മരണമില്ലാത്ത തിക്കുറിശ്ശി

മരണമില്ലാത്ത തിക്കുറിശ്ശി
Published on

മലയാള നാടകവേദിയിലും ചലച്ചിത്ര ലോകത്തും ഒരു പോലെ ചരിത്രം സൃഷ്ടിച്ച ആചാര്യനാണ് പത്മശ്രീ തിക്കുറിശ്ശി സുകുമാരന്‍ നായര്‍. മാത്രല്ല മലയാള ചലച്ചിത്ര ലോകത്തെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ കൂടിയാണ്. കവി, നാടകകൃത്ത്, നാടക നടന്‍, വാഗ്മി, ഗദ്യകാരന്‍, നര്‍മ്മ ലേഖകന്‍, പാരഡിക്കവി, ചലച്ചിത്ര നടന്‍, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ അനവധി ശാഖകളില്‍ കൈവച്ചു വിജയം വരിച്ച സകലകലാവല്ലഭനാണ് അദ്ദേഹം.

എനിക്കദ്ദേഹവുമായി ദീര്‍ഘകാലത്തെ പരിചയമുണ്ട്. 1965-ല്‍ എന്റെ 'ഭൂമിയിലെ മാലാഖ' ചലച്ചിത്രമാക്കിയപ്പോള്‍ അതില്‍ ഹൃദയാലുവും സ്‌നേഹസമ്പന്നനുമായ വാറുണ്ണി മുതലാളിയുടെ ഭാഗം തന്മയത്വത്തോടെ അഭിനയിച്ചതു തിക്കുറിശ്ശിയാണ്. അന്നു മുതലുള്ള പരിചയം ഞങ്ങള്‍ നിലനിര്‍ത്തിപ്പോന്നു. ഒടുവില്‍ അദ്ദേഹത്തെ കാണാന്‍ പോയതു 1995 സെപ്തംബറില്‍. നാടകമല്ലാത്ത എന്റെ ആദ്യകൃതിയായ ''നാടകത്തിന്റെ കാണാപ്പുറങ്ങളുടെ'' കൈയ്യെഴുത്തു പ്രതിയുമായിട്ടാണ് ഞാനന്ന് പോയത്. അതിന് ഒരവതാരിക വേണമെന്നു ഞാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ആശ്ചര്യത്തോടെ എന്നെ നോക്കി.

കൈയെഴുത്തു പ്രതി വായിച്ചു സംതൃപ്തനായ അദ്ദേഹം ഒരു മാസത്തിനുള്ളില്‍ പണ്ഡിതോചിതവും പ്രൗഡോജ്ജ്വലവുമായ ഒരവതാരിക എഴുതുക മാത്രമല്ല, അതിന്റെ അന്ത്യത്തില്‍ ആശംസോപഹാരമായി തിക്കുറിശ്ശി എന്ന കവി എന്നിലെ നാടകകൃത്തിനെ സ്പര്‍ശിച്ചുകൊണ്ട് ഇരുപത്തി രണ്ടു വരികളുള്ള ഒരു കവിത കൂടി കുറിച്ച് അയച്ചുതരുകയുണ്ടായി. എന്റെ ഏതാനും നാടകങ്ങള്‍ അദ്ദേഹം വയിച്ചാസ്വദിച്ചിട്ടുണ്ടെന്ന അറിവ് എന്നില്‍ ആശ്ചര്യം പകര്‍ന്നു. അന്ന് അദ്ദേഹത്തോടൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. തുടര്‍ന്നു പല വിഷയങ്ങളെക്കുറിച്ചു ഞങ്ങള്‍ സംസാരിച്ചു. കൂട്ടത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഏക മകളായ കനകശ്രീയെക്കുറിച്ചും അവളുടെ കവിതകളെക്കുറിച്ചും പ്രശംസാപൂര്‍വം പറയുകയുണ്ടായി. 1988-ല്‍ ഇരുപത്തൊമ്പതു വയസ്സില്‍ ഡോക്ടറായ ഭര്‍ത്താവിനെയും രണ്ടു പിഞ്ചു പെണ്‍കുഞ്ഞുങ്ങളെയും അനാഥരാക്കി ഒരു മോട്ടോര്‍ ബൈക്കപകടത്തില്‍പ്പെട്ടു അന്തരിച്ചുപോയ ആ കുട്ടിയുടെ (കനകശ്രീയുടെ) ഭാവനാസുന്ദരങ്ങളായ ചില കവിതകളില്‍ എനിക്കപ്പോള്‍ ഓര്‍മ്മ വന്ന 'രാത്രി'എന്ന കവിതയിലെ രണ്ടു വരികള്‍ ഞാന്‍ ചൊല്ലി. അതിതാണ്.

''സന്ധ്യേ, സൂര്യനും നീയും സംഗമിച്ചുണ്ടാകുന്ന

സന്തതി 'രാത്രി'യെന്തേ കറുത്തുപോകാന്‍ ബന്ധം?''

എത്ര ഉജ്ജ്വലവും ഉദാത്തവും മൗലികവുമായ ഭാവന!

അകമഴിഞ്ഞ ആനന്ദത്തോടെ ഞാനിതേപ്പറ്റി പറഞ്ഞപ്പോള്‍ തിക്കുറിശ്ശിയുടെ നയനങ്ങള്‍ നീരണിയുന്നതു കണ്ടു. മകളെക്കുറിച്ചുള്ള ദുഃഖം കണ്ണുനീരായി കിനിഞ്ഞു വരികയായിരുന്നു. ഞാന്‍ നോക്കുമ്പോള്‍, ഇതെല്ലാം കേട്ടു അല്പമകലെയിരിക്കുന്ന സുലോചന കണ്ണുകള്‍ തുടയ്ക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ മാതൃഹൃദയം തേങ്ങുന്നു. കനകശ്രീയെക്കുറിച്ച് ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് അപ്പോള്‍ തോന്നി. ആ പിതാവ് തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു, ''എന്റെ മോള് ഇതുപോലെ അനവധി കവിതകള്‍ എഴുതിയിട്ടുണ്ട്. ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല. എന്നെ കാണിച്ചിരുന്നുമില്ല. മരണാനന്തരം കുറെ നാളുകള്‍ക്കുശേഷം അവളുടെ മേശ പരിശോധിച്ചപ്പോള്‍ കുത്തിക്കുറിച്ച കുറേ കടലാസ്സുകള്‍ കണ്ടു. ഡയറി എഴുതിയതായിരിക്കുമെന്ന് ആദ്യം തോന്നി. പിന്നെയാണ് മനസ്സിലായത് അവയെല്ലാം എന്റെ മോളെഴുതിയ ഒന്നാം തരം കവിതകളാണെന്ന്.'' അച്ഛന്‍ കുറ്റപ്പെടുത്തുമോ എന്നു ഭയന്ന്, കാണിക്കാന്‍ ധൈര്യപ്പെടാതെ എല്ലാം ഒളിപ്പിച്ചു വച്ചിരിക്കയായിരുന്നു ആ മകള്‍.

തിക്കുറിശ്ശി അവയെല്ലാമെടുത്തു തന്റെ ആത്മസുഹൃത്തായ പി. ഭാസ്‌ക്കരനെ ഏല്പിച്ചു. കനകശ്രീയുടെ കവിതകളുടെ വിഷയ വൈവിധ്യവും രചനാവൈഭവവും കണ്ടു ഭാസ്‌ക്കരന്‍ മാഷ് അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ അവതാരികയോടെ നൂറ്റിമുപ്പത്തൊന്നു കവിതകളുടെ ഒരു സമാഹാരം 'കനകശ്രീ കവിതകള്‍' എന്ന പേരില്‍ നാഷ്‌നല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധപ്പെടുത്തി. അന്നു ഞങ്ങള്‍ സംസാരിച്ചപ്പോള്‍ മകളെക്കുറിച്ച് എത്ര പറഞ്ഞിട്ടും മതി വരുന്നില്ല അദ്ദേഹത്തിന്.

വിപുലമായ ഒരു ഗ്രന്ഥശേഖരമുണ്ട് അദ്ദേഹത്തിന്. മഹാകാവ്യങ്ങള്‍, മതഗ്രന്ഥങ്ങള്‍, ജീവചരിത്രങ്ങള്‍, ഇതിഹാസങ്ങള്‍, ചമ്പുക്കള്‍, വിജ്ഞാനകോശങ്ങള്‍, ആത്മകഥകള്‍, നിരൂപണങ്ങള്‍, നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍ എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന അമൂല്യഗ്രന്ഥങ്ങള്‍ തരംതിരിച്ചും തലക്കെട്ടുകൊടുത്തും നല്ല അടുക്കിലും ചിട്ടയിലും ഷെല്‍ഫുകളില്‍ വച്ചിരിക്കുന്നു. അതേപ്പറ്റി ഞാന്‍ പ്രശംസിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ''എനിക്കെവിടെ നേരം? എല്ലാം എന്റെ മോളു ചെയ്തു വച്ചു പോയതാണ്.''

ലൈബ്രറിയുടെ മധ്യത്തിലായി അദ്ദേഹത്തിന് അനേകകാലങ്ങളായി ലഭിച്ച നൂറുകണക്കിന് അവാര്‍ഡുകള്‍, ശില്പങ്ങള്‍, ഫലകങ്ങള്‍ നിരത്തി വച്ചിരുക്കുന്നു. എണ്ണിയാല്‍ തീരാത്തത്ര അംഗീകാരങ്ങള്‍! ഒരു പുരുഷായുസ്സില്‍ ഇത്രയേറെ അവാര്‍ഡുകള്‍ ഒരാള്‍ക്കു ലഭിക്കുമോ? അതിശയത്തോടെ ഞാനവയെല്ലാം നോക്കിക്കൊണ്ടു നിന്നു. ''ഇതെല്ലാം ഏല്പിച്ചു പോകാന്‍ എനിക്കൊരവകാശിയില്ലാതെ പോയല്ലോ ജോസേ. എന്റെ മോളുണ്ടായിരുന്നെങ്കില്‍....'' അപ്പോഴും വന്നു മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍.

തിരിച്ചു പോരാന്‍ നേരത്ത് ''തിക്കുറിശ്ശിക്കവിതകള്‍'', ''കനകശ്രീ കവിതകള്‍'' എന്നീ രണ്ടു വലിയ ഗ്രന്ഥങ്ങള്‍ അദ്ദേഹം സമ്മാനമായി എനിക്ക് ഒപ്പിട്ടു തന്നു. ഞാനവ നിധിപോലെ സൂക്ഷിക്കുന്നു. കലാസാഹിത്യ സാംസ്‌കാരിക ലോകത്തു സ്വന്തമായൊരു ചരിത്രം കുറിച്ച, എഴുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച അജയ്യനും അതുല്യനും അവിസ്മരണീയനുമാണ് തിക്കുറിശ്ശി.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org