സ്ലീപ് ഡിസോര്‍ഡര്‍ ജീവിതഗുണനിലവാരത്തെ ബാധിക്കുമ്പോള്‍

സ്ലീപ് ഡിസോര്‍ഡര്‍ ജീവിതഗുണനിലവാരത്തെ ബാധിക്കുമ്പോള്‍
Published on
  • ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍

    കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്

    & പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍

പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലിയുള്ള വ്യക്തിയാണ് അമ്പത് വയസ്സ് പ്രായമുള്ള ആന്റണി. വീട്ടിലെ ഉത്തരവാദിത്വങ്ങളും കുടുംബവും വളരെ നല്ല രീതിയിലാണ് അദ്ദേഹം കൊണ്ടുപോകുന്നത്. പൊതുവെ ആകുലത കൂടുതലുള്ള ഒരു വ്യക്തിത്വത്തിന് ഉടമയാണദ്ദേഹം. ഒരു സന്ദര്‍ഭത്തില്‍ ഒരു കാര്യത്തെ ചൊല്ലി നിശ്ശബ്ദത ഭേദിച്ചുകൊണ്ട് കമ്പനി മാനേജരുമായി തര്‍ക്കത്തിലായി. പിന്നീട് മാനേജരുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെങ്കിലും അതിനു ശേഷം ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ മാസങ്ങളോളം ആന്റണിയെ അലട്ടുവാന്‍ തുടങ്ങി. ഉറക്കക്കുറവ് മുതല്‍ മറ്റ് പല ഉറക്കസംബന്ധമായ പ്രശ്‌നങ്ങളുമായി മനോരോഗവിദഗ്ധന്റെ കീഴില്‍ ഔഷധങ്ങള്‍ ഉപയോഗിച്ചുവെങ്കിലും മനസ്സില്‍ അബോധതലത്തിലെ സ്‌ട്രെസ്സ് ഉറക്കക്കുറവിന് പ്രധാന കാരണമാകുകയും ശരീരത്തിന്റെ സര്‍കേഡിയന്‍ റിഥത്തില്‍ അഥവാ ജൈവ ക്ലോക്കില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്തു. പിന്നീട് മാസങ്ങളെടുത്താണ് ഔഷധങ്ങള്‍ക്കൊപ്പം സൈക്കോ തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സയിലൂടെയാണ് അദ്ദേഹത്തിന് രോഗ വിമുക്തി ലഭിച്ചത്.

മസ്തിഷ്‌കം മസ്തിഷ്‌കത്തിനുവേണ്ടി നടത്തുന്ന മസ്തിഷ്‌കപ്രവര്‍ത്തനമാണ് ഉറക്കം. ജീവിതത്തിന്റെ മൂന്നിലൊന്നോളം നേരവും നാം ഉറങ്ങുകയാണ്. തലച്ചോറിലു ണ്ടാകുന്ന മെലറ്റോണിന്‍ ഹോര്‍മോണാണ് ഉറക്കത്തിനു പിന്നിലെ പ്രധാന ഘടകം. കണ്ണില്‍നിന്നുള്ള ദൃശ്യസംവേദനങ്ങളുമായി നേരിട്ടുബന്ധമുള്ള തലച്ചോറിലെ പീനിയല്‍ ഗ്രന്ഥിയിലാണ് മെലറ്റോണിന്‍ ഉണ്ടാകുന്നത്. മനുഷ്യപ്രവൃത്തികളും ജീവിതവും നമ്മുടെ ഉള്ളില്‍തന്നെയുള്ള ഒരു ഘടികാരത്തില്‍ ചിട്ടപ്പെടുത്തിയതാണെന്ന് കണ്ടെത്തി യിട്ടുള്ളത്. സര്‍കേഡിയന്‍ റിഥം (Circadian) എന്നാണ് ഈ ആന്തരിക ഘടികാരത്തെ പറയുന്നത്. മനുഷ്യ മസ്തിഷ്‌കത്തിന്റെ ഭാഗമായ ഈ ജൈവ ഘടികാരമാണ് നമ്മുടെ ഉണര്‍വും ഉറക്കവുമെല്ലാം ഒരു പ്രത്യേക ക്രമത്തില്‍ പരിപാലിക്കുന്നത്.

  • ഉറക്കപ്രശ്‌നങ്ങള്‍

ഉറക്കത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ രോഗങ്ങളായിട്ടാണ് ഇപ്പോള്‍ കാണുന്നത്. ഉറക്കപ്രശ്‌നങ്ങള്‍ പോലും വ്യക്തിയുടെ ജീവിതനിലവാരത്തെയും മാനസികാവസ്ഥയെയും ആരോഗ്യത്തെയുമൊക്കെ പലതരത്തില്‍ സ്വാധീനിച്ചേക്കാം. സമൂഹത്തില്‍ മൂന്നില്‍ രണ്ടു ഭാഗത്തിനെങ്കിലും ഉറക്കവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ഉള്ളതായി സ്ഥിതിവിവരകണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ വളരെ സാധാരണയായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് ഉറക്കക്കുറവ്. സ്ത്രീകളിലും പ്രായമേറിയവരിലുമാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്.

  • കാരണങ്ങള്‍

മാനസികരോഗങ്ങളും മാനസിക പിരിമുറുക്കങ്ങളുമാണ് ഇവയില്‍ പ്രധാനം. വിഷാദരോഗങ്ങള്‍, ഉന്മാദരോഗങ്ങള്‍, മാനസിക വിഭ്രാന്തി, ഡിമന്‍ഷ്യ, ഡെലീറിയം, അമിത ഉല്‍ക്കണ്ഠ എന്നീ അസുഖങ്ങള്‍ക്കുപുറമേ ശരീര രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, സന്ധി വാതം, ശരീരവേദന എന്നിവയെല്ലാം കാരണമാകാം. അതുപോലെ അമിതമായ ഉറക്കവും അസുഖം തന്നെയാണ്. ഇത്തരക്കാര്‍ക്ക് രാവിലെ ഉറക്കമുണരാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. പകലെല്ലാം ഉറക്കം തൂങ്ങുന്നതായി തോന്നുകയും ചെയ്യും. സ്വപ്നാടനം, ഭീകരസ്വപ്നങ്ങള്‍ ഉറക്കത്തില്‍ കൈകാലിട്ടടിക്കല്‍ (Restless Leg Syndrome) നാര്‍കോ ലെപ്‌സി എന്നീ രോഗങ്ങളാണ് അമിത ഉറക്കത്തിനുള്ള പ്രധാന കാരണങ്ങള്‍. ഇവിടെ ആദ്യം ചെയ്യേണ്ടത് ഉറക്കത്തോട് ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ രോഗമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുകയാണ്.

  • നല്ല ഉറക്കത്തിന് സ്ലീപ് ഹൈജീന്‍

ഉറക്കക്കുറവിന് അവലംബിക്കാവുന്ന ഫലപ്രദവും പ്രായോഗികവുമായ ഒരു ചികിത്സാ രീതിയാണ് സ്ലീപ് ഹൈജീന്‍ അഥവാ ആരോഗ്യകരമായ ഉറക്കത്തിനുള്ള ചിട്ടകള്‍. കുടുംബ സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിന്നും സംഘര്‍ഷമനുഭവിക്കുന്നവര്‍ക്ക് ഇത് ഉത്തമചികിത്സാരീതിയാണ്. സ്ഥിരമായി ഉറക്കഗുളികള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് അതില്‍ നിന്ന് മുക്തിനേടാനും ഇത് ഫലപ്രദമാണ്. ലളിതവും രോഗിക്ക് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതുമായ പല വ്യായാമങ്ങളും അടങ്ങിയതാണ് സ്ലീപ് ഹൈജീന്‍.

നിശ്ചിതസമയത്ത് ഉറങ്ങുകയും, ഉണരുകയും ചെയ്യുക, ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂടിയാലും കുറഞ്ഞാലും ദിവസവും ഒരേ സമയം തന്നെ ഉണരുക. മാനസിക സംഘര്‍ഷങ്ങളും വൈകാരിക സംഘര്‍ഷങ്ങളും ഒഴിവാക്കുക. മുറി നല്ല വായുസഞ്ചാര മുള്ളതാക്കി മാറ്റുക, കിടപ്പറയില്‍ അമിത പ്രകാശം, അലോസരപ്പെടു ത്തുന്ന ശബ്ദം എന്നിവ ഒഴിവാക്കുക, ഉറങ്ങാന്‍ പോകുമ്പോള്‍ ഉറക്കക്കുറവുണ്ടാകുമോ എന്നു ചിന്തിച്ച് വേവലാതിപ്പെടാതിരിക്കുക, കിടക്കുമ്പോള്‍ മാനസികപ്രയാസങ്ങളുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ മനസ്സിന് സന്തോഷമുണ്ടാകുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിക്കുക, കിടന്ന് അല്‍പസമയത്തിനുള്ളില്‍ ഉറക്കം വന്നില്ലെങ്കില്‍ എഴുന്നേറ്റ് എന്തെങ്കിലും പുസ്തകം വായിക്കുകയോ ഇഷ്ടപ്പെട്ട സംഗീതം കേള്‍ക്കുകയോ ചെയ്യുക. ഉറക്കവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കുള്ള വിവിധതരം മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. മനോരോഗവിദഗ്ധന്റെ കീഴില്‍ അവ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org