അറിയാം പരിഹരിക്കാം പഠന വൈകല്യങ്ങള്‍

അറിയാം പരിഹരിക്കാം
പഠന വൈകല്യങ്ങള്‍
''അറിയാതെ പോകുന്ന പഠനവൈകല്യം മൂലം ഭാവി നഷ്ടപ്പെടുന്ന കുട്ടികള്‍ നിരവധിയാണ്. പഠനവൈകല്യചികിത്സയില്‍ പ്രാവീണ്യം നേടിയ മനശ്ശാസ്ത്രജ്ഞരും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ചേര്‍ന്ന് പരിശ്രമിച്ചാല്‍ ഇത്തരം കുട്ടികളെ രക്ഷിക്കാന്‍ സാധിക്കും.''

റോണ്‍ പഠനകാര്യത്തില്‍ ഒരുപാട് പുറകിലാണ്, അവന് മാര്‍ക്ക് തീരെ കുറവാണ്, അവന്‍ എഴുതുമ്പോള്‍ അക്ഷരങ്ങള്‍ പലതും വിട്ടുപോകുന്നു. കണക്ക് അവന് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ മറ്റു കര്യങ്ങളില്‍ കുട്ടി വളരെ സമര്‍ത്ഥനാണ്. സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോള്‍ അസ്സസ്സ്‌മെന്റിനുശേഷം പഠന വൈകല്യമാണെന്നറിയിച്ചു.

കുട്ടികള്‍ വിദ്യാഭ്യാസരംഗത്ത് മോശമാവുന്നതിന്റെ ഒരു പ്രധാന കാരണമാണ് പഠനവൈകല്യം (L.D.). ഇത് ബുദ്ധിമാന്ദ്യമല്ല, മനോരോഗമല്ല. ഇതൊരു വൈകല്യ സമുച്ചയമാണ്. കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനക്ഷമതയിലെ വ്യതിയാനങ്ങളാണ് പഠനവൈകല്യത്തിന്റെ അടിസ്ഥാന കാരണം. മസ്തിഷ്‌കത്തിന്റെ ആകെയുള്ള വളര്‍ച്ച സാധാരണമാണ്. പക്ഷേ, വായന, എഴുത്ത്, ഭാഷ, ഉച്ചാരണം, ഗണിതം ഇവയിലേതിലെങ്കിലുമുള്ള കഴിവിന് അടിസ്ഥാനമായ സൂക്ഷ്മമായ മസ്തിഷ്‌കകോശങ്ങള്‍ വേണ്ടത്ര വളര്‍ന്നിട്ടുണ്ടാവില്ല. തത്ഫലമായി വൈകല്യമുള്ള കുട്ടിക്ക്, ബുദ്ധിയുണ്ടെങ്കിലും അതു പ്രകടിപ്പിക്കാന്‍ പറ്റാതാകുന്നു.

എഴുത്ത്, വായന, കണക്ക് മുതലായ ഏതെങ്കിലുമൊരു കഴിവിനെ മാത്രമേ വൈകല്യം ബാധിക്കാറുള്ളൂ. പഠനത്തില്‍ പിന്നാക്കമാണെങ്കിലും ബുദ്ധിശക്തി സാധാരണയോ അതിലധികമോ ഉണ്ടാകും. പക്ഷേ, യഥാര്‍ത്ഥ ബുദ്ധിശക്തിയും അംഗീകൃത വിദ്യാഭ്യാസരീതിയനുസരിച്ചുള്ള വളര്‍ച്ചയും തമ്മിലുള്ള പൊരുത്തക്കേടുമൂലം വൈകല്യമുള്ള കുട്ടികള്‍ പഠനകാര്യത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ 20 ശതമാനം പേര്‍ പഠനത്തില്‍ മോശമാണെന്ന് ഇന്ത്യയിലെയും വിദേശങ്ങളിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നു, ഏകദേശം പത്തു ശതമാനം കുട്ടികള്‍ക്ക് പഠനവൈകല്യമുണ്ടെന്നാണ്. ആണ്‍കുട്ടികളിലാണ് പെണ്‍കുട്ടികളെ അപേക്ഷിച്ച് കൂടുതല്‍ പഠനവൈകല്യമുള്ളത്.

കാരണങ്ങള്‍

85 ശതമാനം കുട്ടികളിലും ജനിതകകാരണങ്ങള്‍ മൂലമാണ് പഠനവൈകല്യമുണ്ടാകുന്നത്. പ്രസവസമയത്തും അതിനുമുന്‍പും പിന്‍പും മസ്തിഷകത്തിനേല്ക്കുന്ന ക്ഷതങ്ങള്‍ പഠനവൈകല്യത്തിനു കാരണമാകാം. അണുബാധ, ഗര്‍ഭധാരണസമയത്ത് അമ്മ കഴിച്ചിരുന്ന ചില മരുന്നുകള്‍, പോഷകാഹാരത്തിന്റെ അഭാവം മുതലായ കാരണങ്ങളും പ്രധാനമാണ്.

പഠനവൈകല്യമുള്ള കുട്ടികളുടെ ഭാഷ, എഴുത്ത്, വായന, ഗുണനഹരണങ്ങള്‍ എന്നിങ്ങനെ ഏതു കഴിവിനാണ് വൈകല്യമെന്നതിനനുസരിച്ചുള്ള തകരാറുകള്‍ ആ കഴിവുകളെ നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗങ്ങളില്‍ കാണാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചിലര്‍ക്ക് എഴുതിയത് അല്ലെങ്കില്‍ അച്ചടിച്ചത് വായിച്ചു മനസ്സിലാക്കാന്‍ കഴിയില്ല. കേട്ടു മനസ്സിലാക്കാന്‍ കഴിയും. മറ്റു ചിലര്‍ക്ക് നോക്കിയെഴുതാന്‍ പറ്റില്ല. ചിലര്‍ക്ക് നോക്കിയെഴുതാനേ പറ്റൂ. ചില അക്ഷരങ്ങള്‍ മാത്രം എഴുതാന്‍ പറ്റാത്തവരുണ്ട്. അവര്‍ പകരം മറ്റൊരക്ഷരമെഴുതും. ഉദാ: 'B'യ്ക്കു പകരം 'D'. ചിലര്‍ക്ക് ഗുണനചിഹ്നങ്ങള്‍ മനസ്സിലാവില്ല. മറ്റു ചിലര്‍ക്ക് കണക്കു ചെയ്യുമ്പോള്‍ തെറ്റില്ല. ഉത്തരം പകര്‍ത്തിയെഴുതുമ്പോള്‍ തെറ്റും.

എല്‍ ഡിയുടെ കൂടെ മറ്റു പല രോഗങ്ങളുമുണ്ടാവാം. ADHD, ഉത്കണ്ഠാരോഗങ്ങള്‍, ഒബ്‌സസീവ് കംപല്‍സീവ് രോഗം, സ്വഭാവവൈകല്യം, വിഷാദരോഗം മുതലായവ. ഇത്തരം രോഗലക്ഷണങ്ങള്‍ കാണുന്നതുകൊണ്ടാവും പലപ്പോഴും രക്ഷിതാക്കള്‍ കുട്ടികളെ ഡോക്ടറുടെ അടുത്ത് കൊണ്ടുവരുന്നത്.

ഇത്തരം കുട്ടികള്‍ പഠനത്തില്‍ സാവധാനം മോശമാകുമ്പോള്‍ രക്ഷിതാക്കളും അധ്യാപകരും കരുതുന്നത് മടിയാണെന്നാണ്. അധ്യാപകരുടെ അപ്രീതി, ശിക്ഷകള്‍ കൂട്ടുകാരുടെ പരിഹാസം രക്ഷിതാക്കളുടെ നിരാശ, ഉത്കണ്ഠ മുതലായവ കുട്ടിക്ക് കഠിനമായ അപകര്‍ഷബോധമുണ്ടാക്കും. അവരുടെ ആത്മവിശ്വാസം നശിക്കും. ഉത്കണ്ഠയും നിരാശയും വൈരാഗ്യവും നിസ്സഹായാവസ്ഥയുമെല്ലാം ചേര്‍ന്ന് പലതരം മനോരോഗങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്.

എങ്ങനെ പരിഹരിക്കാം

പഠനവൈകല്യം നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. പരിശീലനം ലഭിച്ചവരുടെ അടുത്ത് റെമിഡിയല്‍ ട്രെയിനിങ്ങ് വഴി വൈകല്യങ്ങള്‍ കുറെയൊക്കെ പരിഹരിക്കാം. അതോടൊപ്പം തന്നെ കുട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമവും തുടങ്ങണം. മറ്റ് അസുഖങ്ങളുണ്ടെങ്കില്‍ അവ ചികിത്സിക്കണം. രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സിലിങ്ങും ബോധവത്കരണവും സുപ്രധാനമാണ്. അധ്യാപകര്‍ക്കും ബോധവത്കരണം ആവശ്യമാണ്. അറിയാതെ പോകുന്ന പഠനവൈകല്യം മൂലം ഭാവി നഷ്ടപ്പെടുന്ന കുട്ടികള്‍ നിരവധിയാണ്. പഠനവൈകല്യചികിത്സയില്‍ പ്രാവീണ്യം നേടിയ മനശ്ശാസ്ത്രജ്ഞരും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ചേര്‍ന്ന് പരിശ്രമിച്ചാല്‍ ഇത്തരം കുട്ടികളെ രക്ഷിക്കാന്‍ സാധിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org