അറിയാം നിയന്ത്രിക്കാം നോ-മോഫോബിയ

അറിയാം നിയന്ത്രിക്കാം നോ-മോഫോബിയ

ജീവിതത്തിന്റെ ഭാഗമായി മാറിയ സ്മാര്‍ട്ട്‌ഫോണ്‍ ഓഫാകുമോയെന്ന പേടി നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? സ്മാര്‍ട്ട്‌ഫോണ്‍ കയ്യില്‍ ഇല്ലെങ്കിലോ ബാറ്ററി തീര്‍ന്നാലോ അസ്വസ്ഥത അനുഭവിക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. നോ-മോഫോബിയ എന്നു വിളിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ സെപ്പറേഷന്‍ ആന്‍ക്‌സൈറ്റി ആകാം.

ലക്ഷണങ്ങള്‍

മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നുപോയാല്‍ ശ്രദ്ധ നഷ്ടപ്പെട്ട്, മനസ്സമാധാനം നഷ്ടപ്പെടുന്ന നിങ്ങള്‍ ഒരു മൊബൈല്‍ ഫോണ്‍ അടിമയാകാം. അപ്പോള്‍ നിങ്ങള്‍ താഴെ പറയുന്ന ഒന്നോ അതിലധികമോ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. ഒന്നിലും ശ്രദ്ധ കേന്ദീകരിക്കാന്‍ കഴിയാത്ത അവസ്ഥ, നേരിയ/കടുത്ത അസ്വസ്ഥത, പോപ്പ് സംഗീതവും ഉച്ചത്തിലുള്ള പാട്ടുകളും റിങ് ടോണായി സ്വീകരിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന വ്യക്തി കോള്‍ അവസാനിപ്പിച്ചു കളയുമോയെന്ന ഭയം, മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന വ്യക്തി സ്ഥലം വിട്ടുപോകുമെന്ന ചിന്ത, മൊബൈല്‍ ഫോണ്‍ ബാറ്ററിയുടെ ആയുസ്സ് തീരുമെന്ന പേടി. പ്രതേ്യകിച്ച് കാരണമൊന്നുമില്ലെങ്കിലും ഇടയ്ക്കിടെ വെറുതെയൊന്ന് മൊബൈല്‍ ഫോണ്‍ നോക്കുന്നതും, കീ അമര്‍ത്തുന്നതും, വെറുതേ സന്ദേശങ്ങള്‍ അയയ്ക്കുന്നതും, സന്ദേശങ്ങള്‍ മായ്ച്ചുകളയുന്നതും മൊബൈല്‍ അടിമത്തത്തിനുദാഹരണമാണ്. ഇത്തരക്കാര്‍ ഒരു മണിക്കൂറില്‍ ഒരിക്കലെങ്കിലും മൊബൈല്‍ ഫോണ്‍ തിരിച്ചോ മറിച്ചോ നോക്കിക്കൊണ്ടിരിക്കും. ഒരു ദിവസം മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നുപോകുകയോ, ഫോണ്‍ കേടാവുകയോ ചെയ്താല്‍ ഗുരുതരമായ ടെന്‍ഷനും, വീര്‍പ്പുമുട്ടലും വൈകാരിക വിക്ഷോഭങ്ങളും ഉണ്ടാകാം.

ജോലിക്കിടയിലും ഡ്രൈവിങ്ങിനിടയിലും ക്ലാസ്സില്‍ വ ച്ചും അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടേറെ കൗമാരക്കാരും മുതിര്‍ന്നവരും ഇന്നുണ്ട്. മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും അമിത ഉപയോഗം ചില കൗമാരക്കാരില്‍ ഓര്‍മ്മക്കുറവ്, പഠനം-ജോലി എന്നിവയിലെ മോശം പ്രകടനം എന്നിവയ്ക്കു കാരണമാകുന്നു. ഉറക്കക്കുറവ്, കൗമാരക്കാരിലെ അസ്വസ്ഥത, ഉത്ക്കണ്ഠ, വിഷാദം, അശ്രദ്ധ എന്നിവയ്ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണമാകുന്നുണ്ട്. നിരന്തരം മൊബൈല്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത് തലച്ചോറിലെ അഡിക്ഷനുകള്‍ക്കു കാരണമാകുന്ന കോശങ്ങളെ ഉദ്ദീപിപ്പിക്കുന്നതായി ന്യൂറോ-ഇമേജില്‍ (Neuro-Imaging) പഠനങ്ങള്‍ പറയുന്നു.

ഉപയോഗം ആരോഗ്യകരമാക്കാന്‍

പൊതുസ്ഥലങ്ങളായ ഹോസ്റ്റലുകള്‍, സ്ലീപ്പര്‍കോച്ചുകള്‍ എന്നിവിടങ്ങളില്‍ പാതിരാത്രി കഴിഞ്ഞും ഫോണില്‍ സംസാരിച്ച് മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന ശീലം ഉപേക്ഷിക്കുക. കോടതി, ദേവാലയങ്ങള്‍, ഓഫീസുകള്‍, പെട്രോള്‍ പമ്പുകള്‍, ഡോക്ടര്‍മാരുടെ പരിശോധനാമുറികള്‍, ലിഫ്റ്റുകള്‍ തുടങ്ങി നിശ്ശബ്ദത പാലിക്കേണ്ട സ്ഥലങ്ങളിലെല്ലാം മൊബൈല്‍ ഓഫ് ചെയ്യുക, അല്ലെങ്കില്‍ സൈലന്റ് മോഡില്‍ വയ്ക്കുക. മറ്റുള്ളവരുടെ അറിവും അനുവാദവുമില്ലാതെ മൊബൈല്‍ ഉപയോഗിച്ച് ഒരാളുടെയും ഫോട്ടോ എടുക്കാന്‍ പാടില്ല, മാത്രമല്ല അത് ശിക്ഷാര്‍ഹവുമാണ്. പൊതുസ്ഥലങ്ങളില്‍ മൊബൈലില്‍ ഉറക്കെ പാട്ട് വച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് തികച്ചും ജനദ്രോഹപരമായ പെരുമാറ്റമാണ്. പാട്ട് കേള്‍ക്കണമെന്നുണ്ടെങ്കില്‍ ഹെഡ്‌ഫോണ്‍ വെച്ച് തികച്ചും സ്വകാര്യമായി പാട്ട് ആസ്വദിക്കുക. ആരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോഴും അത് ശ്രദ്ധിക്കാതെ തുരുതുരാ മൊബൈലില്‍ സന്ദേശം അയച്ചുകൊണ്ടിരിക്കുന്നവരുണ്ട്. മറ്റെ വ്യക്തിയോട് തികച്ചും അ നാദരവ് കാണിക്കുന്ന പെരുമാറ്റരീതിയാണിത്. അനുചിതമല്ലാത്ത വാക്കോ ചിത്രമോ അടങ്ങിയ മെസേജുകള്‍ എസ് എം എസ് / വാട്‌സ്ആപ് വഴി അയയ്ക്കുന്നത് അപമര്യാദ മാത്രമല്ല ശിക്ഷാര്‍ഹവുമാണ്. അറിയാത്ത നമ്പറില്‍ നിന്നുള്ള കോളുകളോടും മെസേജുകളോടും പ്രതികരിക്കാതിരിക്കുക. കുറച്ചുസമയം മൊബൈല്‍ മാറ്റിവെച്ച് മറ്റ് വിനോദങ്ങള്‍ക്കും നടത്തം, റണ്ണിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ക്കും സമയം കണ്ടെത്തുക. മൊബൈല്‍ ഫോണിനെ വ്യക്തിവികാസത്തിനും വളര്‍ച്ചക്കും ബുദ്ധിപരമായി ഉപയോഗിക്കുന്നതിനെ ഡിജിറ്റല്‍ പക്വത (Digital Maturity) എന്നു പറയാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org