ഒരു നാടകമത്സരം

ഒരു നാടകമത്സരം

വിഷക്കാറ്റിനെക്കുറിച്ചു മറ്റൊരു സ്മരണ മനസ്സില്‍ പൊന്തിവരുന്നു. കേരളത്തിന്റെ ഡി ജി പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്) ആയി സ്തുത്യര്‍ഹ സേവനം നടത്തി റിട്ടയര്‍ ചെയ്ത എം കെ ജോസഫ് ഐ പി എസ്, കെ എസ് ആര്‍ ടി സിയുടെ ചെയര്‍മാനായിരിക്കുന്ന കാലം. ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരിലെ കലാപ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുംവേണ്ടി അദ്ദേഹം അഖില കേരള ട്രാന്‍സ്‌പോര്‍ട്ട് നാടകമത്സരം സംഘടിപ്പിച്ചു. അതില്‍ ആലുവ റീജിയന്‍ അവതരിപ്പിച്ചതു വിഷക്കാറ്റ് നാടകമായിരുന്നു. എന്റെ ശിക്ഷണം ലഭിച്ച തൃശൂര്‍ എല്‍സിയെത്തന്നെ ലീലാമ്മയുടെ റോളിലേക്ക് അവര്‍ ക്ഷണിച്ചു. ചില റിഹേഴ്‌സലുകള്‍ക്കായി ആലുവയിലും അവതരണ ദിവസം തിരുവനന്തപുരത്തും ഞാന്‍ പോയിരുന്നു.

നാടകരംഗത്തെ പ്രഗത്ഭമതികളായിരുന്നു അന്നത്തെ വിധികര്‍ത്താക്കള്‍. പ്രൊഫ. എന്‍ കൃഷ്ണപിള്ള, ടി എന്‍ ഗോപിനാഥന്‍ നായര്‍, ടി ആര്‍ സുകുമാരന്‍ നായര്‍, ഏബ്രഹാം ജോസഫ്, ജി വിവേകാനന്ദന്‍ എന്നിവരായിരുന്നു അവര്‍. ഇവരില്‍ ടി എന്‍ ഗോപിനാഥന്‍ നായരെ മാത്രമേ എനിക്കു മുമ്പ് പരിചയമുള്ളൂ. അദ്ദേഹം എന്നെ മറ്റുള്ളവര്‍ക്കും എം കെ ജോസഫിനും പരിചയപ്പെടുത്തി. ഇരുകൂട്ടര്‍ക്കും സന്തോഷകരമായിരുന്നു ആ കൂടിക്കാഴ്ച.

ദിവസങ്ങള്‍ക്കുശേഷം കേരളാടിസ്ഥാനത്തിലുള്ള ഈ നാടകമത്സരത്തിന്റെ ഫലങ്ങള്‍ പുറത്തു വന്നു. ഏറ്റവും നല്ല നടിക്കുള്ള സമ്മാനം ലഭിച്ചതു ലീലാമ്മയുടെ ഭാഗമെടുത്ത തൃശൂര്‍ എല്‍സിക്കാണ്. അവതരണത്തിനു മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ. നടന്മാരെല്ലാം ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരായിരിക്കണം എന്ന പരിമിതിയുള്ളതിനാല്‍ ആലുവ റീജിയന്‍കാര്‍ ഈ സമ്മാനങ്ങള്‍ തന്നെ വലിയ അംഗീകാരമായി കരുതി.

ഏതാനും മാസങ്ങള്‍ക്കു ശേഷം ആകാശവാണി തൃശൂര്‍ നിലയം എല്‍സിയുമായി നടത്തിയ അഭിമുഖത്തില്‍ ഒരു ചോദ്യം ഇതായിരുന്നു. ''ഇത്രയും കാലത്തെ എല്‍സിയുടെ നാടകാഭിനയ ജീവിതത്തില്‍ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടല്ലോ. അവയില്‍ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ഏതെന്നു പറയാമോ?'

വളരെ പെട്ടെന്ന് എല്‍സിയുടെ മറുപടി വന്നു. ''ഇന്നുവരെ അഭിനയിച്ചതില്‍ വച്ച് ഏറ്റവുമധികം ഇഷ്ടപ്പെട്ട കഥാപാത്രം സി എല്‍ ജോസേട്ടന്റെ വിഷക്കാറ്റിലെ നഴ്‌സായ ലീലാമ്മ.'' ഈ പ്രസ്താവന ഒരര്‍ത്ഥത്തില്‍ എനിക്കുള്ള ഒരു ബഹുമതി കൂടിയായിരുന്നു.

അന്നു ഞാന്‍ തിരുവനന്തപുരത്തു നാടകാവതരണം കാണാന്‍ പോയതില്‍ എനിക്കുണ്ടായ ഒരു പ്രധാനനേട്ടം സാത്ത്വികനും സഹൃദയനും നാടകപ്രേമിയുമായ എം കെ ജോസഫിനെ പരിചയപ്പെടാന്‍ സാധിച്ചതും തുടര്‍ന്ന് ആ സൗഹൃദം തുടരാന്‍ കഴിഞ്ഞതുമാണ്.

പിന്നീടാണ് അദ്ദേഹം കേരളത്തിന്റെ ഡി ജി പി ആയത്. അദ്ദേഹം ട്രാന്‍സ്‌പോര്‍ട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വിരമിച്ചതോടെ നല്ല രീതിയില്‍ പതിവായി നടത്തിവന്നിരുന്ന ട്രാന്‍സ്‌പോര്‍ട്ട് നാടകമത്സരങ്ങള്‍ മന്ദീഭവിക്കുകയും തുടര്‍ന്ന് നിന്നു പോവുകയും ചെയ്തു. ഡി ജി പി ആയശേഷം അദ്ദേഹം തൃശൂരില്‍ വരുമ്പോഴും ഞാന്‍ തിരുവനന്തപുരത്തു ചെല്ലുമ്പോഴും അന്യോന്യമുള്ള ഞങ്ങളുടെ സൗഹൃദം പുതുക്കിപ്പോന്നിരുന്നു.

സാന്ദര്‍ഭികമായി ഒരു കാര്യം കൂടി എനിക്കിവിടെ ഓര്‍മ്മ വരുന്നു. വിഷക്കാറ്റ് എഴുതിക്കൊണ്ടിരുന്ന കാലത്താണ് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കലാനിലയം കൃഷ്ണന്‍ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥിരം നാടകവേദിയില്‍ നാടകങ്ങള്‍ അരങ്ങേറിക്കൊണ്ടിരുന്നത്. മിക്ക നാടകങ്ങളും ഞാന്‍ കണ്ടിരുന്നു. ഇതിനിടെ കലാനിലയം കൃഷ്ണന്‍ നായര്‍ എന്നോടു പറഞ്ഞു: ''അടുത്ത ഞായറാഴ്ച മുതല്‍ ഒരു പുതിയ നാടകം ഞങ്ങള്‍ അവതരിപ്പിക്കുകയാണ്. പേര് 'കടമറ്റത്തു കത്തനാര്‍'. അരങ്ങേറ്റം ഇവിടെയാണ്. ജഗതി എന്‍ കെ ആചാരിയാണ് എഴുതിയിരിക്കുന്നത്. ജോസ് നാടകം കാണാന്‍ വരണം. അഭിപ്രായം പറയണം. പ്രത്യേകിച്ചും ഇതൊരു ക്രിസ്ത്യന്‍ സബ്ജക്ടാണല്ലൊ.''

ഏകാഗ്രതയോടെ ഒരു നാടകമെഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേറെ നാടകമോ സിനിമയോ ഞാന്‍ കാണുക പതിവില്ല. എന്തായാലും കൃഷ്ണന്‍നായര്‍ പ്രത്യേകം ആവശ്യപ്പെട്ടതല്ലെ. പോകാന്‍ തീരുമാനിച്ചു. 1965 ജൂലൈ മാസത്തിലായിരുന്നു നാടകത്തിന്റെ അരങ്ങേറ്റം. കടമറ്റത്തു കത്തനാരായി വേഷമിട്ടത് പ്രശസ്തനടനായ വി ടി അരവിന്ദാക്ഷമേനോന്‍. നാടകം വിജയമായിരുന്നു. നല്ല നിലവാരം പുലര്‍ത്തി. എന്റെ ചില അഭിപ്രായങ്ങളും ചെറിയ ഭേദഗതികളും ഞാന്‍ ഒരു കടലാസില്‍ കുറിച്ചിട്ടിട്ടുണ്ട്.

നാടകം കഴിഞ്ഞു പുറത്തു കടന്നപ്പോള്‍ കൃഷ്ണന്‍ നായര്‍ എന്നെ കാത്തുനില്ക്കുന്നു. അദ്ദേഹത്തിന്റെ കൂടെ കൗമുദി വാരികയുടെ പത്രാധിപരും ധീര വിമര്‍ശകനും പേരെടുത്ത വാഗ്മിയുമായ കെ ബാലകൃഷ്ണനുമുണ്ട്. നാടകത്തിന്റെ അരങ്ങേറ്റം കാണാന്‍ അദ്ദേഹം തിരുവനന്തപുരത്തുനിന്നും എത്തിയിരിക്കുന്നു. കേരള കൗമുദിയുടെ എറണാകുളം ലേഖകനും ചെറുകഥാകൃത്തും 'കര്‍ത്താവിന്റെ അളിയന്‍' തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ പെരുന്ന കെ വി തോമസും ഒപ്പമുണ്ട്. തോമസിനെ എനിക്കു മുമ്പേ അറിയാം. ബാലകൃഷ്ണനെ അന്നാണ് ആദ്യമായി പരിചയപ്പെട്ടത്. ചാട്ടുളിയുടെ ശക്തിയും മൂര്‍ച്ചയുമുള്ള തൂലികയുടെ ഉടമയാണദ്ദേഹം.

എന്റെ അഭിപ്രായം കൃഷ്ണന്‍നായരോടു പറഞ്ഞിട്ടു പെട്ടെന്നു മടങ്ങാനും വീട്ടില്‍ ചെന്നു വിഷക്കാറ്റിലേക്കു തിരിയാനുമായിരുന്നു പ്ലാന്‍. കൃഷ്ണന്‍നായര്‍ പറഞ്ഞു: 'നമുക്കു സൗകര്യമായി ഒരിടത്തു ചെന്നിരുന്നു ചര്‍ച്ച ചെയ്യാം.'

തുടര്‍ന്നു കാറില്‍ കയറാന്‍ നിര്‍ദേശം. അങ്ങനെ ഞങ്ങള്‍ നാലുപേര്‍ കാറില്‍ കയറി. തൃശൂരിലെ ഒരു വലിയ ഹോട്ടലിന്റെ മുറ്റത്തു കാര്‍ നിര്‍ത്തി. ഞങ്ങള്‍ അവിടെ ഒരു മുറിയില്‍ കൂടി. അപ്പോഴേക്കും ലിക്കര്‍ ബോട്ടിലെത്തി. സോഡക്കുപ്പികള്‍ വന്നു. ഗ്ലാസുകള്‍ നിരന്നു. തോമസ് ബോട്ടില്‍ പൊട്ടിച്ചു ഗ്ലാസുകളില്‍ പകര്‍ന്നു. കുപ്പി എന്റെ അടുത്തേക്കു നീണ്ടപ്പോള്‍ ഞാനെന്റെ ഗ്ലാസിന്റെ വായ് പൊത്തിപ്പിടിച്ചിട്ടു പറഞ്ഞു:

'എനിക്കു സോഡ മതി. ഞാന്‍ മദ്യം കഴിക്കില്ല.'

'എന്താ അങ്ങനെ?'

'ഞാന്‍ കഴിക്കാറില്ല.'

ബാലകൃഷ്ണന്‍ പ്രേരിപ്പിച്ചു. നിര്‍ബന്ധിച്ചു. 'അതു സാരമില്ല. സ്വല്പം കഴിക്കാം. ഒരു കമ്പനി സേക്കിന്....'

'വേണ്ട' എന്റെ ഉറച്ച മറുപടി.

ബാലകൃഷ്ണന്റെ ഭാവം മാറി. പെട്ടെന്ന് പൊട്ടിത്തെറിച്ചു. കൃഷ്ണന്‍നായരുടെ നേരെ തട്ടിക്കേറി.

'കമ്പനി കൂടാന്‍ ഇത്തരക്കാരെയാണോ വിളിച്ചുകൊണ്ടു വരുന്നത്?'

കൃഷ്ണന്‍നായര്‍ ബാലകൃഷ്ണനെ ഭയപ്പെടുന്നതുപോലെ തോന്നി. ഞാന്‍ നീരസത്തോടെ മറുപടി കൊടുത്തു.

'കമ്പനി കൂടാനല്ല ഞാന്‍ വന്നത്. നാടകം കണ്ടതിന്റെ അഭിപ്രായം പറയാനാണ്. അതും കൃഷ്ണന്‍ നായര്‍ ക്ഷണിച്ചിട്ട്.'

'ഞങ്ങളും അതിനുതന്നെയാണ് വന്നിരിക്കുന്നത്.' ശുണ്ഠിയോടെ ബാലകൃഷ്ണന്‍.

'കുടിച്ചാലേ അഭിപ്രായം വരൂ എന്നുണ്ടെങ്കില്‍ താങ്കള്‍ കുടിച്ചിട്ടു പറഞ്ഞോളൂ. ഞാന്‍ കുടിക്കാതെ എന്റെ അഭിപ്രായം കൃഷ്ണന്‍ നായരെ അറിയിച്ചോളാം. ഞാന്‍ പോകുന്നു.'

പ്രതിഷേധത്തോടെ ഞാനെഴുന്നേറ്റു. അപ്പോഴേക്കും കൃഷ്ണന്‍ നായര്‍ ഇടപെട്ടു രംഗം ശാന്തമാക്കി, എന്നെ പിടിച്ചിരുത്തി. തോമസ് നിസ്സഹായനായി നിന്നു.

'ഞാനിന്നുവരെ മദ്യപിച്ചിട്ടില്ല. അത് ഒരാദര്‍ശത്തിന്റെ പേരിലാണ്. താങ്കള്‍ക്കുവേണ്ടി ഞാനതു തെറ്റിക്കാനും കണ്ടിട്ടില്ല.'

എന്തുകൊണ്ടോ, ബാലകൃഷ്ണന്‍ ചൂടായ സ്പീഡില്‍ തന്നെ തണുത്തു.

'എന്താണ് കാരണം?' ബാലകൃഷ്ണന്‍ ആരാഞ്ഞു. മയത്തിലുള്ള സ്വരം.

'ഭാരിച്ച ഒരു കുടുംബമാണ് എന്റേത്. ഒമ്പതു മക്കളില്‍ മൂത്തവനാണ് ഞാന്‍. എന്റെ പിതാവ് ചിലപ്പോഴൊക്കെ മദ്യപിക്കാറുണ്ട്. അതിനെ അനുകരിച്ചു ഞാനും മദ്യപാനം തുടങ്ങിയാല്‍ ദരിദ്രമായ എന്റെ കുടുംബം തകരും. സഹോദരങ്ങളെ ഒരു നിലയിലെത്തിക്കാനാവില്ല. അതുകൊണ്ടു ഞാനൊരു തീരുമാനമെടുത്തു. ഒരിക്കലും മദ്യപിക്കില്ല! ഇന്നുവരെ അതു പാലിച്ചു.'

വിസ്മയഭാവത്തില്‍ വിടര്‍ന്ന കണ്ണുകളോടെ ബാലകൃഷ്ണന്‍ അതുകേട്ടു. മൂകമായ നിമിഷങ്ങള്‍! തുടര്‍ന്നു ബാലകൃഷ്ണന്‍ സസന്തോഷം എന്റെ കൈപിടിച്ചു കുലുക്കി.

'ജോസിനിപ്പോള്‍ എത്ര പ്രായമായി?'

'മുപ്പത്തിമൂന്ന്.'

എന്തോ ഓര്‍ത്ത് ഒരു പൊട്ടിച്ചിരിയോടെ അദ്ദേഹം പറഞ്ഞു: 'എന്റെ അച്ഛന്‍ മുന്‍മുഖ്യമന്ത്രി സി കേശവന്‍ മുപ്പത്തിമൂന്നു വയസ്സില്‍ കുടി നിര്‍ത്തി. ഞാന്‍ മുപ്പത്തിമൂന്നു വയസ്സില്‍ കുടി തുടങ്ങി.'

മുപ്പത്തിമൂന്നിന്റെ ആ പ്രത്യേകതയില്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. ഞാന്‍ സോഡയും മറ്റുള്ളവര്‍ മദ്യവും കഴിച്ചു. ഒപ്പം നാടകത്തെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ നേരം പാതിരാത്രി.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org