
മകന് കിടപ്പുരോഗിയാണ്. ആ വീട്ടിലെ ഏക മകന്‍. പ്രായം പതിനഞ്ചായെങ്കിലും
അത്ര തോന്നില്ല.
തുള്ളിച്ചാടിയും പൊട്ടിച്ചിരിച്ചും സ്‌കൂളില്‍ പോയിരുന്നതാണ്. ഒരു ദിവസം സ്‌കൂളിലേക്കുള്ള ലൈന്‍ ബസ്സില്‍ കയറാന്‍ കുട്ടികള്‍ ഓടിക്കൂടി. ഡ്രൈവര്‍ പെട്ടെന്ന് വണ്ടിയെടുത്തപ്പോള്‍ ഏറ്റവും പിറകിലായിരുന്ന ഷാജി പിടിവിട്ടു റോഡിലേക്ക് തെറിച്ചുവീണു. വീണത് പുറംതല്ലിയാണ്. എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥ.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ഷാജിയുടെ പിതാവ് ജേക്കബ് റിട്ടയര്‍ ചെയ്തിട്ട് അധികമായില്ല. അപ്പോഴാണ് ഈ ദുരന്തം.
ഷാജി മുറിച്ചിട്ട തടിപോലെ ഇമവെട്ടാത്ത മിഴികളുമായി നിസ്സഹായനായി, നിരാശ്രയനായി കിടന്നു. അവന്‍ ആരോടും പരാതി പറഞ്ഞില്ല. ഒന്നിനോടും കലഹിച്ചില്ല.
ജേക്കബ് എപ്പോഴും അവനോടൊപ്പമുണ്ട്. മാതാപിതാക്കള്‍ അവന്റെ ശ്വാസോച്ഛ്വാസത്തിനു പോലും ചെവി കൊടുത്തു. ഇരുവരും അവനുവേണ്ടി മുട്ടിന്മേല്‍ നിന്നു മുട്ടിപ്പായി പ്രാര്‍ഥിച്ചു.
പക്ഷേ ക്രൂരമായ വിധി ദമ്പതികളുടെ പ്രാര്‍ഥന ഇടയ്ക്കുവച്ച് മുറിച്ചു കളഞ്ഞു. ഹൃദയസ്തംഭനം മൂലം ജേക്കബിന്റെ അന്ത്യം പെട്ടെന്നായിരുന്നു.
അമ്മയും മകനും വറവുചട്ടിയില്‍
നിന്നും എരിതീയിലേക്ക് വീണ
അവസ്ഥ. വീടിന്റെ താങ്ങും തണലും
നഷ്ടപ്പെട്ടു. അബലയായ അമ്മ,
അവശനായ മകന്‍, ചുറ്റും ഇരുട്ട്.
എങ്ങും ശൂന്യത.
വര്‍ഷങ്ങളായി വാടകവീട്ടിലാണ് താമസം. സ്ഥലമുടമസ്ഥന്‍ താഴെ താമസിക്കുന്നു. മുകളിലെ നിലയിലാണ് മെരീനയും മകനും. അവിടെയൊക്കെ കയറാന്‍ പുറത്തുനിന്നു തന്നെ സ്റ്റെയര്‍കെയ്‌സുണ്ട്.
അമ്മയുടെ ദുരിതവും കഷ്ടപ്പാടും കാണുമ്പോള്‍ ഷാജിക്ക് ദുഃഖമുണ്ട്. എല്ലാം ഓര്‍ത്തു കിടന്നപ്പോള്‍ അവന്റെ നയനങ്ങള്‍ നീരണിഞ്ഞു. അമ്മ വരുന്നതു കണ്ട് അവന്‍ കണ്ണുകള്‍ തുടച്ചു. അതു കണ്ടു കൊണ്ടാണ് മെരീന വന്നത്. വല്ലാത്ത വ്യസനത്തോടെ ചോദിച്ചു:
''എന്തേ, എന്റെ മോന്‍ കരഞ്ഞത്?'' ഈ അമ്മ ചെയ്തു തരുന്നതില്‍ വല്ല കുറവുമുണ്ടോ?''
''ഒന്നുമില്ല.''
''പിന്നെ എന്തിനാ നീ കരഞ്ഞേ?''
ഷാജിയെ സന്തോഷിപ്പിക്കാന്‍ മെരീന വീടിനുള്ളില്‍ നക്ഷത്രവിളക്ക് കൊളുത്തി. മകന് കിടന്നകിടപ്പില്‍ നേരിട്ട് കാണാന്‍ പാകത്തില്‍ കൊച്ചു പുല്‍ക്കൂടൊരുക്കി. സീരിയല്‍ സെറ്റ് കത്തിച്ചു. അവന്‍ ഉത്സാഹപൂര്‍വം അമ്മയ്ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. എല്ലാം മെരീന പാലിച്ചു. മകന്റെ സന്തോഷമാണ് വലുത്. അവന്റെ മനസ്സ് നിറയണം. ആഹ്ലാദം പെരുകണം.
''അമ്മേ! എന്തിനാ അപ്പച്ചന്‍ പോയത്? ഞാനല്ലേ പോകേണ്ടിയിരുന്നത്. ഒന്നിനും വയ്യാത്ത ഞാനല്ലേ പോകേണ്ടത്? അങ്ങനെയെങ്കില്‍ അപ്പച്ചനും അമ്മയ്ക്കും സുഖമായി ജീവിക്കാമായിരുന്നു.''
പൊടുന്നനെ മെരീന അവന്റെ വായ പൊത്തി. തൊണ്ട തിങ്ങിയിട്ടു പറഞ്ഞു:
''ദൈവത്തിന് നിരക്കാത്തതൊന്നും പറയല്ലെ മോനെ. നീ പോയിട്ട് ഞങ്ങള്‍ക്കു പിന്നെ എന്ത് സുഖമാടാ ഉണ്ടാവുക? എന്നും ഓര്‍ത്തു കരയാനോ? മോനെ! എല്ലാത്തിനും ദൈവത്തിന് ഒരു പദ്ധതിയുണ്ടാവും.''
തുടര്‍ന്ന് ദൃഢത്തില്‍ വീറോടെ പറഞ്ഞു: ''എന്റെ മോന്‍ ഇന്നല്ലെങ്കില്‍ നാളെ എഴുന്നേറ്റു നടക്കും. ഈ അമ്മയ്ക്ക് നീ താങ്ങും തണലുമാകും. എനിക്ക് ബോധ്യവും വിശ്വാസവുമുണ്ട്; നല്ല പ്രത്യാശയുണ്ട്. നീ എഴുന്നേറ്റു നടക്കുന്നത് ഞാന്‍ കാണും.''
ആവേശം കലര്‍ന്നതായിരുന്നു മെരീനയുടെ സ്വരം.
നാളത്തെ കഴിഞ്ഞാണ് ക്രിസ്മസ്. ഷാജിയെ സന്തോഷിപ്പിക്കാന്‍ മെരീന വീടിനുള്ളില്‍ നക്ഷത്രവിളക്ക് കൊളുത്തി. മകന് കിടന്നകിടപ്പില്‍ നേരിട്ട് കാണാന്‍ പാകത്തില്‍ കൊച്ചു പുല്‍ക്കൂടൊരുക്കി. സീരിയല്‍ സെറ്റ് കത്തിച്ചു. അവന്‍ ഉത്സാഹപൂര്‍വം അമ്മയ്ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. എല്ലാം മെരീന പാലിച്ചു. മകന്റെ സന്തോഷമാണ് വലുത്. അവന്റെ മനസ്സ് നിറയണം. ആഹ്ലാദം പെരുകണം.
നാളെ രാത്രിയിലാണ് കൊട്ടുംപാട്ടും, ബാന്‍ഡ്‌സെറ്റും ഗ്യാസ് ലൈറ്റുകളുമായി കരോള്‍ ഗാനങ്ങള്‍ പാടിക്കൊണ്ട് ക്രിസ്മസ് പാപ്പമാര്‍ വരിക. അവര്‍ വീഥികള്‍ തോറും സഞ്ചരിച്ച് നൃത്തം വയ്ക്കും. ആഹ്ലാദഭരിതരായി താളം പിടിച്ചും തുള്ളി ചാടിയും പൊതുജനം ഒപ്പം കൂടും. സന്തോഷം പെയ്തിറങ്ങുന്ന നിമിഷങ്ങള്‍!
ഷാജി വിടര്‍ന്ന കണ്ണുകളോടെ ചിന്താമുഖനായി കിടന്നു. മ്ലാന മാണ് മുഖം. അവന്‍ വിഷാദപൂര്‍വം ചിന്തിച്ചു. തനിക്കിതൊന്നും കാണാനൊക്കില്ല. കാഴ്ചകള്‍ കാണാനാവാതെ സ്വരങ്ങള്‍ മാത്രം കേള്‍ക്കാം. അതുകൊണ്ടു മാത്രം എന്ത് കാര്യം?
മെരീന കടന്നുവന്നു. ''മോനെന്താ വലിയ ആലോചനയിലാണല്ലോ.''
''അമ്മേ! നാളെ രാത്രി കൊട്ടും പാട്ടും ബാന്‍ഡ് വാദ്യങ്ങളുമായി ക്രിസ്മസ് ഫാദര്‍ വരില്ലേ? ചുവന്ന ഉടുപ്പും, ചുവന്ന തൊപ്പിയും, വെളുത്ത താടിയുമായി ക്രിസ്മസ് ഫാദര്‍ വരുന്നതു കാണാന്‍ കൊതി യാവുന്നു അമ്മേ. മുകളിലേക്ക് ഒന്ന് കേറിവരാന്‍ പറയൂ അമ്മേ. എനിക്ക് വയ്യാഞ്ഞിട്ടല്ലേ.''
''കഴിഞ്ഞ വര്‍ഷവും അതിനു മുമ്പിലത്തെ വര്‍ഷവും നമ്മള്‍ ശ്രമിച്ചതല്ലേ. വന്നില്ലല്ലോ. അവര്‍ക്ക് തിരക്കാണ്. ഏതെല്ലാം സ്ട്രീറ്റു കളില്‍ അവര്‍ക്ക് സഞ്ചരിക്കണം. മോന്‍ സമാധാനിക്ക്. ഈ പ്രാവശ്യ വും നമുക്കു പറഞ്ഞു നോക്കാം.''
ക്രിസ്മസിന്റെ തലേരാത്രി ചുറ്റുവട്ടത്തുള്ള വീടുകളില്‍ പടക്കം പൊട്ടുന്നു. പൂത്തിരികള്‍ കത്തുന്നു. നക്ഷത്രവിളക്കുകള്‍ പ്രകാശി ക്കുന്നു. ആകാശത്തു നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നു.
കാതോര്‍ത്തു കിടക്കുകയാണ് ഷാജി. അല്പം കഴിഞ്ഞപ്പോള്‍ അതാ അകലെ നിന്നും ക്രിസ്മസ് കരോളിന്റെയും വാദ്യമേളങ്ങളുടെയും സ്വരം കേള്‍ക്കുന്നു. ക്രിസ്മസ് ഫാദറിന്റെ വരവാണ്. ജനക്കൂട്ടത്തിന്റെ ആരവത്തോടൊപ്പം കരോള്‍ഗാന ത്തിന്റെ സ്വരവീചികള്‍ അടുത്തടുത്തു വരുന്നു.
''ജിങ്കിള്‍ ബെല്‍സ്... ജിങ്കിള്‍ ബെല്‍സ്... ജിങ്കിള്‍ ബെല്‍സ് ഓണ്‍ ദ വേ...''
ഇമ്പമാര്‍ന്ന ആ കളകള നാദം ഷാജിയെ കോരിത്തരിപ്പിച്ചു. കിടന്ന കിടപ്പില്‍ ഗാനത്തിന്റെ താളത്തിനൊത്ത് അവന്‍ കരങ്ങളടിച്ചു. തൂങ്ങിക്കിടക്കുന്ന സ്റ്റീല്‍ പ്ലെയിറ്റില്‍ സ്പൂണ്‍ കൊണ്ട് തുടരെ മൂന്നാലുവട്ടമടിച്ചു. മെരീന ഓടിയെത്തി.
''അമ്മേ! അതാ കരോള്‍ ഗാനം കേള്‍ക്കുന്നു. ക്രിസ്മസ് ഫാദര്‍ വരുന്നു.''
''ഞാന്‍ താഴെ ചെന്നു പറയാം. എന്റെ മോനെ കാണാന്‍ കേറിവരണമെന്ന്. കാലുപിടിച്ച് അപേക്ഷിക്കാം.''
''ങാ! ശരി, വേഗം ചെല്ലൂ അമ്മേ, വേഗം ചെല്ലൂ!''
അവന് പ്രത്യാശ കലര്‍ന്ന ഉത്സാഹത്തിമിര്‍പ്പ്. മെരീന വേഗം താഴേക്കിറങ്ങി. ഘോഷയാത്രയുടെ ആരവവും പാട്ടും അടുത്തടുത്തു വരുന്നു. ആ സ്ട്രീറ്റില്‍ അനേകം വീടുകളുള്ളതിനാല്‍ ഘോഷയാത്ര അകന്നുപോകാന്‍ സമയമെടുക്കും.
താഴെ കരോള്‍ ഗാനവും വാദ്യഘോഷവും തുടരുകയാണ്. ഷാജി അടക്കാനാവാത്ത ആനന്ദത്തോടെ കരങ്ങളടിച്ച് നിര്‍വൃതികൊള്ളുന്നു.
ഈ മംഗളമുഹൂര്‍ത്തത്തില്‍ തികച്ചും അപ്രതീക്ഷിതമായി ക്രിസ്മസ് ഫാദര്‍ അതാ തുള്ളിക്കളിച്ച് അകത്തേക്ക് വരുന്നു. വിശ്വസിക്കാനായില്ല.
ഷാജിയുടെ കട്ടിലിനെ വലംവച്ച് നൃത്തം ചെയ്യുന്നു. താഴെ മുറുകി മുഴങ്ങുന്ന കരോള്‍ ഗാനത്തോടൊപ്പം ക്രിസ്മസ് ഫാദര്‍ താളത്തില്‍ ചുവടുകള്‍ വയ്ക്കുന്നു. തുടര്‍ന്ന് ചില സമ്മാനങ്ങള്‍ നല്‍കുന്നു.
ഷാജിക്ക് സ്വര്‍ഗം കിട്ടിയ സന്തോഷം. ഇതെല്ലാം കാണാന്‍ അമ്മ എവിടെ? പൊടുന്നനെ സ്പൂണ്‍ എടുത്തു സ്റ്റീല്‍ തുടരെത്തുടരെ അടിക്കുന്നു.
''അമ്മേ... അമ്മേ...'' അവന്‍ ഉച്ചത്തില്‍ വിളിച്ചു.
ക്രിസ്മസ് ഫാദര്‍ താളം ചവിട്ടി തുള്ളിത്തുള്ളി താഴേക്കിറങ്ങി. ക്രമേണ വാദ്യഘോഷത്തിന്റെയും കരോള്‍ ഗാനത്തിന്റെയും ശബ്ദങ്ങള്‍ അകന്നകന്നു പോകുന്നു, കോണിയിറങ്ങിയ ക്രിസ്മസ് ഫാദര്‍ നാല് സ്റ്റെപ്പുകള്‍ ഇറങ്ങിയശേഷം അവിടെയിരുന്നു. തുടര്‍ന്ന് വെളുത്ത താടി ഘടിപ്പിച്ച തൊപ്പി ഊരി. അതെ... മെരീനയായിരുന്നു. മകനുവേണ്ടി അവന്റെ സന്തോഷത്തിനുവേണ്ടി ക്രിസ്മസ് ഫാദര്‍ ചമഞ്ഞ മെരീന!
വികാരങ്ങള്‍ അടക്കാനാവാതെ അവള്‍ മുഖംപൊത്തി പൊട്ടിക്കരിഞ്ഞു. ആ കരച്ചില്‍ ഗതികേടിന്റെ കരച്ചിലായിരുന്നില്ല. മറിച്ചു സന്തോഷം കൊടുക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയുടെ കരച്ചില്‍. ആ നേത്രങ്ങളില്‍ നിന്നു ഉതിര്‍ന്നു വീണത് ആനന്ദാശ്രു!
അവള്‍ ധൃതിപ്പെട്ടു എഴുന്നേറ്റു. ചുവന്ന ഡ്രസ്സുകളൂരി സഞ്ചിയിലാക്കി മാറ്റിവച്ചു. ഇത്തവണയും ക്രിസ്മസ് ഫാദര്‍ വരില്ലെന്നറിഞ്ഞു മുന്‍കൂട്ടിത്തന്നെ ഡ്രസ്സുകള്‍ വാങ്ങി വച്ചതാണവള്‍. കരുതലുള്ള അമ്മ. വേഗം കണ്ണുകള്‍ തുടച്ച് ഒന്നുമറിയാത്ത മട്ടില്‍ മകന്റെ അടുക്കലേക്ക് കുതിച്ചുചെന്നു.
ആനന്ദനിര്‍വൃതിയോടെ അവന്‍ പറഞ്ഞു:
''അമ്മേ, ക്രിസ്മസ് ഫാദര്‍ വന്നു... അമ്മ എവിടെയായിരുന്നു? ഞാനെത്രവട്ടം വിളിച്ചു. ക്രിസ്മസ് ഫാദര്‍ എന്റെ മുന്നില്‍ തുള്ളിച്ചാടി കളിച്ചു. എന്റെ കൈ പിടിച്ചു കുലുക്കി... ദേ എനിക്ക് സമ്മാനങ്ങള്‍ തന്നു.''
''അയ്യോ. എനിക്ക് കാണാനൊത്തില്ലല്ലോ. ഞാന്‍ വരുമ്പോഴേക്കും... സാരമില്ല എന്റെ മോന് സന്തോഷമായില്ലേ. ഈ അമ്മയ്ക്ക് അതു മതി.''
ഷാജി ആനന്ദത്തിന്റെ കൊടുമുടിയിലാണ്. നടന്നതെല്ലാം അവിശ്വസനീയമായ ഒരു അത്ഭുതം പോലെ തോന്നി.
ഈ നിമിഷത്തില്‍ അവന്റെ സിരകളില്‍ ഏതോ ആവേശം പടരുന്നതായി തോന്നി. ആ ശരീരത്തിനുള്ളില്‍ ഒരു മിന്നല്‍ പ്രവാഹമുണ്ടായതുപോലെ. ശരീരമാകെ വിറയ്ക്കുന്ന അനുഭവം. കാലുകളില്‍ ചലനശേഷിയുടെ ലാഞ്ചനകള്‍. കാലുകളിലെ ഉള്‍ഞരമ്പുകള്‍ വലിയുന്നു. രക്തധമനികള്‍ ത്രസിക്കുന്നു. കാല്‍പാദങ്ങള്‍ അല്‍പ്പാല്‍പം ചലിക്കുന്ന അനുഭവം. അതെ, ചലനശക്തി തിരിച്ചുവരുന്നു...
''അമ്മേ! എന്റെ കാലുകള്‍...! എന്റെ കാലുകളനങ്ങുന്നു... നോക്കൂ അമ്മേ...''
ഷാജി കാല്‍വിരലുകളും പാദങ്ങളും ചലിപ്പിക്കുന്നു.
വിശ്വസിക്കാനാകാത്ത അത്ഭുത ദൃശ്യം കണ്ടു. മെരീന ഒരു നിമിഷം സ്തംഭിച്ചു നിന്നു. തുടര്‍ന്ന് അവള്‍ വീണ്ടും പൊട്ടിക്കരഞ്ഞു - സന്തോഷത്തിന്റെ ആധിക്യം കൊണ്ട്.