ഫോബിയ, അറിയാം പരിഹരിക്കാം

ഫോബിയ, അറിയാം പരിഹരിക്കാം
ബിസിനസില്‍ വളരെ മുമ്പിലാണ് ബാബു. പലപ്പോഴും ബാബുവിന് തന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലും, വിദേശത്തും പോകേണ്ടി വരുമായിരുന്നു. അതില്‍ വിമാനയാത്ര അവശ്യമായി വരുന്ന അവസരങ്ങളില്‍ മറ്റുള്ളവരെ നിയോഗിക്കുകയാണ് പതിവ്. കാരണം ഏതുവിധേനയും, വിമാനയാത്ര ഒഴിവാക്കാന്‍ നോക്കുന്ന ബാബു അതില്‍ കയറിയാല്‍ വിയര്‍ക്കുക, മുഖം വിളറുക, ബോധം പോകുമെന്ന് തോന്നുക പതിവാണ്. ഈ അവസരത്തിലാണ് ബാബു സൈക്കോളജിസ്റ്റിനെ സന്ദര്‍ശിക്കുന്നത്.

ഫോബിയ എന്ന മാനസിക പ്രശ്‌നത്താലാണ് ഇതുണ്ടാകുന്നത്. ഒരു പ്രതേ്യക വസ്തുവിനോടോ, സാഹചര്യത്തിനോടോ, പ്രവൃത്തിയോടോ ഒരു വ്യക്തിക്ക് തോന്നുന്ന യുക്തിരഹിതമായ ഭയത്തെയാണ് ഫോബിയ എന്നു പറയുന്നത്. ഭയപ്പെടുന്ന വസ്തുവില്‍ നിന്നോ സാഹചര്യത്തില്‍ നിന്നോ ഈ വ്യക്തി തുടര്‍ച്ചയായി ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കും.

  • കാരണങ്ങള്‍

മസ്തിഷകത്തിലുള്ള രാസവസ്തുക്കളുടെ ഡോപ്മിന്‍, നോര്‍എപിനെഫ്രിന്‍, സിറടോണിന്‍ എന്നിവയുടെ അസന്തുലിതാവസ്ഥയാണ് ഫോബിയയ്ക്ക് കാരണം. ജനിതകപരമായ കാരണത്താല്‍ അച്ഛനമ്മമാര്‍ക്കുള്ള ഫോബിയ മക്കളിലും വരാന്‍ സാധ്യത കൂടുതലാണ്. അതിനൊപ്പം സാമൂഹ്യപരമായ കാരണങ്ങളുമുണ്ട്. ഫോബിയ ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ സിംപതറ്റിക് നെര്‍വസ് സിസ്റ്റത്തിന്റെ അതിഭയങ്കര പ്രവര്‍ത്തനം മൂലം രക്തത്തില്‍ അഡ്രിനാലിന്റെ അളവ് വര്‍ധിക്കും. ഇപ്രകാരം അളവ് വര്‍ധിക്കുമ്പോഴാണ് ശരീരത്തിന്റെ അലാറം വരുന്നത്. പേടിയുടെ ഉറവിടം നിലയ്ക്കുംവരെ ഈയവസ്ഥ തുടരാം. അതില്‍ നിന്ന് ഓടിപ്പോകുമ്പോഴാണ് ഫ്‌ളൈറ്റ് റിയാക്ഷനിലേക്കെത്തുന്നത്.

ഫോബിയകള്‍ പലപ്പോഴും കുട്ടിക്കാലത്തോ കൗമാരക്കാലത്തോ ആണ് കൂടുതലായി ജീവിതത്തില്‍ സംഭവിക്കുന്നത്. മുപ്പതു വയസ്സിനുശേഷം അമിതഭയം ഉണ്ടാകുന്നത് അപൂര്‍വമാണ്. സ്ത്രീകളിലും പെണ്‍കുട്ടികളിലുമാണ് കൂടുതലും ഫോബിയ ഉണ്ടാകാറ്. റോള്‍മോഡലിങ് ആണ് അതിലെ അടിസ്ഥാനകാരണങ്ങളിലൊന്ന്. അമ്മ, അച്ഛന്‍ എന്നിവരില്‍ കാണപ്പെടുന്ന ചില ഭയങ്ങള്‍, ഉദാഹരണത്തിന് പല്ലിയോട്, പാറ്റയോട്, എട്ടുകാലിയോട് ഒക്കെ മാതാപിതാക്കള്‍ക്കുള്ള ഭയം, ഇവരെ കണ്ടുവളര്‍ന്നുവരുന്ന മക്കളിലും സ്വാധീനമുണ്ടാക്കും. എന്നിരുന്നാലും നാലു മുതല്‍ എട്ടു വയസ്സുവരെയാണ് ഇത്തരം ഫോബിയകള്‍ കാണപ്പെടുക. അതുപോലെ ചെറുപ്പത്തില്‍ സംഭവിക്കുന്ന മാനസിക ആഘാതങ്ങള്‍ ഫോബിയ ആയി മാറാം.

  • സ്‌പെസിഫിക്ക് ഫോബിയ

വസ്തുക്കളോടുള്ള ഭയമാണിത്. പാമ്പ്, പാറ്റ, നായ്ക്കള്‍ എന്നിവയെപ്പറ്റി കേള്‍ക്കുമ്പോ ഴേ ആകുലപ്പെടുന്നവരുണ്ട്. അവര്‍ അത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കും. സാധാരണയായി പേടി കുറച്ചു നേരത്തേക്കേ ഉണ്ടാവൂ. എന്നാല്‍ ഫോബിയ ജീവിതകാലം മുഴുവന്‍ ഉണ്ടാകും. പ്രതികരണത്തിന്റെ തോത് വളരെ കൂടുതലായിരിക്കും. പേടിയുണ്ടാകാതിരിക്കാന്‍ ഇത്തരം വസ്തുക്കളെ ഒഴിവാക്കാനായി വ്യക്തി ശ്രമിച്ചുകൊണ്ടേയിരിക്കും. ഇടിയും മിന്നലും പേടി, വെള്ളം ഭയക്കുന്നവര്‍, രക്തത്തിനോടുള്ള ഭയം, ഉയരത്തോട് ഒക്കെയുള്ള ഭയം, ഇടുങ്ങിയ മുറികളോട്, ലിഫ്റ്റിനോട്, സ്ഥലങ്ങളോട് ഉള്ള ഭയം എന്നിങ്ങനെ പലവിധ ഭയങ്ങളുണ്ട്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് സ്‌പെസിഫിക് ഫോബിയ ആണ്.

ഫോബിയകള്‍ ശരിയായ വിധം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് വിഷാദത്തിലേക്ക് നയിച്ചേക്കാം. ഫോബിയ കൂടി വിഷാദരോഗം വന്നാല്‍ മനോരോഗവിദഗ്ധന്റെ സഹായവും ആവശ്യമായി വരും.

  • സോഷ്യല്‍ ഫോബിയ

സമൂഹത്തിലെ ചില സാഹചര്യങ്ങള്‍ നേരിടാനുള്ള ഭയമാണ് സോഷ്യല്‍ ഫോബിയ. സ്ത്രീകളിലാണ് കൂടുതല്‍ കാണപ്പെടുന്നതെങ്കിലും പുരുഷന്മാര്‍ക്കാണ് ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുക. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോഴോ അഭിമുഖീകരിക്കുമ്പോഴോ സ്വയം ഏറെ ഉല്‍ക്കണ്ഠയുള്ളതായിരിക്കുക എന്നതാണ് ഈയവസ്ഥ. തന്റെ മുഖഭാവം മാറുന്നുണ്ടോ, ശബ്ദം പുറത്തു വരുന്നുണ്ടോ, വിയര്‍ക്കുന്നുണ്ടോ, വിക്കല്‍ വരുന്നുണ്ടോ എന്നിങ്ങനെ അമിതമായ ആശങ്കയായിരിക്കും. ഇതോടെ ടെന്‍ഷന്‍ കൂടും. ശരീരത്തില്‍ അലാറമടിക്കും. ഉടനെ ആ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകാനാണ് ശ്രമിക്കുക. സ്വന്തം ഇടത്തില്‍ നന്നായി പാട്ടുപാടുന്നവര്‍ നാലാള്‍ക്കാരുടെ മുന്നില്‍ വരുമ്പോള്‍ തളരും. പെര്‍ഫോമന്‍സ് ഫോബിയയാണിത്. അതുപോലെ കാര്യങ്ങളെല്ലാം നന്നായി അറിഞ്ഞിരുന്നിട്ടും ഒരു സ്റ്റേജില്‍ കയറിയോ, ആള്‍ക്കൂട്ടത്തിനോടോ രണ്ടു വാക്ക് പറയേണ്ട അവസരത്തില്‍ അതിന് സാധിക്കാതെ വരിക.

  • അഗോറ ഫോബിയ

പാനിക് അറ്റാക്ക് കാരണം വരുന്ന അതിഭയങ്കരമായ പേടിയാണിത്. മരിച്ചു പോകുമോ എന്ന തരം പേടി. ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടാല്‍ പോലും തനിക്കെന്തെങ്കിലും സംഭവിക്കുമോ, ഈ ബ്ലോക്കില്‍പെട്ട് തനിക്ക് മരണം സംഭവിക്കുമോ, തന്നെ രക്ഷിക്കാനാരെങ്കിലും വരുമോ എന്നിങ്ങനെ ആശങ്കയുയരും. ഇത്തരം ആശങ്കകള്‍ കാരണം ഒറ്റയ്ക്ക് ഒരിടത്ത് പോകാന്‍ പോലും ഇവര്‍ ഭയക്കും. ഇവര്‍ക്ക് പുറത്തുപോകണമങ്കില്‍ മറ്റാരുടെയെങ്കിലും സഹായം വേണ്ടിവരും.

  • ചികിത്സാമാര്‍ഗങ്ങള്‍

എല്ലാത്തരം ഫോബിയകള്‍ക്കും അടിസ്ഥാനപരമായ ചികിത്സ സൈക്കോതെറാപ്പി അഥവാ മനഃശാസ്ത്ര ചികിത്സയാണ്. ഏത് സാഹചര്യത്തെയാണോ പേടി, അതിനെ നേരിട്ട്, വീണ്ടും നേരിട്ട് ഭയം മാറ്റിയെടുക്കുന്ന സിസ്റ്റമാറ്റിക് ഡീസെന്‍സിറ്റൈസേഷന്‍ എന്ന രീതിയാണതിലൊന്ന്. ഒപ്പം റിലാക്‌സേഷന്‍ ടെക്‌നിക്‌സും ഉപയോഗിക്കുന്നു. അതുപോലെ പ്രാണായാമ, പ്രോഗ്രസ്സീവ് മസ്‌കുലാര്‍ റിലാക്‌സേഷന്‍ ട്രെയിനിങ്ങ് എന്നിവയിലൂടെയും മനസ്സിനെ ശാന്തമാക്കും. ഇപ്പോള്‍ നൂതനമായ വെര്‍ച്വല്‍ റിയാലിറ്റി വഴി ഭയമുളവാക്കുന്ന സാഹചര്യങ്ങളെ പുനഃസൃഷ്ടിച്ചു പോലും ചികിത്സയൊരുക്കുന്നതിന് സാധിക്കും. ഫോബിയകള്‍ ശരിയായ വിധം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് വിഷാദത്തിലേക്ക് നയിച്ചേക്കാം. ചികിത്സ കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ വിഷാദ രോഗം വര്‍ധിച്ച് ആത്മഹത്യയിലേക്കുവരെ ചെന്നെത്താം. ഫോബിയ കൂടി വിഷാദരോഗം വന്നാല്‍ മനോരോഗവിദഗ്ധന്റെ സഹായവും ആവശ്യമായി വരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org