കേരളത്തില്‍ ടെലവിഷന്റെ ആവിര്‍ഭാവത്തിനു മുമ്പ് കുടുംബസദസ്സുകളുടെ ഏറ്റവും വലിയ വിനോദോപാധി റേഡിയോ നാടകങ്ങളായിരുന്നു. പതിനഞ്ചും മുപ്പതും അറുപതും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള റേഡിയോ നാടകങ്ങള്‍ കേരളത്തിലെ ആകാശവാണി നിലയങ്ങള്‍ തുടരെത്തുടരെ പ്രക്ഷേപണം ചെയ്തിരുന്നു. അവയ്‌ക്കെല്ലാം മകുടം ചാര്‍ത്തിക്കൊണ്ട് വര്‍ഷം തോറും ആകാശവാണി നിലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ റേഡിയോ നാടകവാരവും നടത്തിയിരുന്നു. ആദ്യകാലത്തു തിരുവനന്തപുരത്തും കോഴിക്കോടും മാത്രമേ റേഡിയോ സ്റ്റഷനുണ്ടായിരുന്നുള്ളൂ.
നാടകവാരം മലയാളി കുടുംബങ്ങളെ സംബന്ധിച്ച് ഒരു നാടകോത്സവം തന്നെയായിരുന്നു. പ്രശസ്തരായ എഴുത്തുകാര്‍ എഴുതി, പേരെടുത്ത നടീനടന്മാര്‍ അഭിനയിക്കുന്ന നാടകങ്ങള്‍. അവ കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് എന്തൊരു ഹരവും ആവേശവുമായിരുന്നു. രാത്രി 9.30-ന് ആരംഭിക്കുന്ന നാടകങ്ങള്‍ ആസ്വദിക്കാന്‍ വീട്ടമ്മമാരും കുടുംബാംഗങ്ങളും വീട്ടുജോലികളും ഈശ്വരപ്രാര്‍ത്ഥനകളും മറ്റും നേരത്തേ തന്നെ തീര്‍ത്ത് റേഡിയോയുടെ മുമ്പില്‍ കാതുകൂര്‍പ്പിച്ചിരിക്കും.
ഞാന്‍ സ്റ്റേജ് നാടകങ്ങള്‍ എഴുതിത്തുടങ്ങിയതു 1956 ലാണെങ്കിലും ആദ്യമായി റേഡിയോ നാടകമെഴുതിയതു 1964-ലാണ്. ഒരു ദിവസം തൃശ്ശൂര്‍ മംഗളോദയത്തില്‍വച്ച് പ്രസിദ്ധ എഴുത്തുകാരനും നാടകകൃത്തുമായ തിക്കോടിയനെ പരിചയപ്പെട്ടു. ഞങ്ങള്‍ ആദ്യമായിട്ടാണ് പരസ്പരം കാണുന്നത്. അന്നു തിക്കോടിയന്‍ കോഴിക്കോട് ആകാശവാണിയില്‍ ഡ്രാമാ പ്രൊഡ്യൂസറും സംവിധായകനുമാണ്. തൃശ്ശൂരും മറ്റു പ്രദേശങ്ങളും അന്നു കോഴിക്കോട് നിലയത്തിന്റെ കീഴിലാണ്. തിക്കോടിയന്‍ ആവശ്യപ്പെട്ടു.
റേഡിയോ നാടകത്തില്‍ ശബ്ദം കൊണ്ടു എല്ലാം മനസ്സിലാവണം. കഥാ പാത്രങ്ങള്‍ ഉള്ളില്‍ പതിയണം. ഇതി വൃത്തം മനസ്സില്‍ വിരിയണം. ചുരുക്ക ത്തില്‍ സ്റ്റേജില്‍ കാണുന്ന നാടകത്തിന്റെ പ്രതീതി ജനങ്ങളില്‍ ജനിപ്പിക്കണം.
''ജോസ് റേഡിയോയ്ക്കുവേണ്ടി ഒരു നാടകം എഴുതി അയച്ചുതരൂ.''
''റേഡിയോ നാടകമെഴുതാന്‍ എനിക്കറിയില്ല, പരിചയമില്ല.''
''അത്ര വലിയ പരിചയമൊന്നും വേണ്ട. ഒരു കാര്യം മനസ്സിലാക്കിയാല്‍ മതി. സ്റ്റേജ് നാടകത്തില്‍ കഥാപാത്രങ്ങള്‍ രംഗത്തു വന്നു അഭിനയിക്കുന്നു. സംഭാഷണം നടത്തുന്നു. ജനങ്ങള്‍ കാണുന്നു. എന്നാല്‍ റേഡിയോ നാടകത്തില്‍ കഥാപാത്രങ്ങള്‍ അദൃശ്യരായി നിന്നുകൊണ്ട് സംഭാഷണം നടത്തുന്നു. ജനങ്ങള്‍ കേള്‍ക്കുന്നു. ശബ്ദ വൈവിധ്യം കൊണ്ടു കഥാപാത്രങ്ങളെ നമ്മള്‍ തിരിച്ചറിയുന്നു. ഇതു മനസ്സില്‍വച്ച് എഴുതിയാല്‍ മതി.'' തിക്കോടിയന്‍ എനിക്ക് ആത്മവിശ്വാസം പകര്‍ന്നു തന്നു.
ഞാന്‍ നാടകം ചിന്തിക്കാന്‍ തുടങ്ങി. റേഡിയോ നാടകത്തില്‍ ശബ്ദംകൊണ്ടു എല്ലാം മനസ്സിലാവണം. കഥാപാത്രങ്ങള്‍ ഉള്ളില്‍ പതിയണം. ഇതിവൃത്തം മനസ്സില്‍ വിരിയണം. ചുരുക്കത്തില്‍ സ്റ്റേജില്‍ കാണുന്ന നാടകത്തിന്റെ പ്രതീതി ജനങ്ങളില്‍ ജനിപ്പിക്കണം. സ്‌റ്റേജിലെ നാടകം കണ്ണുകൊണ്ടും മനസ്സുകൊണ്ടും നമ്മള്‍ ആസ്വദിക്കുമ്പോള്‍, റേഡിയോ നാടകം ചെവികൊണ്ടും മനസ്സുകൊണ്ടുമാണ് ആസ്വദിക്കുന്നത്.
''ഒരു ചിത്രം പൂര്‍ത്തിയായി'' എന്ന അരമണിക്കൂര്‍ നാടകം എഴുതിയതോടെ എന്റെ ആദ്യ റേഡിയോ നാടകം പൂര്‍ത്തിയായി. ദരിദ്രനായ ഒരു ചിത്രകാരന്റെ ഹൃദയസ്പര്‍ശിയായ കഥ. തിക്കോടിയന്റെ സംവിധാനത്തില്‍ അതു പ്രക്ഷേപണം ചെയ്യപ്പെട്ടു. തുടര്‍ന്നു 'ശപഥം' എന്ന ചെറിയ നാടകം അയച്ചു കൊടുത്തു. അങ്ങനെ ചെറുതും വലുതുമായ പല റേഡിയോ നാടകങ്ങള്‍ കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്തു. 1968 വരെ ആ ബന്ധം തുടര്‍ന്നു. പിന്നീട് തൃശ്ശൂര്‍ തിരുവനന്തപുരം നിലയത്തിന്റെ പരിധിയിലായി.
തിരുവനന്തപുരം ആകാശവാണിയിലെ നാടക സംവിധായകനും ഡ്രാമാ പ്രൊഡ്യൂസറുമായിരുന്നു ടി എന്‍ ഗോപിനാഥന്‍ നായര്‍. ധാരാളം സ്റ്റേജ് നാടകങ്ങളുടെയും എണ്ണമറ്റ റേഡിയോ നാടകങ്ങളുടെയും കര്‍ത്താവാണദ്ദേഹം. 1958-ല്‍ തിരുവനന്തപുരം ആകാശവാണിയില്‍ നിയമിതനായ അദ്ദേഹം നീണ്ട ഇരുപതു വര്‍ഷക്കാലം ഡ്രാമാ പ്രൊഡ്യൂസറായും സംവിധായകനായും സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ അദേഹം ആകാശവാണിയുടെ നാടകപരിപാടികളില്‍ വരുത്തിയ പുതുമകളും പരിഷ്‌ക്കാരങ്ങളും ഏറെ ശ്ലാഘനീയങ്ങളാണ്. കേരളത്തില്‍ ആദ്യമായി വര്‍ഷം തോറം റേഡിയോ നാടകവാരം സംഘടിപ്പിച്ചത് ടി എന്‍ ആയിരുന്നു. അതില്‍ ഒരു നാടകത്തില്‍ അക്കാലത്തെ പ്രസിദ്ധ സിനിമാ താരങ്ങളെയും പങ്കെടുപ്പിച്ചിരുന്നു. തുടര്‍ നാടക പരിപാടി (ഫാമിലി സീരിയല്‍) ആകാശവാണിയില്‍ തുടങ്ങിവച്ചതും മറ്റാരുമല്ല.
ടി എന്‍ ഗോപിനാഥന്‍ നായരും ഞാനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതു 1960 കളിലാണ്. സ്‌നേഹസമ്പന്നനും പരമസാത്വികനും വിനയാന്വിതനുമായ അദ്ദേഹം എന്നെ ഒരനുജനെപ്പോലെയും സഹോദരനെപ്പോലെയും സുഹൃത്തിനെപ്പോലെയുമാണ് കണ്ടത്. എന്റെ ഏറെ പ്രസിദ്ധമായ 'മണല്‍ക്കാട്' നാടകം വായിച്ച് അഭിപ്രായം അറിയിക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് 1968-ല്‍ ഞാനദ്ദേഹത്തിനയച്ചു കൊടുത്തു. വായിച്ചിട്ടു നല്ല അഭിപ്രായം കുറിച്ചെന്നു മാത്രമല്ല അത് ഒരു മണിക്കൂറിന്റെ റേഡിയോ നാടകമാക്കി അയച്ചുകൊടുക്കാന്‍ എന്നോടാവശ്യപ്പെടുകും ചെയ്തു.
രണ്ടരമണിക്കൂറിന്റെ സ്റ്റേജ് നാടകമാണ്. അത് ഒരു മണിക്കൂറിന്റെ റേഡിയോ നാടകമാക്കി രൂപാന്തരപ്പെടുത്തണം. വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട ശ്രമകരമായ ജോലി.
നാടകത്തെ പ്രേക്ഷകന്റെ ലോകത്തുനിന്ന് ശ്രോതാക്കളുടെ ലോകത്തേക്കു മാറ്റണം. സ്‌റ്റേജ് നാടകത്തില്‍ കഥാപാത്രങ്ങളുടെ അഭിനയം, ഭാവ പ്രകടനങ്ങള്‍, അമര്‍ഷം, പൊട്ടിത്തെറി, പൊട്ടിക്കരച്ചില്‍... എല്ലാം നേരിട്ടു കാണുന്നു. എന്നാല്‍ റേഡിയോ നാടകത്തില്‍ ഒന്നും കാണാനാവില്ല. കഥാപാത്രങ്ങളുടെ ശബ്ദം മാത്രം. സ്‌റ്റേജില്‍ കാണുമ്പോഴുണ്ടാകുന്ന ആനന്ദവും അനുഭൂതിയും കേള്‍വിയിലെ ശ്രോതാവിന് ലഭിക്കണം. കഥാപാത്രങ്ങളെ കാണുന്ന പ്രതീതി മനസ്സില്‍ ജനിപ്പിക്കണം. അവരുടെ വികാരങ്ങളില്‍ പങ്കുകൊള്ളാന്‍ കഴിയണം. ശബ്ദവ്യത്യാസം (voice modulation) കൊണ്ട് കഥാപാത്രങ്ങളെ തിരിച്ചറിയണം. ചുരുക്കത്തില്‍ റേഡിയോ നാടകത്തില്‍ ചെവിയാണ് കണ്ണ്.
ആവശ്യപ്പെട്ടതുപോലെ ഒരു മണിക്കൂര്‍ നാടകമാക്കി 'മണല്‍ക്കാട്' ടി എന്‍ ന് അയച്ചു കൊടുത്തു. അദ്ദേഹം അത് ആ വര്‍ഷത്തെ റേഡിയോ നാടകവാരത്തില്‍ ഉള്‍പ്പെടുത്തി പ്രക്ഷേപണം ചെയ്തു. റേഡിയോയില്‍ വരുന്ന എന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ നാടകം! ഈ വസ്തുത മുന്‍ ഒരധ്യായത്തില്‍ 'മണല്‍ക്കാട്' നാടകത്തെക്കുറിച്ച് എഴുതിയ കൂട്ടത്തില്‍ വിവരിച്ചിട്ടുണ്ട്
അഭിനയിക്കാനുള്ള വാസന എനിക്കു ചെറുപ്പും മുതലേ ഉള്ളതിനാലും സ്‌റ്റേജ് നാടകങ്ങളില്‍ പലതിലും അഭിനയിച്ചതുകൊണ്ടും ഞാനെഴുതി സംവിധാനം ചെയ്യുന്ന നാടകങ്ങളില്‍ ഭേദപ്പെട്ട ഏതെങ്കിലും റോളില്‍ ഞാന്‍ പ്രത്യക്ഷപ്പെടുന്നതു കൊണ്ടും, റേഡിയോ നാടകത്തിലും അഭിനയിച്ചാല്‍ കൊള്ളാമെന്നു മോഹമുണ്ടായി. അതിന് ആകാശവാണിയുടെ ഓഡിഷന്‍ ടെസ്റ്റ് (ശബ്ദ പരിശോധന) പാസ്സാവണം. എന്നാലേ റേഡിയോ നാടകത്തില്‍ പങ്കെടുക്കാനാവൂ. ടി എന്‍ ഗോപിനാഥന്‍ നായര്‍ക്കു കത്തെഴുതി എന്റെ ഇംഗിതം അറിയിച്ചു. ഓഡിഷന്‍ ടെസ്റ്റ് നടക്കുന്ന സമയമാവുമ്പോള്‍ അറിയിക്കാമെന്നും പൂരിപ്പിച്ചയയ്‌ക്കേണ്ട ഫോറങ്ങള്‍ യഥാസമയം അയച്ചുതരാമെന്നും മറുപടി വന്നു.
ടെസ്റ്റിന്റെ സമയം വന്നപ്പോള്‍ എനിക്കയച്ചു തന്ന ഫോറം പൂരിപ്പിച്ച് ആകാശവാണിക്ക് അയച്ചുകൊടുത്തു. ആഴ്ചകള്‍ക്കുശേഷം ഓഡിഷന്‍ ടെസ്റ്റിന് തിരുവനന്തപുരം നിലയത്തിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്തു വന്നു.
ഞാന്‍ ആകാശവാണിയില്‍ ചെല്ലുമ്പോള്‍ അവിടത്തെ രംഗം കണ്ട് അമ്പരന്നുപോയി. ഒട്ടനവധി യുവതികളും യുവാക്കളും എത്തിയിട്ടുണ്ട്. എല്ലാവരും ഓഡിഷന്‍ ടെസ്റ്റിനു വന്നവര്‍. കൂട്ടത്തില്‍ പ്രായക്കൂടുതല്‍ എനിക്കാണ്. അവരെന്നെ കൗതുകത്തോടെ നോക്കി.
''സാറ് എന്തിനാ വന്നിരിക്കുന്നത്?'' ഒരു യുവാവിന്റെ ചോദ്യം.
''ഓഡിഷന്‍ ടെസ്റ്റിന്.''
''എവിടന്നാ വരുന്നേ?''
''തൃശ്ശൂര്‍ നിന്ന്.''
''എന്താ പേര്?''
ഞാന്‍ നാടകകൃത്തു സി എല്‍ ജോസാണെന്നറിഞ്ഞപ്പോള്‍ അവിടെ കൂടിയവര്‍ക്കെല്ലാം എന്തെന്നില്ലാത്ത വിസ്മയഭാവം. ഏതാണ്ടെല്ലാവരും തന്നെ എന്റെ വിവിധ നാടകങ്ങളില്‍ അഭിനയിച്ചവര്‍. എന്നെ മുമ്പ് കാണാത്തവര്‍, അറിയാത്തവര്‍. പല യുവതികളും യുവാക്കളും അവര്‍ അവതരിപ്പിച്ച എന്റെ നാടകത്തിന്റെയും കഥാപാത്രങ്ങളുടെയും പേരു പറഞ്ഞ് ആരാധനാഭാവത്തില്‍ എന്റെ ചുറ്റും കൂടി. എനിക്കതു സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളായിരുന്നു.
മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം ഓഡിഷന്‍ ടെസ്റ്റു കഴിഞ്ഞു ഞാന്‍ മടങ്ങി. ടെസ്റ്റില്‍ പാസ്സായോ ഇല്ലയോ എന്ന വിവരം പോസ്റ്റലായി അയച്ചുതരുമെന്നു ടി എന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം, ടെസ്റ്റില്‍ പാസ്സായി എന്നറിയിച്ചുകൊണ്ടുള്ള ആകാശവാണിയുടെ കത്തുവന്നു. ടെസ്റ്റു പാസ്സായിട്ട് ആദ്യം പങ്കെടുത്തതു തന്നെ 1969-ലെ നാടകവാരത്തിലെ ഒരു നടകത്തില്‍. പൊന്‍കുന്നം വര്‍ക്കിയുടെ 'കതിര് കാണാക്കിളി' എന്ന നാടകം.
(തുടരും)