ഭവനം ഒരു യുദ്ധമേഖല

ഭവനം ഒരു യുദ്ധമേഖല
Published on

വിഷക്കാറ്റിനുശേഷം ഞാനെഴുതിയ നാടകമാണ് മണല്‍ക്കാട്. എന്തിനേയും ഏതിനേയും ആദര്‍ശത്തിന്റെയും സത്യസന്ധതയുടെയും വെളിച്ചത്തില്‍ നോക്കിക്കണ്ട്, നീതി-ധര്‍മ്മ-ന്യായങ്ങളുടെ തുലാസിലിട്ടു പരിശോധിച്ചു ജീവിതം നയിക്കുന്ന ഉത്തമനായൊരു ന്യായാധിപന്റെ കഥയാണ് മണല്‍ക്കാടിന്റേത്. സ്‌നേഹങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും അതീതനായി നിന്നുകൊണ്ട് എതിര്‍പ്പുകളെ നേരിടുകയും പരീക്ഷണങ്ങളെ അതിജീവിക്കുകയും ചെയ്ത ഒരു മഹാത്മാവിന്റെ കഥ.

പുസ്തകത്തിന്റെ ആമുഖത്തില്‍ ഞാന്‍ അതേപ്പറ്റി കുറിച്ചിട്ടുണ്ട്. നാട്ടില്‍ നീതിയും ന്യായവും നടപ്പാക്കണമെന്നും സമാധാനം കൈവരണമെന്നും അത്യധികം ആഗ്രഹിച്ച ആ വലിയ മനുഷ്യന് അവയൊന്നും തന്നെ തന്റെ സ്വന്തം ഭവനത്തില്‍ നിന്നും ലഭിച്ചില്ല എന്നുള്ളതാണ് പരമാര്‍ത്ഥം. ആനന്ദസദനമെന്നു പുറമെയുള്ളവര്‍ കരുതിയ ആ വീട് ഒരു യുദ്ധമേഖലയുടെ പ്രതീതിയാണ് ജനിപ്പിച്ചത്. സംഘട്ടനങ്ങളും ശക്തിപരീക്ഷണങ്ങളും വാക്‌സമരങ്ങളും വാദകോലാഹലങ്ങളും താക്കീതുകളും തിരിച്ചടികളും അതിന്നുള്ളില്‍ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മറ്റുള്ളവര്‍ മലര്‍വാടിയായി കണ്ട ആ വീട് ജഡ്ജിയെ സംബന്ധിച്ചിടത്തോളം ഒരു മണല്‍ക്കാടായിരുന്നു - ചുട്ടുപഴുത്ത ഒരു മണല്‍ക്കാട്. സ്‌നേഹത്തിന്റെ ശീതളജലത്തിനുവേണ്ടി, സഹതാപത്തിന്റെ കുളിര്‍കാറ്റിനുവേണ്ടി, മനഃശാന്തിയുടെ മരുപ്പച്ച കാണാന്‍ വേണ്ടി അദ്ദേഹം മോഹിച്ചു - അതിലേറെ ദാഹിച്ചു. പക്ഷേ, ദാഹം തീര്‍ക്കാന്‍ കിട്ടിയ വെള്ളം സ്വന്തം നേത്രങ്ങളില്‍ നിന്നും ഇറ്റിറ്റു വീണ കണ്ണീര്‍ത്തുള്ളികളായിരുന്നു.

നല്ലവനും ശാന്തനുമായ ഡിസ്ട്രിക്ട് ജഡ്ജി ലൂയിസ്, ഒരു സൊസൈറ്റി ലേഡിയുടെ എല്ലാ പ്രത്യേകതകളുമുള്ള മഹിളാമണ്ഡലം പ്രസിഡണ്ടായ ഭാര്യ ശാന്തമ്മ, ശുദ്ധമതിയും എഞ്ചിനീയറുമായ മൂത്തമന്‍ സേവിയര്‍, കോളജില്‍ നിന്നു പുറത്താക്കപ്പെട്ട് ഉഴപ്പി നടക്കുന്ന ദുര്‍വൃത്തനായ രണ്ടാമത്തെ മകന്‍ ടോമി, കോളജ് വിദ്യാര്‍ത്ഥിനിയായ ഏകമകള്‍ ഷേളി - ഇതാണ് ലൂയിസിന്റെ കുടുംബം. ഇവര്‍ക്കു പുറമെ അയല്‍വാസികളായ ഫാക്ടറി തൊഴിലാളി രാഘവന്‍, അയാളുടെ അച്ഛന്‍ പരമസാധുവായ വേലുണ്ണി, കപട ചിത്തനും സ്വര്‍ണ്ണവ്യാപാരിയുമായ ലോനച്ചന്‍ മുതലാളി എന്നിവര്‍ കൂടിയുണ്ട്. ആകെ എട്ടു കഥാപാത്രങ്ങള്‍.

വൈവിധ്യവും വൈരുദ്ധ്യവും നിറഞ്ഞ ഈ കഥാപാത്രങ്ങളില്‍ക്കൂടിയാണ് - അവര്‍ ഉള്‍പ്പെട്ട സംഭവങ്ങളിലും സംഘര്‍ഷങ്ങളിലും കൂടിയാണ് - ഇതിവൃത്തം വളര്‍ന്നു വികാസം പ്രാപിക്കുന്നത്. നാടകത്തില്‍ വിപരീത സ്വഭാവക്കാരായ കഥാപാത്രങ്ങള്‍ ഉണ്ടാവണം. എങ്കിലേ രംഗങ്ങള്‍ക്കു പുരിമുറുക്കവും സംഘട്ടനാത്മകത്വവുമുണ്ടാവുകയുള്ളൂ. അമേരിക്കന്‍ നാടകകൃത്തും സംവിധായകനുമായ ലാജോസ് എഗ്രി പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. ''വിരുദ്ധ സ്വഭാവക്കാരെ പരസ്പരം അഭിമുഖീകരിപ്പിക്കു. അവിടെ സംഘട്ടനം അനിവാര്യമായിത്തീരുന്നു.''

എന്റെ ന്യായാധിപനും ഭാര്യ ശാന്തമ്മയും വിരുദ്ധ പ്രകൃതികളാണ്; ശക്തരുമാണ്. അതുപോലെ തന്നെ മറ്റു പല കഥാപാത്രങ്ങളും. ആ അവസ്ഥ തന്നെ സംഘട്ടനങ്ങള്‍ക്കുള്ള കവാടങ്ങള്‍ തുറക്കലാണ്. സ്വാഭാവികമായും കുടുംബത്തുണ്ടായിരിക്കേണ്ട ഭാര്യ (ശാന്തമ്മ) പുറത്തും ഭര്‍ത്താവ് (ലൂയിസ്) അകത്തുമായിട്ടാണ് മണല്‍ക്കാട് ആരംഭിക്കുന്നതു തന്നെ. പൊരുത്തമില്ലായ്മ അവിടന്നു തന്നെ തുടങ്ങുന്നു.

തൃശ്ശൂര്‍ ക്ഷേമവിലാസം കുറി കമ്പനിയില്‍ അക്കങ്ങളുടെ ലോകത്തു ജോലി ചെയ്യുന്ന എനിക്കു ജുഡീഷ്യറിയെക്കുറിച്ചു വലിയ ജ്ഞാനമില്ല. ഡിസ്ട്രിക്ട് ജഡ്ജി മുഖ്യകഥാപാത്രമായ ഈ നാടകമെഴുതണമെങ്കില്‍ നീതിന്യായത്തെക്കുറിച്ചും ന്യായാസനത്തെക്കുറിച്ചും ആധികാരികമായ കുറെ വിവരം ആവശ്യമാണ്. വിവരം ശേഖരിക്കാനുള്ള മാര്‍ഗം ഏതാണെന്നായി പിന്നത്തെ ആലോചന. അന്നു തൃശ്ശൂരിലെ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി ശ്രീ. ഇ കെ മൊയ്തു അവര്‍കളാണ്. പിന്നീട് അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി റിട്ടയര്‍ ചെയ്തു.

അദ്ദേഹവുമായി എനിക്കു യാതൊരു പരിചയവുമില്ല. ഒരിടനിലക്കാരന്റെ സഹായം തേടാതെ തന്നെ, ആത്മധൈര്യത്തോടെ ഞാനൊരു ദിവസം അഞ്ചുമണിക്ക് എന്റെ ഓഫീസില്‍ നിന്ന് അദ്ദേഹത്തിനു ഫോണ്‍ ചെയ്തു. സ്വയം ഒന്നു പരിചയപ്പെടുത്തി.

''ഞാന്‍ ഈവനിങ് വാക്കിന് ഇറങ്ങാന്‍ നില്ക്കയാണ്. നിങ്ങള്‍ക്ക് എത്ര സമയം വേണ്ടി വരും.''

''ഒരു ഇരുപതു മിനിറ്റെങ്കിലും...''

''ശരി, എങ്കില്‍ ഇപ്പോള്‍ തന്നെ വന്നോളൂ.''

മിനിറ്റുകള്‍ക്കകം ഞാനദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിലെത്തി. പോയപ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കി വെച്ചിരുന്ന ഒരു ചോദ്യാവലിയും ഞാന്‍ കൊണ്ടുപോയിരുന്നു. അവയ്ക്ക് ഉത്തരങ്ങള്‍ ലഭിച്ചാല്‍, നാടകരചനയ്ക്കാവശ്യമായ വിവരങ്ങളായി. വീട്ടില്‍ തിരിച്ചു വന്നിട്ടു പിന്നേയും സംശയങ്ങളുണ്ടായാല്‍ വീണ്ടും ചെന്നു അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലല്ലൊ എന്നു തോന്നിയതു കൊണ്ടാണ് അങ്ങനെ ഒരു ചോദ്യാവലി കൊണ്ടുപോയത്. സൗമ്യനായ അദ്ദേഹം എന്നെ സന്തോഷം സ്വീകരിച്ചിരുത്തി.

''ഞാനൊരു ചോദ്യാവലി കൊണ്ടുവന്നിട്ടുണ്ട്.''

''കേള്‍ക്കട്ടെ.''

''അതിനുമുമ്പ് ഞാന്‍ ഇതിവൃത്തമൊന്ന് വിവരിക്കാം. അതു കേട്ടാലേ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ എളുപ്പമാവൂ.''

''ശരി. ആയിക്കൊള്ളട്ടെ.'' അദ്ദേഹം സമ്മതം തന്നു. ആകെ അനുവദിച്ചിരിക്കുന്ന സമയം ഇരുപതു മിനിറ്റാണ്. അതിനുള്ളില്‍ എല്ലാം കഴിയണം.

ഞാന്‍ നാടകീയമായി തന്നെ കഥ പറഞ്ഞു തുടങ്ങി. അദ്ദേഹത്തിന് താല്പര്യവും ഉത്സാഹവും വര്‍ധിച്ചു. രസിച്ചിരുന്നു കേട്ടു. അവസാനം കഥ പറഞ്ഞു തീര്‍ന്നപ്പോള്‍ അനുവദിച്ച ഇരുപതു മിനിറ്റും തീര്‍ന്നുപോയി.

''അയ്യോ, സമയം തീര്‍ന്നല്ലൊ'' എന്നു ഞാന്‍ ഖേദത്തോടെ പറഞ്ഞപ്പോള്‍, ''സാരമില്ല, ഞാനിന്ന് ഈവനിങ് വാക്കിനു പോകുന്നില്ല.''

ഇതിവൃത്തം അത്രയേറെ അദ്ദേഹത്തെ ആകര്‍ഷിച്ചു. ഇരുന്ന ഇരുപ്പില്‍ എന്നെ അകമഴിഞ്ഞു അഭിനന്ദിച്ചു. കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു.

''ജോസ് ഫോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ ധരിച്ചതു ജുഡീഷ്യറിയെ അറ്റാക്ക് ചെയ്യുന്ന ഒരു നാടകമായിരിക്കുമെന്നാണ്. സാഹിത്യകാരന്മാര്‍ക്ക് ഇപ്പോഴത് ഒരു ഫാഷനാണല്ലൊ - കോടതിയെയും നീതിന്യായവകുപ്പിനെയും അന്ധമായി വിമര്‍ശിക്കുകയെന്നത്.''

ചോദ്യാവലി ഞാന്‍ കയ്യിലെടുത്തു. ഓരോന്നും വായിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ മറുപടികളിലൂടെ എനിക്കു ധാരാളം വെളിച്ചം ലഭിച്ചു. ''ഇത് ഇങ്ങനെ തന്നെ മതി, ഇതൊരിക്കലും സംഭവിക്കില്ല, ഇത് ഇന്ന രീതിയിലാണ് വേണ്ടത്'' എന്നിങ്ങനെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എനിക്കു തന്നു. അതെല്ലാം അപ്പപ്പോള്‍ ഞാന്‍ കുറിച്ചുകൊണ്ടിരുന്നു. ലൂയീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചുകൊണ്ടുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ ഉത്തരവടങ്ങുന്ന ടെലഗ്രാം വരുന്നതു ലൂയീസ് മരിച്ച ഉടനെയാണ്. ആ ടെലഗ്രാമിന്റെ മാറ്റര്‍ കൃത്യമായി പറഞ്ഞു തന്നതും അദ്ദേഹമാണ്.

ഇരുപതു മിനിറ്റെന്നു പറഞ്ഞു ചെന്നിട്ടു ഞങ്ങള്‍ പിരിഞ്ഞതു ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ട്. യാത്ര ചോദിച്ചിറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു ''നാടകമെഴുതി കഴിഞ്ഞിട്ട് അതുമായി ഞാനൊരു ദിവസം വരാം.''

''വേണ്ട, അവതരിപ്പിക്കുമ്പോള്‍ അറിയിച്ചാല്‍ മതി. ഞാന്‍ കാണാന്‍ വരാം.''

നാടകം എഴുതി. അവതരിപ്പിച്ചു. മികച്ച വിജയം. ഗാനരചന തോമസ് പാറത്തൂരും രാഗരചന തൃശ്ശൂര്‍ ഡേവിഡും സംവിധാനം ഞാനും നിര്‍വഹിച്ചു. ജഡ്ജിയായിട്ടു സി ഐ പോളും ശാന്തമ്മയായിട്ടു തൃശ്ശൂര്‍ ഫിലോമിനയും വേഷമിട്ടു. മത്സരിച്ചുള്ള അഭിനയമായിരുന്നു. മറ്റുള്ളവരും നല്ല നിലവാരം പുലര്‍ത്തി. വാഗ്ദാനം ചെയ്തപോലെ ഡിസ്ട്രിക്ട് ജഡ്ജി ശ്രീ. മൊയ്തു കുടുംബസമ്മേതം നാടകം കാണാന്‍ വന്നു. സദസ്സില്‍ മുണ്ടശ്ശേരി മാസ്റ്ററടക്കം ഒട്ടനവധി പ്രഗത്ഭരും സഹൃദയരുമുണ്ടായിരുന്നു. എന്റെ 'ഭൂമിയിലെ മാലാഖ' എന്ന ചലച്ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ പി എ തോമസിന്റെ പുതിയ പടത്തിന്റെ ഷൂട്ടിംഗ് തൃശ്ശൂരില്‍ നടക്കുന്ന സമയമായതിനാല്‍, അദ്ദേഹവും കൂടെ ഹാസ്യനടനും തിരക്കഥ, രചയിതാവുമായ മുതുകുളം രാഘവന്‍ പിള്ളയും എന്റെ ക്ഷണം സ്വീകരിച്ചു നാടകം കാണാനെത്തിയിരുന്നു. വിവിധ പത്രങ്ങളില്‍, നല്ല കരുത്തുള്ള നാടകമെന്ന അഭിപ്രായം വന്നു. അതുവരെ ഞാനെഴുതിയ നാടകങ്ങളില്‍ വച്ച് ഏറ്റവും മികച്ചതാണ് 'മണല്‍ക്കാട്' എന്ന് മിക്കവരും പറയുകയുണ്ടായി. അതുകേട്ട് എന്റെ മനസ്സ് കുളിര്‍ത്തു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org