വാര്‍ധക്യത്തിലെ മാനസികാരോഗ്യശ്രദ്ധ

വാര്‍ധക്യത്തിലെ മാനസികാരോഗ്യശ്രദ്ധ

പ്രായമാകല്‍ എന്നത് ജനനംമുതല്‍ അവസാനം വരെ നീളുന്ന ഒരു പ്രക്രിയയാണ്. ഓരോ ഘട്ടത്തിലും ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങള്‍ അതിന്റെ ഭാഗമായി സംഭവിക്കുന്നു.

പ്രായമുള്ളവരില്‍ ഭൂരിഭാഗവും ചിന്തിക്കുന്നത്, ഇത്രയും കാലമൊക്കെ അദ്ധ്വാനിച്ചില്ലേ, ഇനി കുറേനാള്‍ വിശ്രമിക്കണം, എന്നാണ്. യാതൊന്നും ചെയ്യാതെ ഭക്ഷണം കഴിച്ചും ടി വി കണ്ടും മദ്യപിച്ചും ദിവസങ്ങള്‍ തള്ളി നീക്കിയാല്‍ ഇപ്പോഴുള്ള ആരോഗ്യവും നഷ്ടപ്പെടാം, മാരക രോഗങ്ങള്‍ക്ക് അടിമപ്പെടാം. മരണത്തിനെ കാത്തിരിക്കുന്നപോലെ അനുഭവപ്പെടുകയും, അതുകൊണ്ട് അറിയാതെ അതിനുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്യാം. പ്രയോജനപ്രദമായി എപ്പോഴും പ്രയത്‌നിക്കുമ്പോഴാണ് സംതൃപ്തിയും സമാധാനവും കടന്നുവരിക.

ജോണ്‍ റോഡ്, റോബര്‍ട്ട്കാള്‍ എന്നിവര്‍ വിജയകരമായ വാര്‍ധക്യത്തെക്കുറിച്ച് വിപുലമായ ആശയങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. രോഗങ്ങളില്‍ നിന്നും മറ്റു വൈകല്യങ്ങളില്‍ നിന്നുമുള്ള മോചനമാണ് വിജയകരമായ വാര്‍ധക്യത്തിന്റെ ഒരു ഘടകമായി ഇവര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇങ്ങനെ നോക്കിയാല്‍ 90% വൃദ്ധന്മാര്‍ക്കും വിജയകരമായ വാര്‍ധക്യം അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് നിരവധി വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. പ്രായമാകല്‍ എന്നത് ജനനംമുതല്‍ അവസാനം വരെ നീളുന്ന ഒരു പ്രക്രിയയാണ്. ഓരോ ഘട്ടത്തിലും ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങള്‍ അതിന്റെ ഭാഗമായി സംഭവിക്കുന്നു. മാനസിക മാറ്റങ്ങളില്‍ പ്രധാനപ്പെട്ടത് ഓര്‍മ്മക്കുറവാണ്. പേരുകള്‍ മറക്കുക. സാധനങ്ങള്‍ എവിടെ വച്ചുവെന്ന് മറക്കുക മുതലായവ സംഭവിക്കുന്നു. മറ്റൊരു മാറ്റം ശരീരത്തിലെ ഡോപ്പമിന്റെ (dopamine) അളവിലെ വ്യതിയാനം മൂലമാണ്. ഡോപ്പമിന്റെ അളവ് കുറയുമ്പോള്‍ അനാവശ്യ റിസ്‌ക് എടുക്കലുകള്‍ കുറയുന്നു. അതുവഴി ജീവിതം കുറച്ചുകൂടി സേഫ് ആകുന്നു.

പ്രായമായവരിലെ സംഘര്‍ഷങ്ങള്‍

ശാരീരികം: ജീവിതകാലം മുഴുവന്‍ സജീവമായിരുന്ന, വിരമിച്ച പല ആളുകള്‍ക്കും ഈ പുതിയ അവസ്ഥ വളരെ നിരാശാജനകമാണ്. തനിക്കിനിയും ഏറെ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്ന് മനസ്സുകൊണ്ട് വിശ്വസിക്കുമ്പോഴും ശരീരം അനുവദിച്ചില്ലെങ്കില്‍ അത് നിരാശയിലേക്കും ക്രമേണ വിഷാദത്തിലേക്കും നയിക്കാം. കൂടാതെ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, കാന്‍സര്‍, അമിതവണ്ണം മുതലായ ശാരീരികരോഗങ്ങളും മാനസികാവസ്ഥയും പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ നേത്രരോഗങ്ങള്‍, കേള്‍വിത്തകരാറുകള്‍, വിളര്‍ച്ച, ഉറക്കക്കുറവ്, അസ്ഥിസംബന്ധമായ രോഗങ്ങള്‍, സന്ധിവേദന മുതലായവയും അലട്ടുന്നു. ഇത്തരത്തിലുള്ള രോഗങ്ങള്‍ ദീര്‍ഘകാലം നില്‍ക്കുന്ന പല മാനസിക ബുദ്ധിമുട്ടുകളിലേക്കും നയിക്കാം.

ഒറ്റപ്പെടല്‍: കൂട്ടുകുടുംബ വ്യവസ്ഥിതി മാറിയപ്പോള്‍ മക്കളുടെ അഭാവം വലിയ ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ഇത് വൃദ്ധരായ മാതാപിതാക്കളെ പലപ്പോഴും ഒരു ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. മക്കളെയും കൊച്ചുമക്കളെയും ഒക്കെ ഒന്നു കാണുവാനുള്ള തീവ്ര ആഗ്രഹം സാധിക്കാതെ വരുമ്പോള്‍ പലരിലും പതിയെ അത് വിഷാദത്തിന് വഴിയൊരുക്കാം.

മരണം: കുടുംബാംഗങ്ങളെയോ, സുഹൃത്തുക്കളെയോ നഷ്ടപ്പെടുമ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ നന്നേ കഷ്ടപ്പെടുന്നു. നാം സ്‌നേഹിക്കുന്ന വ്യക്തികളുടെ നഷ്ടം ആരിലും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും, വാര്‍ധക്യത്തില്‍ അതുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ പ്രയാസം നേരിടും. പ്രതേ്യകിച്ച് പങ്കാളിയുടെ വിയോഗത്തിലൂടെയുണ്ടാകുന്ന ഏകാന്തത, പലരിലും കഠിനമാകുന്നു.

ആശ്രിതത്വം: എല്ലാ കാര്യങ്ങള്‍ക്കും പെട്ടെന്നു മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നത് വൃദ്ധജനങ്ങള്‍ക്ക് ആകുലതകള്‍ ഉളവാക്കുന്നു. പലപ്പോഴും, വസ്ത്രം മാറ്റിയുടുക്കുന്നതിലും, കുളിമുറി ഉപയോഗിക്കുന്നതിലും ഉള്‍പ്പെടെയുള്ള ദൈനം-ദിന കാര്യങ്ങളിലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു.

ഓര്‍മ്മക്കുറവ്: ഓര്‍മ്മശക്തി നഷ്ടപ്പെടുന്നത് ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ്. നിങ്ങള്‍ മരുന്ന് കഴിച്ചുവോ ഇല്ലയോ എന്നതോ ഓര്‍ത്തെടുക്കാനാകാത്ത ഒരവസ്ഥ. ഈ ഓര്‍മ്മക്കുറവ് മറവി രോഗങ്ങളെപ്പറ്റിയുള്ള ആകുലതയിലേക്ക് നയിക്കാം.

ഉറക്കമില്ലായ്മ: ഉറക്കമില്ലായ്മ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. വ്യായാമത്തിന്റെ അഭാവവും ഇതിലേക്ക് നയിക്കാം. ഉപയോഗിക്കപ്പെടാത്ത അധിക ഊര്‍ജ്ജം ശരീരത്തില്‍ ഉള്ളപ്പോള്‍ ദീര്‍ഘനേരം ഉറങ്ങുവാന്‍ ബുദ്ധിമുട്ടാണ്. അമിതഭക്ഷണം, മരണഭയം, വേദനകള്‍ ഇവയും ഉറക്കക്കുറവിന് കാരണമാകാം.

മാനസിക രോഗങ്ങള്‍: വാര്‍ധക്യത്തില്‍ കൂടുതലായി കണ്ടുവരുന്ന മാനസിക രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഉത്കണ്ഠാരോഗം, വിഷാദം, ബൈപോളാര്‍ മൂഡ് ഡിസോഡര്‍, ധൈഷ്ണിക വൈകല്യം (Cognitive Impairment) എന്നിവയാണ്. ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് രോഗം, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവയും കാണാവുന്നതാണ്.

വാര്‍ധക്യത്തെ അനുഗ്രഹമാക്കാന്‍

ശരീരഭാര നിയന്ത്രണം: നമ്മുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം നമ്മുടെ കൈകളിലാണ്. നമ്മള്‍ ആഗ്രഹിച്ചാല്‍ മാത്രമേ ആരോഗ്യാവസ്ഥ കൈവരൂ. ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും വിശ്വസിക്കുന്നതുമായ കാര്യങ്ങളാണ് ലഭിക്കുക. നിങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിലാണ്. ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കുന്നത് സങ്കല്പിക്കുകയും സ്വപ്നം കാണുകയും ചെയ്യണം.

ഭക്ഷണ നിയന്ത്രണം: പ്രായമാകുമ്പോഴുണ്ടാകുന്ന അ സുഖങ്ങളില്‍ എല്ലാത്തിനും - ഒരു പരിധിവരെ - ഭക്ഷണവുമായി ബന്ധമുണ്ട്. ചില രോഗങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നതാണ് എന്ന് സമ്മതിക്കുമ്പോഴും, ഭക്ഷണനിയന്ത്രണത്തിലൂടെ അവയെ നിയന്ത്രണാധീനമാക്കാം, ചിലതൊക്കെ പൂര്‍ണ്ണമായും മാറ്റിയെടുക്കുകയുമാകാം.

വ്യായാമം ചെയ്യണം : വാര്‍ധക്യത്തിലും ആരോഗ്യവാനായിരിക്കാന്‍ 30 വയസ്സു തൊട്ട് വ്യായാമത്തിലേര്‍പ്പെടുക. പക്ഷേ, നിങ്ങളത് ചെയ്തു ശീലിച്ചിട്ടില്ലെങ്കില്‍ ഏത് പ്രായത്തിലും തുടങ്ങാവുന്നതേയുള്ളൂ. വ്യായാമത്തിലൂടെ ഊര്‍ജ്ജസ്വലതയും ഉന്മേഷവും ആത്മപ്രശംസയും ഉണ്ടാക്കിയെടുക്കണം.

മനസ്സിനും വ്യായാമം: പുതിയതായി എന്തെങ്കിലും പഠിക്കുക. ഒരു വൈദഗ്ദ്ധ്യം ആര്‍ജ്ജിക്കുക. ഒരു പുതിയ ഭാഷ അനായാസമായി കൈകാര്യം ചെയ്യുവാനുള്ള സിദ്ധി ഉണ്ടാക്കിയെടുക്കുക. ചുറ്റുപാടു നടക്കുന്ന കാര്യങ്ങളില്‍ താത്പര്യമെടുക്കുക. പത്രങ്ങളിലെ എഡിറ്റോറിയല്‍ വായിച്ച് അതുമായി യോജിക്കുന്നുണ്ടോ എന്ന് ചിന്തിച്ചുനോക്കുക. ഇഷ്ടവിഷയത്തിലെ നൂതനമായ വികാസങ്ങള്‍ അറിയാന്‍ ശ്രമിക്കുക.

ആത്മീയത: എല്ലാവരോടും സ്‌നേഹം പ്രകാശിപ്പിക്കുക. അവരിലെ നന്മ കണ്ടെത്താന്‍ ശ്രമിക്കുക. ഈ സ്‌നേഹം എല്ലാ ജീവജാലങ്ങളോടും ഉണ്ടായിരിക്കുന്നത് ഗുണം ചെയ്യും. തന്നാലാകുന്ന വിധം എല്ലാവരേയും സഹായിക്കുക. യാതൊരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ. ഈ പ്രപഞ്ചത്തിലൂടെ പോകാന്‍ കഴിഞ്ഞത് ഒരു മഹാഭാഗ്യമല്ലേ? അതുപോലെ ആത്മീയത വിജയകരമായ വാര്‍ധക്യത്തോട് ബന്ധപ്പെട്ട് കിടക്കുന്നു. മനസ്സില്‍ ഏറ്റവും അടുപ്പം സൂക്ഷിക്കുന്നവരുമായി തുറന്നു സംസാരിക്കാന്‍ ശ്രമിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org