തിരിച്ചറിയണേ ടോക്‌സിക് ബന്ധങ്ങള്‍

തിരിച്ചറിയണേ ടോക്‌സിക് ബന്ധങ്ങള്‍
ഏതു പ്രതിസന്ധിയിലും വിളിപ്പുറത്ത് ഒരാളുണ്ടാവുക എന്നത് പലര്‍ക്കും ഇല്ലാത്ത ഒരു ഭാഗ്യമാണ്. അതുതന്നെയാണ് പല പ്രണയാത്മഹത്യകളുടെയും പ്രധാന കാരണവും.

വര്‍ഷ ഫേസ്ബുക്കില്‍ ബാബു എന്ന വ്യക്തിയുമായി പരിചയത്തിലായി. അങ്ങനെ വീട്ടുകാര്‍ അറിയാതെ ആ ബന്ധം വളര്‍ന്നു. ഫോണില്‍ കൂടി എന്നും ചാറ്റിങ്ങ്. വര്‍ഷ തന്റെ പലതരത്തിലുള്ള ഫോട്ടോ ബാബുവിന് കൈമാറി. വര്‍ഷയുടെ നിര്‍ബന്ധത്തിനു വഴങ്ങി പരസ്പരം കണ്ടുമുട്ടുവാനുള്ള അവസരം പലതവണ ഒരുക്കി. അവരുടെ ബന്ധം ശക്തമായി മുന്നോട്ടുപോയി. പരസ്പരം കാണാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. ഇങ്ങനെ പോകുന്നതിന്റെ ഇടയില്‍ വര്‍ഷ ബാബുവിനെ വിളിക്കാതെയായി. ഒരു ദിവസം ഫോണ്‍ എടുത്തപ്പോള്‍ വര്‍ഷ പറയുന്നത് ഇനി മുതല്‍ നീ എന്നെ വിളിക്കരുത്, ഞാന്‍ പഠനസംബന്ധമായി വിദേശത്തേക്ക് പോകുകയാണ്.

പ്രണയപരാജയത്തില്‍ ആദ്യം ഉണ്ടാകുന്നത് ഷോക്കാണ്. അയ്യോ എന്ന അമ്പരപ്പ്. അടുത്ത ഘട്ടത്തില്‍ ദേഷ്യത്തിലേക്ക് കടക്കുന്നു. ഒടുവിലത് ദുഃഖമാകുന്നു. കരച്ചില്‍, ഉറക്കമില്ലായ്മ, ഒറ്റയ്ക്കിരിക്കല്‍ അങ്ങനെ പോകുന്നു. തൊണ്ണൂറ് ശതമാനം പേര്‍ക്കും ഇത്തരത്തില്‍ തന്നെ മറികടക്കാനാകും. മാനസ്സികമായി പക്വതയില്ലാത്തവര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകും. അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡറോ, ഡിപ്രഷനോ ആയി മാറാം. അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍ സാധാരണഗതിയില്‍ ചികിത്സ കൂടാതെ മാറും. എന്നാല്‍, രണ്ടു മൂന്നാഴ്ച നീണ്ടാല്‍ മാനസികാരോഗ്യ വിദ്ഗദ്ധന്റെ സഹായം തേടണം. കൂടുതല്‍ ഡിപ്രഷനിലേക്ക് പോയാല്‍ ചികിത്സയും വേണ്ടിവരും. ആത്മഹത്യാപ്രവണതയും കൊലപാതക പ്രവണതയും ഇവരില്‍ ഏറും. ദുര്‍ബലരായ പുരുഷന്മാരാണ് എനിക്ക് കിട്ടാത്ത അവളെ മറ്റാര്‍ക്കും കിട്ടേണ്ട എന്ന മനഃസ്ഥിതിയില്‍ കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്യുന്നത്.

പ്രണയിക്കുന്ന എല്ലാവരും അക്രമികളാവുന്നില്ല

മതിയായ മാനസികാരോഗ്യം ഉണ്ടെങ്കില്‍ പ്രണയപരാജയ സാഹചര്യങ്ങളില്‍ ശാന്തമായി ആലോചിച്ച് തീരുമാനമെടുത്ത് മുന്നോട്ട് പോകാന്‍ കഴിയും. മാനസികാരോഗ്യം കുറവുള്ളവര്‍ അതായത്, അമിതദേഷ്യക്കാര്‍, അക്രമവാസനയുള്ളവര്‍, എടുത്തുചാട്ടക്കാര്‍, സാഡിസ്റ്റിക് മനോഭാവമുള്ളവര്‍ അക്രമവാസനയുള്ള സൈക്കോപതിക് പേഴ്‌സണാലിറ്റിയുള്ളവര്‍ എന്നിവരെ സൂക്ഷിക്കണം. ആണ്‍സുഹൃത്തില്‍ ഇത്തരം പെരുമാറ്റപ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരത്തെ തന്നെ അറിഞ്ഞിരിക്കേണ്ടതാണ്. അത്തരം സൗഹൃദം വിവേകപൂര്‍വ്വം അവസാനിപ്പിക്കുന്നതാണ് ആരോഗ്യകരം. സംശയരോഗമുള്ളവര്‍ സൗഹൃദം ആരംഭിക്കുമ്പോള്‍തന്നെ പങ്കാളിയുടെ ഫോണ്‍, കോള്‍ലിസ്റ്റ് ഒക്കെ പരിശോധിക്കുന്നവരായിരിക്കും. ഇവരെ തീര്‍ച്ചയായും നിരീക്ഷിക്കണം. മദ്യം, മയക്കുമരുന്ന് എന്നീ ലഹരി വസ്തുക്കള്‍ക്കടിമപ്പെട്ടവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വേണ്ടത്ര ആരോഗ്യകരമായിരിക്കുകയില്ല. ദുഃഖം, ദയ, അനുകമ്പ, വിട്ടുവീഴ്ച എന്നിവയെല്ലാം ഇവര്‍ക്ക് അന്യമായിരിക്കും. വിവേകം നഷ്ടമായി ലഹരിയുടെ പുറത്ത് എപ്പോള്‍ വേണമെങ്കിലും എന്ത് ഹീനപ്രവൃത്തിയും ഇവര്‍ ചെയ്തുകൂട്ടാം.

മനഃശാസ്ത്ര കാരണങ്ങള്‍

സമീപകാലത്തായി നിരവധി ഗവേഷണങ്ങള്‍ കൊലപാതകവുമായി ബന്ധപ്പെട്ട മനഃശാസ്ത്രത്തെയും, ജീവശാസ്ത്രത്തെയും കുറിച്ച് നടന്നിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ആത്മഹത്യയുടേയും കൊലപാതകത്തിന്റേയും ശാസ്ത്രം ഏറെക്കുറെ സമാനമാണ്. ചാള്‍സ് ഡാര്‍വിന്റെ പരിണാസിദ്ധാന്തവും, മറ്റു ജനിതകസിദ്ധാന്തങ്ങളും അനുസരിച്ച് ഓരോ മനുഷ്യനും സ്വന്തം ജീനുകള്‍ സംരക്ഷിക്കാനുള്ള അന്തര്‍ലീനമായ ചോദനയുണ്ട്. മനുഷ്യരുടെ ജീനുകള്‍ മനുഷ്യകുലത്തിന് പൊതുവായിട്ടുള്ളതാണ്. അത് എല്ലാവരിലും സമാനമാണ്. മനുഷ്യകുലത്തിന് മൊത്തത്തിലുള്ള ജീനുകളാണ് ജീന്‍ പുള്‍ (Gene pool). ഒരാള്‍ വേറൊരു മനുഷ്യനെ കൊല്ലുമ്പോള്‍ സ്വന്തം ജീനുകളെ തന്നെയാണ് നശിപ്പിക്കുന്നത്.

ആത്മഹത്യയുമായി ബന്ധപ്പെട്ട് മസ്തിഷ്‌കത്തിലെ സെറോട്ടോനിന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ തകരാറുകള്‍ തന്നെയാണ് കൊലപാതകവുമായി ബന്ധപ്പെട്ടു കിടക്കുന്നത്. പെട്ടെന്നുണ്ടാകുന്ന അക്രമത്തിനും, ദേഷ്യത്തിനും പിന്നില്‍ ഈ പദാര്‍ത്ഥത്തിന്റെ തകരാറ് പല പഠനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. മനഃശാസ്ത്രപരമായി കൊലപാതകങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഒന്ന്, മനഃപൂര്‍വ്വമല്ലാത്തതും, രണ്ട്, വ്യക്തമായി ആസൂത്രണം ചെയ്യുന്നതും, മുന്‍കൂട്ടി തയ്യാറെടുത്ത് നടത്തുന്നതുമായ കൊലപാതകങ്ങള്‍, ഇവയില്‍ ആദ്യത്തെ വിഭാഗത്തില്‍ പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിലും വികാരത്തിന്റെ പുറത്തും ഒരാള്‍ വേറൊരാളെ ആക്രമിക്കുന്നു. മറ്റുള്ളവരുടെ വികാരങ്ങളും ആവശ്യങ്ങളും ഒരാള്‍ മനസ്സിലാക്കുന്നത് മസ്തിഷകത്തിലെ മിറര്‍ ന്യൂറോണുകള്‍ (Mirror Neurons) മുഖേനയാണ്. കൊലപാതകം നടത്തുന്നവരില്‍ ഈ ന്യൂറോണുകളുടെ പ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ലെന്നുവേണം കരുതാന്‍. അതുപോലെ സ്‌ക്രീനുകളില്‍ കാണുന്ന അക്രമങ്ങളും കൊലപാതകങ്ങളും അനുകരണത്തിലൂടെ ഏറെക്കുറെ അബോധപൂര്‍വ്വമായി തെരുവുകളിലേക്ക് പരക്കുന്നു എന്നതിന് ഒട്ടേറെ ശാസ്ത്രീയ തെളിവുകളുണ്ട്.

പരിഹാര മാര്‍ഗ്ഗങ്ങള്‍

ഏതു പ്രതിസന്ധിയിലും വിളിപ്പുറത്ത് ഒരാളുണ്ടാവുക എന്നത് പലര്‍ക്കും ഇല്ലാത്ത ഒരു ഭാഗ്യമാണ്. അതുതന്നെയാണ് പല പ്രണയാത്മഹത്യകളുടെയും പ്രധാന കാരണവും. ആത്മഹത്യ തീരുമാനം എടുക്കും മുമ്പ് നമ്മെ കേള്‍ക്കുന്ന ഒരാളോടു പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞാല്‍ ഒരുപക്ഷേ തീരുമാനം ഉപേക്ഷിച്ചേക്കാം. മര്‍ദ്ദനങ്ങളെ തുടര്‍ന്നോ, കടുത്ത വിഷമത്തിലോ എടുക്കുന്ന നിമിഷനേരത്തിന്റെ മാത്രം തീരുമാനങ്ങളാണ് ആത്മഹത്യ. മാറിച്ചിന്തിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്.

  • ഇമോഷന്‍സ് ആരോഗ്യകരമായി കൈകാര്യം ചെയ്യാന്‍ പഠിക്കുക.

  • ബ്രേക്കപ്പിനുശേഷം സ്വയം മതിപ്പ് (Self-Esteem) കുറയാന്‍ സാധ്യതയുണ്ട്. ഇത്തരം നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാന്‍ ശ്രമിക്കുക.

  • പഴയ വ്യക്തിയെ കാണുന്ന ത് പരമാവധി വേണ്ടെന്നു വെയ്ക്കുന്നതാണ് നല്ലത്.

  • പരമാവധി എല്ലാവരുമായി ഇടപഴകിയിരിക്കുക. ഒറ്റയ്ക്കിരിക്കുന്നത് ഒഴിവാക്കുക.

  • നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുക. (പാട്ട്, എഴുത്ത്, വര, ഡ്രൈവിംഗ് പഠനങ്ങള്‍).

  • ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങള്‍, ചാറ്റ് ഹിസ്റ്ററി, കൈമാറിയ സമ്മാനങ്ങള്‍ എന്നിവ വീണ്ടും എടുത്തുനോക്കുന്നത് പരമാവധി ഒഴിവാക്കുക.

  • സമയം കടന്നുപോകുമ്പോള്‍ എല്ലാം പഴയതുപോലെയാകുമെന്ന് ഉറച്ച് വിശ്വസിക്കുക.

  • ആത്മീയതയും, പ്രാര്‍ത്ഥനയും പ്രയോജനപ്പെടുത്താവുന്നതാണ്.

  • ഇനിയും പ്രശ്‌നങ്ങള്‍ തീരുന്നില്ലെങ്കില്‍ മാനസികാരോഗ്യവിദഗ്ദ്ധന്റെ സഹായം തേടാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org