സാഹിത്യക്യാമ്പിലെ കുട്ടിയുടെ ചോദ്യം

സാഹിത്യക്യാമ്പിലെ കുട്ടിയുടെ ചോദ്യം
Published on

പ്രശസ്ത നോവലിസ്റ്റായ പാറപ്പുറത്ത് ജനറല്‍ കണ്‍വീനറായി മാവേലിക്കരയില്‍ വച്ച് നടത്തപ്പെട്ട സാഹിത്യ പരിശീലന ക്യാമ്പിനെക്കുറിച്ചു മുന്‍ ലക്കത്തില്‍ എഴുതിയിരുന്നല്ലൊ. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട സമര്‍ത്ഥരായ കുട്ടികളായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്.

നാടകത്തെക്കുറിച്ചു ഞാന്‍ ക്ലാസെടുത്ത കൂട്ടത്തില്‍ ഹൃദയഹാരിയായ ഒരു ഏകാങ്കത്തിനു രൂപം കൊടുക്കാന്‍ പ്രചോദനം തന്ന ജീവിതാനുഭവം വിവരിക്കുകയുണ്ടായി. ക്ലാസു കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ക്യാമ്പിലെ ഒരംഗം എന്നോടു ചോദിച്ചു: ''സാറു ധാരാളം നാടകങ്ങളും ഏകാങ്കങ്ങളും എഴുതിയിട്ടുണ്ടല്ലോ. ഓരോന്നിനും ഇതിവൃത്തം എവിടുന്നാണ് കിട്ടുന്നത്?''

''പല വഴിക്കും കിട്ടും.'' ഒഴുക്കന്‍ മട്ടിലുള്ള എന്റെ മറുപടി.

തൃപ്തി വരാതെ വീണ്ടും കുട്ടിയുടെ ചോദ്യം: ''എങ്ങനെയാ കിട്ടുന്നത്?''

വിഷമം പിടിച്ച ചോദ്യം. എന്തു മറുപടി പറയും. ധര്‍മ്മ സങ്കടത്തില്‍പ്പെട്ട അനുഭവം. എന്റെ പല കഥാപാത്രങ്ങളെയും ഞാന്‍ ധര്‍മ്മ സങ്കടത്തില്‍ നിര്‍ത്തിയിട്ടുണ്ട്. അത്തരം കഥാപാത്രങ്ങളെ സൃഷ്ടിച്ച എന്നെ കേവലം ഒരു വിദ്യാര്‍ത്ഥി ധര്‍മ്മ സങ്കടത്തിലാക്കിയിരിക്കുന്നു. ഞാനെന്തെങ്കിലും മറുപടി പറയും മുമ്പ് വീണ്ടും ചോദ്യം.

''ഇതെല്ലാം അനുഭവങ്ങളാണോ?''

''അല്ല. ചിലതു മാത്രം. ആ ചിലതു നാടക രചനയിലെ ഒരു ചെറിയ ഘടകം മാത്രമേ ആവുന്നുള്ളൂ.'' തുടര്‍ന്നു സാമാന്യം തൃപ്തികരമായിത്തന്നെ ഈ സംഗതി വിശദീകരിച്ചു. നമ്മുടെ ബോധത്തെ ഉണര്‍ത്തുന്ന ഒരു അനുഭവം, ഒരു സന്ദര്‍ഭം, അല്ലെങ്കില്‍ ഒരു സംഭവം, അതുമല്ലെങ്കില്‍ ഒരു പത്രവാര്‍ത്ത... ഇവയിലേതെങ്കിലുമൊന്ന് നമുക്കൊരു കഥാബീജം സമ്മാനിച്ചെന്നു വരാം. ഒരുപക്ഷേ, ഒരു പ്രത്യേക വ്യക്തിയോ അയാളുടെ സ്വഭാവ വൈചിത്ര്യങ്ങളോ ആയിരിക്കും നമുക്കു പ്രചോദനവും ഇതിവൃത്ത രൂപവും എറിഞ്ഞു തരിക. അനുഭവിച്ചറിഞ്ഞത്, കണ്ടറിഞ്ഞത്, കേട്ടറിഞ്ഞത്, വായിച്ചറിഞ്ഞത്... ഇങ്ങനെ പല തുറകളിലൂടെയും നമുക്കു ആശയങ്ങള്‍ ലഭിക്കുന്നു.

പ്രസ്തുത വിദ്യാര്‍ത്ഥി ചോദിച്ച ഇതേ ചോദ്യം പല സ്ഥലങ്ങളില്‍ വച്ച് പല അവസരങ്ങളിലായി പലരും എന്നോടു ചോദിച്ചിട്ടുണ്ട്. എന്റെ പല നാടകങ്ങള്‍ക്കും രൂപം കൊടുക്കാന്‍ എനിക്ക് പ്രേരണ നല്കിയ കഥാബീജങ്ങള്‍ സമ്മാനിച്ച നിരവധി സംഭവങ്ങളും സന്ദര്‍ഭങ്ങളും എന്റെ മനസ്സില്‍ ഇന്നും പച്ച പിടച്ചു നില്‍ക്കുന്നു. അവയില്‍ ഒരനുഭവം താഴെ കുറിക്കുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശൂരിലെ ഒരു വിമന്‍സ് കോളേജിന്റെ പ്രിന്‍സിപ്പല്‍ ഒരു പ്രത്യേക സംഗതിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ എന്നെ വിളിപ്പിച്ചു. പ്രഗത്ഭയായ ഒരു കന്യാസ്ത്രീയാണ് പ്രിന്‍സിപ്പല്‍. ഞാന്‍ ചെല്ലുമ്പോള്‍ സിസ്റ്റര്‍ മുറിയിലുണ്ട്. ഞാനങ്ങോട്ടു നീങ്ങി. പക്ഷേ, കടന്നില്ല. പ്രിന്‍സിപ്പല്‍ ആരോടോ സംസാരിക്കുകയാണ്. സംസാരമല്ല, ശാസനയും ശകാരവുമാണ്. കടത്ത സ്വരം. പരുഷമായ വാക്കുകള്‍. താക്കീതിന്റെ ഭാഷ. ആര്‍ക്കാണിങ്ങനെ 'വയറുനിറയെ' വിളമ്പിക്കൊടുക്കുന്നത്?

''ഇത്തരം സ്വാതന്ത്ര്യങ്ങളൊന്നും ഇവിടെ നടക്കില്ല. ഓരോ കാരണം പറഞ്ഞു പുറത്തുപോയി തോന്നിയ സമയത്തു കയറി വരിക. ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞിട്ടും കുലുക്കമില്ല. ഇവിടത്തെ നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചു നിന്നില്ലെങ്കില്‍ ടി സി കയ്യില്‍ തന്നു ഇറക്കിവിടും.

ഏതാണ്ട് ഇങ്ങനെ പോയി സംസാരഗതി. ആരോടാണിങ്ങനെ ഫയര്‍ ചെയ്യുന്നത്? അറിയാന്‍ ആകാംക്ഷ. എത്തിനോക്കിയാലോ? വേണ്ട അതു ഭംഗിയല്ല. മാന്യതയ്ക്കും സംസ്‌കാരത്തിനും ചേര്‍ന്നതല്ല. ഞാന്‍ കുറച്ചു ദൂരെപോയി നിന്നു. ആ നിമിഷങ്ങളില്‍ പലവിധ ചിന്തകള്‍ എന്റെ മനസ്സിലൂടെ പാഞ്ഞുപോയി. ഒരു വിദ്യാര്‍ത്ഥിനിയാണ് പ്രതികൂട്ടില്‍. ഗുരുതരമായ എന്തെങ്കിലും തെറ്റു ചെയ്തു കാണും. എന്തു ദുസ്വാതന്ത്ര്യമാണ് കാട്ടിയത്?

ഷോപ്പിങ്ങിനെന്നു പറഞ്ഞു പുറത്തു പോയിട്ടു വളരെ വൈകി തിരിച്ചു വന്നതാണോ? ക്ലാസു കട്ടു ചെയ്തു സിനിമയ്ക്കു പോയോ? അതോ തന്നെ അന്വേഷച്ചുവന്ന യുവാവ് തന്റെ ബ്രദറാണെന്നു ഹോസ്റ്റല്‍ വാര്‍ഡനോട് കള്ളം പറഞ്ഞ് അവന്റെ കൂടെ പുറത്തുപോയതാണോ? അവരൊന്നിച്ചു ഫിലിമിന് പോയിരിക്കുമോ? വിജനമായ മറ്റേതെങ്കിലും സ്ഥലത്തു ചെന്നിരുന്നു ഹൃദയരഹസ്യങ്ങള്‍ കൈമാറിയോ? ഒരു പടി കൂടി കടന്ന് ഏതെങ്കിലും ഹോട്ടലില്‍ റൂമെടുത്ത് ഇരുവരും പ്രണയനാടകം നടത്തിയോ?

കടിഞ്ഞാണില്ലാത്ത ചിന്തകള്‍ ഇങ്ങനെ പല വഴിക്കും സഞ്ചരിച്ചു. ആളെ കണ്ടില്ല. വിഷയമറിഞ്ഞില്ല. എങ്കിലും ചിന്തകള്‍ പാഞ്ഞത് ഇങ്ങനെയൊക്കെയാണ്. കാടുകയറിയ ചിന്തകള്‍. പക്ഷേ ആ ചിന്തകളിലൂടെ ഒരു നടാകത്തിന്റെ ബീജം മനസ്സില്‍ വാര്‍ന്നു വീഴുകയായിരുന്നുവെന്നു ഞാനപ്പോള്‍ മനസ്സിലാക്കിയില്ല. ഏതാണ്ടു പത്തുമിനിറ്റുകള്‍ക്കുശേഷം പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നു ആ വിദ്യാര്‍ത്ഥിനി പുറത്തുവന്നു. കരഞ്ഞു കലങ്ങിയ കണ്ണുകള്‍. സുന്ദരിയായ അവള്‍ കണ്ണുകള്‍ തുടച്ചു കൊണ്ടു എന്റെ മുന്നിലൂടെ കടന്നുപോയി. കുറച്ചു സമയം കൂടി ഞാനവിടെ കാത്തുനിന്നു. സിസ്റ്ററിന്റെ ചൂട് അല്പം കുറയട്ടെ. തുടര്‍ന്നു സിസ്റ്ററെ കണ്ടു. ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ അന്യോന്യം സംസാരിച്ചു. അതിനിവിടെ പ്രസക്തിയില്ല.

അന്നു രാത്രി, കരഞ്ഞു വീര്‍ത്ത മുഖവും നിറഞ്ഞു തുളുമ്പിയ മിഴികളുമായി എന്റെ മുന്നിലൂടെ കടന്നുപോയ ആ കോളേജുകുമാരി എന്റെ മനസ്സിലേക്കു കടന്നുവന്നു. അവള്‍ ഏതെന്നോ ആരെന്നോ അവളുടെ തെറ്റെന്തെന്നോ എനിക്കറിഞ്ഞു കൂടാ. എങ്കിലും ഏകാന്തതയിലിരുന്നുകൊണ്ടു ഞാനവളെക്കുറിച്ചു കുറെ നേരം ചിന്തിച്ചു. അവള്‍ ഒരു കഥാപാത്രമായി മാറി. ''അമിതമായ സ്വാതന്ത്ര്യം അപകടങ്ങള്‍ വരുത്തും '' എന്ന ഒരാശയം എന്റെ ഉള്ളില്‍ ഊറിക്കൂടി. അനേകനാളത്തെ ചിന്തകള്‍ക്കുശേഷം അതൊരു നാടകമായി രൂപാന്തരപ്പെട്ടു. പേര് ''ശാപരശ്മി.''

അഡ്വക്കേറ്റ് ഉറുമീസിന്റെ മകളാണ് കോളേജ് വിദ്യാര്‍ത്ഥിനിയായ ടെസ്സി. അവള്‍ക്ക് ഒരു രഹസ്യകാമുകന്‍. അമിത സ്വാതന്ത്ര്യം അവിഹിതബന്ധത്തിനു വഴിതെളിച്ചു. ഒരപകടത്തില്‍ കാമുകന്‍ മരിച്ചെന്നറിഞ്ഞു. മനോനില തെറ്റിയ ഗര്‍ഭിണിയായ ടെസ്സിക്ക് ജീവിതം വഴിമുട്ടിയ പോലെയായി. അവിവാഹിതകളായ ഗര്‍ഭിണികളേയും നിരാലംഭരേയും കാരുണ്യപൂര്‍വം സ്വീകരിക്കുന്ന ഒരഭയകേന്ദ്രം തൃശൂരിനടുത്തുള്ളത് എനിക്കറിയാം. അതൊരു അനാഥാലയം കൂടിയാണ്. അവിടെ ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായിയായി നിസ്വാര്‍ത്ഥസേവനം അനുഷ്ഠിക്കുന്ന ഒരു വന്ദ്യവൈദികനുണ്ട്. അദ്ദേഹം എന്റെ ദീര്‍ഘകാല സുഹൃത്താണ്. അദ്ദേഹത്തേയും ഞാനിതില്‍ ഒരു കഥാപാത്രമാക്കി. കോളേജ് വിദ്യാര്‍ത്ഥിനിയായ എന്റെ നായിക പ്രസവിക്കുന്നതു ആ രഹസ്യ സങ്കേതത്തിലാവാം എന്ന് തീരുമാനിച്ചു. അവിടത്തെ രഹസ്യങ്ങളൊന്നും പുറംലോകമറിയില്ല. നാടകത്തില്‍ ഈ അനാഥമന്ദിരത്തിന്റെ പേര് അഭയാലയമെന്നും ഫാദറിന്റെ പേര് ഡാനിയേല്‍ എന്നുമാണ്.

പ്രസവാനന്തരം വീട്ടിലെത്തിയ അവള്‍ക്ക് പിന്നീട് വിവാഹാലോചനകള്‍ വന്നു. ഇക്കഥയൊന്നുമറിയാതെ കല്‍ക്കട്ടയില്‍ ഉദ്യോഗമുള്ള ബര്‍ണാര്‍ഡ് എന്ന യുവാവ് ടെസ്സിയെ വിവാഹം ചെയ്യുന്നു. ഇയാളാകട്ടെ ഫാ. ഡാനിയേലിന്റെ അടുത്ത ബന്ധുവാണ്. ഇതൊരു ഞെട്ടലോടെ അറിയുന്ന ഫാദര്‍! വലിയ ധര്‍മ്മ സങ്കടത്തിന്റെയും വീര്‍പ്പുമുട്ടലിന്റെയും ആത്മസംഘര്‍ഷത്തിന്റെയും മുഹൂര്‍ത്തങ്ങള്‍! ഫാ. ഡാനിയേല്‍ മനോവേദനയോടെ എല്ലാം കുമ്പസാരരഹസ്യംപോലെ സൂക്ഷിച്ചു. പ്രസവത്തോടെ മരിച്ചുപോയെന്നു വിശ്വസിച്ചിരുന്ന കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്നു ക്രമേണ മനസ്സിലാക്കുന്ന ടെസ്സി മാനസിക വിഭ്രാന്തിയില്‍ അഭയാലയത്തിലേക്ക് ഓടുന്നു. പിന്നാലെ ഓടിയെത്തിയ ഭര്‍ത്താവിന്റെ കൈകളില്‍ അവള്‍ മരിച്ചു വീഴുന്നതടക്കമുള്ള ഉദ്യോഗജനകമായ നിരവധി രംഗങ്ങളുണ്ടീ നാടകത്തില്‍.

എന്റെ സംവിധാനത്തില്‍ തൃശൂര്‍ കലാസദന്‍ അനവധി വേദികളിലും തൃശൂര്‍ ജില്ലയിലും പുറത്തുമുള്ള വിവിധ വനിതാകോളേജുകളിലും നാടകം വിജയകരമായി അവതരിപ്പിച്ചു. പുസ്തകം അച്ചടിച്ചിറങ്ങിയപ്പോള്‍ പല പതിപ്പുകളിലായി പതിനായിരം കോപ്പികള്‍ വിറ്റഴിഞ്ഞു. നാടിന്റെ നാനാഭാഗത്തുമുള്ള അമേച്വര്‍ കലാസമിതികള്‍ അതീവ താല്പര്യത്തോടെ 'ശാപരശ്മി' ഏറ്റുവാങ്ങി. ടെസ്സിയുടെ ദുരന്തം വഴി നാടകത്തിലൂടെ സമൂഹത്തിനു നല്കുന്ന സന്ദേശം 'അമിത സ്വാതന്ത്ര്യം ആപത്ത്' എന്നതാണ്. ആകാശവാണിയുടെ തിരുവനന്തപുരം നിലയം ടി എന്‍ ഗോപിനാഥന്‍ നായരുടെ വിദഗ്ദ്ധ സംവിധാനത്തില്‍ ഇതു പ്രക്ഷേപണം ചെയ്തു. 'എഴുത്തുപെട്ടി'യിലൂടെ ഒട്ടനവധി ശ്രോതാക്കള്‍ അഭിന്ദനങ്ങളറിയിച്ചു നാടകത്തെ പുകഴ്ത്തി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org