എന്‍ എന്‍ പിള്ളയുടെ വസതിയിലേക്ക്‌

എന്‍ എന്‍ പിള്ളയുടെ വസതിയിലേക്ക്‌

എനിക്കുേശഷം സംസാരിച്ച പി ആര്‍ ചന്ദ്രനും അവസാനം വര്‍ക്കിസാറും ക്യാമ്പംഗങ്ങള്‍ക്കു സംതൃപ്തി നല്കും വിധം നാടകത്തെക്കുറിച്ചു നന്നായി സംസാരിച്ചു. ശങ്കരപ്പിള്ളയൊഴിച്ചു ബാക്കി നാലുപേരും ജീവിതാനുഭവങ്ങളുടെ അടിത്തറയില്‍ നിന്നുവേണം നാടകങ്ങള്‍ പണിതുയര്‍ത്താന്‍ എന്നു പറഞ്ഞുവയ്ക്കുകയും സമര്‍ത്ഥിക്കുകയും ചെയ്തു.

നാടകസമ്മേളനത്തെക്കുറിച്ച് ക്യാമ്പ് ഡയറക്ടര്‍ പാറപ്പുറത്ത് നിറഞ്ഞ സംതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്റെ വസതിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഹൃദ്യമായിരുന്നു അവിടത്തെ സ്വീകരണം. അവിടന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കോട്ടയത്തേക്കു പോകാനായി വാഹനം ഏര്‍പ്പാടു ചെയ്തു.

മാവേലിക്കരയില്‍ എന്‍ എന്‍ പിള്ള വന്നതു ഒറ്റയ്ക്കായിരുന്നില്ല. കൂടെ നിഴല്‍ പോലെ ഏകമകന്‍ കുട്ടനുമുണ്ടായിരുന്നു - ഇന്നത്തെ സിനിമാനടന്‍ വിജയരാഘവന്‍. ആരോഗ്യം മോശമാവാതിരിക്കാന്‍ പിള്ളയെ ചില കാര്യങ്ങളില്‍ നയിക്കാനും നിയന്ത്രിക്കാനും ചിട്ടകള്‍ തെറ്റാതെ ശ്രദ്ധിക്കാനുമാണ് കുട്ടന്‍ കൂടെ വന്നിട്ടുള്ളത് എന്നു മനസ്സിലായി. തന്റെ ദൗത്യം തൃപ്തികരമായി കുട്ടന്‍ നിര്‍വഹിച്ചു. സ്‌നേഹപൂര്‍വം അച്ഛന്‍ അനുസരിച്ചു കൊടുത്തു. അവരിരുവരുടേയും പെരുമാറ്റത്തിലും സംസാരത്തിലും പരസ്പര വാത്‌സല്യം മുറ്റിനിന്നു.

ഞങ്ങള്‍ കോട്ടയത്തെത്തിയപ്പോള്‍ പിള്ള ഞങ്ങളെ ഒളശ്ശയിലെ സ്വന്തം വസതിയിലേക്കു ക്ഷണിച്ചു. എനിക്കു തൃശ്ശൂരെത്തണം. ഞാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ഒടുവില്‍ പിള്ളയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു ഞാന്‍ വഴങ്ങി. അദ്ദേഹത്തിന്റെ മനോഹരമായ ഇമ്പാലക്കാര്‍ കോട്ടയത്തുവന്നു കിടപ്പുണ്ടായിരന്നു. ആ പ്‌ളെഷര്‍ കാറില്‍ പിള്ളയും കുട്ടനും വര്‍ക്കി സാറും ഞാനും ചന്ദ്രനും ഒളശ്ശയിലെത്തി.

ഭംഗിയേറിയ വലിയ ടെറസ്സ് ബില്‍ഡിംഗ്. വീടിന്റെ പേര് 'ഡയനീഷ്യ'. ആ വീട്ടിലേക്ക് ആദ്യമായാണ് ഞാന്‍ ചെല്ലുന്നത്. കുടുംബാംഗങ്ങളെ മിക്കവരേയും മുമ്പേ എനിക്കറിയാം. രംഗവേദിയില്‍ പല തവണ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുള്ളതാണ്. കലവറയില്ലാത്ത സ്‌നേഹവും സ്വീകരണവുമായിരുന്നു അന്നു ഞങ്ങള്‍ക്കവിടെ ലഭിച്ചത്.

പുതിയ നാടകത്തിന്റെ ക്യാമ്പും റിഹേഴ്‌സലും വീട്ടില്‍തന്നെ. അതിനുള്ള സകല സൗകര്യ-സംവിധാനങ്ങളോടു കൂടിയാണ് അദ്ദേഹം വീടു നിര്‍മ്മിച്ചിട്ടുള്ളത്. അതിനേക്കാള്‍ കൂടുതല്‍ എന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വിപുലമായ ഗ്രന്ഥശേഖരമാണ്. ലോകത്തിലെ നാടകസംബന്ധിയായ ഏതാണ്ടു മിക്ക പ്രധാന കൃതികളും അവിടെയുണ്ട്. അതുകണ്ടപ്പോള്‍ ഇവിടെ വരാതിരുന്നെങ്കില്‍ അതൊരു നഷ്ടമായേനെ എന്നെനിക്ക് തോന്നിപ്പോയി. പിള്ള പതിവായി എഴുതാനിരിക്കുന്ന സ്ഥലവും എഴുതിക്കൊണ്ടിരിക്കുന്ന താത്ത്വിക ഗ്രന്ഥത്തിന്റെ കയ്യെഴുത്തു പ്രതിയും നോട്ടുകള്‍ കുറിച്ച മറ്റു ചില ബുക്കുകളും എനിക്കദ്ദേഹം കാണിച്ചുതന്നു. താമസിയാതെ എല്ലാവരോടും യാത്ര പറഞ്ഞു ഞാനിറങ്ങി. തിരിച്ചു കോട്ടയത്തു വന്നു തൃശ്ശൂരിലെത്തുമ്പോള്‍ നേരം പാതിരാത്രിയായി.

ഞങ്ങളുടെ സൗഹൃദം പഴയപടി തുടര്‍ന്നു. പിള്ളയുടെയും എന്റെയും നാടകവീക്ഷണത്തിലും രചനയിലും വ്യത്യസ്തതയുണ്ട്. അദ്ദേഹം സമൂഹത്തിന്റെ ആത്മവഞ്ചനയ്ക്കു നേരെ, തീക്ഷ്ണമായ ആക്ഷേപഹാസ്യത്തിലൂടെ ആഞ്ഞടിച്ചു സമൂഹത്തെ പരിവര്‍ത്തനപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്റേതു മറ്റൊരു രീതിയാണ്. സമൂഹത്തിന്റെ ധാര്‍മ്മികാധഃപതനത്തില്‍ അസ്വസ്ഥനായി, ഞാന്‍ നാടകത്തിലൂടെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടവും സത്യവും അസത്യവും തമ്മിലുള്ള വടംവലിയും ഒടുവില്‍ നന്മയുടെയും സത്യത്തിന്റെയും വിജയവും ചിത്രീകരിക്കുന്നു. ധാര്‍മ്മികമൂല്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തു സമൂഹത്തെ നന്മയിലേക്കു നയിക്കാന്‍ ശ്രമിക്കുന്നു. ആ രീതിയില്‍ നാടകത്തെ ഞാന്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ നല്ലത് ഒരു കൈത്തിരി കത്തിക്കുകയല്ലെ?

ഒരു ഉദാഹരണം കൊണ്ട് ഇതു വ്യക്തമാക്കാം. പിള്ളയുടെ ഒരു നാടകത്തില്‍ ഒരു സംഭാഷണ ശകലമുണ്ട്. ''തെറ്റു മാത്രമുള്ള ഈ ലോകത്തില്‍ തെറ്റാതിരിക്കുന്നതാണ് തെറ്റ്.'' അതേസമയം എന്റെ 'ജ്വലനം' നാടകത്തില്‍ ഒരു ഡയലോഗുണ്ട്. ''തെറ്റു തെറ്റാണെന്ന് ഏറ്റു പറയാത്തതാണ് ഭാരതീ, ഏറ്റവും വലിയ തെറ്റ്.'' ഇതാണ് ഞങ്ങളുടെ വീക്ഷണങ്ങള്‍ തമ്മിലുള്ള വ്യത്യാസം. രണ്ടുപേരുടേയും ലക്ഷ്യം ഒന്ന് - സമൂഹത്തെ നന്നാക്കല്‍! പക്ഷേ, രണ്ടുപേരുടേയും സമീപനം അല്ലെങ്കില്‍ മാര്‍ഗം രണ്ട്.

എന്‍ എന്‍ പിള്ളയുടെ നാടകങ്ങള്‍ ആധുനികശൈലിയില്‍ എഴുതിയവയാണെങ്കിലും ദുര്‍ഗ്രഹത എന്ന ശാപം അവയ്ക്കില്ല. എത്ര വലിയ ദാര്‍ശനിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന നാടകമാണെങ്കിലും അത് വളരെ ലളിതമായി പ്രേക്ഷകനില്‍ എത്തിക്കുക എന്നത് അദ്ദേഹത്തിനു നിര്‍ബന്ധമുള്ള കാര്യമാണ്. 'നാടകദര്‍പ്പണം' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു. ''നാടകത്തിന് അക്ഷരമാലയില്ല, വ്യാകരണമില്ല, നിയമങ്ങളും ഇല്ല. നാടകങ്ങള്‍ എഴുതുമ്പോള്‍ നാലു കാര്യങ്ങള്‍ ഓര്‍ക്കണം. ഒന്ന്: പ്രേക്ഷകന് മനസ്സിലാവണം. രണ്ട്: പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയണം, മൂന്ന്: അവ പ്രേക്ഷകന് ബോധ്യപ്പെടണം. നാല്: അയാളുടെ സംസ്‌കാരത്തെ ഒരല്പമെങ്കിലും ഉയര്‍ത്താന്‍ കഴിയണം.''

പിള്ള ഇപ്രകാരം പറയുന്നതിനു മുമ്പു തന്നെ അറിഞ്ഞോ അറിയാതെയോ ഇതേ നയം തന്നെയാണ് രചനയില്‍ ഞാന്‍ സ്വീകരിച്ചു പോന്നിട്ടുള്ളത്. ഇന്നും അതിനു മാറ്റമില്ല. നാടകം പ്രേക്ഷകരോട് നേരിട്ടു സംവദിക്കണം. അവരുടെ മനസ്സില്‍ ചലനമുണ്ടാക്കണം. മറ്റൊരാള്‍ വ്യാഖ്യാനിച്ചു കൊടുത്തു മനസ്സിലാക്കേണ്ടതല്ല നാടകം. നാടകവേദിയുടെ പുരോഗതിക്ക് പരീക്ഷണങ്ങള്‍ ആവശ്യമാണ്. പക്ഷേ, അവ പ്രേക്ഷകരെ കണക്കിലെടുത്തും അവരെ ബോധ്യപ്പെടുത്തിയും വേണം. അല്ലെങ്കില്‍ എന്തുവരും? പരീക്ഷണങ്ങള്‍ ഒരു വശത്ത്. ഒന്നും മനസ്സിലാവാതെ പ്രേക്ഷകര്‍ മറ്റൊരുവശത്ത് - അങ്ങനെ നില്‍ക്കും.

നാടകരംഗത്തെ പരീക്ഷണങ്ങളുടെ പേരില്‍ ദുര്‍ഗ്രഹവും സങ്കേത ജടിലവുമായ നാടകങ്ങള്‍ സൃഷ്ടിക്കുന്നവരെ അദ്ദേഹത്തിനു പരമ പുച്ഛമാണ്. അദ്ദേഹം 'നാടകം എന്റെ വീക്ഷണത്തില്‍' എന്ന പ്രബന്ധത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. ''ഇന്നു പരീക്ഷണം എന്ന് പലരും കൊട്ടിഘോഷിക്കുന്നതെല്ലാം തന്നെ പണ്ടെങ്ങോ പരീക്ഷിച്ച് ഉപേക്ഷിച്ചതിന്റെ അവശിഷ്ടങ്ങളാണ്. ഇതു പലപ്പോഴും വിലക്ഷണവും വികൃതവുമായിട്ടാണ് കണ്ടുവരുന്നത്. പരീക്ഷണങ്ങള്‍ക്കുവേണ്ടിയുള്ള പരീക്ഷണം ബാലിശമെന്നു മാത്രമല്ല കഴിവു കേടിന്റെ ലക്ഷണമാണെന്നു കൂടി എനിക്കഭിപ്രായമുണ്ട്.'' അദ്ദേഹം തുടരുന്നു. ''ഓടാന്‍ കഴിയാത്ത കുട്ടി വട്ടംചുറ്റി കാണിക്കും. പാടി രസിപ്പിക്കാന്‍ കഴിയാത്ത കുട്ടി കൂവി തോല്പിക്കാന്‍ ശ്രമിക്കും. പരീക്ഷണം പ്രയോജനപ്രദമായിരിക്കണം. പുരോഗതിയുടെ ലക്ഷണവുമായിരിക്കണം.'' ഇങ്ങനെ തെല്ലും കൂസാതെ വെട്ടിത്തുറന്നു പറയാന്‍ ഒരു എന്‍ എന്‍ പിള്ളയ്ക്കു മാത്രമേ കഴിയൂ.

വേറെയും ചില സമ്മേളനങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തുവച്ചു നടന്ന സമസ്ത കേരള സാഹിത്യ പരീക്ഷത്തിന്റെ വാര്‍ഷിക സമ്മേളനത്തിലെ നാടക സെമിനാര്‍, ടി എന്‍ ഗോപിനാഥന്‍ നായര്‍ ചെയര്‍മാനും ഞാന്‍ നിര്‍വാഹക സമിതിയംഗവുമായിരുന്ന കേരള സംഗീത നാടക അക്കാദമി പിള്ളയ്ക്കു നല്കി ആദരിച്ച അവാര്‍ഡ് വിതരണ സമ്മേളനം തുടങ്ങി പല യോഗങ്ങളിലും ഞങ്ങള്‍ ഒന്നിച്ചു സംബന്ധിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വസതിയില്‍ പിന്നെ പോകാനൊത്തില്ല.

അവസാനമായി ഞാനദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുന്നതു 1995 നവംബറില്‍ ശോകസാന്ദ്രമായ അന്തരീക്ഷത്തില്‍, നിശ്ശബ്ദനും നിശ്ചലനുമായ പിള്ളയെ കാണാനാണ്. കെട്ടടങ്ങിയ ഒരഗ്നിപര്‍വതം പോലെ അദ്ദേഹം കിടക്കുന്നു. എഴുപത്തേഴ് വയസ്സിലായിരുന്നു അന്ത്യം. കേരള സംഗീത നാടക അക്കാദമിക്കുവേണ്ടി വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ റീത്തു സമര്‍പ്പിച്ചു. അന്ത്യോപചാരമര്‍പ്പിക്കാന്‍ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പു മന്ത്രി ടി എം ജേക്കബ് തദവസരത്തില്‍ സന്നിഹിതനായിരുന്നു. വീട്ടുമുറ്റത്തൊരുക്കിയ ചിതയില്‍ പിള്ളയുടെ ജഡം എരിയുന്നതു വിഷാദഭാരത്തോടെ ജനം നോക്കി നിന്നു. അന്നുതന്നെ അവിടെ ചേര്‍ന്ന അനുശോചന യോഗത്തില്‍ എന്റെ ദുഃഖം പങ്കുവച്ചാണ് ഞാന്‍ തൃശ്ശൂര്‍ക്കു മടങ്ങിയത്.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org