
ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
ക്ലിനിക്കല്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റ്
& പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍
വീട്ടമ്മയാണ് ജാസ്മിന്‍. അവള്‍ മനഃശാസ്ത്രജ്ഞനോട് തുറന്നുപറഞ്ഞു. 'ഞാന്‍ ആകെ അസ്വസ്ഥയാണ്', പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ സദാസമയവും മനസ്സില്‍ കഠിനമായ ഉല്‍ക്കണ്ഠ തുടര്‍ച്ചയായി കടന്നുവരുന്നു. ഒരിടത്ത് സമാധാനപരമായി ഇരിക്കാന്‍പോലും ഈ അസ്വസ്ഥത മൂലം സാധിക്കുന്നില്ല. ചിലപ്പോള്‍ ശരീരത്തിലെ പേശികള്‍ വലിഞ്ഞുമുറുകുന്നപോലെ തോന്നുന്നു. ശരിയായി ഉറങ്ങാന്‍ സാധിക്കുന്നില്ല, ദേഷ്യം വരുന്നു, തലചുറ്റുന്നപോലെ തോന്നുന്നു, മനസ്സ് ശൂന്യമാകുന്നപോലെ. വയറെരിച്ചില്‍ പലപ്പോഴും അനുഭവപ്പെടുന്നു. ജനറലൈസ്ഡ് ആങ്‌സൈറ്റി ഡിസോര്‍ഡറില്‍ ഒരു വ്യക്തി അനുഭവിക്കുന്ന അസ്വസ്ഥതകളാണ് ഇവിടെ കാണുന്നത്. സമൂഹത്തിലെ മൂന്നു ശതമാനത്തിലേറെ പേര്‍ക്ക് ജീവിതത്തിലൊരിക്കലെങ്കിലും ഈ അവസ്ഥ വരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ശരാശരി ഇരുപതു വയസ്സിലാരംഭിക്കുന്ന ഈ ഡിസോര്‍ഡര്‍ സ്ത്രീകളിലാണ് കൂടുതല്‍ കാണുന്നത്.
കാരണങ്ങള്‍
മുപ്പതു ശതമാനം പേരില്‍ ജനിതക-പാരമ്പര്യ ഘടകങ്ങള്‍ രോഗാവസ്ഥയില്‍ പങ്കുവഹിക്കുന്നുണ്ട്. ശരീരത്തിന്റെ ഓട്ടോണമിക് നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തന തകരാര്‍, തലച്ചോറിലെ ഉല്‍ക്കണ്ഠയെ നിയന്ത്രിക്കുന്ന മേഖലകളായ അമിഗ്ഡല, ഹിപ്പോകാസസ്, പാപെസ് സര്‍ക്ക്യൂട്ട് എന്നിവയിലെ പ്രവര്‍ത്തന വ്യതിയാനങ്ങള്‍, അതുപോലെ തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ വ്യതിയാനം, മോശം ജീവിതസാഹചര്യങ്ങള്‍, സമ്മര്‍ദം നിറഞ്ഞ സാഹചര്യങ്ങള്‍ എന്നിവയും കാരണമാകാം. മനഃശാസ്ത്രപരമായി അമിത ലാളന ലഭിച്ച കുട്ടിക്കാലം ഇത്തരം അവസ്ഥയെ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ലക്ഷണങ്ങള്‍
ഏതു പ്രായത്തിലും ഈ ഡിസോര്‍ഡറില്‍ ലക്ഷണങ്ങള്‍ കടന്നുവരാം. സാധാരണയായി കൗമാരപ്രായത്തിലാണ് തുടക്കം. ആറ് മാസത്തിലധികമായി നിലനില്‍ക്കുന്ന, വ്യക്തി അനുഭവിക്കുന്ന കഠിനമായ ഉല്‍ക്കണ്ഠ. ഇത്തരം അവസ്ഥയെ നിയോഗിക്കാന്‍ വ്യക്തിക്ക് സാധിക്കാതെ വരിക. അതോടൊപ്പം, പെട്ടെന്ന് ക്ഷീണിക്കുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരിക, പേശിവേദന, ഉറക്കപ്രശ്‌നങ്ങള്‍, ഇത്തരം കാര്യങ്ങള്‍ വ്യക്തിയുടെ സാമൂഹികവും, തൊഴില്‍പരവുമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുക. അതുപോലെ ഉല്‍ക്കണ്ഠയോടൊപ്പം പലവിധ ശാരീരിക രോഗലക്ഷണങ്ങളും കാണിക്കാം. വിഷാദരോഗം, മറ്റ് ഉല്‍ക്കണ്ഠാരോഗങ്ങള്‍, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ അനുബന്ധമായി കണ്ടുവരുന്നു.
ചികിത്സാസമീപനങ്ങള്‍
മരുന്നുകളും മനഃശാസ്ത്രചികിത്സയും സംയോജിപ്പിച്ചുകൊണ്ടുള്ള രീതിയാണ് ഫലപ്രദമായി കാണുന്നത്. കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, റിലാക്‌സേഷന്‍ പരിശീലനം എന്നിവയും പ്രയോജനപ്പെടും. ജേക്കബ്‌സന്‍ റിലാക്‌സേഷന്‍ ടെക്‌നിക്‌സ്, ബിഹേവിയര്‍ മോഡിഫിക്കേഷന്‍ എന്നിവയും കൊടുക്കാവുന്നതാണ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം അധികമായി രോഗിക്ക് നിത്യജീവിതത്തില്‍ വളരെയധികം വിഷമങ്ങള്‍ അനുഭവിക്കേണ്ടിവരും. പ്രശ്‌നത്തിന്റെ തീവ്രതയനുസരിച്ച് മനോരോഗ വിദഗ്ദ്ധന്‍ നിര്‍ദേശിക്കുന്ന മരുന്നുകളും ആവശ്യമാണ്. രോഗശമനം സാവധാനത്തിലേ സാധ്യമാകൂ. രോഗികള്‍ക്കും, ചികിത്സകനും ക്ഷമ അത്യാവശ്യമാണ്.
തുടര്‍ച്ചയായ ഔഷധചികിത്സയും മനഃശാസ്ത്രചികിത്സയും കൊണ്ട് ആറ് മാസം മുതല്‍ ഒരു കൊല്ലം വരെയുള്ള കാലയളവില്‍ രോഗശമനം കാണുന്നു. നേരത്തെ ചികിത്സ തുടങ്ങിയാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകലാതെ സാധാരണ ജീവിതം നയിക്കാന്‍ ഇത്തരം വ്യക്തികള്‍ക്ക് സാധിക്കുന്നതാണ്.