ആദ്യം ലഭിച്ച അവാര്‍ഡ്

ആദ്യം ലഭിച്ച അവാര്‍ഡ്

1956-ലാണല്ലോ എന്റെ ആദ്യകൃതി 'മാനം തെളിഞ്ഞു' പ്രസിദ്ധീകരിച്ചത്. അതുകഴിഞ്ഞു പതിനാറു വര്‍ഷമായപ്പോള്‍, 1972-ല്‍ എനിക്കൊരു അവാര്‍ഡ് ലഭിച്ചു - 'സാഹിത്യതാരം' അവാര്‍ഡ്. നാടകത്തിന്റെ പേരില്‍ ജീവിതത്തില്‍ ആദ്യമായി ലഭിക്കുന്ന അവാര്‍ഡ്. 'മണല്‍ക്കാട്' നാടകത്തെ പുരസ്‌ക്കരിച്ച് കേരള റൈറ്റേഴ്‌സ് ഫെലോഷപ്പാണ് അതെനിക്കു സമ്മാനിച്ചത്. സ്വര്‍ണ്ണംകൊണ്ടുള്ള കീര്‍ത്തിമുദ്രയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. കോട്ടയത്തു 1972 മേയ് 27-ന് മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ എം ചെറിയാന്‍ ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനത്തില്‍വച്ച്, അധ്യക്ഷനായ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജോര്‍ജ് ജേക്കബ് 'സാഹിത്യതാരം' സുവര്‍ണ്ണമുദ്ര എന്റെ കഴുത്തിലണിയിച്ചു. ഡോ. കെ എം തരകന്‍ അനുമോദന പ്രസംഗം നടത്തി. എനിക്ക് അന്നു സമര്‍പ്പിച്ച പ്രശസ്തി പത്രത്തില്‍ നിന്നു ചില വരികള്‍...

'സി എല്‍ ജോസ് 'മാനം തെളിഞ്ഞു' എന്ന തന്റെ പ്രഥമ നാടകത്തിലൂടെ മനുഷ്യനന്മയുടെ വക്താവായി അരങ്ങത്തു കാല്‍കുത്തിയനാള്‍ മുതല്‍ ചിരിയും കരച്ചിലും ധര്‍മ്മരോഷ പ്രകടനങ്ങളും സ്‌നേഹത്തിലധിഷ്ഠിതമായ പുതിയ ജീവിതത്തിന്റെ മണിനാദവും കൊണ്ട് ആസ്വാദകഹൃദയങ്ങളില്‍ അലയിളക്കം സൃഷ്ടിച്ചു.

സമൂഹത്തിലെ അനീതികളെ തുറന്നു കാട്ടുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന അദ്ദേഹം നീതിയുടെയും ധര്‍മ്മത്തിന്റെയും പ്രവാചകനായി നിന്നുകൊണ്ടു നന്മയും സ്‌നേഹവും നിറഞ്ഞ ഒരു പുതിയ ലോകത്തിലേക്ക് അനുവാചകരെ കൈമാടി വിളിക്കുന്നതില്‍ ഒരിക്കലും വിമുഖത കാട്ടുന്നില്ല. മൂല്യത്തകര്‍ച്ചയുടെയും വിഫലതാബധത്തിന്റെയും വിഷാദഗദ്ഗദങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആധുനിക സാഹിത്യാന്തരീക്ഷത്തല്‍ മികച്ച മൂല്യബോധത്തിന്റെയും തളരാത്ത ക്രൈസ്തവ പ്രതീക്ഷയുടെയും കാഹളനാദമുതിര്‍ത്തുകൊണ്ടാണ് സി എല്‍ ജോസ് സുധീരം മുന്നേറുന്നത്. ബോധന മാധ്യമങ്ങളുടെ ഈ യുഗത്തില്‍ നാടകത്തെ അത്യുത്തമമായ ഒരു സമൂഹ്യ വിമര്‍ശനോപധിയായും ധാര്‍മ്മികോദ്‌ബോധനോപാധിയായും കണ്ടറിഞ്ഞു, ബോധപൂര്‍വം, നിരന്തരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സി എല്‍ ജോസിന് സ്‌നേഹാഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ഈ ഫെലോഷിപ്പിന് അത്യധികം സന്തോഷമുണ്ട്.'

ആദ്യമായി ലഭിക്കുന്ന അവാര്‍ഡ് ഞാന്‍ സ്വീകരിക്കുന്നതു കാണാന്‍ എന്റെ സഹധര്‍മ്മിണിക്കും മൂന്നു മക്കള്‍ക്കും വല്ലാത്ത ആഗ്രഹം. അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ വഴങ്ങി. അങ്ങനെ കുടുംബ സമ്മേതമാണ് ഞങ്ങള്‍ കോട്ടയത്തുപോയത്. മറക്കാനാവാത്ത ഒരു സുദിനമായിരുന്നു ഞങ്ങള്‍ക്കന്ന്.

എന്റെ സ്മരണകള്‍ പലതും പിറകോട്ടു പോകുന്നു. പഴയകാലത്തേക്കുള്ള ഒരു മടക്കയാത്ര. ഞാന്‍ ആരായിരുന്നു, എന്തായിരുന്നു, എനിക്കെന്തു കഴിവുണ്ടായിരുന്നു, എന്റെ വിദ്യാഭ്യാസ യോഗ്യത എന്തായിരുന്നു?

1949-ല്‍ ഞാന്‍ സ്‌കൂള്‍ ഫൈനല്‍ (എസ് എസ് എല്‍ സി) നല്ല മാര്‍ക്കോടെ പാസ്സായി. വേര്‍പാടിന്റെ വേദനയോടെ സെന്റ് തോമസ് ഹൈസ്‌ക്കൂളിനോടു ഞാന്‍ വിട പറഞ്ഞു. തൃശൂര്‍ സെന്റ് തോമസ് കോളേജും ഹൈസ്‌കൂളും ഒരേ കൗമ്പൗണ്ടിലാണ് നിലകൊള്ളുന്നത്. കോളേജില്‍ പഠിക്കണമെന്നും ബി എ ഡിഗ്രിയെടുക്കണമെന്നും അടങ്ങാത്ത മോഹമുണ്ടായിരുന്നു എനിക്ക്. കുടുംബത്തിന്റെ കടുത്ത സാത്തിക ഞെരുക്കം അതിന് അനുവദിച്ചില്ല. ഒരു വലിയ കുടുംബമാണ് ഞങ്ങളുടേത്. ധാരാളം മക്കളും അപ്പനും അമ്മയും. അപ്പനു കാര്യമായ വരുമാനമില്ല. എങ്കിലും കോളേജില്‍ ചേരാനുള്ള എന്റെ ആഗ്രഹം അപ്പനെ അറിയിച്ചു. അതുകേട്ട് അപ്പന്‍ മൂകനായി ഇരുന്നതല്ലാതെ മറുപടിയില്ല. അനുകൂലമായ മറുപടിക്കുവേണ്ടി ഞാന്‍ കാതോര്‍ത്തു. അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: ''എന്റെ കൂടെ പഠിച്ച മിക്കവരും കോളേജില്‍ ചേരുന്നുണ്ട്. അതുകൊണ്ട്...''

മ്ലാനമുഖനായി അപ്പന്‍ പറഞ്ഞു: 'അവരൊക്കെ പണമുള്ള വീട്ടിലെ കുട്ടികളാ. നമ്മള് അങ്ങനെയാണോ?'

'അപ്പന്‍ എങ്ങനെയെങ്കിലും ഒരു വഴിയുണ്ടാക്കണം. എനിക്കത്രയ്ക്ക് മോഹമുണ്ട്. തന്നെയല്ല ഒരു ഡിഗ്രിയെടുത്താലേ ഏതെങ്കിലും നല്ല ഉദ്യോഗം കിട്ടൂ.'

'പറയുന്നതൊക്കെ ശരിയാ. പക്ഷേ, ഞാനെന്തു ചെയ്യാന്‍?' വിഷാദപൂര്‍വം അപ്പന്‍ തുടര്‍ന്നു: 'മോനേ! നിനക്കറിഞ്ഞുകൂടേ ഈ കുടുംബത്തിന്റെ സ്ഥിതി. ഇതുവരെ ഞാന്‍ വലിച്ചെത്തിച്ചു. നീയും കൂടി ജോലി ചെയ്തു എന്തെങ്കിലും കൊണ്ടുവന്നില്ലെങ്കില്‍ ഈ കുടുംബം...'

ഞാന്‍ ധര്‍മ്മസങ്കടത്തില്‍. എന്റെ സ്വപ്‌നങ്ങള്‍ തകരുന്നു, കിനാവുകള്‍ കരിയുന്നു. ഇന്നത്തെ തലമുറയാണെങ്കില്‍ ഒരുപക്ഷേ, അവര്‍ പിണങ്ങും, വാശിപിടിക്കും, വഴക്കുണ്ടാക്കും നിരാഹാരമിരിക്കും. അന്നത്തെ ഞാന്‍ അതിനൊന്നും മുതിര്‍ന്നില്ല. ഞാന്‍ ഓര്‍ത്തത് അപ്പനെ - അപ്പന്റെ നിസ്സഹായതയെ. എന്നെ അറിയാവുന്ന അപ്പന്‍ - അപ്പനെ അറിയാവുന്ന ഞാന്‍...! പിന്നെ ഞാനൊന്നും മിണ്ടിയില്ല.

മോഹം എന്നന്നേക്കുമായി മനസ്സിലൊതുക്കിക്കൊണ്ട് കളിപ്രായത്തിന് അകാലത്തില്‍ അവധികൊടുത്തു കൊണ്ടു. മൂത്ത മകനായ ഞാന്‍ പതിനേഴാം വയസ്സില്‍ തന്നെ കുടുംബഭാരം പേറിത്തുടങ്ങി. തൃശ്ശൂരിലെ സ്വരാജ് റൗണ്ടിലുള്ള ഒരു കുറി സ്ഥാപനത്തില്‍ (ഇന്നത്തെ കൊച്ചിന്‍ കുറീസ് ലിമിറ്റഡ്) വെറും ഇരുപതു രൂപ പ്രതിമാസ ശമ്പളത്തില്‍ 1949 ജൂലൈ 1-ന് ഒരു ജോലി കിട്ടി.

മധ്യവേനലവധി കഴിഞ്ഞു കോളേജുകള്‍ തുറന്ന സമയമായിരുന്നു അത്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്റെയും ഹൈസ്‌കൂളിന്റെയും ഫുട്പാത്തിലൂടെ ഞാന്‍ ജോലിക്കു പോയപ്പോള്‍ പത്താം ക്ലാസ്സിലെ എന്റെ കൂട്ടുകാര്‍ പലരും കോളേജിന്റെ ഒന്നാം നിലയില്‍ ജനാലയ്ക്കല്‍ നിന്നുകൊണ്ട് 'ജോസ്!' എന്നു വിളിച്ച് സൗഹൃദപൂര്‍വം കൈവീശി. ഞാനും കൈവീശി. അവര്‍ ചിരിച്ചു. ഞാനും ചിരിച്ചു. എന്റേതു ശോകം പുരണ്ട ചിരി. വിറയാര്‍ന്ന കൈവീശല്‍. എന്റെ കണ്ണുകള്‍ നിറഞ്ഞത് അവര്‍ കണ്ടില്ല. അവരുടെ ഭാഗ്യം എനിക്കുണ്ടായില്ലല്ലൊ എന്നോര്‍ത്തു കനം തൂങ്ങുന്ന ഹൃദയത്തോടെ, വേദന തിങ്ങുന്ന മനസ്സോടെ ഞാന്‍ നടന്നു. അല്പം ചെന്നശേഷം ആരും കാണാതെ കണ്ണുകള്‍ തുടച്ചിട്ടാണ് ഓഫീസില്‍ പോയത്. ആ ദുഃഖവും വിഷാദവും ദീര്‍ഘനാള്‍ നീണ്ടു നിന്നു. അത്രയേറെ മോഹമുണ്ടായിരുന്നു പഠിച്ചു ഡിഗ്രിയെടുക്കാന്‍. പക്ഷേ...

വര്‍ഷങ്ങള്‍ കുറെ കടന്നുപോയി. സംഭവബഹുലമായ ജീവിതം മമ്പോട്ടു നീങ്ങിക്കൊണ്ടിരുന്നു. മുമ്പൊരിക്കല്‍ ഏതൊരു കോളേജിന്റെ ഫുട്പാത്തിലൂടെ പോകുമ്പോള്‍ എന്റെ കൂട്ടുകാര്‍ കൈവീശുകയും എന്റെ കണ്ണുകള്‍ നിറയുകയും ചെയ്തുവോ, അതേ ഫുട്പാത്തിലൂടെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം ഞാന്‍ കടന്നുപോകുമ്പോള്‍, ഈ എസ് എസ് എല്‍ സിക്കാരനെഴുതിയ 'മണല്‍ക്കാട്' നാടകം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി ഏ, ബി എസ് സിക്ക് ടെക്‌സ്റ്റാക്കിയത് പ്രൊഫസ്സര്‍ ക്ലാസ്സെടുക്കുന്നതാണ് കേട്ടത്. 'മണല്‍ക്കാട്ടി'ലെ ധര്‍മ്മധീരനായ ഡിസ്ട്രിക്ട് ജഡ്ജിയെക്കുറിച്ചു വാചാലമായി അദ്ദേഹം സംസാരിക്കുന്നു. അപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി, സന്തോഷം കൊണ്ട്. ഹോ! ദൈവത്തിന്റെ ഓരോ പദ്ധതികള്‍.

കോളേജില്‍ കയറാനോ ഡിഗ്രിയെടുക്കാനോ എനിക്കു കഴിഞ്ഞില്ലെങ്കിലും എന്നിലെ നാടകകൃത്ത് എനിക്കു കയറാന്‍ കഴിയാത്തിടത്ത് എന്റെ കൃതിയും കഥാപാത്രങ്ങളും കയറി. ദൈവം അതിനു കൂട്ടുനിന്നു. ഭാഗ്യം. പിന്നീട് പലപ്പോഴും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലടക്കം കേരളത്തിലെ വിവിധ കോളേജുകളില്‍ ഞാന്‍ കയറിച്ചെന്നത് അവിടുത്തെ വിദ്യാര്‍ത്ഥികളെ അഭിംസബോധന ചെയ്തു പ്രസംഗിക്കാനാണ്. അതും ഒരു ഭാഗ്യം.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org