പോസ്റ്റ് ഡിവോഴ്‌സ് ട്രോമ: പരിഹാര മാര്‍ഗങ്ങള്‍

പോസ്റ്റ് ഡിവോഴ്‌സ് ട്രോമ: പരിഹാര മാര്‍ഗങ്ങള്‍
Published on
  • ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍

    കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്

    & പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍

അരുണും സിമിയും വിവാഹിതരായി അഞ്ചുവര്‍ഷത്തോളം ഒരുമിച്ച് താമസിച്ചു. ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. വിവാഹത്തിന്റെ ആദ്യനാളുകള്‍ മുതല്‍ തന്നെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവിടെ സിമി ഭര്‍ത്താവായ അരുണിനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും കഴിയുന്ന തരത്തിലെല്ലാം ഒന്നിച്ച് പോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ പല അവസരങ്ങളിലും ഇവരുടെ ബന്ധുക്കള്‍ പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കുമായിരുന്നു. ഇപ്രകാരം മുന്നോട്ടു പോകുന്നതിന്റെ ഇടയിലാണ് അപ്രതീക്ഷിതമായി അരുണ്‍ ജോലി ചെയ്യുന്ന സ്ഥലത്തെ ഒരു ജോലിക്കാരിയുമായി അടുപ്പത്തിലായത്. സിമി ആകെ തകര്‍ന്നുപോയി. ഈ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സിമി ഭര്‍ത്താവായ അരുണിനെ പരമാവധി ശ്രമിച്ചുവെങ്കിലും പലപ്പോഴും പരാജയപ്പെടുകയാണുണ്ടായത്. വേര്‍പിരിയല്‍ വേണമെന്ന കാര്യത്തില്‍ അരുണ്‍ ഉറച്ചുനില്‍ക്കുകയും, നിയമപ്രകാരം വിവാഹമോചിതയാകുകയും, കുഞ്ഞ് സിമിയുടെ ഒപ്പം നിര്‍ത്താന്‍ അനുവദിക്കുകയും ചെയ്തു. വിവാഹ മോചനം കഴിഞ്ഞിട്ടും അതിന്റെ ആഘാതത്തില്‍ നിന്നും സിമി പൂര്‍ണ്ണമായും വിമുക്തമായിട്ടില്ല. പലപ്പോഴും ആ പഴയ അനുഭവങ്ങളിലൂടെ മനസ്സ് സഞ്ചരിക്കുകയും വിഷാദരോഗാവസ്ഥയ്ക്ക് തുല്യമായ മാനസികാവസ്ഥയിലേക്ക് ഇടയ്ക്കിടെ കടന്നുപോകുകയും, ഇത്തരം അവസ്ഥകള്‍ പലപ്പോഴും ജീവിത ഗുണനിലവാരത്തെപോലും ഹാനികരമാക്കുന്ന വിധത്തില്‍ ബാധിക്കുന്നുമുണ്ടായിരുന്നു. ഇത്തരമൊരു അവസ്ഥയിലാണ് സിമി സൈക്കോളജിസ്റ്റിനെ കാണുവാന്‍ വരുന്നത്.

നമ്മുടെ സമൂഹത്തില്‍ വിവാഹമോചനം വര്‍ധിച്ചുവരികയാണ്. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പ്രതിസന്ധികളോടൊപ്പം വ്യക്തികളുടെ ഓരോരുത്തരുടെയും സ്വഭാവപെരുമാറ്റത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വ്യക്തിത്വവൈകല്യങ്ങളും (Personality Disorders) ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.

  • ലക്ഷണങ്ങള്‍

വിവാഹബന്ധം നഷ്ടപ്പെട്ടതിലുള്ള ആഴത്തിലുള്ള വേദനയും ദുഃഖവും പ്രകടിപ്പിക്കുക, ഭാവിയില്‍ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചുളള ആശങ്കയിലും ഭയത്തിലും ആയിരിക്കുക തുടങ്ങിയവ ഇത്തരം അനുഭവത്തിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ പ്രകടിപ്പിക്കാറുണ്ട്. ഒപ്പം മുന്‍ പങ്കാളിയോടുള്ള ദേഷ്യവും വെറുപ്പും കാണിക്കുന്നു. സമൂഹത്തില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രമിക്കുന്നു. പങ്കാളിയുമായുള്ള ജീവിതം അവസാനിച്ചതോടെ സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ടതായി അനുഭവപ്പെടുന്നു. വീണ്ടും ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭയം തോന്നുകയും, മറ്റുള്ളവരെ വിശ്വസിക്കാന്‍ മടിക്കുകയും ചെയ്യുന്നു. അമിതമായ സംഘര്‍ഷം മൂലം വിശപ്പില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയവ പ്രകടിപ്പിക്കുന്നു.

  • ചികിത്സാസമീപനങ്ങള്‍

ജീവിതഗുണനിലവാരം മെച്ചപ്പെടുത്താനും ജീവിതത്തിലേക്ക് മടങ്ങിയെത്താനും മനഃശാസ്ത്ര സമീപനങ്ങള്‍ പ്രയോജനപ്പെടുന്നു. ദുഃഖം, ദേഷ്യം തുടങ്ങിയ വികാരങ്ങളെ അടക്കിവയ്ക്കാതെ അവ പ്രകടിപ്പിക്കാന്‍ സ്വയം അനുവദിക്കുക, ഇത് രോഗശാന്തിയുടെ ആദ്യപടിയായി പ്രവര്‍ത്തിക്കുന്നു. അതുപോലെ പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക, ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ ആവശ്യത്തിന് ഉറങ്ങുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ആവശ്യമാണ്.

കഴിഞ്ഞകാലത്തെപ്പറ്റി ചിന്തിക്കുന്നത് പരമാവധി കുറച്ച് പ്രതീക്ഷയോടെ ഭാവിയിലേക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യുക, പുതിയ ഹോബികള്‍ കണ്ടെത്തുകയും, അതുപോല വ്യക്തിപരമായ ലക്ഷ്യങ്ങള്‍ പിന്തുടരാനും സമയം ഉപയോഗിക്കുക. സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇനിയും ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ഉറക്കപ്രശ്‌നങ്ങള്‍ അനുഭവിക്കുകയും പ്രതീക്ഷയില്ലായ്മയും, നിസ്സഹായാവസ്ഥയും, അര്‍ഥമില്ലായ്മയും വര്‍ധിക്കുകയും ചെയ്യുകയാണെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും തേടേണ്ടതാണ്.

ഇവിടെ ഇത്തരം വ്യക്തികളുടെ കുടുംബാംഗങ്ങളുടെ കരുതലും, സഹായങ്ങളും (Family Enviornment Support) മാനസികാഘാതത്തില്‍ നിന്നും കരകയറുന്നതുവരെ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org