തിരിച്ചറിയാം, പരിഹരിക്കാം പാനിക് അറ്റാക്ക്

തിരിച്ചറിയാം, പരിഹരിക്കാം പാനിക് അറ്റാക്ക്

മേരി ചില സമയങ്ങളില്‍ ആകെ അസ്വസ്ഥയാണ്. ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോ എന്ന പേടി തുടങ്ങിയവ അനുഭവപ്പെടുന്നു. കാര്‍ഡിയോളജിസ്റ്റിന്റെ കീഴിലും മറ്റു ഡോക്‌ടേഴ്‌സിന്റെ കീഴിലും മെഡിക്കല്‍ പരിശോധനകള്‍ നടത്തി. പരിശോധനകളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇത് ഉത്കണ്ഠമൂലമുള്ള പാനി ക് അറ്റാക്കാണെന്ന് പറഞ്ഞു. ഇത്തരം അവസ്ഥമൂലം മേരിയാകെ തകര്‍ന്നിരിക്കുകയാണ്.

സമൂഹത്തില്‍ 1.5 മുതല്‍ 3.5 ശതമാനം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും പാനിക് അറ്റാക്ക് ഡിസോര്‍ഡര്‍മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പുരുഷന്മാരെക്കാള്‍ സ്ത്രീകളില്‍ ഇതിന് സാധ്യത രണ്ടിരട്ടിയാണ്. ഏകദേശം 25 വയസ്സിനോടടുത്താണ് മിക്കവരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. വിവാഹമോചനം,തൊഴില്‍ നഷ്ടപ്പെടല്‍, ഉറ്റവരുടെ മരണം തുടങ്ങിയ വിഷമഘട്ടങ്ങളെ തുടര്‍ന്നായിരിക്കും പലരിലും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. എന്നാല്‍, ചെറുപ്പക്കാലത്ത് മാനസികസംഘര്‍ഷങ്ങള്‍ അനുഭവിച്ചവര്‍ക്ക് പാനിക് ഡിസോര്‍ഡര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നതിന് ശാസ്ത്രീയതെളിവുകള്‍ ലഭിച്ചുവരികയാണ്. പാനിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ മറ്റു മാനസികരോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. ചിലരെങ്കിലും സ്വയം ചികിത്സയ്ക്കായി മദ്യവും ഉറക്കഗുളികകളും അമിതമായി ഉപയോഗിച്ച് അതിന് അടിമപ്പെടാറുണ്ട്.

കാരണങ്ങള്‍

തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികള്‍ പരസ്പര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ അസന്തുലിതാവസ്ഥമൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിന്റെ അളവ് അമിതമാകുന്നതാകാം അസുഖകാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. തലച്ചോറിലെ ബ്രെയിന്‍സ്റ്റം, ലിംബിക് വ്യൂഹം, പ്രീ ഫ്രോണ്ടല്‍ കോര്‍ടക്‌സ് എന്നീ ഭാഗങ്ങളാണ് ഉത്കണ്ഠയെ നിയന്ത്രിക്കുന്നത്. പാനിക് ഡിസോര്‍ഡര്‍ ഒരു പാരമ്പര്യരോഗമായി വരാനുള്ള സാധ്യത 4.8 ശതമാനം വരെയാണ്.

ലക്ഷണങ്ങള്‍

താഴെ പറയുന്ന ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാലെണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറുണ്ടെന്ന് കാണാം.

കാരണം കൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചിലെ അസ്വസ്ഥത, വയറ്റില്‍ കാളിച്ച, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുള്ള തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കല്‍.

അസ്വസ്ഥമായ ചിന്തകളെ കുറിച്ചും, പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരികലക്ഷണങ്ങളെക്കുറിച്ചും വിശദമായി ആരായുക, പാനിക് അറ്റാക്ക് അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗിയുടെ പെരുമാറ്റ രീതികളെക്കുറിച്ചുള്ള അനേ്വഷണം, മറ്റു മാനസികരോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയുക എന്നിവ ചെയ്യേണ്ടതാണ്. വിശദമായ ശാരീരിക-മാനസിക പരിശോധനയിലൂടെ രോഗം പാനിക് ഡിസോര്‍ഡറാണെന്നു തെളിഞ്ഞാല്‍ മാനസികാരോഗ്യവിദഗ്ധന്റെ ചികിത്സയായിരിക്കും അഭികാമ്യം. മറ്റേത് ശാരീരിക മാനസിക രോഗങ്ങളെയും പോലെ പാനിക് ഡിസോര്‍ഡറും ഫലപ്രദമായി നിയന്ത്രിക്കാന്‍ നിരവധി ഔഷധങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇവിടെ ഒരു മനോരോഗവിദഗ്ധന്റെ സഹായം തേടേണ്ടതാണ്.

കോഗ്‌നിറ്റീവ്- ബിഹേവിയര്‍ തെറാപ്പി

മരുന്നിലൂടെയല്ലാതെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെയും നിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്‌നകാരണങ്ങളുമായി പൊരുത്തപ്പെടുകയും അവയെ എങ്ങനെ നിയന്ത്രിക്കാമെന്നു പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസനവ്യായാമങ്ങളും മറ്റു വ്യായാമങ്ങളും വിശ്രമരീതികളും കൂടി ഇതിലുള്‍പ്പെടുന്നു. കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി മിക്ക രോഗികളിലും കാര്യമായ പുരോഗതി ഉണ്ടാക്കാറുണ്ട്. കൃത്യമായ ചികിത്സ ദീര്‍ഘകാലം തുടര്‍ന്നാല്‍ 30-40 ശതമാനം പേര്‍ക്കും ഏകദേശം പൂര്‍ണ്ണമായ രോഗശമനം ലഭിക്കാറുണ്ട്. എന്നാല്‍ പകുതിയോളം പേരില്‍ പൂര്‍ണ്ണമായ രോഗശമനം ലഭിച്ചില്ലെങ്കിലും ശരിയായ ചികിത്സ ലഭിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാതെ ദൈനംദിനജീവിതത്തെ ബാധിക്കാതെ മുന്നോട്ട് പോകാവുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org