എന്റെ മധുവിധു യാത്ര

എന്റെ മധുവിധു യാത്ര
Published on

'വേദനയുടെ താഴ്‌വരയില്‍' എന്ന എന്റെ നാടകം പ്രസിദ്ധീകരിച്ചത് 1959 ലാണ്. ഈ നാടകവുമായി ബന്ധപ്പെട്ട മറ്റൊരു സംഗതി ഇവിടെ ഓര്‍ത്തു പോകുന്നു. ഈ നാടകം പ്രസിദ്ധീകരിച്ച വര്‍ഷമാണ് എന്റെ വിവാഹം നടന്നത്. അതായത് 1959-ല്‍.

എനിക്കൊരു കത്തു ലഭിക്കുന്നു. കത്ത് അയച്ചിരിക്കുന്നത് അവിടത്തെ ഹിന്ദി അധ്യാപികയായ സിസ്റ്റര്‍ സില്‍വിയ. 'വേദനയുടെ താഴ്‌വരയില്‍' ഹൈസ്‌കൂളിന്റെ വാര്‍ഷികത്തിന് വിദ്യാര്‍ത്ഥിനികള്‍ അഭിനയിക്കുന്നുണ്ടെന്നും അത് കാണാനും ആശംസ പറയാനും എത്തണമെന്നും ക്ഷണിച്ചു കൊണ്ടുള്ളതാണ് കത്ത്. എന്റെ മുന്‍ നാടകങ്ങള്‍ ഇതേ വിദ്യാലയത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയാനുമതി ചോദിച്ചുകൊണ്ട് അപ്പോഴെല്ലാം സിസ്റ്റര്‍ എനിക്ക് കത്തയക്കാറുമുണ്ട്. മറ്റു ചില കാര്യങ്ങള്‍ക്കായി കോട്ടയത്ത് പോയപ്പോള്‍ സിസ്റ്ററെ കണ്ടിട്ടുമുണ്ട്. അങ്ങനെ സിസ്റ്ററുമായി നല്ല പരിചയമാണ്.

എന്റെ സഹധര്‍മ്മിണി ലിസി കോട്ടയം കണ്ടിട്ടില്ല. ഞങ്ങള്‍ വിവാഹിതരായ ശേഷം മധുവിധുവിന്റെ പേരും പറഞ്ഞു പുറത്തൊരിടത്തും പോയിട്ടുമില്ല.

എന്തായാലും ഈ ക്ഷണം സ്വീകരിക്കാന്‍ തന്നെ തീര്‍ച്ചയാക്കി. എന്റെ സഹധര്‍മ്മിണി ലിസി കോട്ടയം കണ്ടിട്ടില്ല. ഞങ്ങള്‍ വിവാഹിതരായ ശേഷം മധുവിധുവിന്റെ പേരും പറഞ്ഞു പുറത്തൊരിടത്തും പോയിട്ടുമില്ല. അതിനുള്ള ഭാഗ്യമോ സൗകര്യമോ സാമ്പത്തികശേഷിയോ അന്നില്ല. എന്നാല്‍ ഇതുതന്നെയാവട്ടെ ഞങ്ങളുടെ മധുവിധു യാത്ര എന്നു മനസ്സിലുറച്ചു. കോട്ടയത്തേക്ക് ലിസിയെയും കൊണ്ടുവരുന്നുണ്ടെന്ന് സിസ്റ്ററെ ഞാന്‍ അറിയിച്ചില്ല. കാണുമ്പോള്‍ ഒരു സര്‍പ്രൈസാവട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.

വിവരം ലിസിയോട് പറഞ്ഞു. അവള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം ഞങ്ങള്‍ ആനിവേഴ്‌സറിയുടെ ദിവസത്തിനായി (മധുവിധു ആഘോഷ ദിനത്തിനായി എന്നു പറയുന്നതാവും ശരി) കാത്തിരുന്നു. ഞങ്ങള്‍ക്ക് വലിയ ഉത്സാഹം. പരസ്പരം സ്വപ്നങ്ങള്‍ നെയ്തു. മോഹങ്ങള്‍ കൈമാറി സങ്കല്പങ്ങള്‍ പങ്കുവച്ചു. ഓഫീസില്‍ നിന്നു രണ്ടു ദിവസം ലീവെടുത്തു. 'ഹണിമൂണ്‍ ട്രിപ്പ്' എന്ന് ഗമയില്‍ പറയാമെങ്കിലും കോട്ടയത്തു ഒറ്റ രാത്രിയേ ക്യാമ്പുള്ളൂ. നല്ലൊരു ഹോട്ടലില്‍ മുറിയെടുത്തു അന്നവിടെ താമസിക്കണം. പിറ്റേന്ന് രാവിലെ ഭരണങ്ങാനത്തുപോയി അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കണം. തിരിച്ച് അന്നു രാത്രി തന്നെ തൃശ്ശൂരെത്തണം. ഇതാണ് പരിപാടി.

ആനിവേഴ്‌സറി ദിവസം നേരത്തെ തന്നെ ഞങ്ങള്‍ കോട്ടയത്തെത്തി. നേരെ സിസ്റ്ററെ ചെന്നു കണ്ടു. ആദ്യമായും അപ്രതീക്ഷിതമായും ലിസിയെ കണ്ടപ്പോള്‍ സിസ്റ്റര്‍ക്ക് അത്യധികം ആശ്ചര്യവും സന്തോഷവും. ഞങ്ങളുടെ ബ്രീഫ്‌കേസും ബാഗും സിസ്റ്റര്‍ വാങ്ങിവച്ചു. വിഭവ സമൃദ്ധമായ ഭക്ഷണം ഞങ്ങള്‍ക്കു തന്നു. നല്ല സ്വീകരണമായിരുന്നു. ഉച്ചകഴിഞ്ഞപ്പോള്‍ സ്‌കൂളിന്റെ വാര്‍ഷിക സമ്മേളനം തുടങ്ങി. സമ്മേളനാനന്തരം 'വേദനയുടെ താഴ്‌വരയില്‍' വിദ്യാര്‍ത്ഥിനികള്‍ ഭംഗിയായി അവതരിപ്പിച്ചു. നാടകം തീര്‍ന്നപ്പോള്‍ സന്ധ്യയായി. ഞങ്ങള്‍ പോകാന്‍ തിടുക്കം കൂട്ടി. ഹോട്ടലില്‍ മുറിയെടുത്തിട്ടില്ല. സമയം വൈകുന്നു. യാത്ര പറയാനായി സിസ്റ്ററെ നോക്കിയിട്ടു കാണുന്നില്ല. സിസ്റ്റര്‍ എവിടെ പോയി മുങ്ങി? യാത്ര പറയാതെ പോരുന്നതു ഭംഗിയല്ല.

അപ്പോഴേക്കും അതാ എനിക്കു പരിചയമുള്ള രണ്ടു കോളേജ് വിദ്യാര്‍ത്ഥിനികള്‍ വന്നിരിക്കുന്നു. തലേവര്‍ഷം തെക്കുനിന്നു തൃശ്ശൂര്‍ക്ക് എക്‌സ്‌കര്‍ഷന് വന്ന വിദ്യാര്‍ത്ഥിനീ ഗ്രൂപ്പില്‍പ്പെട്ടവരാണ്. അന്നു തൃശ്ശൂരില്‍ വച്ചു പരിചയപ്പെട്ടവര്‍. നാടകകൃത്തെന്ന നിലയില്‍ അവര്‍ക്കെന്നെ ബഹുമാനവുമാണ്. മേരിക്കുട്ടി മാത്യു, മോളി ചെറിയാന്‍, ലില്ലിയമ്മ, കത്രിക്കുട്ടി എന്നീ ചില പേരുകള്‍ ഇന്നും ഞാനോര്‍ക്കുന്നു. അവരില്‍ മേരിക്കുട്ടി മാത്യുവും കത്രിക്കുട്ടിയുമാണ് എന്നെ സമീപിച്ചത്. ഒട്ടും പ്രതീക്ഷിക്കാത അവരെ കണ്ടപ്പോള്‍ അത്ഭുതം തോന്നി. എന്നോടവര്‍ വലിയ സ്‌നേഹവും സ്വാതന്ത്ര്യവും പ്രകടിപ്പിക്കുന്നു. ലിസി അതു കാണുന്നുണ്ട്. എന്റെ പേടി ലിസി തെറ്റിദ്ധരിക്കുമോ എന്നാണ്. അങ്ങനെ എന്തെങ്കിലുമുണ്ടായാല്‍ മധുവിധു പൊളിയും. വേഗം ലിസിയെ ഞാനവര്‍ക്ക് പരിചയപ്പെടുത്തി. ഉടനെ അവരുടെ പരിഭവ സ്വരം.

''വിവാഹത്തിന്റെ വിവരം ജോസേട്ടന്‍ ഞങ്ങളെ ഒന്നറിയിച്ചില്ലല്ലൊ.''

''നിങ്ങള്‍ ഇവിടെയാണെന്ന് എന്നെ നിങ്ങളറിയിച്ചില്ലല്ലൊ.''

ഒരു തിരിച്ചടിപോലെ സരസമായി ഞാനിതു പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. അവരിരുവരും എന്റെ നാടകം കാണാന്‍ സദസ്സിലുണ്ടായിരുന്നുവത്രെ. ചോദിച്ചപ്പോള്‍ മനസ്സിലായി അവര്‍ രണ്ടുപേരും അതേ കോമ്പൗണ്ടില്‍ തന്നെ ബി സി എം കോളേജില്‍ ഡിഗ്രിക്ക് പഠിക്കയാണെന്നും അവിടത്തെ ഹോസ്റ്റലിലാണ് താമസിക്കുന്നതെന്നും.

ലിസിയുമായി അവര്‍ പരിചയപ്പെട്ടു. പെട്ടെന്ന് അവര്‍ ഉറ്റ ചങ്ങാതികളെപ്പോലെയായി. അവര്‍ക്കു മൂന്നു പേര്‍ക്കും ഏകദേശം ഒരേ പ്രായം. ലിസിക്ക് അന്നു വയസ്സ് കഷ്ടിച്ചു പതിനെട്ട്.

അപ്പോഴേക്കും സിസ്റ്റര്‍ സില്‍വിയ വന്നു.

''നിങ്ങളു റൂമൊന്നുമെടുത്തിട്ടല്ലല്ലൊ?''

''ഇല്ല.'' ഉടനെ എന്റെ മറുപടി.

അപ്പോള്‍ സിസ്റ്റര്‍ വളരെ കൂളായിട്ട് എന്നോടു പറയുന്നു.

''ലിസി ഇന്ന് ഇവിടെ താമസിക്കട്ടെ.''

എന്റെ ഉള്ളിലൊരു നടുക്കം.

''അയ്യോ, അതുവേണ്ട.'' വിളറിയ ഒരു ചിരിയോടെ ഞാന്‍ പറഞ്ഞു.

അപ്പോഴേക്കും മേരിക്കുട്ടിയും കത്രിക്കുട്ടിയും കേസ് ഏറ്റെടുത്തു. അവരും നിര്‍ബന്ധിക്കുന്നു.

''അതൊക്കെ ബുദ്ധിമുട്ടാണ്.'' ഒഴിഞ്ഞു മാറാനുള്ള എന്റെ നീക്കം.

''ഞങ്ങള്‍ക്കൊരു ബുദ്ധിമുട്ടുമില്ല. ലിസി ഇന്നു ഞങ്ങളുടെ കൂടെ താമസിക്കട്ടെ.''

ഒന്നു പരുങ്ങിക്കൊണ്ടു ഞാന്‍ പറഞ്ഞു.

''അതല്ല... ഞങ്ങള്‍ക്ക്... പിന്നെ... വേറെ ചില കാര്യങ്ങളുണ്ട്. പോകാതെ പറ്റില്ല.''

''എന്തു കാര്യമുണ്ടായാലും ഇന്നു ലിസി ഞങ്ങളുടെ ഗസ്റ്റ്. ഇവിടെ കഴിയട്ടെ. ജോസേട്ടാ പ്ലീസ്!''

അവര്‍ പിടിവിടാനുള്ള മട്ടല്ല. സിസ്റ്റര്‍ ചോദിച്ചപ്പോള്‍ റൂം നേരത്തെ എടുത്തിട്ടുണ്ടെന്നു പറഞ്ഞാല്‍ മതിയായിരുന്നു. ശുദ്ധഗതിക്കു സത്യം പറഞ്ഞു. അതിപ്പോള്‍ പുലിവാലായി. ഇനിയെന്തു സൂത്രം പറയണമെന്നു ഞാനാലോചിച്ചു നില്‍ക്കുമ്പോള്‍ എനിക്കു സന്തോഷം പകരാന്‍ സിസ്റ്റര്‍ അതിമനോഹരമായ മറ്റൊരു കാര്യം കൂടി പറഞ്ഞു.

''ജോസിന് താമസിക്കാന്‍ ബിഷപ്പ് പാലസില്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. മദര്‍ അവിടേക്കു ഫോണ്‍ ചെയ്തു പറഞ്ഞിട്ടുണ്ട്.''

ശ്യോ! ഈ പുന്നാര ഉപകാരം മറക്കാനാവുമോ? സിസ്റ്റര്‍ സന്തോഷത്തോടെ ഇതു പറഞ്ഞപ്പോള്‍ എനിക്കു കരയാനാണ് തോന്നിയത്. സിസ്റ്ററും മദറും കൂടി എന്തുമാത്രം ക്ലേശിക്കുന്നു. എന്റെ ദൈവമേ! ഇണപ്രാവുകളെപ്പോലെ വന്ന ഞങ്ങളെ രണ്ടുപേരെയും വേര്‍തിരിച്ചു താമസിപ്പിക്കാന്‍ എന്താ ഇവര്‍ക്കിത്ര നിര്‍ബന്ധം?

നിര്‍ബന്ധം മുറുകിയപ്പോള്‍, എന്റെ തടസ്സങ്ങള്‍ പാഴായപ്പോള്‍ അവരുടെ ഇംഗിതത്തിനു വഴങ്ങേണ്ടി വന്നു. ലിസിയെ അവര്‍ക്കു വിട്ടുകൊടുത്തു. അവര്‍ക്ക് പൊരിഞ്ഞ സന്തോഷം. ലിസിക്കു വിഷാദം. എനിക്കു കലശലായ ഖേദം.

വേര്‍പിരിയുന്ന കാമുകീകാമുകന്മാരെപ്പോലെ, തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി വിരഹദുഃഖത്തോടെ ഞങ്ങള്‍ യാത്രയായി. ലിസി ആഘോഷപൂര്‍വം കോളേജ് ഹോസ്റ്റലിലേക്ക്. ഞാന്‍ മ്ലാനമുഖനായി ബിഷപ് പാലസിലെ ഗസ്റ്റ് റൂമിലേക്ക്. മധുവിധു കലക്കി!

പിറ്റേന്നു രാവിലെ ലിസിക്ക് ബ്രേക്ക്ഫാസ്റ്റ് കോളേജ് ഹോസ്റ്റലില്‍. എനിക്കു ബ്രേക്ക്ഫാസ്റ്റ് അരമനയിലെ ഡൈനിംഗ് ഹാളില്‍. എല്ലാം കഴിഞ്ഞു ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി. ഇരുവര്‍ക്കും ഒരു വല്ലായ്മ. വിഷാദം പുരണ്ട പുഞ്ചിരി.

''ഇന്നലെ ശരിക്കും ഉറങ്ങിയോ?'' എന്റെ ചോദ്യം.

''നിങ്ങളുറങ്ങിയോ?'' ഇങ്ങോട്ടു മറുചോദ്യം.

എന്തായാലും കോട്ടയത്തു 'വേദനയുടെ താഴ്‌വരയില്‍' കാണാന്‍ പോയിട്ടു ഞങ്ങള്‍ നിരാശയുടെ താഴ് വരയിലായി. പാവം കഥയില്ലാത്ത സിസ്റ്റര്‍ ഇതൊന്നുമറിഞ്ഞിട്ടില്ല. പിന്നീടു പറഞ്ഞുമില്ല.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org