മഹത്തായ സാംസ്‌കാരിക സമ്മേളനം

മഹത്തായ സാംസ്‌കാരിക സമ്മേളനം

'തീപിടിച്ച ആത്മാവ്' എന്ന നാടകം ഞാനെഴുതിയ വര്‍ഷത്തില്‍ തൃശ്ശൂരില്‍ നടന്ന ഒരു സാംസ്‌കാരിക സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവയ്ക്കട്ടെ. പ്രസിദ്ധ സാഹിത്യ നിരൂപകനും ധീര വിമര്‍ശകനും കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ഷഷ്ടിപൂര്‍ത്തിയാഘോഷം നടന്നത് 1963-ലാണ്.

തൃശ്ശൂര്‍ സെന്റ് തോമസ് കോളജിലെ സംസ്‌കൃത-മലയാളം വിഭാഗത്തിന്റെ തലവനായിരിക്കെ മുണ്ടശ്ശേരി മാഷ്‌ക്ക് ഒരു അരുമ ശിഷ്യനുണ്ടായിരുന്നു. ആ ശിഷ്യന്റെ പേരാണ് കെ ആര്‍ ചുമ്മാര്‍. സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെതന്നെ പ്രസംഗവേദികളില്‍ ഒരു കൊടുങ്കാറ്റായി മാറിയ വിദ്യാര്‍ത്ഥി നേതാവ്. പിന്നീട് ചുമ്മാറിന്റെ ശബ്ദം രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഒട്ടേറെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ചു.

കേരളം കണ്ട മികച്ച വാഗ്മികളില്‍ രണ്ടു പേരായിരുന്നു സാഹിത്യരംഗത്തെ മുണ്ടശ്ശേരിയും വിദ്യാര്‍ത്ഥി രംഗത്തെ ചുമ്മാറും. എന്റെ അടുത്ത സുഹൃത്തായിരുന്നു ചുമ്മാര്‍. മാഷ്‌ടെ പ്രസംഗം കത്തിക്കത്തിപ്പടരുന്നവയായിരുന്നെങ്കില്‍ ചുമ്മാറിന്റേത് തീപ്പൊരികള്‍ ചിതറുന്നവയായിരുന്നു.

ഇത്രയും മികച്ച ഭാഷയും ശൈലിയും എങ്ങനെ ചുമ്മാറിന് ലഭിച്ചു എന്ന് ആയിടയ്ക്ക് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ചുമ്മാര്‍ പറഞ്ഞു, അതിന്റെ മുഖ്യകാരണക്കാരന്‍ മുണ്ടശ്ശേരി മാഷാണെന്ന്. അനേകം കനപ്പെട്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് മുണ്ടശ്ശേരിയെങ്കിലും അദ്ദേഹം യാതൊന്നും തന്റെ കൈകൊണ്ട് എഴുതാറില്ല. എല്ലാം പറഞ്ഞുകൊടുത്തു മറ്റൊരാളെക്കൊണ്ട് എഴുതിക്കുകയാണ് പതിവ്.

മാഷ് കോളജ് വിട്ടു കിഴക്കുമ്പാട്ടു കരയിലുള്ള തന്റെ വീട്ടിലേക്ക് എന്നും നടന്നാണ് പോകാറ്. വഴി മദ്ധ്യേയാണ് കീരംകുളങ്ങരെയുള്ള അന്നത്തെ കോസ്‌മോപോളീറ്റന്‍ ഹോസ്റ്റല്‍. കോളജ് വക ഹോസ്റ്റലാണത്. (ഇന്ന് അത് തൃശ്ശൂര്‍ അതിരൂപതയുടെ പാസ്റ്ററല്‍ സെന്ററാണ്.) ആ ഹോസ്റ്റലിലാണ് തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍പീടികക്കാരനായ ചുമ്മാര്‍ താമസിച്ചിരുന്നത്.

മാഷ് കഫ് വച്ച ഷര്‍ട്ടുധരിച്ച്, തോളില്‍ രണ്ടാം മുണ്ട് മടക്കിയിട്ട്, ഉടുമുണ്ടു വളച്ചുകുത്തി, മാറില്‍ മൂന്നാലു പുസ്തകങ്ങളുമടക്കിപ്പിടിച്ചു, തലയെടുപ്പോടെ വീട്ടിലേക്കു മടങ്ങുമ്പോള്‍, ചില സന്ദര്‍ഭങ്ങളില്‍ ഹോസ്റ്റലിന്റെ ഗേറ്റിനു മുമ്പില്‍ നില്‍ക്കും. ചുമ്മാറിനെ ഒന്നു കാണണം എന്നുള്ളതാണ് ആ നില്പിന്റെ സൂചന. ഉടനെ സുഹൃത്തുക്കള്‍ ചുമ്മാറിന് വിവരം കൊടുക്കും. ചുമ്മാര്‍ ഓടിയെത്തും.

''എന്താ മാഷെ?''

''ഒരു പുസ്തകമെഴുതണമെന്നുണ്ട്. തനിക്കു ഒഴിവുണ്ടോ കുറച്ചുനാള്‍ എന്നോടൊന്നു സഹകരിക്കാന്‍?''

''ആവാം മാഷെ.'' ചുമ്മാറിന്റെ വിനയാന്വിതമായ സമ്മതം.

മാഷ്‌ടെ പ്രധാന കേട്ടെഴുത്തുകാരില്‍ ഒരാളായിരുന്നു തന്റെ ശിഷ്യനായ കെ ആര്‍ ചുമ്മാര്‍. പല കൃതികളും ചുമ്മാറിന്റെ കയ്യക്ഷരത്തിലാണ് മുണ്ടശ്ശേരി എഴുതിത്തീര്‍ത്തത്. ആ സമ്പര്‍ക്കവും സഹകരണവുമാണ് ചുമ്മാറിന്റെ പദസമ്പത്തിനും ഭാഷാ സ്വാധീനത്തിനും മുഖ്യഹേതു.

സുദൃഢമായ ഈ ഗുരുശിഷ്യബന്ധം വര്‍ഷങ്ങള്‍ക്കുശേഷം ഉലയുന്നതാണ് കേരളം കണ്ടത്. 1957 ഏപ്രില്‍ 5-ന് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രഥമ മന്ത്രിസഭ രൂപീകരിക്കപ്പെട്ടപ്പോള്‍ മുണ്ടശ്ശേരി മാഷ് വിദ്യാഭ്യാസ മന്ത്രിയായി. അദ്ദേഹം കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെ എതിര്‍ത്തുകൊണ്ടും കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരായും നാട്ടിലെമ്പാടും സമരം ആളിപ്പടര്‍ന്നു. കേരളത്തെ അടിമുടി കുലുക്കിക്കൊണ്ടു സമാരംഭിച്ച വിമോചന സമരമായിരുന്നു അത്.

കെ ആര്‍ ചുമ്മാറിന്റെ രാഷ്ട്രീയഗുരുവും മാര്‍ഗദര്‍ശിയുമായ വ്യക്തി കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി (കെ എസ് പി)യുടെ ഉന്നത നേതാവായ മത്തായി മാഞ്ഞൂരാനാണ്. അദ്ദേഹവും വിമോചന സമരത്തില്‍ സജീവമായി പങ്കെടുത്തു. ആ സമരത്തില്‍ ജനാധിപത്യ മുന്നണിയുടെ ചേരിയില്‍ നിന്നുകൊണ്ടു കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് തീപ്പൊരി പ്രസംഗങ്ങള്‍ നടത്തിയവരില്‍ രണ്ടു പ്രമുഖര്‍ ഫാദര്‍ വടക്കനും കെ ആര്‍ ചുമ്മാറുമായിരുന്നു. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ല് അധ്യാപക ലോകത്തിനു വലിയ അനുഗ്രഹവും ആശ്വാസവുമാണെന്നറിയാമെങ്കിലും ചുമ്മാര്‍ തന്റെ രാഷ്ട്രീയ ഗുരുവിന്റെ നിലപാടിനോട് ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ചു. തന്റെ പഴയ ഗുരുനാഥനെ ആശയപരമായും രാഷ്ട്രീയമായും ഖണ്ഡിച്ചും വാദമുഖങ്ങള്‍ നിരത്തിയും ആഞ്ഞടിക്കുന്ന തരത്തിലായിരുന്നു ചുമ്മാറിന്റെ പ്രസംഗങ്ങള്‍. സത്യത്തില്‍ മാഷ്‌ക്ക് അതൊരു വലിയ തലവേദനയായിരുന്നു. വിമോചന സമരത്തിന്റെ പരിസമാപ്തിയെന്നോണം 1959 ജൂലൈ 31-ന് ഇ എം എസ്സിന്റെ മന്ത്രിസഭയെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടു.

വര്‍ഷങ്ങള്‍ മൂന്നു നാലു കടന്നുപോയി. പിന്നെ ചുമ്മാറിനെ കേരളം കാണുന്നതു മുണ്ടശ്ശേരി മാഷ്‌ക്കുവേണ്ടി അഹോരാത്രം ബുദ്ധിമുട്ടുന്ന ഒരാളായിട്ടാണ്. 1963 മുണ്ടശ്ശേരിയുടെ ഷഷ്ടിപൂര്‍ത്തി വര്‍ഷമായിരുന്നു. തൃശ്ശൂരില്‍വച്ച് അതിവിപുലമായ തോതില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാന്‍ തീരുമാനമായി. അതിന്റെ സൂത്രധാരനും സംഘാടകനും ജനറല്‍ കണ്‍വീനറും ചുമ്മാറായിരുന്നു. അന്നു ചുമ്മാറിന് പ്രായം വെറും മുപ്പത്തിനാല്.

അന്ന്, വിമോചന സമരക്കാലത്തു മുണ്ടശ്ശേരിയെ എതിര്‍ത്തുകൊണ്ടു നാടുനീളെ ചുമ്മാര്‍ പ്രസംഗിച്ചു നടന്നുവെങ്കില്‍, ഇന്ന് അതേ ചുമ്മാര്‍ നാടുനീളെ സഞ്ചരിക്കുന്നതു ഷഷ്ടിപൂര്‍ത്തിയാഘോഷത്തിന് പേരെടുത്ത സാഹിത്യകാരന്മാരെ നേരിട്ടു കണ്ടു ക്ഷണിക്കാനും അവരുടെ സാന്നിധ്യം ഉറപ്പുവരുത്താനും വേണ്ടിയാണ്. ഒറ്റയാള്‍ പട്ടാളം പോലെ ഇതിനായി ചുമ്മാര്‍ അര്‍പ്പണബോധത്തോടെ അക്ഷീണം പ്രവര്‍ത്തിച്ചു. നിരൂപകാചാര്യനായ മുണ്ടശ്ശേരിയെന്ന ഗുരുനാഥനോടു സാഹിത്യപ്രണയിയായ പഴയ ശിഷ്യന്റെ അളവറ്റ ആദരവ്, ആത്മാര്‍ത്ഥ, കടപ്പാട്!

തൃശൂര്‍ ടൗണ്‍ഹാളില്‍ ഒരു ഞായറാഴ്ചയായിരുന്നു ഷഷ്ടിപൂര്‍ത്തിയാഘോഷം. കാലത്തു ഒമ്പതുമണി മുതല്‍ രാത്രി ഒമ്പതു മണി വരെ പന്ത്രണ്ടു മണിക്കൂര്‍ നീണ്ട വിവിധ സമ്മേളനങ്ങള്‍ ഞാന്‍ നേരത്തേ തന്നെ ടൗണ്‍ഹാളില്‍ സ്ഥലം പിടിച്ചു. രാവിലെ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം താണുപ്പിള്ള. പരിപാടിയില്‍ പങ്കെടുക്കുന്ന മഹാസാഹിത്യകാരന്മാരുടെ പേരുകള്‍ കണ്ടപ്പോള്‍ അമ്പരന്നിട്ടോ, ഒരു സാഹിത്യപ്രസംഗത്തിനു താന്‍ യോഗ്യനല്ലെന്നു സ്വയം തോന്നിയിട്ടോ എന്തോ, മുഖ്യമന്ത്രി സമ്മേളനത്തിനെത്തിയില്ല. തലേ ദിവസം വിവരം കിട്ടിയ ചുമ്മാര്‍ ഒന്നു തളര്‍ന്നെങ്കിലും പകരം ക്ഷണിച്ചുകൊണ്ടുവന്ന വ്യക്തി, രാഷ്ട്രീയരംഗത്തെ ഗജവീരനും പ്രഖ്യാത പ്രഭാഷകനുമായ പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു. അച്ചടിച്ച പ്രോഗ്രാമില്‍ ഇല്ലാത്ത പേര്.

ഉദ്ഘാടനവേദിയില്‍ അണിനിരന്നവര്‍ മുണ്ടശ്ശേരി, പനമ്പിള്ളി, തകഴി, കേശവദേവ്, കൗമുദി വാരികയുടെ പത്രാധിപര്‍ കെ ബാലകൃഷ്ണന്‍, മഹാകവി ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവര്‍. ശങ്കരക്കുറുപ്പിനെ നിരന്തരം നിശിതമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ആളാണ് മുണ്ടശ്ശേരി. ആ മുണ്ടശ്ശേരിയുടെ ഷഷ്ടിപൂര്‍ത്തി സമ്മേളനത്തില്‍ ശങ്കരക്കുറുപ്പ് പങ്കെടുത്തതു ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ സഹൃദയസദസ്സിനു കൗതുകവും സാംസ്‌കാരിക കേരളത്തിനു ആശ്ചര്യവും ശങ്കരക്കുറുപ്പിന് മഹത്ത്വവും പകര്‍ന്നു. അതും ചുമ്മാറിന്റെ ഒരു കഴിവായിരുന്നു.

പനമ്പിള്ളി തന്റെ ഉജ്ജ്വലമായ ഉദ്ഘാടനപ്രസംഗം ആരംഭിച്ചതു തന്നെ പട്ടം താണുപ്പിള്ളയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ്. വേദിയിലെ സാഹിത്യകാരന്മാരെ നോക്കി അദ്ദേഹം പറഞ്ഞു: ''മലയാളത്തിന്റെ ഈ പ്രഗത്ഭസാഹിത്യകാരന്മാരുടെ മദ്ധ്യേ ഇരിക്കാന്‍ എനിക്കു തെല്ലും അപകര്‍ഷബോധമില്ല. (അതിന്റെ ഗൂഢാര്‍ത്ഥം, ഇവിടെ വരാതെ പോയ മുഖ്യമന്ത്രിക്ക് അതുണ്ടെന്ന്.) ഒരു സാഹിത്യകാരനല്ലാതിരുന്നിട്ടും പനമ്പിള്ളി അന്നു ചെയ്തതു ഏറ്റവും മികച്ച സാഹിത്യപ്രസംഗമായിരുന്നു. ഈ പ്രസിദ്ധ പ്രസംഗത്തിലാണ് പനമ്പിള്ളി മുണ്ടശ്ശേരിയെ 'ശൈലീവല്ലഭന്‍' എന്നു വിശേഷിപ്പിച്ചത്. പിറ്റേന്ന് എല്ലാ പത്രങ്ങളും 'മുണ്ടശ്ശേരി ശൈലീവല്ലഭന്‍' എന്ന പനമ്പിള്ളിയുടെ പ്രയോഗം ബോക്‌സിലിട്ടു വാര്‍ത്ത കടുത്തു.

ബൈബിളില്‍ ഒരു വാക്യമുണ്ട്. ''പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ലു മൂലക്കല്ലായിത്തീര്‍ന്നു.'' പനമ്പിള്ളിയുടെ കാര്യത്തില്‍ സംഭവിച്ചതും അതാണ്. കാര്യപരിപാടിയില്‍ പേരില്ലാതിരുന്നിട്ടും പനമ്പിള്ളി അന്നു ചെയ്ത പ്രസംഗം മറ്റെല്ലാ സാഹിത്യകാരന്മാരേയും നിഷ്പ്രഭമാക്കും വിധമായിരുന്നു.

മുന്‍മുഖ്യമന്ത്രി സി. കേശവന്റെ പുത്രനായ കൗമുദി ബാലകൃഷ്ണന്‍ അന്നു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ ഒരു വാചകം പത്രക്കാര്‍ക്കു വീണുകിട്ടിയ ഒരു വടിയായി. ആ വാചകം ഏതാണ്ടിങ്ങനെയാണ്. ''ഇവിടെ ഏതു പട്ടിക്കും മുഖ്യമന്ത്രിയാവാം. എന്നാല്‍ ഒരു മുണ്ടശ്ശേരിയാവാന്‍ പറ്റില്ല.'' ഇതു സമര്‍ത്ഥിക്കാനാണ് ശുദ്ധഗതിയോടെ ബാലകൃഷ്ണന്‍ അങ്ങനെ പറഞ്ഞതെങ്കിലും ചില പത്രങ്ങളില്‍ 'അച്ഛനെ പട്ടിയെന്നു വിളിച്ചു' എന്ന മട്ടില്‍ വ്യാഖ്യാനമുണ്ടായി.

ജി ശങ്കരക്കുറുപ്പ് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത മട്ടില്‍ പ്രസംഗിച്ചു. ചരിത്രം കുറിച്ച ആ മഹാസമ്മേളനത്തില്‍ വച്ചാണ് കേശവദേവ് ആധികാരിക സ്വരത്തില്‍ ഇങ്ങനെ പ്രഖ്യാപിച്ചത്: ''കേരളത്തിലെ രാഷ്ട്രീയക്കാരില്‍ നാലുപേരേ പുസ്തകം വായിക്കുന്നവരുള്ളൂ. ഇ എം എസ്, പനമ്പിള്ളി, മത്തായി മാഞ്ഞൂരാന്‍, ഏ പി ഉദയഭാനു (ഉദയഭാനു തിരുക്കൊച്ചിയിലെ കെ പി സി സി പ്രസിഡന്റും 'മാതൃഭൂമി'യുടെ റസിഡന്റ് എഡിറ്ററുമായിരുന്നു. ഉച്ചവരെ ആ സമ്മേളനം നീണ്ടു നിന്നു.

ഉച്ചയ്ക്കുശേഷമുള്ള രണ്ടു സമ്മേളനങ്ങളില്‍ പ്രഗത്ഭമതികളായ കുട്ടികൃഷ്ണമാരാര്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള എസ് ഗുപ്തന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, എം എസ് ദേവദാസ്, സി ഉണ്ണിരാജ, കെ ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം കെ സാനുവും ഉണ്ടായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. എല്ലാറ്റിന്റെയും ക്ലൈമാക്‌സായി മുണ്ടശ്ശേരിയുടെ ഒരുഗ്രന്‍ മറുപടി പ്രസംഗവും. ആ പ്രസംഗത്തില്‍ മാഷ് തന്റെ ശിഷ്യനായ ചുമ്മാറിനെ ഏറെ ശ്ലാഘിക്കുകയുണ്ടായി.

ചുരുക്കം പറഞ്ഞാല്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ അന്നു നടന്നത് എണ്ണപ്പെട്ട ഒരു സാംസ്‌കാരിക സംഭവമായിരുന്നു. മലയാളത്തിലെ മഹാസാഹിത്യകാരന്മാരുടെ അപൂര്‍വസംഗമം! അക്കാലത്തു മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വേദികളില്‍ മാത്രമേ ഇത്രയേറെ സാഹിത്യനായകന്മാരെ ഞാന്‍ കണ്ടിട്ടുള്ളൂ. ഇത് അങ്ങനെയല്ല. ഒറ്റ ദിവസമാണ് ഇത്രയധികം സാഹിത്യാചാര്യന്മാരേയും പ്രതിഭാസമ്പന്നരേയും അണിനിരത്താന്‍ കഴിഞ്ഞത്. ഇങ്ങനെയൊരു സാംസ്‌കാരിക സമ്മേളനം കേരളത്തിന്റെ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. ഇതിനുള്ള സകല മഹത്ത്വവും ബഹുമതിയും അഭിനന്ദനങ്ങളും കെ ആര്‍ ചുമ്മാറിനു മാത്രം അവകാശപ്പെട്ടതാണ്. പിന്നീടാണ് ചുമ്മാര്‍ മലയാള മനോരമയില്‍ ചേര്‍ന്നതും പത്രപ്രവര്‍ത്തന രംഗത്തു ചരിത്രം സൃഷ്ടിച്ചുകൊണ്ടു കാല്‍നൂറ്റാണ്ടുകാലം വിജയക്കൊടി പാറിച്ചതും.

മലയാളത്തിലെ എക്കാലത്തേയും വിമര്‍ശകാചാര്യനായ മുണ്ടശ്ശേരി 74-ാം വയസ്സില്‍ 1977 ഒക്‌ടോബറില്‍ അന്തരിച്ചു. എന്റെ പ്രിയ സുഹൃത്തു ചുമ്മാറാകട്ടെ, പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും ഒരുപോലെ പ്രഭയും പ്രതിഭയും ചൊരിഞ്ഞശേഷം 65-ാം വയസ്സില്‍ ക്യാന്‍സര്‍ രോഗത്തിനു കീഴടങ്ങി 1994 ജൂണില്‍ ലോകത്തോടു വിട പറഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org