സി ഐ പോള്‍ എന്ന നടന്‍

സി ഐ പോള്‍ എന്ന നടന്‍

തൃശ്ശൂര്‍ സ്വദേശിയായ സി ഐ പോള്‍ ഒരു നടനായിട്ട് ആദ്യമായി രംഗത്തു വരുന്നത് എന്റെ നാടകത്തിലൂടെയാണ്. 1962-ല്‍ എഴുതിയ ആ നാടകത്തിന്റെ പേര് 'ഈ രക്തത്തില്‍ തീയുണ്ട്' എന്നാണ്. പൊലീസിന്റെ ക്രൂരമര്‍ദനമേറ്റ യുവതൊഴിലാളിയായ കുഞ്ഞച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്നു പതിനെട്ടു തികയാത്ത പോളായിരുന്നു. അതിലെ വികാര നിര്‍ഭരവും ഹൃദയരൂപീകരണ ശക്തവുമായ രംഗങ്ങള്‍ പക്വതയാര്‍ന്ന ഭാവാഭിനയം കൊണ്ടുപോള്‍ മികവുറ്റതാക്കി. അരങ്ങേറ്റം തന്നെ അതിസുന്ദരമാക്കിയ ആ പ്രകടനത്തിലൂടെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ ഒരു പുതിയ നടന്‍ ജന്മമെടുക്കുകയായിരുന്നു.

കുറിക്കമ്പനിയിലെ ഉദ്യോഗത്തോടൊപ്പംതന്നെ എല്ലാവര്‍ഷവും ഓരോ പുതിയ നാടകം ഞാനെഴുതിക്കൊണ്ടിരുന്നു. പോളിന്റെ അഭിനയപാടവവും കലാരംഗത്തു വളര്‍ന്നുവരാനുള്ള വെമ്പലും വിനയം നിറഞ്ഞ പെരുമാറ്റവും എന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ച വിധേയത്വവുമെല്ലാം കണ്ടപ്പോള്‍ പോളിനെ വളര്‍ത്തിയെടുടുക്കണമെന്നുള്ള ലക്ഷ്യത്തോടെയായി പിന്നീടുള്ള എന്റെ ഓരോ രചനയും. അഭിനയ സാധ്യതകളുള്ള വൈവിധ്യമാര്‍ന്ന സുപ്രധാന കഥാപാത്രങ്ങളെ പോളിനെ മനസ്സില്‍ കണ്ടുകൊണ്ടു ഞാന്‍ സൃഷ്ടിച്ചു. പല പ്രായത്തിലും പല വേഷത്തിലുമുള്ള വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍.

അധ്യാപകനിയമനത്തിന് കോഴവാങ്ങുന്നതിനെതിരായ 'തീ പിടിച്ച ആത്മാവ്' എന്ന നാടകത്തിലെ തൊഴിലൊന്നുമില്ലാതെ ഉഴപ്പി നടക്കുന്ന നല്ലവനും യുവാവുമായ മൈക്കിള്‍, 'കറുത്തവെളിച്ച'ത്തിലെ ജയില്‍ ചാടി വരുന്ന രോഗിയും അമ്പതുകാരനുമായ ദേവസ്യ, 'വിഷക്കാറ്റി'ലെ സീനിയര്‍ ഡോക്ടര്‍ വിത്സന്‍, 'മണല്‍ക്കാട്ടി'ലെ ഡിസ്ട്രിക്ട് ജഡ്ജി ലൂയിസ്, 'കരിഞ്ഞമണ്ണി'ലെ പട്ടാളക്കാരന്‍ കുഞ്ഞച്ചന്‍, 'വിശുദ്ധ പാപ'ത്തിലെ യുവഡോക്ടര്‍ സൈമണ്‍ തുടങ്ങി എത്രയെത്ര വ്യത്യസ്ത കഥാപാത്രങ്ങളെയാണ് പോള്‍ അവതരിപ്പിച്ചത്.

ഇതിനിടയ്ക്കു മറ്റൊരു സംഭവമുണ്ടായി. കലാനിലയം കൃഷ്ണന്‍ നായരുടെ സ്ഥിരം നാടകവേദി തൃശ്ശൂര്‍ തേക്കിന്‍കാട്ടു മൈതാനിയില്‍ നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന കാലം. നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരുന്ന നാടകം തുടരാന്‍ പറ്റാത്ത ഒരു പ്രത്യേക സാഹചര്യം വന്നു പെട്ടു. ട്രൂപ്പിലെ പ്രസിദ്ധനും പ്രമുഖനുമായ നടന്‍ വി ടി അരവിന്ദാക്ഷ മേനോന്‍ എന്തോ കാരണത്താല്‍ കൃഷ്ണന്‍നായരുമായി തെറ്റിപ്പിരിഞ്ഞു. കൃഷ്ണന്‍നായര്‍ക്ക് അതൊരു ഷോക്കായിരുന്നു. കൃഷ്ണന്‍ നായരെ ഒരു പാഠം പഠിപ്പിക്കാമെന്നും തന്നെ തേടി ആശ്രയിച്ച് അദ്ദഹം വരുമെന്നും കണക്കുകൂട്ടി അരവിന്ദാക്ഷമേനോന്‍ കാത്തിരുന്നു. നാടകം മുടങ്ങാതിരിക്കാനും അരവിന്ദാക്ഷമേനോനെ അനുനയിപ്പിച്ചു തിരികെ കൊണ്ടു വരാനുമായി ചില മധ്യസ്ഥന്മാര്‍ ഇടപെട്ടു. വാശിക്കാരനായ കൃഷ്ണന്‍ നായര്‍ വഴങ്ങിയില്ല. 'പുകഞ്ഞ ക്കൊള്ളി പുറത്ത്' എന്ന കര്‍ക്കശ നിലപാടു സ്വീകരിച്ചു.

സി എല്‍ ജോസിന്റെ സംവിധാനത്തില്‍ പല നടകങ്ങളിലും നന്നായി അഭിനയിച്ചു ശോഭിച്ചു നില്‍ക്കുന്ന ഒരു സി ഐ പോള്‍ തൃശ്ശൂരിലുണ്ടെന്നു മനസ്സിലാക്കിയ കൃഷ്ണന്‍ നയര്‍ ഉടനെ ആളെവിട്ടു പോളിനെ വരുത്തി. പോളിന്റെ സൈസും രൂപവും ഇഷ്ടപെട്ടു. അദ്ദേഹത്തിന്റെ ആശയവും ആവശ്യവും മനസ്സിലാക്കിയപ്പോള്‍ എന്തു പറയണമെന്നറിയാതെ ചിന്താമഗ്നനായി ഒന്നു മിഴിച്ചു നിന്നു. അഭിനയ ലോകത്ത് ഉയര്‍ന്നു വരാന്‍ അവിചാരിതമായി വീണുകിട്ടിയ അവസരം ഒരു വശത്ത്. അതേ സമയം വി ടി അരവിന്ദാക്ഷമേനോനെപ്പോലെ വളരെ പ്രസിധനായൊരു നടന്റെ സ്ഥാനത്തു താന്‍ വിജയിക്കുമോ എന്ന ന്യായമായ ആശങ്ക മറുവശത്ത്.

കൃഷ്ണന്‍ നായര്‍ ധൈര്യം കൊടുത്തു. ക്യാമ്പിലുള്ള നടീനടന്മാര്‍ ആവേശം പകര്‍ന്നു. ഉടനെ റിഹേഴ്‌സല്‍ തുടങ്ങി. അരവിന്ദാക്ഷമേനോന്റെ അഭാവത്തില്‍ മൂന്നു ദിവസം നിര്‍ത്തിവച്ച നാടകം പോളിന്റെ നായകവേഷത്തോടെ പുനരാരംഭിച്ചു. ആദ്യ അവതരണത്തില്‍ത്തന്നെ കൃഷ്ണന്‍ നായരെയും ക്യാമ്പംഗങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടു പോള്‍ വെന്നിക്കൊടി പാറിച്ചു. മധ്യവയസ്‌ക്കനായ അരവിന്ദാക്ഷമേനോന്റെ സ്ഥാനത്താണ് ഇരുപത്തിരണ്ടു തികയാത്ത പോളിനെ വച്ച് കൃഷ്ണന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തത്. അതു കലാനിലയം കൃഷ്ണന്‍ നായരുടെ നിശ്ചയ ദാര്‍ഢ്യവും സാഹസവും ധീരതയുമായിരുന്നു.

കലാനിലയത്തന്റെ കായംകുളം കൊച്ചുണമി കടമറ്റത്തു കത്തനാര്‍, ഷാജഹാന്‍ ചക്രവര്‍ത്തി, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ മികച്ച കഥാപാത്രങ്ങള്‍ക്കു പോള്‍ ജീവന്‍ നല്കി. എല്ലാം തന്നെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. പോളിനെ സംബന്ധിച്ചു അതൊരു ജൈത്രയാത്രയായിരുന്നു.

സി ഐ പോള്‍ സിനിമയിലഭിനയിക്കാനും കാരണമായത് എന്റെ നാടകമാണ്. മണല്‍ക്കാട് നാടകത്തിലെ അമ്പതുകാരനായ ജില്ലാ ജഡ്ജിയുടെ വേഷം വെറും ഇരുപത്തൊന്നുകാരനായ പോളാണ് അഭിനയിച്ചത്. പോളിനേക്കാള്‍ കുറഞ്ഞതു പതിനഞ്ചു വയസ്സെങ്കിലും മൂപ്പുള്ള പ്രസിദ്ധ നടി തൃശ്ശൂര്‍ ഫിലോമിനയായിരുന്നു. തീമിന് പുതുമയുള്ള നാടകമാണ്. കെട്ടുറപ്പും പിരിമുറക്കവുമുള്ള രംഗങ്ങള്‍. നല്ല ചില നാടകീയ മുഹൂര്‍ത്തങ്ങള്‍! നാടകം വിജയിക്കേണ്ടത് എന്റെ ആവശ്യമാണ്. അഭിനയത്തിനു മുന്തിയ നിലവാരമുണ്ടാവണം. അതിനു ഞാനൊരു പണിയൊപ്പിച്ചു. ഫിലോമിനയെ ഒറ്റയ്ക്കു വിളിച്ചിട്ടു പറഞ്ഞു: ''നന്നായി ശോഭിക്കേണ്ട റോളാണ്. നീ വലിയ സിനിമാതാരമാണെന്ന കാര്യമൊക്കെ ശരി. നിന്റെ ഭര്‍ത്താവായി അഭിനയിക്കുന്നതു നിന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ സി ഐ പോളാണ്. വെറും ഒരു ചെക്കനാണെന്ന തോന്നലൊന്നും വേണ്ട. അഭിനയത്തില്‍ അവന്‍ നിന്നെ തകര്‍ത്തു തരിപ്പണമാക്കും.'' ഇതു കേട്ടതോടെ ഫിലോമിനയ്ക്കു ചെറിയ പേടി കടന്നു. അടുത്തതായി ഫിലോമിന അറിയാതെ പോളിനെ വിളിച്ചു ഞാന്‍ പറഞ്ഞു: ''പേരുള്ള സിനിമാതാരവും പയറ്റിത്തെളിഞ്ഞ നടിയുമാണ് ഫിലോമിന. അതിന്റെ ചെറിയൊരഹങ്കാരവും അവള്‍ക്കുണ്ടാവും. ഭാവ ഗംഭീരമായ അഭിനയം കൊണ്ട് അവളെ നീ കീഴ്‌പ്പെടുത്തണം. നിന്റെ കഴിവു പരമാവധി കാണിക്കേണ്ടത് ഇവിടെയാണ്...'' അങ്ങനെ രണ്ടു പേരെയും രണ്ടു തരത്തില്‍ മൂച്ചു കയറ്റി. അതിന്റെ ഗുണവും ഗാംഭീര്യവും നാടകദിവസം ഇരുവരുംടെയും മത്സരബുദ്ധിയോടെയുള്ള അഭിനയത്തില്‍ ദൃശ്യമായി.

മുമ്പു സൂചിപ്പിച്ചതുപോലെ അന്നത്തെ പ്രൗഢമായ സദസ്സില്‍ തൃശ്ശൂര്‍ ജില്ലാ ജഡ്ജി ഇ കെ മൊയ്തുവും മുണ്ടശ്ശേരി മാസ്റ്ററും തുടങ്ങി ഒട്ടേറെ പ്രമുഖരുമുണ്ടായിരുന്നു. എന്റെ 'ഭൂമിയിലെ മാലാഖ' ചലച്ചിത്രമാക്കിയ തോമസ് പിക്‌ചേഴ്‌സിന്റെ ഉടമ പിഎ തോമസ് മറ്റൊരു പടത്തിന്റെ ഷൂട്ടിങ്ങിനായി അന്നു തൃശൂരിലുണ്ട്. എന്റെ ക്ഷണം സ്വീകരിച്ച് ഏറെ താല്പര്യത്തോടെ അദ്ദേഹം പ്രസിദ്ധ ഹാസ്യനടനും തിരക്കഥാകൃത്തുമായ മുതുകുളം രാഘവന്‍പിള്ളയോടൊപ്പം മണല്‍ക്കാട് കാണാന്‍ വന്നു. ജഡ്ജിയുടെ ആത്മസംഘര്‍ഷം മുറ്റിനില്‍ക്കുന്ന രംഗങ്ങള്‍ അതീവ ഭംഗിയായി, ഭാവ തീവ്രമായി പോള്‍ അഭിനയിച്ചു. നാടകാനന്തരം അകമഴിഞ്ഞ അഭിന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് പി എ തോമസ് മടങ്ങിയത്.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org