ഒബ്‌സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ നിയന്ത്രിക്കാന്‍ മനഃശാസ്ത്ര വഴികള്‍

ഒബ്‌സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ നിയന്ത്രിക്കാന്‍ മനഃശാസ്ത്ര വഴികള്‍

ജാസ്മിന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വല്ലാത്ത അവസ്ഥയിലാണ്. അവളുടെ മനസ്സിലേക്ക് ഇടയ്ക്കിടയ്ക്ക് പലതരത്തിലു ള്ള തെറ്റായ ചിന്തകളാണ് തെളിയുന്നത്. ജാസ്മിന്‍ ഒരിക്കലും ഇത്തരം തെറ്റായ കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പാണ്. എന്നാലും ഇത്തരം ദൃശ്യങ്ങള്‍ മനസ്സില്‍ വരുമ്പോള്‍ സന്തോഷം നഷ്ടപ്പെടുന്നു, ഉല്‍ക്കണ്ഠകള്‍ വര്‍ധിക്കുന്നു.

ഒബ്‌സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ മസ്തിഷ്‌കത്തിലെ ചില രാസവസ്തുക്കളുടെ അളവിലും പ്രവര്‍ത്തനശേഷിയിലുമുള്ള വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്നതാണ്. സമൂഹത്തിലെ രണ്ടു ശതമാനത്തോളം പേരില്‍ ഈ അവസ്ഥ കാണപ്പെടുന്നുണ്ട്. കൗമാരത്തിലോ, യൗവനാരംഭത്തിലേ ആണ് ഈ രോഗം ആരംഭിക്കുന്നത്. ഒ സി ഡി ബാധിച്ചവരില്‍ സിറട്ടോണില്‍, ഡോപ്പമിന്‍ എന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനത്തില്‍ തകരാറുകളുണ്ടെന്ന് വിവിധ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. തലച്ചോറിലെ ഓര്‍ബിറ്റോ, ഫ്രോണ്ടല്‍ ഗൈറസ്, ബേസല്‍ ഗാംഗ്ഗിയ എന്നിവിടങ്ങളിലും പ്രവര്‍ത്തന തകരാറുകള്‍ കണ്ടുവരാറുണ്ട്. ബാല്യകാല ദുരനുഭവങ്ങള്‍, അതിമാനസിക സംഘര്‍ഷമുണ്ടാകുന്ന ജീവിത സാഹചര്യങ്ങള്‍, മാതാപിതാക്കളുടെ അമിതശിക്ഷ എന്നിവയൊക്കെ ഒ സി ഡി ക്ക് കാരണമാകാം.

ഒ സി ഡി യുടെ ഭാഗമായി പലതരത്തിലുള്ള ചിന്തകള്‍ മനസ്സിലേക്ക് കടന്നുവരാം. അവയില്‍ ചിലത് ഇങ്ങനെയാണ്. കയ്യിലോ ശരീരത്തിലോ അഴുക്ക് ഇരിപ്പുണ്ടെന്ന് ആവര്‍ത്തിച്ചുള്ള തോന്നല്‍. ഇതുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠ കുറയ്ക്കാന്‍ ആവര്‍ത്തിച്ച് കൈ കഴുകുകയോ, കുളിക്കുകയോ ചെയ്യുക. ഏതെങ്കിലും പ്രവൃത്തികള്‍ ചെയ്തു കഴിഞ്ഞാല്‍ അതു ശരിക്കും ചെയ്തിട്ടുണ്ടോ എന്ന സംശയം. ഉദാ: കതകിന്റെ കുറ്റിയിട്ട് ഏതാനും മിനിറ്റ് കഴിയുമ്പോള്‍ കുറ്റി ശരിക്കും ഇട്ടിട്ടുണ്ടോ എന്ന് സംശയിച്ച് വീണ്ടും പല തവണ പോയി പരിശോധിക്കുക.

അമിതമായ അടുക്കും ചിട്ടയും പുസ്തകങ്ങളും മറ്റ് വസ്തുക്കളും സവിശേഷ രീതിയില്‍ അടുക്കി വെച്ചിട്ടില്ലെങ്കില്‍ ഉത്ക്കണ്ഠയുണ്ടാകുകയും അത് കുറയ്ക്കാനായി വീണ്ടും അടുക്കിവയ്ക്കുക. രക്തബന്ധത്തിലുള്ളവരുടെ ലൈംഗിക ദൃശ്യങ്ങള്‍ മനസ്സിലേക്ക് കടന്നുവരുക. ഇതുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠ കുറയ്ക്കുവാനായി അങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് ആരോടെങ്കിലും ചോദിച്ച് സംശയനിവൃത്തി വരുത്തുക. പലപ്പോഴും ആവര്‍ത്തിച്ചുള്ള ചിന്തകള്‍ കാരണം ദൈനംദിന പ്രവൃത്തികള്‍ വൈകുകയോ തടസ്സപ്പെടുകയോ ചെയ്യുന്നത് സാധാരണമാണ്. ഇതുമൂലം രോഗിയുടെ ജീവിതചര്യകളിലും പ്രവൃത്തികളിലുമെല്ലാം മാന്ദ്യം പ്രകടമാകും.

ചികിത്സകള്‍

രണ്ടു തരം ചികിത്സാരീതികളാണ് ഈ അവസ്ഥയ്ക്കുള്ളത്. ഔഷധചികിത്സയും മനഃശാസ്ത്ര ചികിത്സയും. ചികിത്സയ്ക്ക് പരമപ്രധാനം ശരിയായ രോഗനിര്‍ണ്ണയമാണ്. രോഗിയുടെ ചിന്തകള്‍, അനുഷ്ഠാനക്രമങ്ങള്‍, അവയ്ക്കു വേണ്ടി വരുന്ന സമയം. എത്ര പ്രാവശ്യം ചെയ്യേണ്ടി വരുന്നു എന്നിവ ഒ സി ഡി ഉള്ളയാള്‍ കൃത്യമായി വിവരിച്ചെങ്കില്‍ മാത്രമെ മനഃശാസ്ത്ര വിദഗ്ദ്ധന് സഹായിക്കാനാകൂ.

ഒ സി ഡി ബാധിതര്‍ക്ക് അവരുടെ അസ്വാഭാവിക ചിന്തകളെ സ്വയം നിയന്ത്രിക്കുവാന്‍ സഹായിക്കുന്ന ഒരു ചികിത്സാരീതിയാണ് 'ബ്രെയിന്‍ ലോക്ക്'. അമേരിക്കന്‍ മനഃശാസ്ത്രജ്ഞനായ ജഫ്രി ഷ്വാര്‍ട്ക് വികസിപ്പിച്ചെടുത്ത ഈ മനഃശാസ്ത്ര ചികിത്സയ്ക്ക് ഭൗതിക ജൈവ-സ്വഭാവ സ്വയം ചികിത്സ (കൊഗ്നിറ്റീവ് ബയോ ബിഹേവിയറല്‍ സെല്‍ഫ് തെറാപ്പി) എന്നും പറയുന്നു. സ്വന്തം ചികിത്സകളെ നാലു ഘട്ടങ്ങളിലൂടെ സ്വയം നിയന്ത്രിക്കാന്‍ രോഗിയെ ശാക്തീകരിക്കുന്ന ചികിത്സയാണിത്. ഇതിന്റെ നാലു ഘട്ടങ്ങള്‍ ഇവയാണ്.

പുനര്‍നാമകരണ ഘട്ടം

ഇടയ്ക്കിടെ മനസ്സിലേക്ക് ക്ഷണിക്കാതെ കടന്നുവരുന്ന ചിന്തകള്‍ തന്റെ കുറ്റം കൊണ്ടുണ്ടാകുന്നതല്ലെന്നും, മറിച്ച് മസ്തിഷകത്തിലെ രാസവസ്തുക്കളിലെ വ്യതിയാനം മൂലമുണ്ടാകുന്ന രോഗലക്ഷണമാണെന്നും രോഗി തിരിച്ചറിയുന്നു. ചിന്തകള്‍ കംപല്‍ഷന്‍ എന്ന രോഗലക്ഷണമാണെന്നും അവയെ ഗൗരവത്തിലെടുക്കാതിരിക്കാന്‍ പരിശ്രമിക്കണമെന്നും രോഗി മനസ്സിലാക്കുന്നു.

പുനരാരോപണ ഘട്ടം

തനിക്കുണ്ടാകുന്ന പ്രയാസങ്ങളെല്ലാം ഒ സി ഡി എന്നു പറയുന്ന ജൈവിക അടിസ്ഥാനമുള്ള ഒരു രോഗത്തിന്റെ ഫലമാണെന്നു രോഗി തിരിച്ചറിയുന്ന ഘട്ടമാണിത്. മനസ്സിലേക്ക് ചിന്തകള്‍ കടന്നുവരുമ്പോള്‍ ഇതു ഞാനുണ്ടാക്കുന്നതല്ല. ഒ സി ഡി എന്ന രോഗത്തിന്റെ ലക്ഷണമാണിത് എന്ന് മനസ്സിനോട് പറയാനാണിവിടെ ശ്രമിക്കേണ്ടത്. കംപല്‍ഷന്‍ പ്രവൃത്തികള്‍ മനഃപൂര്‍വം ചെയ്യാതിരുന്നാല്‍ നിശ്ചിത സമയം കഴിയുമ്പോള്‍ ഉല്‍ക്കണ്ഠ കുറയുകയും, ക്രമേണ മനസ്സിലേക്ക് കടന്നുവരുന്ന ഒബ്‌സഷന്‍ ചിന്തകളുടെ തോത് കുറയുകയും ചെയ്യും. എന്നാല്‍, ചില രോഗികളിലെങ്കിലും ചിന്തകളോടനുബന്ധിച്ചുണ്ടാകുന്ന ഉല്‍ക്കണ്ഠ കുറയ്ക്കാനുള്ള റിലാക്‌സേഷന്‍ പരിശീലനങ്ങളും ഈ ഘട്ടത്തില്‍ ആവശ്യമാണ്.

പുനഃശ്രദ്ധ കേന്ദ്രീകരണ ഘട്ടം

മനസ്സിലേക്ക് കടന്നുവരുന്ന ചിന്തകളില്‍ നിന്ന് ശ്രദ്ധ മാറ്റി, മറ്റെന്തെങ്കിലും ആഹ്ലാദകരമായ ചിന്തകള്‍ മനസ്സില്‍ നിറയ്ക്കാനാണിവിടെ ശ്രമിക്കുന്നത്. ഇതിനായി പതിനഞ്ച് മിനിറ്റ് നിയമം (ഫിഫ്റ്റീന്‍ മിനിറ്റ് റേറ്റ്) രോഗി പരിശീലിക്കണം. മനസ്സിലുണ്ടാകുന്ന ഉല്‍ക്ക ണ്ഠ പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി നീണ്ടുനില്‍ ക്കാറില്ല. ഉല്‍ക്കണ്ഠ ഉളവാക്കുന്ന ചിന്ത മനസ്സിലേക്കു വരുമ്പോള്‍ പതിനഞ്ചു മിനിറ്റ് നേരത്തേക്ക് ശ്രദ്ധ അതില്‍ നിന്നുമാറ്റി, മറ്റെന്തെങ്കിലും ആഹഌദകരമായ കാര്യങ്ങളിലേക്ക് കേന്ദ്രീകരിച്ചാല്‍, മനസ്സിലെ ഉല്‍ക്കണ്ഠ ഇല്ലാതാകും. പതിനഞ്ച് മിനിറ്റ് ഇത്തരം കാര്യങ്ങളില്‍ മനസ്സ് പൂര്‍ണ്ണമായും വ്യാപൃതമായിരുന്നാല്‍, അതു കഴിയുന്നതോടെ ഉല്‍ക്കണ്ഠ അപ്രത്യക്ഷമായത് അനുഭവിച്ചറിയാം. ഇത് ആവര്‍ത്തിച്ച് ചെയ്യാന്‍ ശ്രമിക്കുന്നതോടെ ഒബ്‌സഷന്‍ ചിന്തകള്‍ മനസ്സിലേക്ക് കടന്നുവരുമ്പോഴുണ്ടാകുന്ന ഉല്‍ക്കണ്ഠ കുറയുന്നു.

പുനര്‍മൂല്യനിര്‍ണ്ണയ ഘട്ടം

മനസ്സിലേക്ക് കടന്നുവരുന്ന ചിന്തകളെ 'നിഷ്പക്ഷമായി' നിരീക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയാണിത്. ഒബ്‌സഷന്‍ ചിന്തകളുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠ ഇല്ലാതാകുന്നതോടെ ആ ചിന്തകളും മറ്റ് ചിന്തകളെപ്പോലെ മനസ്സില്‍ ഇടയ്ക്കുവന്നുപോകുന്ന അവസ്ഥയിലേക്കെത്തും. ചിന്തകളെ നല്ലത്, ചീത്ത എന്നിങ്ങനെ തരം തിരിക്കാതെ, അവയെ നിരീക്ഷിക്കുന്ന അവസ്ഥയാണിത്. കുറച്ചുകാലം ഇതു തുടരുന്നതോടെ ഈ ചിന്തകള്‍ മനസ്സിലേക്ക് കടന്നുവരുന്നതിന്റെ തോത് കുറഞ്ഞു വന്ന് ക്രമേണ അവ പൂര്‍ണ്ണമായി ഇല്ലാതാകുന്നു.

അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളെ ആക്രമിച്ച്, അവയെ ഇല്ലാതാക്കാന്‍ തുടക്കത്തിലേ ശ്രമിക്കുന്നത് പലപ്പോഴും വിപരിത ഫലമേ ഉളവാക്കൂ. ആ ചിന്തകളെ ഇല്ലാതാക്കാന്‍ ശ്രമിക്കാതെ, അവരുമായി ബന്ധപ്പെട്ട ഉല്‍ക്ക ണ്ഠ കുറയ്ക്കാനാണ് നാം ബ്രയിന്‍ ലോക്കിലൂടെ ശ്രമിക്കുന്നത്. ഇതുവഴി ക്രമേണ ആ ചിന്തകള്‍ മനസ്സിന് ഒരുവിധത്തിലുള്ള അസ്വസ്ഥതയുമുണ്ടാക്കാത്ത അവസ്ഥയിലെത്തുകയും, പതിയെ ഇല്ലാതാകുകയും ചെയ്യും.

ബ്രയിന്‍ ലോക്ക് മരുന്നുകളോടൊപ്പമോ അല്ലാതെയൊ ഉപയോഗിക്കാവുന്ന മനഃശാസ്ത്ര ചികിത്സാരീതിയാണ്. ഒ സി ഡി എന്ന അസുഖത്തിന്റെ ജൈവിക അടിസ്ഥാനം പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടുള്ള ഒരു ചികിത്സാരീതിയാണിത്. ഇതിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു രോഗിക്ക് തന്റെ ചിന്തകളെ സ്വയം നിയന്ത്രിക്കാന്‍ ഫലപ്രദമായി സാധിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org