കയറ്റിക്കൊണ്ടുവന്ന എം എ ഇട്ട്യേച്ചന്‍ മാസ്റ്റര്‍, ടി വി രാമസ്വാമി അയ്യര്‍, കെമിസ്ട്രി പഠിപ്പിച്ച കെ ആര്‍ ഗണപതി അയ്യര്‍, സയന്‍സ് പഠിപ്പിച്ച പി എസ് സുബ്രഹ്മണ്യയ്യര്‍, ഹിസ്റ്ററി പഠിപ്പിച്ച കിടങ്ങന്‍ ജോസഫ് മാസ്റ്റര്‍, ജ്യോഗ്രഫി പഠിപ്പിച്ച സി എ പോള്‍ മാസ്റ്റര്‍, മലയാളം പഠിപ്പിക്കുകയും എന്നില്‍ സഹിത്യവാസന ജനിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്ത കവി കൂടിയായ പൊന്‍കുന്നം ദാമോദരന്‍, മഹാകവി കെ കെ രാജ... ഇവരെല്ലാം എന്റെ മനസ്സില്‍ ഇന്നും കൂടുകെട്ടി വസിക്കുന്ന വന്ദ്യ ഗുരുഭൂതരാണ്. ഒന്നു തീര്‍ച്ച, മേല്‍പ്പറഞ്ഞപോലുള്ള കഴിവുള്ള ഒരധ്യാപകവൃന്ദം - പണ്ഡിതരുടെ ഒരു പ്രഗത്ഭസംഘം - അക്കാലത്തു കേരളത്തിലെ മറ്റേതെങ്കിലും ഹൈസ്‌കൂളില്‍ ഉണ്ടായിരുന്നോ എന്നു സംശയമാണ്.
അന്ന് ഏകദേശം അമ്പതുവയസ്സുള്ള എന്റെ ഇംഗ്ലീഷ് അധ്യാപകനായ എല്‍ ആര്‍ സുബ്രഹ്മണ്യയ്യര്‍ സൗമ്യനും സ്‌നേഹസമ്പന്നനുമായിരുന്നു. പ്രോസും പോയട്രിയും അദ്ദേഹത്തിന് ഒരുപോലെ. ഓരോ പാഠം എടുത്തു കഴിയുമ്പോഴും കുട്ടികളുടെ മനസ്സില്‍ ചിത്രം വരച്ചപോലെ അവ പതിഞ്ഞിരുന്നു. ചുരുക്കത്തില്‍ അദ്ദേഹത്തിന്റെ ക്ലാസ് ഇമ്പമേറിയ ഗാനാലാപനം പോലെ ആസ്വാദ്യമായിരുന്നു.
ഇംഗ്ലീഷില്‍ ഞാന്‍ കൂടുതല്‍ മാര്‍ക്കു വാങ്ങുന്നതുകൊണ്ടോ എന്തോ എന്നോട് മാഷ്‌ക്ക് പ്രത്യേക മമതയും വാത്സല്യവുമുണ്ടായിരുന്നു. വഴിയില്‍ വച്ച് എപ്പോഴെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടിയാല്‍ ബഹുമാനസൂചകമായി ഞാന്‍ കൈകൂപ്പും. എന്റെ പഠിപ്പും പ്രസരിപ്പും തരക്കേടില്ലാത്ത രൂപ ഭംഗിയും കണ്ടിട്ടു ഞാന്‍ ഏതോ ഭേദപ്പെട്ട വീട്ടിലെ കുട്ടിയാണെന്നാണ് അദ്ദേഹം ധരിച്ചിട്ടുള്ളത്. സന്തോഷം, ആ ധാരണ അങ്ങനെയിരുന്നോട്ടെ.
എന്റെ വീട്ടിലേക്ക് ഒരാഴ്ചയിലേക്കാവശ്യമായ പലചരക്കു സാധനങ്ങള്‍, കുറേശ്ശെയാണെങ്കിലും എല്ലാ ശനിയാഴ്ചകളിലുമാണ് വാങ്ങുക. ടൗണില്‍ അപ്പന് പരിചയമുള്ള ഒരു വലിയ കടയില്‍നിന്ന് അവ വാങ്ങും. അവിടേക്ക് രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട്. സാരമില്ല. വീടിനടുത്തുള്ള ചെറിയ കടയില്‍ നിന്നു വാങ്ങുന്നതിനേക്കാള്‍ അല്പം ലാഭമുണ്ട്. സാമ്പത്തിക ഞെരുക്കമുള്ള ഞങ്ങളുടെ കുടുംബത്തിന് അതു സഹായകരമല്ലെ? വാങ്ങുന്ന സാധനങ്ങള്‍ കൊണ്ടുപോരാനായിട്ടു മൂത്തമകനായ ഞാന്‍ കുട്ടയും കുപ്പികളുമായി മാര്‍ക്കറ്റിലേക്ക് പോകും.
പതിവുപോലെ ഒരു ശനിയാഴ്ച, ഉച്ചതിരിഞ്ഞ് ഞാന്‍ ഉപ്പ്, മുളക്, പരിപ്പ്, പയറ്, മല്ലി, ഉള്ളി മുതലായ ഒട്ടേറെ സാധനങ്ങളുടെ പൊതികള്‍ നിറഞ്ഞ കുട്ടയും തലയിലേറ്റി വീട്ടിലേക്ക് പോരുകയാണ്. വെളിച്ചെണ്ണ, നല്ലെണ്ണ, മണ്ണെണ്ണ എന്നിവയുടെ കുപ്പികള്‍ സാമാനപ്പൊതികളുടെ ഇടയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു - മൂന്നു ദിശകളിലേക്കു തിരിച്ചുവച്ച പീരങ്കികള്‍ പോലെ. ടൗണിലൂടെ ഇങ്ങനെ കുട്ടയുമേറ്റി നടന്നുപോരാന്‍ ഇഷ്ടമുണ്ടായിട്ടല്ല. പക്ഷേ, വേറെ മാര്‍ഗമില്ല.
ഇങ്ങനെ നടക്കുമ്പോള്‍ അല്പം അകലെനിന്ന് അതാ വരുന്നു എന്റെ ഇംഗ്ലീഷ് അധ്യാപകന്‍. മാഷെ കണ്ടമാത്രയില്‍ എന്റെയുള്ളില്‍ കൊള്ളിയാന്‍ മിന്നി. എനിക്കാകെ വീര്‍പ്പുമുട്ടും നാണക്കേടും. എനിക്കഭിമുഖമായിട്ടാണ് മാഷ് വരുന്നത്. ഒളിക്കാനോ ഒഴിഞ്ഞുപോകാനോ സ്ഥലമില്ല. മാഷ് അടുത്തടുത്തു വരികയാണ്. മറ്റൊന്നും ചിന്തിക്കാന്‍ പോയില്ല. കുട്ട പൊടുന്നനേ ഇടതുവശത്തുള്ള ഒരു മതിലിന്മേല്‍ ഇറക്കിവച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ വളരെ കൂളായിട്ടു മുമ്പോട്ടു വരികയാണ് ഞാന്‍. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മാഷ് മുമ്പിലെത്തി. ഞാന്‍ കൈകൂപ്പി പുഞ്ചിരിച്ചു. എന്റെ ആദരം സസന്തോഷം അദ്ദേഹം സ്വീകരിച്ചു.
''ജോസ് എവിടെ പോയിട്ടു വരുന്നു?''
''ടൗണില്‍ പോയതാ?''
വേറെയും ചിലതെല്ലാം മാഷ് ചോദിച്ചു. ഞാന്‍ മറുപടി പറഞ്ഞു. ഭാഗ്യം! മാഷ് ഒന്നും കണ്ടിട്ടില്ല. എനിക്കു തിടുക്കമായി.
''എന്നാല്‍ ഞാന്‍ പോകട്ടെ മാഷേ.''
''ജോസ് ഇപ്പോള്‍ എങ്ങോട്ടു പോകുന്നു?''
''വീട്ടിലേക്ക്.''
''ജോസ് എന്തോ അവിടെ ഇറക്കിവയ്ക്കുന്നതു കണ്ടല്ലോ.''
ഞാന്‍ നടുങ്ങിപ്പോയി. മാഷ് അതു കണ്ടിരിക്കുന്നു. എന്നെക്കുറിച്ചുള്ള സകല മതിപ്പും പോയി. ചമ്മലോടെ ഞാന്‍ കാര്യം തുറന്നു പറഞ്ഞു. എന്റെ സ്വരത്തിനപ്പോള്‍ വിറയലുണ്ടായിരുന്നു.
മാഷ് എന്നോടൊപ്പം മതിലിനടുത്തേക്കു വന്നു.
''ജോസ് എന്നെ കണ്ടപ്പോള്‍ എന്തിനാ ഇത് ഇറക്കിവച്ചത്?''
''മാഷ് ഈ നിലയില്‍ എന്നെ കാണേണ്ട എന്നു വിചാരിച്ചു.'' ഞാന്‍ വിക്കി വിക്കി പറഞ്ഞു.
''കുട്ടയോടെ കണ്ടാലെന്താ? അതല്ലേ അഭിമാനം. ഇതെല്ലാം സ്വന്തം വീട്ടിലേക്കല്ലേ?''
''അതെ. എന്നാലും വീട്ടിലെ ബുദ്ധിമുട്ട്... മാഷ് അറിയാതിരിക്കാന്‍...''
''ബുദ്ധിമുട്ടു എല്ലാവര്‍ക്കുമുണ്ടു കുട്ടീ... എനിക്കും ബുദ്ധിമുട്ടുണ്ട്. സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ എന്റെ വീട്ടിലേക്കുള്ള പച്ചക്കറികള്‍ ഞാനാണ് വാങ്ങിക്കൊണ്ടു പോവുക. ഇതിലൊരു അഭിമാനക്കുറവുമില്ല.''
മാഷ് എന്റെ തലയില്‍ തലോടി. എന്നിട്ടു പറഞ്ഞു, ''ഒരിക്കലും ദുരഭിമാനം പാടില്ല. നമ്മള്‍ എങ്ങനെയാണോ അതുപോലെ ജീവിക്കണം. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഒന്നും ചെയ്യരുത്. മനസ്സിലായോ?''
ഞാന്‍ തലയാട്ടി.
''ജോസ് ഈ കുട്ടയെടുത്തു തലയില്‍ വയ്ക്ക്. ഞാന്‍ പിടിച്ചുതരണോ?''
''വേണ്ട മാഷെ.''
ഞാന്‍ കുട്ടയെടുത്തു തലയില്‍വച്ചു. അദ്ദേഹം പുഞ്ചിരിയോടെ എന്റെ പുറത്തുതട്ടി.
അങ്ങനെ വഴിയില്‍വച്ചു കണ്ടുമുട്ടിയ എന്റെ ഇംഗ്ലീഷ് അധ്യാപകന്‍ ''ജീവിതത്തില്‍ ഒരിക്കലും ദുരഭിമാനം പാടില്ല'' എന്ന വലിയൊരു പാഠവും എന്നെ പഠിപ്പിച്ചു!
(തുടരും)