ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
ക്ലിനിക്കല്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റ്
& പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് അമിത, അവള്‍ സൈക്കോളജിസ്റ്റിനെ കാണാനാണ് അമ്മയുടെ ഒപ്പം വന്നത്. 'അങ്ങ്, മകളോട് കാര്യം ചോദിച്ചു മനസ്സിലാക്കണം. അവള്‍ക്കു മറ്റെന്തെങ്കിലും ബന്ധം, മറ്റാരെയെങ്കിലും ഇഷ്ടമാണെങ്കിലും ഞങ്ങള്‍ക്കു സമ്മതമാണ്. കല്യാണം വൈകുന്നതിനാല്‍ ഒരു സമാധാനവുമില്ല.' അപ്പോള്‍ തന്നെ അവള്‍ പറഞ്ഞു: 'എനിക്കു വിവാഹം കഴിക്കാന്‍ താല്പര്യമില്ല. എന്തിനാണ് വിവാഹത്തിനു നിര്‍ബന്ധിക്കുന്നത്. വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ പേടിയാണ്.'' ആകുലത കലര്‍ന്ന ഭാവത്തോടെ അവള്‍ പറഞ്ഞു.
വിവാഹം പോലെയുള്ള ഉത്തരവാദിത്വമുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാനുള്ള ഭയമാണ് ഗാമോഫോബിയ. മറ്റു എല്ലാ ഫോബിയകളേയും പോലെ ഉല്‍ക്കണ്ഠയെ അടിസ്ഥാനമാക്കിയുള്ള ഒരു മാനസികാരോഗ്യ പ്രശ്‌നം കൂടിയാണിത്. അടിസ്ഥാനരഹിതമായ ഭയം അഥവാ ഫോബിയ തീവ്രമാണെങ്കില്‍ വിവാഹത്തിനു മാത്രമല്ല നീണ്ടകാല ബന്ധങ്ങള്‍ക്കെല്ലാം തടസ്സമായി എന്നു വരാം. തീവ്രമായ ഗാമോഫോബിയ ഉള്ള ഒരു വ്യക്തിക്കു നീണ്ടുനില്‍ക്കുന്ന സൗഹൃദബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുപോലും ബുദ്ധിമുട്ടുണ്ടായി എന്നു വരാം. അഥവാ ഒരു ബന്ധത്തില്‍ തുടരാന്‍ തീരുമാനിച്ചാലും അത് അവസാനിച്ചുപോകുമോയെന്ന ഉല്‍ക്കണ്ഠ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും. ഗാമോഫോബിയ ഉള്ളവര്‍ക്ക് പലപ്പോഴും മറ്റു സന്തുഷ്ടരായ ദമ്പതികളെയോ പ്രണയിതാക്കളെയോ കാണുമ്പോള്‍ കാര്യമായ ഉല്‍ക്കണ്ഠ അനുഭവപ്പെടുകയും ആ സാഹചര്യങ്ങളെ ഇല്ലാതാക്കാനോ ഒഴിഞ്ഞുമാറാനോ പരമാവധി ശ്രമിച്ചെന്നും വരാം. തന്നില്‍ നിന്നും മറ്റുള്ളവരെ അകാരണമായി അകറ്റി നിര്‍ത്തുന്നതും ബന്ധങ്ങള്‍ പൊടുന്നനെ അവസാനിപ്പിക്കുന്നതും ഇക്കൂട്ടരില്‍ സാധാരണമാണ്. പലരും സ്വയം തിരിച്ചറിയാതെ പോകുന്ന, ഈ മാനസിക വൈകല്യം ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടത്തില്‍ 5 മുതല്‍ 10 ശതമാനം പേരില്‍ ഉണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇതിന് സ്ത്രീപുരുഷഭേദമില്ല.
'എനിക്കു വിവാഹം കഴിക്കാന്‍ താല്പര്യമില്ല. എന്തിനാണ് വിവാഹത്തിനു നിര്‍ബന്ധിക്കുന്നത്. വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ പേടിയാണ്.''
ലക്ഷണങ്ങള്‍
ഗാമോഫോബിയ ഉള്ളവര്‍ സ്ഥിരമായ വിവാഹബന്ധത്തിലേക്കു തുനിയുമ്പോള്‍ അധികമായ ഹൃദയസ്പന്ദനം, അമിതമായി വിയര്‍ക്കല്‍, ദഹനപ്രശ്‌നങ്ങള്‍, നെഞ്ചുവേദന പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍, മാനസിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയെല്ലാം പ്രകടിപ്പിക്കാം. ഗാമോഫോബിയ ഉള്ളവര്‍ പങ്കാളിയെ ഒരു ഭൂതക്കണ്ണാടിയിലൂടെയെന്നവണ്ണം സൂക്ഷ്മമായി നിരീക്ഷിക്കും. എവിടെയെങ്കിലും വൈകാരികതലത്തില്‍ കുറവുള്ള ആളാണെന്നു കണ്ടാല്‍ ഉപേക്ഷിക്കും. തങ്ങളെ പ്രതികൂലമായി ബാധിക്കാവുന്ന ഒരു സാഹചര്യത്തിലും ബന്ധത്തിലും ജീവിക്കാന്‍ അവര്‍ തയ്യാറാകില്ല. ചിലര്‍ ശാരീരികമായ കുറവുകളുള്ളവരെ പങ്കാളികളാക്കാന്‍ ആഗ്രഹിക്കില്ല. അവരുടെ പെരുമാറ്റരീതികള്‍ ഇഷ്ടപ്പെടില്ല.
കാരണങ്ങള്‍
അച്ഛനമ്മമാരുടെ അസ്വസ്ഥകരമായ ജീവിതം, വിവാഹമോചനം, ഒരു മുന്‍ ബ്രേക്കപ്പ് അഥവാ വേര്‍പിരിയല്‍ ഉണ്ടാക്കിയ മാനസികാഘാതം, തെറ്റായ ഒരു വ്യക്തി തന്റെ ജീവിതത്തിലേക്കു കടന്നുവരുമോ എന്ന ഭയം, ഒരു മുന്നറിവുമില്ലാത്ത ഒരാളെ സാമൂഹിക സാംസ്‌കാരിക നിയമങ്ങളനുസരിച്ച് അറേഞ്ച് മാരേ്യജിലൂടെ സ്വീകരിക്കാനുള്ള ഭയം ഇങ്ങനെ വിവിധ കാരണങ്ങളാലും ഗാമോഫോബിയ രൂപപ്പെടാം. താന്‍ ഉപേക്ഷിക്കപ്പെടുമോ എന്ന അരക്ഷിതബോധം അനുഭവിക്കുന്ന മാനസിക വൈകല്യമാണ് ബോര്‍ഡര്‍ ലൈന്‍ പെഴ്‌സണാലിറ്റി ഡിസോര്‍ഡര്‍. ഈ പ്രശ്‌നമുള്ളവരില്‍ ഗാമോഫോബിയ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ബന്ധങ്ങളില്‍ അസ്ഥിരത ഉണ്ടായിക്കൊണ്ടിരിക്കും. ഉല്‍ക്കണ്ഠാരോഗങ്ങളുള്ള കുടുംബചരിത്രമുള്ള വ്യക്തികളിലും ഗാമോഫോബിയ രൂപപ്പെടാം.
വിവാഹത്തോട് ഭയം പുലര്‍ത്തുന്ന എല്ലാവര്‍ക്കും ഗാമോഫോബിയ ആകണമെന്നില്ല. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ഭയം (ഫിലോഫോബിയ), ലൈംഗികതയോടുള്ള ഭയം (ജിനോഫോബിയ), സ്‌നേഹിക്കുന്നവരാല്‍ വേദനിക്കപ്പെടുമോയെന്ന ഭയം (പിസ്റ്റാന്ത്രോഫോബിയ) തുടങ്ങിയ കാരണങ്ങളോ അവയുടെ സമ്മിശ്രണങ്ങളോ വിവാഹ ഭയത്തിനു കാരണമാകാറുണ്ട്.
പ്രതിവിധികള്‍
കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി വളരെ ഫലപ്രദമാണ്. സിസ്റ്റമിക് ഡീസെന്‍സിറ്റേഷന്‍ തെറാപ്പി എന്നിവയും ഗുണം ചെയ്യും. ഗാമോഫോബിയ ഉള്ളവര്‍ക്ക് കടുത്ത വിഷാദം, ആവര്‍ത്തിച്ചുള്ള ആത്മഹത്യ ചിന്തകളോ ശ്രമമോ, പാനിക് അറ്റാക്ക്, ലഹരി ഉപയോഗിക്കാനുള്ള താല്പര്യം തുടങ്ങിയവ ഉണ്ടെന്നു തോന്നിയാല്‍ ഒരു മനോരോഗവിദഗ്ധന്റെ സേവനവും പിന്നീട് മനഃശാസ്ത്രചികിത്സയും ആവശ്യമായി വരും.