
ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
ക്ലിനിക്കല്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റ്
& പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍
ഇരുപത് വയസ്സുള്ള ജോസഫിനെ വളരെ ആകുലപ്പെട്ടാണ്, അവന്റെ അമ്മ സൈക്കോളജിസ്റ്റിന്റെ അടുത്തു കൊണ്ടുവന്നത്. ഇവന്‍ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ചു. തക്കസമയത്ത് ഞങ്ങള്‍ ഇടപ്പെട്ടതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജോസഫ് ഓണ്‍ലൈന്‍ ചൂതാട്ടകളിയിലായിരുന്നു. ഞങ്ങള്‍ അതില്‍ നിന്നും പിന്‍മാറാന്‍ ധാരാളം ഉപദേശിച്ചിരുന്നു. ആദ്യം കളിച്ചപ്പോള്‍ അവന് ഒരു ലക്ഷം രൂപയോളം ലഭിച്ചു. പിന്നെ എന്റെ ആഭരണങ്ങള്‍ ഞാന്‍ അറിയാതെ എടുത്തുകൊണ്ടു പോയി വിറ്റ് കാശാക്കി ഓണ്‍ലൈന്‍ ചൂതാട്ടകളിയി ലേര്‍പ്പെട്ടു. ഇപ്പോള്‍ അവന് ഏഴ് ലക്ഷം രൂപയോളം നഷ്ടമായി. ഇതറിഞ്ഞ് ഇവന്റെ ജ്യേഷ്ഠന്‍ അനുജനെ വഴക്കു പറഞ്ഞു. ആ വിഷമത്തിലാണ് ജോസഫ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗാംബ്ലിങ്ങ് ഡിസോര്‍ഡര്‍ അഥവാ രോഗപരമായ ചൂതാട്ടത്തിന് അടിമപ്പെട്ട ഒരു വ്യക്തിയുടെ അവസ്ഥയാണ് ഇവിടെ കാണുന്നത്.
ലക്ഷണങ്ങള്‍
അമേരിക്കന്‍ സൈക്യാട്രിക്ക് അസോസ്സിയേഷന്റെ (DSM–V) പരിഷ്‌കരിച്ച ടെക്സ്റ്റ് റിവിഷ നില്‍ താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങളില്‍ നാലോ അതില്‍ കൂടുതലോ ഒരു വര്‍ഷ ത്തിനുള്ളില്‍ അനിയന്ത്രിതമായി കാണുകയാണെങ്കില്‍ ഗാംബ്ലിംങ്ങ് ഡിസോര്‍ഡര്‍ നിര്‍ണ്ണയിക്കാം. ലക്ഷണങ്ങളുടെ എണ്ണം കൂടുന്തോറും ഇത്തരം ഡിസോര്‍ഡറിന്റെ തീവ്രതയും വര്‍ധിക്കുന്നു. പുതിയ മാനദണ്ഡമനുസരിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗക്രമക്കേടുമായി വരുന്ന ഡിസോര്‍ഡറുകളുടെ വിഭാഗത്തിലാണ് ചൂതാട്ടത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഗ്രഹിക്കുന്ന അഭിലാഷങ്ങള്‍ നേടിയെടുക്കാന്‍ എങ്ങനെയെങ്കിലും കൂടുതല്‍ പണം കണ്ടെത്തി ചൂതാട്ടത്തിനായി വിനിയോഗിക്കുക, ചൂതാട്ടം നിറുത്തുമ്പോഴോ തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുമ്പോഴോ വളരെ അസ്വസ്ഥനാകുക, ചൂതാട്ടം നിറുത്തുവാനോ നിയന്ത്രിക്കുവാനോ നിറുത്തിപോകുവാനോ ശ്രമിക്കുമ്പോഴെല്ലാം പരാജയപ്പെടുക, മനസ്സ് നിറയെ പലപ്പോഴും ചൂതാട്ടത്തെപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുക, പലപ്പോഴും ഉല്‍ക്കണ്ഠയോ, വിഷാദമോ അനുഭവപ്പെടുമ്പോള്‍ ചൂതാട്ടത്തിന് ശ്രമിക്കുക. ചൂതാട്ടത്തില്‍ പണം നഷ്ടപ്പെടുമ്പോള്‍ അടുത്ത തവണ തിരിച്ചുപിടിക്കാന്‍ കൂടുതലായി ശ്രമിക്കുക, ചൂതാട്ടത്തില ഇടപെടലുകള്‍ മറ്റുള്ളവരില്‍ നിന്ന് ഒളിച്ചുവയ്ക്കുക, ചൂതാട്ടം മൂലം ബന്ധങ്ങളും, ജോലി, വിദ്യാഭ്യാസ അവസരങ്ങളും അപകടത്തിലാക്കുക, അന്യരെ ആശ്രയിച്ച് പണം സ്വരൂപിച്ച് ചൂതാട്ടം മൂലം ഉണ്ടായ സാമ്പത്തിക പരാധീനത അതിജീവിക്കാന്‍ ശ്രമിക്കുക.
ഓഫ്‌ലൈന്‍ ഗാംബ്ലിങ്ങ്, ഓണ്‍ലൈന്‍ ഗാംബ്ലിങ്ങ്, കാസിനോ, മൊബൈല്‍ ആപ്‌സ് വഴിയെല്ലാം സൗകര്യങ്ങള്‍ ഏറെയാണ്. ഓണ്‍ലൈന്‍ ഗാംബ്ലിങ്ങിന് ഇന്ന് ഇരുപത്തിനാല് മണിക്കൂറും സൗകര്യമുണ്ടെന്നുള്ളതും മാതാപിതാക്കളും, അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കാരണങ്ങള്‍
പാരമ്പര്യഘടകങ്ങള്‍ അതുപോലെ മസ്തിഷ്‌കത്തിലെ ഡോപമീന്‍ എന്ന ന്യൂറോ ട്രാസ്മിറ്ററിന്റെ പ്രവര്‍ത്തന വൈകല്യം, തലച്ചോറില്‍ ഫ്രോണ്ടല്‍ കോര്‍ടെക്‌സിന്റെ കുറഞ്ഞ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ജീവശാസ്ത്രപരമായ കാരണങ്ങളില്‍പ്പെടുന്നു. മനശാസ്ത്രപരമായ കാരണങ്ങളില്‍ തല്‍ക്ഷണമുള്ള സന്തോഷത്തിനുവേണ്ടിയുളള പരക്കംപാച്ചില്‍ (instant gratification) കാണാന്‍ കഴിയുന്നു. അമിതമായ ഉല്‍ക്കണ്ഠ, വിഷാദം, ഏകാന്തത എന്നിവ ഒഴിവാക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ പലപ്പോഴും ഉപയോഗിക്കുന്നു. സാമൂഹിക, പാരിസ്ഥിതിക ഘടകങ്ങളും പലപ്പോഴും കാരണമാകുന്നുണ്ട്.
ചികിത്സാമാര്‍ഗങ്ങള്‍
കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി (CBT) തെളിവുകളുടെ അടിസ്ഥാനത്തില്‍ മനഃശാസ്ത്രചികിത്സയില്‍ വളരെ ഫലപ്രദമാണ്. അതുപോലെ മോട്ടിവേഷണല്‍ എന്‍ഹേന്‍സ്‌മെന്റ് തെറാപ്പി, മൈന്‍ഡ് ഫുള്‍നസ് അടിസ്ഥാനമാക്കി ക്കൊണ്ടുള്ള തെറാപ്പികളും ഉപയോഗിക്കുന്നു. ഇവിടെ റിലാപ്‌സ് തടയാനുള്ള തെറാപ്പികളും (Relapse Prevention Therapy) ഫലപ്രദമാണ്. ഇത്തരം വ്യക്തികളുടെ കുടുംബത്തെ ഉള്‍പ്പെടുത്തികൊണ്ടുള്ള Family Therapy വളരെ പ്രയോജനം നല്കുന്നു. വ്യക്തികള്‍ക്ക് ഗാംബ്ലിങ്ങ് ഡിസോര്‍ഡറിനോടനുബന്ധിച്ച് (Commorbidity) പലപ്പോഴും വിഷാദരോഗം, ആങ്‌സൈറ്റി ഡിസോര്‍ഡര്‍, ബൈപ്പോളാര്‍ ഡിസാര്‍ഡര്‍, സബ്‌സറ്റന്‍സ് യൂസ് ഡിസോര്‍ഡര്‍ എന്നിവയും കാണുന്നതാണ്. ഇവിടെ മനോരോഗവിദഗ്ധന്റെ കീഴില്‍ ഔഷധചികിത്സയും പ്രയോജനപ്പെടുന്നു.