തൃശ്ശൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ എന്റെ ഗുരുനാഥനായിരുന്നു പൊന്‍കുന്നം ദാമോദരന്‍. 1946 മുതല്‍ മൂന്നുവര്‍ഷം അദ്ദേഹത്തിന്റെ ക്ലാസില്‍ ഞാന്‍ പഠിച്ചു. അക്കാലത്തുത്തന്നെ അദ്ദേഹം പണ്ഡിതനും കവിയും കഥാകൃത്തും ഗാനരചയിതാവും പ്രഭാഷകനും നാടകകൃത്തും ഒക്കെയാണ്.
അദ്ദേഹത്തിന്റെ മലയാളം ക്ലാസുകള്‍ വളരെ രസകരവും വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായിരുന്നു. അറിവിന്റെ പുതിയ പുതിയ മേഖലകള്‍ അദ്ദേഹം ഞങ്ങള്‍ക്കു തുറന്നിട്ടു തന്നു. അദ്ദേഹത്തിന്റെ ക്ലാസിനുവേണ്ടി ഞങ്ങള്‍ കാത്തിരുന്നു. ഏതെങ്കിലും കാരണത്താല്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ അത് ഞങ്ങളില്‍ വലിയ നഷ്ടബോധം ഉണ്ടാക്കിയിരുന്നു.
മലയാള പാഠങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം നാടിന്റെ ചലനങ്ങളും നാട്ടുകാരുടെ ജീവിതങ്ങളും സ്വന്തം ജീവിതാനുഭവങ്ങളും ഇടകലര്‍ത്തി വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കു പങ്കുവച്ചു തന്നിരുന്നു. പാഠപുസ്തകത്തിലെ വിരസങ്ങളായ പദ്യങ്ങള്‍ പഠിപ്പിച്ച ശേഷം അദ്ദേഹം തന്റെ കീശയില്‍ നിന്നും താന്‍ എഴുതിയ ജീവിതഗന്ധിയായ ചില പുത്തന്‍ കവിതകള്‍ എടുത്ത് ഞങ്ങളെ ചൊല്ലി കേള്‍പ്പിക്കും. കണ്ണുനീരിലും നിത്യ ദുഃഖത്തിലും നീരാളി നില്‍ക്കുന്ന സാധുക്കളുടെ ജീവിത ചിത്രങ്ങള്‍ ആയിരുന്നു ഓരോ കവിതയിലും. ഇമ്പമേറിയ ഈണത്തിലും ഉള്ളിളക്കുന്ന സ്വരത്തിലും അദ്ദേഹം ആ കവിതകള്‍ ചെല്ലുമ്പോള്‍ (ആലപിക്കുമ്പോള്‍ എന്ന് പറയുന്നതാവും ശരി) ക്ലാസ് മുഴുവന്‍ കാതുകൂര്‍പ്പിച്ചു കേട്ടുകൊണ്ടിരിക്കും. എന്നിട്ട് അദ്ദേഹം പറയുമായിരുന്നു: നേരത്തെ പഠിപ്പിച്ചത് ടിബി സാഹിത്യം, ഞാനിപ്പോള്‍ ചൊല്ലിയത് ജീവല്‍ സാഹിത്യം (ടിബി എന്നതിന് ടെസ്റ്റ് ബുക്ക് എന്നും ക്ഷയ രോഗം എന്നും രണ്ട് അര്‍ത്ഥമുണ്ടല്ലോ.). ദാമോദരന്‍ മാസ്റ്ററുടെ ക്ലാസുകള്‍ സാഹിത്യവിഷയങ്ങളിലുള്ള എന്റെ കൗതുകത്തെ തട്ടിയുണര്‍ത്തി. കലാ താല്‍പര്യത്തെ ഉദീപിപ്പിച്ചു. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ എന്നില്‍ സാഹിത്യ വാസന ജനിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്തത് മാഷാണ്.
പുരോഗമനാശയക്കാരനും ഇടതുപക്ഷ ചായ്‌വുള്ളവനും സ്വന്തമായ രാഷ്ട്രീയ ചിന്തകള്‍ ഉള്ളില്‍ സൂക്ഷിക്കുന്നവനുമായിരുന്നു അദ്ദേഹം. പൊന്‍കുന്നം ദാമോദരന്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായിരുന്നെങ്കില്‍ അതേ കാലഘട്ടത്തില്‍ തന്നെ അതേ കോമ്പൗണ്ടിലെ സെന്റ് തോമസ് കോളജിലെ മലയാളം വകുപ്പ് മേധാവി പ്രഗല്‍ഭനായ പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയായിരുന്നു. ദാമോദരന്‍ മാഷ് അത് ഏറെ അഭിമാനത്തോടെ പറയുമായിരുന്നു. മുണ്ടശ്ശേരി മാഷും ദാമോദരന്‍ മാഷും അടുത്ത സുഹൃത്തുക്കളായിരുന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി. ദാമോദരന്‍ മാഷ് സെന്റ് തോമസില്‍ നിന്നു റിട്ടയര്‍ ചെയ്തു. കുറേക്കാലം തൃശ്ശൂരിനടുത്തു തന്നെ അദ്ദേഹം താമസിച്ചു. അക്കാലത്ത് അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു. ശക്തമായ കവിതകളിലൂടെ, ആവേശഭരിതമായ പ്രസംഗങ്ങളിലൂടെ, വീര്യമുള്ള സമരഗാനങ്ങളിലൂടെ, ജീവസ്പന്ദമുള്‍ക്കൊള്ളുന്ന നാടകങ്ങളിലൂടെ നിരന്തരം പ്രവര്‍ത്തിച്ചു. കര്‍ഷകന്റെ കണ്ണീരും തൊഴിലാളിയുടെ നൊമ്പരവും പാവങ്ങളുടെ കഷ്ടപ്പാടും ജന്മിത്വത്തിന്റെ ധിക്കാരവും പൊലീസിന്റെ തേര്‍വാഴ്ചയും എല്ലാമെല്ലാം അദ്ദേഹത്തിന്റെ തൂലികയ്ക്ക് വിഷയങ്ങളായി. നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയിലുള്ള തന്റെ അസഹിഷ്ണുതയും അമര്‍ഷങ്ങളും പ്രതിഷേധങ്ങളും കരുത്തുറ്റ കലാസൃഷ്ടികളായി രൂപംകൊണ്ടു. ആലങ്കാരികമായി പറഞ്ഞാല്‍ ആ തൂലികയില്‍ നിന്ന് തെറിച്ചുവീണത് അക്ഷരങ്ങളായിരുന്നില്ല; അഗ്‌നിച്ചീളുകളായിരുന്നു. 11 കവിതാ സമാഹാരങ്ങളും 13 നാടകങ്ങളും ആറ് നോവലുകളും മൂന്ന് നിരൂപണ ഗ്രന്ഥങ്ങളും അദ്ദേഹം കൈരളിക്ക് കാഴ്ചവച്ചു.
പിന്നീട് അദ്ദേഹം തൃശ്ശൂര്‍ വിട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരിക്കല്‍ ദാമോദരന്‍ മാഷ് തൃശ്ശൂര്‍ കിഴക്കുംപാട്ടുകരയില്‍ താമസിക്കുന്ന മുണ്ടശ്ശേരി മാഷെ കാണാന്‍ വന്നു. അക്കൂട്ടത്തില്‍ മുണ്ടശ്ശേരി മാഷ്‌ടെ അയല്‍പക്കത്ത് താമസിക്കുന്ന ഈ പൂര്‍വ വിദ്യാര്‍ത്ഥിയുടെ വീട്ടിലും വന്നു. ഇതിനകം ഞാന്‍ നാടകരംഗത്ത് സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിയിരുന്നു. അത് മനസ്സിലാക്കിയിട്ടു തന്നെയാണ് എന്നെ കാണാന്‍ എത്തിയത്. അദ്ദേഹത്തി ന്റെ ആഗമനത്തില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. എനിക്ക് അളവറ്റ സന്തോഷം. ഞാന്‍ നാടകകൃത്തായി വളര്‍ന്നതില്‍ മാഷ്‌ക്ക് ഏറെ സ ന്തുഷ്ടിയും അഭിമാനവും. പ്രായം അടിച്ചേല്‍പ്പിച്ച അവശതയാണോ എന്നറിയില്ല അദ്ദേഹം ക്ഷീണിതനായിട്ടാണ് കാണപ്പെട്ടത്. എന്റെ സഹധര്‍മ്മിണിക്കും മക്കള്‍ക്കും മാഷേ ഞാന്‍ പരിചയപ്പെടുത്തി. കുറച്ചുനേരം ഞങ്ങള്‍ സംസാരിച്ചു. ഹൃദ്യമായിരുന്നു ആ കൂടിക്കാഴ്ച.
പിന്നെ മാഷേ ഞാന്‍ കാണുന്നത് 1981 തൃശ്ശൂരില്‍ വച്ചാണ്. കേരള സാഹിത്യ അക്കാദമിയുടെ വാര്‍ഷിക സമ്മേളനത്തിലെ നാടക സെമിനാറില്‍ ഞാന്‍ പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ സദസ്സില്‍ മാഷും ഉണ്ടായിരുന്നു. മാഷ് മാത്രമല്ല ഒപ്പം കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ഗ്രന്ഥകാരനും കലാസാഹിത്യ വിഷയങ്ങളില്‍ തല്പരനുമായ സി അച്യുതമേനോനും പ്രസിദ്ധ നടനും നാടകകൃത്തും കവിയുമായ പ്രേംജിയും (എം പി ഭട്ടതിരിപ്പാട്) ഉണ്ടായിരുന്നു. പ്രൗഢമായ സദസ്സില്‍ ഈ ത്രിമൂര്‍ത്തികളെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. പ്രസിദ്ധ നിരൂപകനായ പ്രൊഫസര്‍ എസ് ഗുപ്തന്‍ നായര്‍ ആയിരുന്നു അന്നത്തെ സെമിനാറിന്റെ അധ്യക്ഷന്‍.
എന്റെ പ്രബന്ധത്തില്‍ ചില കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കി. സാധാരണ പ്രേക്ഷകനെ മനസ്സിലാകാത്ത അവന്റെ പ്രശ്‌നപരമ്പരകളുമായി ബന്ധമില്ലാത്ത അതീവ ദുര്‍ഗ്രഹങ്ങളും സങ്കേത ജടിലങ്ങളുമായ മോഡേണ്‍ നാടകങ്ങളിലെ പരീക്ഷണങ്ങള്‍ നാടകത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനും ജനകീയ കലയായ നാടകത്തെ ഈ ജീവിതത്തില്‍ നിന്ന് അകറ്റാന്‍ മാത്രമേ ഉപകരിക്കൂ എന്നും നാടകങ്ങള്‍ ജീവിതഗന്ധി യാവണം, അവയില്‍ സാമൂഹ്യപ്രസക്തിയുള്ള പ്രമേയങ്ങള്‍ ഉണ്ടാവണം, മനുഷ്യന്റെ പച്ചയായ ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ ഉണ്ടാവണം വികാര തീവ്രമായ രംഗങ്ങള്‍ ഉണ്ടാവണം, ആത്മാവില്‍ അള്ളി പിടിക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാവണം എന്നും മറ്റും ഞാന്‍ ഊന്നി പറഞ്ഞു.
അതിനുശേഷം ശ്രോതാക്കളില്‍ നിന്നുള്ള പ്രതികരണത്തിന്റെ സമയം വന്നപ്പോള്‍ അത്യന്താധുനിക നാടകങ്ങളുടെ ആഭിമുഖ്യമുള്ള ഒരു യുവാവ് സ്റ്റേജില്‍ കയറി വന്നിട്ട് എന്റെ പ്രഭാഷണത്തെ നഖശിഖാന്തം എതിര്‍ത്തും ആക്രമിച്ചും സംസാരിച്ചു. 'സി എല്‍ ജോസ് നാടകത്തില്‍ പച്ചയായ ജീവിതമുണ്ടാവണമെന്നും ഉള്ളില്‍ തട്ടുന്ന മുഹൂര്‍ത്തങ്ങള്‍ ഉണ്ടാവണമെന്നും വികാര തീവ്രമായ രംഗങ്ങള്‍ ഉണ്ടാവണമെന്നും ഇവിടെ പറയുകയുണ്ടായി.' പിന്നെ ആ യുവാവ് കത്തിക്കയറുന്ന ആവേശത്തോടെ ഇത്രയും കൂടി പറഞ്ഞു: 'വികാരതീവ്രമായ രംഗങ്ങള്‍ ഉണ്ടാവാന്‍ പറ്റാത്ത വിധം ഇവിടെ മനുഷ്യഹൃദയങ്ങള്‍ മരവിച്ചിരിക്കുകയാണ്, വികാരങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്, ജീവിതങ്ങളും മുരടിച്ചിരിക്കുകയാണ്. ...' ഇങ്ങനെയെല്ലാം പറഞ്ഞു കയ്യടി നേടി ആ ചെറുപ്പക്കാരന്‍ ഇറങ്ങിപ്പോയി. പ്രതികരിക്കാനായി സദസ്സില്‍ നിന്നു പിന്നെ എഴുന്നേറ്റു വന്നത് സി അച്യുതമേനോന്‍ ആയിരുന്നു. അദ്ദേഹം യുവാവ് പറഞ്ഞതിനെ അടിമുടി ഖണ്ഡിച്ചും എന്റെ നാടക വീക്ഷണങ്ങളെ പിന്തുണച്ചും പ്രശംസിച്ചും സംസാരിച്ചു. അദ്ദേഹം പറഞ്ഞ ചില വാചകങ്ങള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു 'ഇപ്പോള്‍തന്നെ സംസാരിച്ച ചെറുപ്പക്കാരന്‍, നാട്ടില്‍ വികാര തീവ്രമായ രംഗങ്ങള്‍ ഇല്ലാത്ത വിധം ജനഹൃദയങ്ങള്‍ മരവിച്ചിരിക്കുകയാണ്, ജീവിതങ്ങള്‍ മുരടിച്ചിരിക്കുകയാണ് എന്നും മറ്റും പറയുകയുണ്ടായി. ഇദ്ദേഹം എവിടെനിന്നാണ് വരുന്നത്? നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ജീവിതങ്ങളെ ഒന്നു ചെന്നു നോക്കൂ! അവിടെ വേദനകള്‍ ഉണ്ടോ, വികാര തീവ്രതയുണ്ടോ, നീറുന്ന പ്രശ്‌നങ്ങളുണ്ടോ എന്നൊക്കെ അറിയാന്‍ കഴിയും...' ഇത്രയും പറഞ്ഞപ്പോഴേക്കും സദസ്സില്‍ നിന്ന് കാതടിപ്പിക്കുന്ന കയ്യടി ഉയര്‍ന്നു. കയ്യടിക്കുന്നവരുടെ കൂട്ടത്തില്‍ പൊന്‍കുന്നം ദാമോദരനും പ്രേംജിയും ഉണ്ടായിരുന്നു. എന്നെ ഡിഫെന്‍ഡ് ചെയ്യാനെന്ന വണ്ണം അച്യുതമേനോനെ പോലെ ഒരു ഉന്നത വ്യക്തി എത്തിയത് എന്നെ ഹര്‍ഷപുളകിതനാക്കി. സമ്മേളനന്തരം അവരെ മൂന്നു പേരെയും കണ്ടതിനുശേഷമാണ് ഞാന്‍ പിരിഞ്ഞത്.
പിന്നെ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ദാമോദരന്‍ മാഷ് രോഗമായി അവശനിലയില്‍ കിടക്കുകയാണെന്നറിഞ്ഞിട്ട് ഞാന്‍ പൊന്‍കുന്നത്തുള്ള അദ്ദേഹത്തിന്റെ തറവാട്ട് വാസതിയില്‍ ചെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചു. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള പല പ്രമുഖരും അദ്ദേഹത്തെ കാണാന്‍ ആ ദിവസങ്ങളില്‍ വരുന്നുണ്ടായിരുന്നു. ഇ എം എസ്, വി എസ് അച്യുതാനന്ദന്‍, ടി കെ രാമകൃഷ്ണന്‍ എന്നീ നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഞാന്‍ ചെല്ലുമ്പോള്‍ മാഷ്‌ടെ ജേഷ്ഠന്റെ മകള്‍ അധ്യാപിക രമണിയും അവരുടെ ഏകമകന്‍ സെലിമും അവിടെയുണ്ട്. രമണി ടീച്ചര്‍ പറഞ്ഞു, 'മാഷ്‌ക്ക് ഓര്‍മ്മ ചില നേരത്തില്ല! പക്ഷേ എന്നെ കണ്ടപ്പോള്‍ മാഷ് രണ്ടു നിമിഷം മിഴിച്ചു നോക്കിയ ശേഷം 'സി എല്‍ അല്ലേ?' എന്ന് മൊഴിഞ്ഞു. എന്നെ തിരിച്ചറിഞ്ഞതില്‍ എനിക്ക് സന്തോഷം തോന്നി. ഞാന്‍ മാഷ്‌ടെ ഇരുകരങ്ങളും പിടിച്ചു അരികെയിരുന്നു. മൂകമായ നിമിഷങ്ങള്‍ - വാചാലമായ മൗനം! എങ്കിലും ഞാന്‍ അയവിറക്കി. ഒന്നു രണ്ടു വട്ടം മാഷ്‌ടെ കണ്ണുകള്‍ ഈറനായി. രമണി അതു തുടച്ചു കൊടുത്തു. 'വെള്ളം... വെള്ളം...' എന്ന് പറഞ്ഞപ്പോള്‍ ടീസ്പൂണ്‍ കൊണ്ട് അല്പം പാല് വായിലൊഴിച്ചു കൊടുത്തു.
അദ്ദേഹമെഴുതിയ 'പൊന്‍കുന്നം ദാമോദരന്റെ കവിതകള്‍', 'കനകശ്രീ കവിതയിലൂടെ ഒരു തീര്‍ത്ഥയാത്ര' എന്നീ രണ്ടു പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഏല്‍പ്പിച്ച് അവരത് മാഷുടെ കൈകള്‍ കൊണ്ടു തന്നെ എനിക്ക് സമ്മാനിച്ചു. അദ്ദേഹം ഒരു കയ്യെടുത്തു വാത്സല്യപൂര്‍വം എന്റെ ശിരസ്സില്‍ തലോടി. അത് ഗുരുനാഥന്റെ അകമഴിഞ്ഞ അനുഗ്രഹമായിരുന്നില്ലെ?
അദ്ദേഹത്തിന് അധികം സംസാരിക്കാന്‍ വയ്യ. വാക്കുകള്‍ തൊണ്ടയില്‍ കുരങ്ങുന്നു. അക്ഷരങ്ങള്‍ ചുണ്ടിനരികില്‍ വന്നു കൊഴിയുന്നു. ചൂണ്ടാണിവിരല്‍ നിവര്‍ത്തിക്കൊണ്ട് എന്നെ നോക്കി ചലിപ്പിച്ചു. 'മിടുക്കനായി, കേമനായി' എന്നു പറയുന്നതിന്റെ അഭിമാന സൂചനയായിരുന്നു. ഹൃദയത്തോടെ, വിഷാദം മുറ്റിയ മുഖത്തോടെ ഞാന്‍ അദ്ദേഹത്തെ നോക്കി. പോരാന്‍ നേരത്ത് യാത്ര പറഞ്ഞപ്പോള്‍ മാഷ് വിറയ്ക്കന്ന കൈകള്‍ കുപ്പിയിട്ടു വിക്കി വിക്കി പറഞ്ഞു: 'ഈശോ മിശിഹായ്ക്കും സ്തുതി!' ഇതെന്നെ അത്ഭുതപ്പെടുത്തി. ഈ പുണ്യ പദങ്ങള്‍ എനിക്ക് മാത്രമായി മാഷ്‌ടെ തൊണ്ടയില്‍ നിന്ന് ഉതിര്‍ന്നു വീണപ്പോള്‍ എന്റെ ചുണ്ടില്‍ വിസ്മയം പൂണ്ട മന്ദഹാസത്തിന്റെ രശ്മികള്‍. അദ്ദേഹത്തിന്റെ മുഖത്ത് 'ഇതൊക്കെ എനിക്കറിയാം' എന്ന ആത്മസംതൃപ്തിയുടെ അലകള്‍.
രണ്ടു മാസങ്ങള്‍ക്കുശേഷം 1994 നവംബര്‍ 24 ന് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത വന്നു. അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന് 81 വയസ്സ്. ആ പാവനസ്മരണയ്ക്കു മുമ്പില്‍ ഈ പൂര്‍വ വിദ്യാര്‍ത്ഥിയുടെ - എളിയ ശിഷ്യന്റെ - പ്രണാമം!
(തുടരും)