പോള്‍ സിനിമയിലേക്ക്

പോള്‍ സിനിമയിലേക്ക്
Published on

മാസങ്ങള്‍ കടന്നുപോയി. അക്കാലത്തു കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച കേസാണ് 'മറിയക്കുട്ടി കൊലക്കേസ്.' ഒരു വൈദികനാണ് പ്രതിസ്ഥാനത്ത്. സകല പത്രങ്ങളും മാധ്യമങ്ങളും നല്ലൊരു 'തീറ്റ' കിട്ടിയ സന്തോഷത്തോടെ, പൊടിപ്പും തൊങ്ങലും വച്ചു സങ്കല്പകഥകള്‍ മെനഞ്ഞും ഫീച്ചറുകള്‍ നിരത്തിയും അനേകം ആഴ്ചകള്‍ അതൊരു ആഘോഷമാക്കി മാറ്റി.

ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എപ്പോഴും പുതിയ വിഷയങ്ങള്‍ തേടിക്കൊണ്ടിരിക്കുമല്ലോ. കാലിക പ്രാധാന്യമുള്ള ഈ വിഷയം ആസ്പദമാക്കി 'മാടത്തരുവി' എന്ന പേരില്‍ സിനിമ നിര്‍മ്മിക്കാന്‍ തോമസ് പിക്‌ചേഴ്‌സ് തീരുമാനിച്ചു. അപ്രതീക്ഷിതമായി ഒരു ദിവസം മദ്രാസില്‍ നിന്ന് എനിക്കു പി എ തോമസിന്റെ ഒരു ഫോണ്‍ കോള്‍. കാര്യങ്ങള്‍ വിശദീകരിച്ച ശേഷം എന്നോട് പറഞ്ഞു, 'ഉടനെ സി ഐ പോളിനെ മദ്രാസിലേക്കു പറഞ്ഞയയ്ക്കുക.'

ഭാഗ്യവശാല്‍ കലാനിലയത്തിന്റെ നാടകസീസണ്‍ കഴിഞ്ഞ് പോളും തൃശൂരില്‍ വന്നിട്ടുള്ള സമയമായിരുന്നു അത്. വിവരം ധരിച്ചപ്പോള്‍ പോള്‍ ആഹ്ലാദഭരിതനായി, എന്റെ അനുഗ്രഹം വാങ്ങി, ഏതാണ്ട് നിധി കിട്ടിയ സന്തോഷത്തോടെ അന്നുതന്നെ വൈകീട്ടു മദ്രാസിലേക്കു പുറപ്പെട്ടു. 'മാടത്തരുവി' എന്ന സിനിമയില്‍ കൊലക്കുറ്റം ആരോപിക്കപ്പെടുന്ന വൈദികന്റെ സുപ്രധാന റോളിലേക്കാണ് പോളിനെ ക്ഷണിച്ചതെന്നു പോള്‍ അവിടെ ചെന്നശേഷമാണ് മനസ്സിലാക്കിയത്. അപ്പോള്‍ പോളിന്റെ ആനന്ദം ആകാശത്തോളമുയര്‍ന്നു.

ഇതേ സമയത്തുതന്നെ കച്ചവടക്കണ്ണുള്ള ഉദയായുടെ കുഞ്ചാക്കോ 'മൈനത്തരുവി' എന്ന പേരില്‍ ഇതേ വിഷയം ആസ്പദമാക്കി സിനിമ നിര്‍മ്മിച്ചു. അതിലെ വൈദികന്റെ വേഷം ചെയ്തിട്ടുള്ളത് അതുല്യനടനായ സത്യനാണ്. ഇതറിഞ്ഞതോടെ സി ഐ പോളിന്റെ സന്തോഷം ചോര്‍ന്നുപോയി. മനസ്സില്‍ ഭയം പടര്‍ന്നു കയറി. സമാനസ്വഭാവമുള്ള രണ്ടു വൈദികര്‍. ആ റോളുകള്‍ കൈകാര്യം ചെയ്യുന്നതോ? ഒന്ന് മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിയായ സത്യനും മറ്റേതു ചിലച്ചിത്ര ലോകത്ത് ആരുമല്ലാത്ത ഒരു നടനും. അതാണ് പോളിന്റെ ഭയത്തിനു മുഖ്യകാരണം. ആദ്യ രണ്ടു ദിവസം ഷൂട്ടിങ് ഇല്ലായിരുന്നു. അപ്പോഴെല്ലാം പോള്‍ ഹോട്ടല്‍ മുറിയില്‍ വിഷാദമൂകനായി കഴിഞ്ഞു.

അടുത്ത ദിവസം തോമസിന്റെ അകന്ന ഒരു ബന്ധു പോളിനോട് അതീവരഹസ്യമായി ഒരു കാര്യം പറഞ്ഞു. 'ഉദയായുടെ സിനിമയില്‍ നിന്നു സത്യന്‍മാഷ് പിണങ്ങി പിന്മാറിയെന്നു കേട്ടു. ശരിയാണോ എന്നറിയില്ല. അദ്ദേഹം നാളെ ഇങ്ങോട്ടു വരുന്നുണ്ട്. മിക്കവാറും വൈദികന്റെ വേഷം അദ്ദേഹത്തിനു നല്കിയേക്കും. അങ്ങനെയായാല്‍ 'മാടത്തരുവി'ക്ക് നല്ല സ്റ്റാര്‍ വാല്യൂ ആയി.' ഇതും പറഞ്ഞ് അയാള്‍ പോയി. പോളിന് പൊട്ടിക്കരയാനാണ് തോന്നിയത്. ആകാശം ശിരസ്സിലേക്ക് ഇടിഞ്ഞുവീണ പ്രതീതി. എല്ലാ സ്വപ്‌നവും തകരുന്നു. സങ്കടം സഹിക്കാനാവാതെ ആരും കാണാതെ ഒറ്റയ്ക്കിരുന്നു കരഞ്ഞു.

സിനിമയിലഭിനയിക്കാന്‍ തൃശൂരിലെ ഭവനത്തില്‍ നിന്ന് ഇറങ്ങിത്തിരിച്ച മുഹൂര്‍ത്തത്തെ സ്വയം ശപിച്ചു. ഉദയായുടെ പടത്തില്‍ നിന്നു പിണങ്ങിപ്പിരിഞ്ഞു തന്റെ റോള്‍ തട്ടിയെടുക്കാന്‍ വരുന്ന സത്യനെ മനസ്സുകൊണ്ടു വെറുത്തു. ആകെ തകര്‍ന്നുപോയ പോള്‍ ആധിയെടുത്ത് അന്ന് അത്താഴം കഴിക്കാതെ കിടന്നുറങ്ങി.

പിറ്റേന്നു രാവിലെ ഉറക്കമുണരുന്നത് 'തോമസ് സാറു വിളിക്കുന്നു' എന്ന റൂംബോയിയുടെ അറിയിപ്പ് കേട്ടാണ്. ഉള്ളില്‍ നടുക്കവും വ്യസനവും. തെല്ലും ഉണര്‍വില്ല. എന്തായാലും വേഗം ഉടുത്തൊരുങ്ങി കുരിശുവരച്ച്, മനസ്സില്‍ പ്രാര്‍ത്ഥിച്ച് പി എ തോമസിനെ കാണാന്‍ പോയി. ചെന്നപ്പോള്‍ തോമസ് തന്റെ അടുത്തിരിക്കുന്ന സുഹൃത്തിന് പോളിനെ പരിചയപ്പെടുത്തി. 'അളിയാ... ഇതാണെന്റെ പുതുമുഖം...'' തന്നെ ഉറ്റുനോക്കുന്ന ആ സുഹൃത്തിനെ അപ്പോഴാണ് പോള്‍ ശ്രദ്ധിച്ചത്. അതു സാക്ഷാല്‍ സത്യനായിരുന്നു. അതിശയം പൊട്ടിവിടര്‍ന്ന മിഴികളോടെ പോള്‍ കൈകൂപ്പി ഇമവെട്ടാതെ നോക്കിക്കൊണ്ടു നിന്നു. അപ്പോഴേക്കും സത്യന്‍ എഴുന്നേറ്റു പോളിനെ നോക്കി പറഞ്ഞു: 'ഉദയായുടെ പടം പൂര്‍ത്തിയാക്കിയിട്ടാണ് ഞാന്‍ വരുന്നത്. എന്തായാലും അനിയന്‍ ഈ വേഷം ഗംഭീരമാക്കണം. ഗോഡ് ബ്ലസ് യൂ...!' തുടര്‍ന്നു പോളിന്റെ തലയില്‍ കൈവച്ചു 'നന്നായി വരട്ടെ! വിഷ് യൂ ഓള്‍ ദ ബെസ്റ്റ്' എന്നു പറഞ്ഞു.

ആ വലിയ കലാകാരന്‍ അനുഗ്രഹിച്ചപ്പോള്‍ പോളിന്റെ നയനങ്ങള്‍ നീരണിയുകയായിരുന്നു. ബന്ധു പറഞ്ഞതെല്ലാം ബന്ധമില്ലാത്തതായി. ധരിച്ചതെല്ലാം ആവിയായിപ്പോയി.

തോമസ് പിക്‌ചേഴ്‌സിന്റെ 'മാടത്തരുവി'യും ഉദയായുടെ 'മൈനത്തരുവി' യും ഏതാണ്ട് ആഴ്ചകളുടെ വ്യത്യാസത്തിലാണ് റിലീസായത്. ചിത്രം പുറത്തുവന്നപ്പോള്‍ പോളിന്റെ വൈദികന് അഭിമാനകരമായ അഭിപ്രായമാണ് പ്രേക്ഷകലോകത്തു നിന്നുണ്ടായത്. നാടകത്തിലെന്നതുപോലെ തന്നെ സിനിമയിലും അരങ്ങേറ്റം പൊടിപൊടിച്ചു. ഒപ്പം എനിക്ക് ആഹ്ലാദവും അഭിമാനവുമുണ്ടായി. 'പാവപ്പെട്ടവള്‍', 'വഴി പിഴച്ച സന്തതി' എന്നീ സിനിമകളില്‍ കൂടി അഭിനയിച്ച ശേഷമാണ് പോള്‍ നാട്ടിലേക്ക് മടങ്ങിയത്. മേല്‍പ്പറഞ്ഞ വിവരങ്ങളെല്ലാം പോള്‍ നേരിട്ടു നാടകീയതയോടെ പറഞ്ഞപ്പോള്‍ ഞാനും അന്തംവിട്ട് ഇരുന്നുപോയി.

കലാനിലയം കൃഷ്ണന്‍ നായര്‍ വീണ്ടും പോളിനെ ക്ഷണിച്ചു. തുടര്‍ന്ന് അവരുടെ ഏതാനും നടകങ്ങളില്‍ സഹകരിച്ചു. 'കുഞ്ഞാലിമരയ്ക്കാര്‍' നാടകത്തില്‍ കുഞ്ഞാലി മരയ്ക്കാറായി അഭിനയിച്ചതു കാണാനിടയായ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പോളിന്റെ അഭിനയത്തെ മുക്തകണ്ഠം പ്രശംസിച്ചു. നേരിട്ടു ചെന്ന് അഭിനന്ദിച്ചു. സിനിമയിലും നാടകത്തിലും കൊട്ടാരക്കര അവിസ്മരണീയമാക്കിയ കഥാപാത്രമാണ് കുഞ്ഞാലിമരയ്ക്കാര്‍. ആ റോള്‍ താനും മോശമാക്കിയില്ല എന്ന സംതൃപ്തി പോളിനുണ്ടായി. കൊട്ടാരക്കരയുടെ അന്നത്തെ അഭിനന്ദനം പോളിന് ലഭിച്ച വലിയൊരംഗീകാരമായിരുന്ന.

പിന്നീട് സിനിമയില്‍ ചാന്‍സുകള്‍ വര്‍ധിച്ചപ്പോള്‍ പോള്‍ കലാനിലയത്തോടു വിടപറഞ്ഞു. അവിടന്നങ്ങോട്ടു തുടരെത്തുടരെ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. മുന്നൂറോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ റോളുകളില്‍ വേഷമിട്ടു. ഹാസ്യരംഗങ്ങളും തനിക്കു അനായാസം വഴങ്ങുമെന്നു പല സിനിമകളും തെളിയിച്ചു.

2002-ല്‍ എന്റെ സപ്തതിയും സാഹിത്യ ജീവിതത്തിന്റെ സുവര്‍ണ്ണജൂബിലിയും ഒന്നിച്ചു തൃശ്ശൂര്‍ കാസിനോ ഓഡിറ്റോറിയത്തില്‍ ആഘോഷപൂര്‍വം കൊണ്ടാടിയപ്പോള്‍, ഡോ. സുകുമാര്‍ അഴീക്കോട്, ഐ ജി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, തൃശ്ശൂര്‍ എം എല്‍ എ, തൃശ്ശൂര്‍ മേയര്‍ തുടങ്ങിയ പ്രമുഖരോടൊപ്പം എന്റെ മുന്‍കാല നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള സിനിമാ താരങ്ങളായ എന്‍ എഫ് വര്‍ഗീസ്, തൃശ്ശൂര്‍ ഫിലോമിന, സി ഐ പോള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചും രസകരമായ അനുഭവങ്ങള്‍ പങ്കുവച്ചും സംസാരിച്ചു.

തലയെടുപ്പുണ്ടെങ്കിലും തലക്കെട്ടില്ലാത്ത, അഭിനയപാടവമുണ്ടെങ്കിലും നാട്യങ്ങളില്ലാത്ത സ്‌നേഹവും കടപ്പാടും ഒരിക്കലും മറക്കാത്ത പോള്‍, ഞാന്‍ കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കെ, ഇഹലോകത്തെ അഭിനയമെല്ലാം അവസാനിപ്പിച്ച് 2005-ല്‍ പരലോകത്തേക്കു യാത്രയായി. എന്നെ ഏറെ ബഹുമാനിച്ച - ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ സ്‌നേഹിച്ച - പോളിന്റെ വേര്‍പാടിലുള്ള നൊമ്പരം ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org