
20 വയസ്സില്‍ ഏതാനും ചെറുകഥകളും വിനോദ ഭാവനകളുമായിട്ടാണ് ഞാന്‍ സാഹിത്യരംഗത്തേക്കു കടന്നുവരുന്നത്്. പിന്നീടാണ് നാടകത്തിലേക്കു തിരിഞ്ഞത്. 24 വയസ്സില്‍ ആദ്യനാടകം ''മാനം തെളിഞ്ഞു'' പുറത്തുവന്നു. ഇതുവരെ 36 സമ്പൂര്‍ണ്ണ നാടകങ്ങളും നൂറോളം ഏകാങ്കങ്ങളും ഒട്ടനവധി റേഡിയോ നാടകങ്ങളും എഴുതി. അഖില കേരള റേഡിയോ നാടകവാരത്തില്‍ പതിനഞ്ചു വര്‍ഷം എന്റെ ഓരോ നാടകമുണ്ടായിരുന്നു. ആ ഭാഗ്യം കേരളത്തിലെ മറ്റൊരു എഴുത്തുകാരനും ലഭിച്ചിട്ടില്ല. നാടകവാരത്തില്‍ വന്ന എന്റെ മണല്‍ക്കാട്, അഗ്നിവലയം എന്നീ നാടകങ്ങള്‍ ആകാശവാണിയുടെ ദേശീയ പരിപാടിയില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. ഒരു ദിവസം രാത്രി ഒമ്പതര മുതല്‍ പത്തരവരെ ഇന്ത്യയൊട്ടുക്ക് അതാതു ഭാഷകളില്‍ എന്റെ നാടകങ്ങള്‍! എല്ലാം ഈശ്വരാനുഗ്രഹം.
അവാര്‍ഡുകളും അംഗീകാരങ്ങളും തേടി ഞാന്‍ നടന്നിട്ടില്ല. അത് എന്റെ ഉറച്ച നയവും ആദര്‍ശവുമാണ്. ഞാന്‍ നാടകരചന തുടങ്ങി ഇരുപത്തി രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് 1978-ല്‍ തൃശ്ശൂരില്‍ തന്നെയുള്ള കേരള സാഹിത്യ അക്കാദമിയുടെ (നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മുറ്റത്തു കിടക്കുന്ന അക്കാദമിയുടെ) നാടകത്തിനുള്ള അവാര്‍ഡ് 'ജ്വലനം' എന്ന നാടകത്തിന് ലഭിച്ചത്. അവിടന്നു പിന്നെയും കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് എനിക്കു ലഭിക്കുന്നത്. ഇതിനിടയില്‍ കേരള സംഗീത നാടക അക്കാദമിയുടെ നിര്‍വാഹക സമിതി അംഗമായും വൈസ് ചെയര്‍മാനായും തുടര്‍ന്നു ചെയര്‍മാനായും ഞാന്‍ പ്രവര്‍ത്തിച്ചു. അക്കാലഘട്ടത്തിലൊന്നും ഞാന്‍ അക്കാദമി അവാര്‍ഡ് വാങ്ങിയിട്ടില്ല. അത് എന്റെ ഉറച്ച ആദര്‍ശമായിരുന്നു.
1992-ല്‍ എന്റെ അറുപതാം വയസ്സിലാണ് ഞാന്‍ സംഗീതനാടക അക്കാദമിയുടെ നിര്‍വാഹക സമിതി അംഗമായത്. അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ടി എം ജേക്കബാണ് എന്നെ നോമിനേറ്റു ചെയ്തത്. അദ്ദേഹത്തെ ഞാന്‍ നേരിട്ടു പരിചയപ്പെട്ടിട്ടില്ല. എന്നിട്ടും എന്നെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പിന്നീട് ഒരിക്കല്‍ തൃശ്ശൂര്‍ രാമനിലയത്തില്‍ വച്ചാണ് ഞാന്‍ നേരിട്ടു പരിചയപ്പെട്ടത്. അന്ന് അദ്ദേഹം പറഞ്ഞു: ''ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ സി എല്‍ ജോസിന്റെ നാടകം ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്നു.''
അന്നത്തെ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ ഓര്‍മ്മയില്‍ നിന്നു കുറിക്കുകയാണ്. പ്രസിദ്ധ നാടകകൃത്തായ ടി എന്‍ ഗോപിനാഥന്‍ നായര്‍ (ചെയര്‍മാന്‍), പേരെടുത്ത കഥാപ്രാസംഗികന്‍ ജോസഫ് കൈമാപ്പറമ്പില്‍ (വൈസ് ചെയര്‍മാന്‍), കമ്മിറ്റി അംഗങ്ങള്‍ സംഗീതജ്ഞനായ എം ജി രാധാകൃഷ്ണന്‍, സംഗീത സംവിധായകന്‍ എല്‍ പി ആര്‍ വര്‍മ്മ, കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല, നാടക നടനും സംവിധായകനുമായ സൈത്താന്‍ ജോസഫ്, പ്രശസ്ത നാടകകൃത്തായ കാലടി ഗോപി, പിന്നെ ഞാനും.
മന്ത്രി പരിഗണിച്ചതു കമ്മിറ്റിയംഗങ്ങളുടെ കലാപരമായ കഴിവുകളെയാണ്. അവരുടെ രാഷ്ട്രീയമോ പ്രത്യയശാസ്ത്രങ്ങളോ അല്ല. ഒന്നു പറയാം ഇത്രയും കഴിവും പ്രാപ്തിയുമുള്ള ഒരു പ്രഗത്ഭസംഘം സംഗീത നാടക അക്കാദമിക്ക് പിന്നീട് ഉണ്ടായിട്ടില്ല.
തൃശ്ശൂരില്‍ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനത്തു ടി എന്‍ ഗോപിനാഥന്‍ നായരുടെ അധ്യക്ഷതയില്‍ ആദ്യത്തെ കമ്മിറ്റി മീറ്റിംഗ് ആരംഭിച്ചു. പ്രാര്‍ഥനയ്ക്കുശേഷം അജണ്ടയിലെ വിഷയം തുടങ്ങുന്നതിനു മുമ്പ് ഞാന്‍ എഴുന്നേറ്റു നിന്നു പറഞ്ഞു: ''മീറ്റിംഗ് ആരംഭിക്കുന്നതിനു മുമ്പ് എനിക്കൊരു കാര്യം പറയാനുണ്ട്.''
ചെയര്‍മാന്‍ ചോദിച്ചു: ''എന്താണ് ജോസ്?''
''നമ്മുടെ കമ്മിറ്റിയംഗങ്ങളില്‍ പലര്‍ക്കും സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ ഇതുവരെ ലഭിക്കാത്തവരുണ്ട്. നമ്മുടെ കുടുംബാംഗങ്ങളില്‍ പലരും അവാര്‍ഡിന് അര്‍ഹരായവരുമുണ്ടാവും. എനിക്കു വിനീതമായ ഒരഭിപ്രായം പറയാനുള്ളത്, നമ്മുടെ മൂന്നു കൊല്ലത്തെ ഭരണകാലത്തു നമ്മളോ നമ്മുടെ കുടുംബാംഗങ്ങളോ ആരും തന്നെ അക്കാദമി അവാര്‍ഡ് വാങ്ങാന്‍ പാടില്ല.''
ഉടനെ അധ്യക്ഷന്‍ പറഞ്ഞു: ''അതെന്താ അങ്ങനെ? നമ്മുടെ കുടുംബാംഗങ്ങളില്‍ പ്രഗത്ഭ കലാകാരന്മാരുണ്ടെങ്കില്‍ അവരുടെ പേരുകള്‍ തീര്‍ച്ചയായും പരിഗണിക്കേണ്ടതല്ലേ?''
''കാര്യം ശരിയാണ്. നമ്മള്‍ അങ്ങനെ ഒരാള്‍ക്ക് അവാര്‍ഡ് കൊടുത്താല്‍, പുറമെ വരാവുന്ന ആക്ഷേപം ''കമ്മിറ്റി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അവാര്‍ഡുകള്‍ മുഴുവന്‍ പങ്കുവച്ചു എടുക്കുകയായിരുന്നു എന്നാവും.''
വിഷയം ചൂടേറിയ ഒരു ചര്‍ച്ചയായി മാറി. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഒടുവില്‍ കമ്മിറ്റി എന്റെ അഭിപ്രായം സ്വീകരിക്കാന്‍ തീരുമാനിച്ചു. അക്കാദമിക്ക് അഭിമാനിക്കാവുന്ന ധീരമായ തീരുമാനം. ഇക്കാര്യം ഞാന്‍ വാദിക്കുമ്പോള്‍ നാടകരചന തുടങ്ങി 36 കൊല്ലമായിട്ടും അതുവരെ സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് എനിക്കു ലഭിച്ചിട്ടില്ല. ആ ഞാനാണ് ഈ തീരുമാനത്തിന് മുന്‍കയ്യെടുത്തത്. എം ജി രാധാകൃഷ്ണന്റെ സഹോദരിയും സംഗീത വിദൂഷിയുമായ ഡോ. ഓമനക്കുട്ടിക്കും അതുവരെ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടില്ല എന്ന് ഓര്‍ക്കണം.
ധീരവും ഏറെ ശ്ലാഘനീയവുമായ ഈ തീരുമാനം അറിഞ്ഞ പല പ്രമുഖരും അക്കാദമി ഭാരവാഹികളെ പ്രത്യേകിച്ചും എന്നെ അനുമോദിച്ചു. ഞാന്‍ ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കേരളം കണ്ട മികച്ച വാഗ്മിയും ധീര വിമര്‍ശകനുമായ ഡോ. സുകുമാര്‍ അഴീക്കോട് മാഷ്, ആയിടയ്ക്കു സാഹിത്യ അക്കാദമിയുടെ ഒരു സമ്മേളനത്തിന് വന്നപ്പോള്‍, ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സന്തോഷവും അഭിനന്ദനവും എന്നെ നേരിട്ടറിയിച്ചു.
അഴീക്കോട് മാഷിന് എന്നെ വളരെ മുമ്പേ അറിയാം. അധ്യാപക നിയമനത്തിന് കോഴ വാങ്ങുന്ന ദുഷിച്ച സമ്പ്രദായത്തിനെതിരെ കേരളത്തില്‍ ആദ്യമായി ''തീ പിടിച്ച ആത്മാവ്'' എന്ന നാടകം 1964 ല്‍ ഞാന്‍ എഴുതിയപ്പോള്‍ അതിന് പ്രൗഢമായ അവതാരിക എഴുതിയത് അഴീക്കോട് മാഷാണ്.
(തുടരും)