ആകാശവാണിയുടെ നാഷണല്‍ പ്രോഗ്രാമില്‍

ആകാശവാണിയുടെ നാഷണല്‍ പ്രോഗ്രാമില്‍

ഡിസ്ട്രിക്ട് ജഡ്ജി ശ്രീ. മൊയ്തു നാടകം കാണാന്‍ വരിക മാത്രമല്ല ഭാരിച്ച ജോലിത്തിരക്കിനിടയിലും പണ്ഡിതോചിതമായ ഒരാസ്വാദനം എഴുതിത്തരികയുമുണ്ടായി. അതില്‍ അദ്ദേഹം കുറിച്ചിരിക്കുന്നു:

''... പ്രജായത്ത ഭരണസമ്പ്രദായത്തില്‍ ജുഡീഷ്യറിക്ക് പരമമായൊരു സ്ഥാനമാണുള്ളത്. ന്യായാസനത്തിലിരിക്കുന്നവരുടെ നീതിബോധത്തിലും സത്യാന്വേഷണത്തിലുമുള്ള വിജയമാണ് ജുഡീഷ്യറിയുടെ വിജയം. ഈ സത്യം ശരിക്കും മനസ്സിലാക്കിക്കൊണ്ട് തികഞ്ഞ ഉത്തരവാദിത്വബോധത്തോടെയാണ് ജോസ് ഇതിലെ ന്യായാധിപനെ വാര്‍ത്തെടുത്തിരിക്കുന്നത്. പ്രലോഭനങ്ങളുടെയും വേദനകളുടെയും മുന്നില്‍ അടിപതറാതെ, തളരാതെ ഉറച്ചുനിന്ന് നീതിക്കും ന്യായത്തിനുംവേണ്ടി പോരാടുന്ന ഇതിലെ ജഡ്ജി എത്രയോ ഉന്നതനാണ്. ഇത്രയും ആദര്‍ശധീരനായ ഒരു ജഡ്ജിയാകാന്‍ ആരും മോഹിച്ചുപോകും.

''... കെട്ടുറപ്പുള്ള ഇതിവൃത്തം, ഉദ്വേഗനിര്‍ഭരമായ രംഗങ്ങള്‍, തീവ്രമായ സംഘട്ടനങ്ങള്‍, സംഭവ്യവും സ്വാഭാവികവുമായ കഥാഗതി, വൈവിധ്യമുള്ള സ്വഭാവക്കാരായ കഥാപാത്രങ്ങള്‍, ചൂടും ശക്തിയുമുള്ള സംഭാഷണം - ഇവ കൊണ്ട് അനുഗൃഹീതമാണ് ഈ കലാസൃഷ്ടി. എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ട്. ഒഴിവാക്കാവുന്ന ഒറ്റ കഥാപാത്രവും ഇതിലില്ല. സംഭാഷണ രചനയില്‍ ജോസ് മുന്തിയ നിലവാരം പുലര്‍ത്തിയിരിക്കുന്നതു കാണാം. പ്രത്യേകിച്ചും സംഘട്ടന പ്രധാനമായ രംഗങ്ങളില്‍. ചില സംഭാഷണശകലങ്ങള്‍ ഇപ്പോഴും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. തികച്ചും ഒരു ന്യായാധിപന് യോജിച്ച യുക്തിയും നീതിബോധവും ന്യായവാദങ്ങളും സംഭാഷണത്തിലുടനീളം ചെലുത്തിക്കൊടുക്കുവാന്‍ ജോസിന് കഴിഞ്ഞിട്ടുണ്ട്. പ്രലോഭനങ്ങളോടും സമ്മര്‍ദങ്ങളോടും നിരന്തരമായി മല്ലടിച്ചു ഒടുവില്‍ വേദനയുടെ മുള്‍പ്പടര്‍പ്പില്‍ ലൂയിസ് തളര്‍ന്നു വീഴുന്നുവെങ്കിലം, അദ്ദേഹത്തിന്റെ ആദര്‍ശധീരമായ ഔദ്യോഗിക ജീവിതത്തിന് കഥയുടെ അന്ത്യത്തില്‍ അഭിമാനാവഹമായ അംഗീകാരം ലഭിച്ചു കാണുന്നതില്‍ അത്യധികം സന്തോഷമുണ്ട്. ജുഡീഷ്യറിയിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് കൂടുതല്‍ പ്രചോദനവും ഉണര്‍വും ആത്മവിശ്വാസവും പ്രദാനം ചെയ്യാന്‍ ഈ ഭാഗം തികച്ചും ഉപകരിക്കുമെന്നതു തീര്‍ച്ചയാണ്. ഒന്നാന്തരമായി രചിച്ച, നന്നായി അവതരിപ്പിച്ച, നല്ലൊരു നാടകം കണ്ട സംതൃപ്തിയോടെയാണ് ഞാന്‍ ഹാള്‍ വിട്ടു പുറത്തിറങ്ങിയത്. ഈ പുതിയ നാടകത്തിലൂടെ ഉത്തമവും ഉല്‍കൃഷ്ടവുമായ ഒരു ഗ്രന്ഥമാണ് ജോസ് മലയാള ഭാഷയ്ക്കു കാഴ്ചവച്ചിരിക്കുന്നത്.''

ജസ്റ്റിസ് മൊയ്തുവിന്റെ ആസ്വാദനത്തോടു കൂടി മണല്‍ക്കാട് 1966 ഡിസംബര്‍ മാസത്തില്‍ എന്‍ ബി എസ് പ്രസിദ്ധീകരിച്ചു. ദ്രുതഗതിയിലായിരുന്നു ഇതിന്റെ വില്പന. കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും മറ്റു വിദേശങ്ങളിലും മണല്‍ക്കാട് അരങ്ങേറി.

സാന്ദര്‍ഭികമായി മറ്റൊരു സ്മരണ ഇവിടെ പുതുക്കട്ടെ. മണല്‍ക്കാട് എഴുതിയ കാലത്ത് (അതു പ്രസിദ്ധീകരിക്കുന്നതിനു മുമ്പോ പിമ്പോ എന്നു കൃത്യമായി ഓര്‍ക്കുന്നില്ല.) ഞാനൊരു ദിവസം തിരുവനന്തപുരത്തുപോയപ്പോള്‍ പി. കേശവദേവിന്റെ വീട്ടില്‍ കയറിച്ചെന്നു. കേശവദേവിനെ പണ്ടേ നല്ല പരിചയമാണെങ്കിലും അദ്ദേഹം പുതുതായി പണി കഴിച്ച വീട്ടില്‍ ചെല്ലുന്നതു ആദ്യമാണ്. എന്നെ കണ്ടയുടനെ ആശ്ചര്യഹ്ലാദങ്ങളോടെ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ കയറിച്ചെന്നതിന്റെ പേരില്‍ ഇത്രമാത്രം ആഹ്ലാദിക്കാനെന്തിരിക്കുന്നു എന്നു ചിന്തിച്ചപ്പോഴേക്കും അദ്ദേഹം വിശദീകരിച്ചു. ''ജോസ് ഈ കയറിവന്ന സമയം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമാണ്.''

''മനസ്സിലായില്ല.''

''എനിക്ക് ആദ്യമായി ഒരു കുഞ്ഞുജനിച്ചിരിക്കുന്നു. ആണ്‍കുഞ്ഞ്! നിമിഷങ്ങള്‍ക്കു മുമ്പ് ഹോസ്പിറ്റലില്‍ നിന്നു ഫോണ്‍ വന്നു. സംസാരിച്ചു ഫോണ്‍ വച്ചിട്ട് ആദ്യം കാണുന്നതു ജോസിനെയാണ്. നല്ല ഐശ്വര്യമുള്ള വരവ്!''

''കുഞ്ഞിന്റെ വരവാണ് ഐശ്വര്യപൂര്‍ണ്ണം. എന്റെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും! ഈ ശുഭവാര്‍ത്ത ആദ്യം കേള്‍ക്കാന്‍ എനിക്കു ഭാഗ്യമുണ്ടായല്ലൊ.''

കേശവദേവിന്റെ മുഖത്ത് അവര്‍ണ്ണനീയമായ ആനന്ദം. എനിക്കും അതിയായ സന്തോഷം തോന്നി; അതിലേറെ വിസ്മയവും. സന്തോഷം തോന്നിയത് ആദ്യമായി ഒരു കുഞ്ഞുണ്ടായതില്‍, വിസ്മയം തോന്നിയത് അറുപതാം വയസ്സില്‍ കുഞ്ഞുണ്ടായതില്‍. ഷഷ്ടിപൂര്‍ത്തിയായപ്പോഴാണ് കേശവദേവിന് ഒരു കുഞ്ഞു ജനിക്കുന്നത്. ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചിരുന്നു. പലതും സംസാരിച്ച കൂട്ടത്തില്‍ അദ്ദേഹം തന്റെ ഉറച്ച അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞു: ''ഇന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റേജ് ഇഫക്ടുള്ള നാടകങ്ങള്‍ രചിക്കുന്നവര്‍ രണ്ടുപേരാണ്. പ്രൊഫഷണല്‍ നാടകവേദിയില്‍ തോപ്പില്‍ ഭാസിയും അമേച്വര്‍ നാടകരംഗത്തു സി എല്‍ ജോസും.''

മലയാള നോവലിസ്റ്റുകളില്‍ ഒരതികായനായ അദ്ദേഹത്തിന്റെ വാക്കുകള്‍ വിനയപൂര്‍വം ഞാന്‍ ശ്രവിച്ചു. തുടര്‍ന്ന് അദ്ദേഹം ആദ്യജാതനെ കാണാന്‍ ആസ്പത്രിയിലേക്കു പോകാനുള്ള ഒരുക്കമായി. അന്നത്തെ ആ കുഞ്ഞ് ഇന്ന് കേരളത്തിലെ പേരെടുത്ത ഡോക്ടറാണ്. പ്രശസ്തനായ ഡോക്ടര്‍ ജ്യോതിദേവ്!

മണല്‍ക്കാട് പിന്നീട് ഒരു റേഡിയോ നാടകമാക്കി തിരുവനന്തപുരം ആകാശവാണിക്ക് അയച്ചു കൊടുത്തു. അന്ന് ആകാശവാണിയില്‍ നാടകത്തിന്റെ പ്രൊഡ്യൂസര്‍ പ്രശസ്ത നാടകൃത്തു കൂടിയായ ടി എന്‍ ഗോപിനാഥന്‍ നായരായിരുന്നു. വായിച്ചു സന്തുഷ്ടി പ്രകടിപ്പിച്ച അദ്ദേഹം അത് ആ വര്‍ഷത്തെ അഖില കേരള റേഡിയോ നാടകവാരത്തില്‍ ഉള്‍പ്പെടുത്തി 1968 ഏപ്രില്‍ 16 ന് പ്രക്ഷേപണം ചെയ്തു. ആകാശവാണിയില്‍ വരുന്ന എന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ നാടകം. ജഗതി എന്‍ കെ ആചാരി, കൈനിക്കര കുമാരപിള്ള, ജി ശങ്കരപ്പിള്ള, പി കേശവദേവ് തുടങ്ങിയവരുടെ നാടകങ്ങളുടെ കൂട്ടത്തില്‍ എന്റെ മണല്‍ക്കാടും. ആദ്യനാടകം തന്നെ നാടകവാരത്തില്‍ വന്നതില്‍ എനിക്ക് അതിയായ ആഹ്ലാദവും അഭിമാനവും തോന്നി. അതിനു കാരണക്കാരനായ ടി എന്‍ ഗോപിനാഥന്‍ നായര്‍ക്കു ഹൃദയത്തിന്റെ തികവില്‍ നിന്നും നന്ദി രേഖപ്പെടുത്തി ഞാന്‍ കത്തയച്ചു.

പ്രസിദ്ധ നടനായ വൈക്കം മണി, നല്ലൊരു നടനും ജനയുഗത്തിന്റെ പ്രഗത്ഭ പത്രാധിപരുമായ കാമ്പിശ്ശേരി കരുണാകരന്‍, ടി എന്‍ ഗോപിനാഥന്‍ നായര്‍, എസ് രാമന്‍കുട്ടി നായര്‍, ടി പി രാധാമണി, എല്‍ ആനന്ദവല്ലി അമ്മ മുതലായവരാണ് മണല്‍ക്കാടിന് അന്നു ശബ്ദം നല്കിയവര്‍. ആ വര്‍ഷത്തെ നാടകവാരത്തിലെ മികച്ച നാടകങ്ങളിലൊന്നായിരുന്നു മണല്‍ക്കാടെന്നു പിന്നീട് ആകാശവാണിയിലേക്കു ഒഴുകിയെത്തിയ, ശ്രോതാക്കളുടെ നിരവധി കത്തുകള്‍ വിളിച്ചു പറഞ്ഞു.

മാസങ്ങള്‍ക്കു ശേഷം എനിക്കൊരു കത്തുവന്നു. എന്നെ രോമാഞ്ചമണിയിച്ച കത്തായിരുന്നു അത്. മണല്‍ക്കാട് ആകാശവാണിയുടെ നാഷണല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി പ്രക്ഷേപണം ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന്. ഒട്ടും പ്രതീക്ഷിക്കാത്തൊരു ഭാഗ്യം. നൂറുകണക്കിന് കത്തുകളിലൂടെ ശ്രോതാക്കള്‍ മികച്ചതെന്നു വിശേഷിപ്പിച്ചപ്പോള്‍, ആകാശവാണി ഞാനറിയാതെ എന്നോടു പറയാതെ മണല്‍ക്കാടിന്റെ സ്‌ക്രിപ്റ്റ് ഡെല്‍ഹിക്കയച്ചു - ദേശീയ പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയോടെ. അതാണിപ്പോള്‍ ഫലമണിഞ്ഞത്. ഇതെല്ലാം പിന്നീട് ടി എന്‍ പറഞ്ഞാണ് ഞാനറിയുന്നത്. 1969 നവംബര്‍ 27 രാത്രി 9.30 മുതല്‍ 10.30 വരെ മണല്‍ക്കാട് ഇന്ത്യയൊട്ടുക്ക് വിവിധ ഭാഷകളില്‍ പ്രക്ഷേപണം ചെയ്തു. ഇന്ത്യയുടെ നാനാഭാഗങ്ങളിലുള്ള മറുനാടന്‍ മലയാളികളായ എന്റെ സുഹൃത്തുക്കള്‍ അതാതു ഭാഷകളില്‍ നാടകം കേട്ട് ആനന്ദത്തോടും അഭിമാനത്തോടും കൂടി എനിക്ക് കത്തുകളയച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org