മദ്രാസില്‍ ട്രെയിനിറങ്ങിയിട്ട് ഞാനാദ്യം പോയത് മഞ്ഞിലാസ് ഫിലിംസിന്റെ ഉടമയും സിനിമ നിര്‍മ്മാതാവുമായ എം ഓ ജോസഫിന്റെ ഓഫീസിലേക്ക്. അദ്ദേഹം മറ്റൊരാളുമായി സംസാരിക്കുകയായിരുന്നു. ഓഫീസിലുള്ളവര്‍ എന്നെ ഗസ്റ്റ് റൂമില്‍ സ്വീകരിച്ചിരുത്തി. കുറെ സമയം കഴിഞ്ഞപ്പോള്‍ ജോസഫുമായി സംസാരിച്ചിരുന്ന വ്യക്തി പുറത്തുവന്നു. അതു മറ്റാരുമായിരുന്നില്ല. ചലച്ചിത്ര രംഗത്ത് ഉദിച്ചുയര്‍ന്നു വരുന്ന സംവിധായകന്‍ ഭരതന്‍. അദ്ദേഹവുമായി ഞാന്‍ പരിചയപ്പെട്ടു. സംവിധായകനാവുന്നതിനു മുമ്പുതന്നെ വളരെ പ്രശസ്തി നേടിയ ചിത്രകാരനും കലാ സംവിധായകനുമാണ് ഭരതന്‍. അദ്ദേഹം തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കാരനാണെന്നു തൃശ്ശൂര്‍ക്കാരനായ ഞാന്‍ അന്ന് അവിടെ വച്ചാണ് മനസ്സിലാക്കിയത്. ഞങ്ങള്‍ പരസ്പരം ആദ്യം കാണുകയാണ്. ഭരതന്‍ പറഞ്ഞു: ''ജനപ്രിയ നാടകകൃത്തെന്ന നിലയില്‍ ജോസേട്ടനെ എനിക്കറിയാം. മഞ്ഞിലാസിന്റെ പുതിയ സബ്ജക്ട് ജോസേട്ടന്റെ നാടകമാണെന്നു അറിഞ്ഞു.''
അറിയാനുള്ള ജിജ്ഞാസയോടെ ചോദിച്ചു: ''ഭരതന്‍ ഇപ്പോള്‍ ഇവിടെ വരാന്‍ കാരണം?''
''ഞാന്‍ ചില സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മഞ്ഞിലാസിന്റെ ബാനറില്‍ ഒരു പടം ചെയ്താല്‍ കൊള്ളാമെന്നു വലിയ ആഗ്രഹം. അതേപ്പറ്റി സംസാരിക്കാനാണ് വന്നത്.''
''ആശയ്ക്കു വഴിയുണ്ടോ?''
''വാക്കൊന്നും തന്നില്ല. പരിഗണിക്കാമെന്നു മാത്രം പറഞ്ഞു.''
കൂടുതല്‍ വിശദാംശങ്ങളൊന്നും ഞാന്‍ ചോദിച്ചില്ല. പിന്നെ കാണാമെന്നു പറഞ്ഞു ഭരതന്‍ പിരിഞ്ഞു. ഇതുമായി ബന്ധപ്പെടുത്തി പറയട്ടെ. അഗ്നിനക്ഷത്രത്തിനുശേഷമുള്ള മഞ്ഞിലാസിന്റെ പ്രോജക്ട് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു. ചിത്രത്തിന്റെ പേര് 'ഗുരുവായൂര്‍ കേശവന്‍.'
അതിരിക്കട്ടെ. ജോസഫ് എന്നേയും കൂട്ടി തോപ്പില്‍ ഭാസിയുടെ അടുത്തേക്കു പോയി. മദ്രാസിലെ വിക്‌ടോറിയാ ഹോട്ടലില്‍ എനിക്കായി റൂം നേരത്തേ ബുക്ക് ചെയ്തിട്ടുണ്ട്. ഭാസി താമസിക്കുന്നതും അതേ ഹോട്ടലില്‍ തന്നെ. ഭാസിയോടൊപ്പം ഞാനും താമസിച്ചു. എഴുതിയിടത്തോളം സ്‌ക്രിപ്റ്റ് ഞങ്ങള്‍ വായിച്ചു. പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. ചിലയിടങ്ങളില്‍ ഭേദഗതി വരുത്തി. സ്വഭാവികതയ്ക്കും രംഗപുഷ്ടിക്കും വേണ്ടി ഒരു സീന്‍ മാറ്റിയെഴുതി. കൃതഹസ്തനായ ഭാസി നല്ല പിരിമുറുക്കത്തോടെയും ഉദ്വേഗഭരിതമായും സീനുകള്‍ ഒരുക്കി.
അഗ്നിനക്ഷത്രത്തിന്റെ കഥയ്ക്ക് ആ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും നല്ല ചലച്ചിത്ര കഥയ്ക്കുള്ള മദ്രാസ് ഫിലിം ഫാന്‍സ് അസ്സോസിയേഷന്‍ വക അവാര്‍ ഡു ലഭിച്ചു എന്ന വസ്തുത ഞാനഭിമാന പൂര്‍വം ഇവിടെ രേഖപ്പെടുത്തട്ടെ.
എന്റെ സാന്നിധ്യവും സഹകരണവും തുറന്ന മനസ്സും ഭാസി വളരെ മതിപ്പോടെയാണ് കണ്ടത്. ഏറെ ഹൃദ്യവും സ്‌നേഹനിര്‍ഭരവുമായിരുന്നു ഭാസിയുടെ പെരുമാറ്റം. ഒരു ഘട്ടത്തില്‍ ഭാസി എന്നോട് ഒരഭ്യര്‍ത്ഥന നടത്തി.
''ക്രിസ്ത്യന്‍ വൈവാഹിക നിയമത്തെയും ചര്‍ച്ചിന്റെ നിലപാടുകളെയും ആസ്പദമാക്കി ജോസ് നാടകത്തില്‍ വളരെ കൃത്യതയോടെ കുറിക്കുക്കൊള്ളുന്ന ഡയലോഗുകള്‍ കൊടുത്തിട്ടുണ്ട്. സിനിമയിലെ ആ സന്ദര്‍ഭത്തില്‍ ജോസിന്റെ ഡയലോഗുകള്‍ തന്നെ ഞാനെടുത്തു കൊടുത്തോട്ടെ? വിരോധമുണ്ടോ?''
''ഒരു വിരോധവുമില്ല. സന്തോഷമേയുള്ളൂ. ആ ഭാഗം നന്നാവേണ്ടതല്ലെ നമ്മുടെ ആവശ്യം.'' അങ്ങനെ നാടകത്തിലെ ചില ഡയലോഗുകള്‍ അതേപടി ഭാസി തന്റെ സ്‌ക്രിപ്റ്റില്‍ ഉപയോഗിച്ചു.
ഭാസിയോടൊപ്പം ഞാനുമുണ്ടെന്നറിഞ്ഞ് ഒരു ദിവസം സംവിധായകനായ വിന്‍സെന്റ് വിക്‌ടോറിയ ഹോട്ടലില്‍ വന്നു. ഞാനുമായി പരിചയപ്പെട്ടു. പരസ്പരം കണ്ടതില്‍ ഇരുവര്‍ക്കും സന്തോഷം. പല വിശേഷങ്ങളും ഞങ്ങള്‍ മൂന്നു പേരും സംസാരിച്ചു. സ്‌ക്രിപ്റ്റിലെ ചില ഭാഗങ്ങള്‍ അദ്ദേഹം ഒന്ന് ഓടിച്ചു വായിച്ചു.
ഈ കഥയിലെ കേന്ദ്ര ബിന്ദു ടെസ്സി എന്ന കഥാപാത്രമാണ്. മാനസിക വിഭ്രാന്തിയില്‍പ്പെട്ട ടെസ്സിയുടെ അതിസങ്കീര്‍ണ്ണമായ ഭാഗം സമര്‍ത്ഥമായി അഭിനയിച്ചതു ദേശീയ അവാര്‍ഡ് നേടിയ അനുഗ്രഹീത നടി ലക്ഷ്മിയാണ്. (നാടകത്തില്‍ ഈ ഭാഗം തന്മയത്വത്തോടെ അവതരിപ്പിച്ചത് പ്രശസ്ത നാടകനടിയും നര്‍ത്തകിയുമായ തൃശ്ശൂര്‍ കലാലയം രാധ). ചലച്ചിത്രത്തിലെ ഇതര അഭിനേതാക്കള്‍ സോമന്‍, മോഹന്‍, നന്ദിതാബോസ്, മല്ലിക, ബഹദൂര്‍, ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജനാര്‍ദനന്‍, എന്‍ ഗോവിന്ദന്‍ കുട്ടി, വി കെ ഏബ്രഹാം തുടങ്ങിയവരായിരുന്നു.
'ശാപരശ്മി' നാടകം സിനിമയാക്കുന്നതു സംബന്ധിച്ച് ഞാനാദ്യം ചെന്നപ്പോള്‍, എം ഓ ജോസഫുമായി പലതും സംസാരിച്ച കൂട്ടത്തില്‍ തൃശ്ശൂരിനടുത്തുള്ള പുല്ലഴി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റീനാ ഹോം എന്ന അഗതി മന്ദിരവും അതിന്റെ ഡയറക്ടറും എന്റെ ദീര്‍ഘകാല സുഹൃത്തുമായ വൈദികനുമാണ് നാടകമെഴുതാനുള്ള ആദ്യപ്രചോദനമെന്ന് പറഞ്ഞിരുന്നു. അഗതി മന്ദിരത്തെക്കുറിച്ചും അത് സ്ഥിതി ചെയ്യുന്ന സ്ഥലം, പ്രവര്‍ത്തന രീതി, അന്തേവാസികള്‍ തുടങ്ങിയവയേക്കുറിച്ചും എം ഓ ജോസഫ് താല്‍പര്യപൂര്‍വം എന്നോടു ചോദിച്ചു മനസ്സിലാക്കി.
ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനു മുമ്പ്, ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ സംവിധായകന്‍ വിന്‍സെന്റ് തൃശ്ശൂരില്‍ എന്നെത്തേടി വന്നു. അദ്ദേഹം മറ്റേതോ കാര്യത്തിനു തിരുവനന്തപുരത്തുപോയിട്ടു മടങ്ങുന്ന വഴിയായിരുന്നു. ഉച്ചതിരിഞ്ഞ സമയം, അദ്ദേഹം പറഞ്ഞു: ഔട്ട്‌ഡോര്‍ ഷൂട്ടിംഗിനുള്ള ലൊക്കേഷന്‍ തീരുമാനിച്ചിട്ടില്ല. ജോസ് നാടകമെഴുതാന്‍ പശ്ചാത്തലമാക്കിയ ആ സ്ഥലം ഒന്നു കാണണം. ആ സ്ഥലം പറ്റുമോ എന്നു നോക്കാന്‍ ജോസഫ് എന്നോടു ആവശ്യപ്പെട്ടിരിക്കാ. നമുക്ക് ഇപ്പോള്‍ തന്നെ ഒന്നു പോയി നോക്കിയാലോ?''
അദ്ദേഹത്തിന്റെ കാറില്‍ ഉടനെ ഞാന്‍ കയറി. പുല്ലഴിയില്‍ ചെന്നു കണ്ടപ്പോള്‍ വിന്‍സെന്റ് ആഹ്ലാദപൂര്‍വം സംതൃപ്തി രേഖപ്പെടുത്തി. ക്രിസ്റ്റീനാ ഹോമിന്റെ ശാന്തമായ അന്തരീക്ഷം തന്നെ മികച്ചതെന്നു കണ്ടെത്തി.
''ജോസേ! ഇതുതന്നെ പറ്റിയ സ്ഥലം. ഔട്ട്‌ഡോറിന് ഇനി മറ്റൊരു സ്ഥലവും നോക്കേണ്ടതില്ല.''
പുല്ലഴിയിലും തൃശ്ശൂരിലുമായി ചിത്രത്തിന്റെ ഒട്ടേറെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു. ടെസ്സിയും ബര്‍ണാര്‍ഡും തമ്മിലുള്ള വിവാഹം തൃശ്ശൂര്‍ ലൂര്‍ദു കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചാണ് നടന്നത്. അതിനു തൃശ്ശൂര്‍ ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ പ്രത്യേക അനുമതിയുണ്ടായിരുന്നു. അങ്ങനെ ലക്ഷ്മിയും സോമനും വധൂവരന്മാരായി. ഞാനും എന്റെ കുടുംബാംഗങ്ങളും എന്റെ സഹോദരിമാരും വധൂവരന്മാരുടെ അടുത്തബന്ധുക്കളായി നിരന്നു. പള്ളിയകം നിറയെ ഷൂട്ടിങ്ങ് കാണാനെത്തിയവരായിരുന്നു. അവരെല്ലാം വിവാഹകര്‍മ്മത്തിനു സാക്ഷ്യം വഹിച്ചു. അഗ്നിനക്ഷത്രം 1977 ല്‍ കേരളത്തിലെ വിവിധ തിയറ്ററുകളില്‍ റിലീസ് ചെയ്തു. ചിത്രം വിജയമായിരുന്നു. തൃശ്ശൂരില്‍ ജോസ് തിയറ്ററിലാണ് പടം പ്രദര്‍ശിപ്പിച്ചത്.
ടെസ്സിയുടെ മാനസികരോഗവും അതു പിന്നീട് വരുത്തിവച്ച ദാമ്പത്യ തകര്‍ച്ചയും കുടുംബാന്തരീക്ഷത്തിലെ സംഘര്‍ഷാവസ്ഥയും അങ്ങനെ എല്ലാം കൊണ്ടും കൊടുമ്പിരികൊണ്ട ജീവിതത്തെ ലക്ഷ്മി അതിസൂക്ഷ്മമായ ഭാവാഭിനയം കൊണ്ടു അവിസ്മരണീയമാക്കി.
അഗ്നിനക്ഷത്രത്തിന്റെ കഥയ്ക്ക് ആ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും നല്ല ചലച്ചിത്ര കഥയ്ക്കുള്ള മദ്രാസ് ഫിലിം ഫാന്‍സ് അസ്സോസിയേഷന്‍ വക അവാര്‍ഡു ലഭിച്ചു എന്ന വസ്തുത ഞാനഭിമാനപൂര്‍വം ഇവിടെ രേഖപ്പെടുത്തട്ടെ. ആ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് ടെസ്സിയായി മികച്ച അഭിനയം കാഴ്ചവച്ച ലക്ഷ്മിക്കായിരുന്നു. എന്റെ ഭാവനയില്‍ വിരിഞ്ഞ ആ കഥാപാത്രത്തിന് അവാര്‍ഡു ലഭിച്ചതിലും എനിക്ക് അതിയായ സന്തോഷമുണ്ട്.
തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രശസ്തരും പ്രമുഖരുമടങ്ങിയ പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ വച്ച് ഞാന്‍ അവാര്‍ഡ് ഏറ്റു വാങ്ങി. കമലഹാസന്‍, രജനീകാന്ത്, ലക്ഷ്മി, പി സുശീല തുടങ്ങിയ മികച്ച കലാപ്രതിഭകളും അവാര്‍ഡ് സ്വീകരിക്കാനെത്തിയിരുന്നു.
(തുടരും)