
ഡിഗ്രി പഠനത്തിന് ശേഷമായിരുന്നു അനിതയുടെ വിവാഹം. വിവാഹശേഷം അവളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. ഭര്‍ത്തൃവീട്ടില്‍ ചെറിയ കാര്യങ്ങള്‍ക്കുപോലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഭര്‍ത്താവ് അവളെ സ്‌നേഹിക്കുന്നില്ലെന്നും തന്നെ മനസ്സിലാക്കുന്നില്ലെന്നുമാണ് അവളുടെ പരാതി. വീട്ടില്‍ എന്തെങ്കിലും അവള്‍ കേള്‍ക്കാതെ സംസാരിച്ചാല്‍ അത് തെന്നക്കുറിച്ചാണെന്നുള്ള സംശയമാണ്. പതുക്കെ അവള്‍ ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും അകലം പാലിക്കാന്‍ തുടങ്ങി, അവള്‍ ആരുമായും സംസാരിക്കാറില്ല. അവള്‍ക്ക് ഉറ്റ സുഹൃത്തുക്കള്‍ ആദ്യമേ ഉണ്ടായിരുന്നില്ല. അവളുടെ കഴിഞ്ഞകാലം അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ മാതാപിതാക്കള്‍ അവളെ ഹോസ്റ്റലിലായിരുന്നു താമസിപ്പിച്ചിരുന്നത്. അവിടെ അവള്‍ വളരെ ഏകാകിയായിരുന്നു. ഈ കാലഘട്ടത്തില്‍ മാതാപിതാക്കളുമായുള്ള അവളുടെ പ്രശ്‌നങ്ങള്‍ വര്‍ധിച്ചുകൊണ്ടിരുന്നു. അവള്‍ക്ക് ആരെയും വിശ്വാസമില്ല. എല്ലാവരും തന്നെ കളിയാക്കുന്നുവെന്നായിരുന്നു അവളുടെ ചിന്ത. വിവാഷശേഷം അവള്‍ ആകെ അസ്വസ്ഥയാണ്. ഒരു ദിവസം ഭര്‍ത്താവുമായി വാക്കു തര്‍ക്കത്തില്‍ കത്തിയുമായി ഭര്‍ത്താവിനെ ആക്രമിക്കാന്‍ ശ്രമിച്ചു. താന്‍ ഇങ്ങനെയാവാന്‍ കാരണം എന്നെ സ്‌നേഹിക്കാത്ത മാതാപിതാക്കളാണെന്നാണ് അവള്‍ പറയുന്നത്. എപ്പോഴും പല കാര്യങ്ങളുമായി ബന്ധപ്പെടുത്തി അമിതമായ അര്‍ത്ഥമില്ലാത്ത സംശയങ്ങള്‍ അവള്‍ പ്രകടിപ്പിക്കുന്നു. ഭര്‍ത്താവിന് മറ്റ് ബന്ധങ്ങള്‍ ഉണ്ടെ ന്നു പോലും അവള്‍ സംശയിക്കുന്നു. പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ പ്രകടിപ്പിക്കുന്ന വ്യക്തിയുടെ പെരുമാറ്റമാണ് നാം അനിതയില്‍ കാണുന്നത്.
പാരനോയ്ഡ് എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം സംശയാലുക്കള്‍ എന്നാണ്. ഇവര്‍ക്ക് എല്ലാത്തിനെയും, എല്ലാവരെയും സംശയം ആയിരിക്കും. നല്ലൊരു കാര്യം പറഞ്ഞാല്‍ പോലും അതിന്റെ പിന്നില്‍ വേറെ എന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് ചിന്തിക്കുന്നു. അതുപോലെ തന്നെ കുടുംബക്കാരെയും അയല്‍പക്കക്കാരെയും ഒരു സംശയ ദൃഷ്ടിയോടുകൂടി എപ്പോഴും കാണുന്ന വ്യക്തിത്വങ്ങളായിരിക്കാം.
കാരണങ്ങള്‍
പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന്റെ കാരണം അജ്ഞാതമാണ്. എന്നിരുന്നാലും, ജൈവശാസ്ത്രപരവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ സംയോജനം പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന് കാരണമാകുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. സ്‌കീസോഫ്രീനിയ ചരിത്രമുള്ള കുടുംബങ്ങളില്‍ ഈ അസുഖം കൂടുതലായി കാണപ്പെടുന്നു. പാരമ്പര്യമായി വ്യക്തിത്വവൈകല്യങ്ങളുള്ള കുടുംബങ്ങളില്‍ ജനിക്കുന്ന കുട്ടികളില്‍ ഈ പ്രശ്‌നമുണ്ടാവാന്‍ സാധാരണക്കാരേക്കാള്‍ കൂടുതല്‍ സാധ്യതയുണ്ട്.
പ്രധാന ലക്ഷണങ്ങള്‍
ശരിയായ അടിസ്ഥാനമില്ലാതെ, മറ്റുള്ളവര്‍ തന്നെ ചൂഷണം ചെയ്യുന്നുവെന്നോ ഉപദ്രവിക്കുമെന്നോ വഞ്ചിക്കുമെന്നോ സംശയിക്കുന്നു. സുഹൃത്തുക്കളുടെയും, സഹപ്രവര്‍ത്തകരുടെയും വിശ്വാസ്യതയെ സംബന്ധിച്ച് ന്യായീകരിക്കാത്ത സംശയങ്ങളില്‍ മുഴുകിയിരിക്കുന്നു. മറ്റുള്ളവരുമായി വിശ്വസ്തത പുലര്‍ത്താനോ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താനോ വിമുഖത കാണിക്കുന്നു. കാരണം വിവരങ്ങള്‍ തങ്ങള്‍ക്കെതിരെ ഉപയോഗിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. പരാമര്‍ശങ്ങളിലും, സംഭവങ്ങളിലും മറഞ്ഞിരിക്കുന്ന നിന്ദ്യമായ അല്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്ന അര്‍ത്ഥങ്ങള്‍ വായിക്കുന്നു. നിരന്തരം വിരോധം പുലര്‍ത്തുന്നവരും ക്ഷമിക്കാത്തവരും പകയുള്ളവരുമാണ്. മറ്റുള്ളവര്‍ക്ക് ദൃശ്യമാകാത്ത അവരുടെ സ്വഭാവത്തിന് നേരെയുള്ള ആക്രമണങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ പൊതുവേ കോപത്തോടെ പ്രതികരിക്കു ന്നവരും പെട്ടെന്ന് പ്രതികാരം ചെയ്യുന്നവരുമാണ്. പങ്കാളിയുടെ വിശ്വസ്തതയെക്കുറിച്ച് ന്യായീകരണമില്ലാത്ത നിരന്തരം സംശയങ്ങള്‍ ഉയിക്കുന്നു. വിമര്‍ശനങ്ങളോട് അമിതമായി പ്രതികരിക്കുന്നു. ഇവര്‍ക്ക് ഉന്മാദത്തിന്റെയോ സ്‌കിസോഫ്രീനിയയുടെയോ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല.
ചികിത്സാ സമീപനങ്ങള്‍
ഈ വ്യക്തിയുടെ ചിന്താരീതികളും പെരുമാറ്റങ്ങളുമെല്ലാം സംശയപ്രകൃതമുള്ള വ്യക്തിത്വത്തിന്റെ പ്രതേ്യകതയാണെന്നും, ആ വ്യക്തിയില്‍ ഇത്തരത്തിലുള്ള വ്യക്തിത്വം രൂപപ്പെടുവാന്‍ സാധ്യതയുണ്ടാക്കിയ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തണം. ഈ വ്യക്തിക്ക് എന്തെങ്കിലും പ്രശ്‌നം ഉള്ളതായി സ്വയം അംഗീകരിക്കാത്തതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ചികിത്സ തേടാന്‍ ബുദ്ധിമുട്ടാണെന്ന യാഥാര്‍ത്ഥ്യം വീട്ടുകാരെ അറിയിക്കണം. സൈക്കോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ വ്യക്തിയുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനും ചിന്താ രീതിയിലുള്ള വികലതകളെ (Cognitive Distortions) തിരുത്താനും സാധിക്കുമെന്നും മനസ്സിലാക്കി കൊടുക്കുക. വ്യക്തിക്ക് വിഷാദം അല്ലെങ്കില്‍ ഉത്കണ്ഠ ഉണ്ടെങ്കില്‍ സൈക്യാട്രിസ്റ്റിനെ കണ്ട് ഔഷധചികിത്സ തേേടണ്ടതാണ്.