തിരിച്ചറിയാം ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍

തിരിച്ചറിയാം ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍
Published on
  • ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍

    ക്ലിനിക്കല്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റ്

    & പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍

ബന്ധുക്കളാണ് വിമലയെ സൈക്കോളജിസ്റ്റിന്റെ അടുത്തു കൊണ്ടുവന്നത്. അതിലൊരു ബന്ധു സൈക്കോളജിസ്റ്റിനോട് പറഞ്ഞു, ഒരാഴ്ച മുമ്പാണ് വിമലയുടെ ഭര്‍ത്താവ് ബൈക്കപകടത്തില്‍ മരിക്കുന്നത്. ഇവരുടെ വിവാഹം പ്രേമവിവാഹമായിരുന്നു, ഭര്‍ത്താവായ ജോഷി വിമലയില്‍ നിന്നും വ്യത്യസ്തമായി വേറെ മതത്തില്‍പ്പെട്ട വ്യക്തിയായിരുന്നു.

ധാരാളം എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് ഇവരുടെ വിവാഹം വീട്ടുകാര്‍ നടത്തി കൊടുത്തത്. ഇവര്‍ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചു. അവസാനത്തെ കുഞ്ഞിന്റെ ജന്മദിനത്തിന്റെ തലേദിവസം ഒരു ചെറിയ പാര്‍ട്ടി വീട്ടില്‍ അതിഥികളെ വച്ച് തയ്യാറാക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിവരുമ്പോഴാണ് ഭര്‍ത്താവായ ജോഷി ബൈക്ക് അപകടത്തില്‍പ്പെടുന്നത്.

അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ വിമല പലപ്പോഴും ഭര്‍ത്താവിന്റെ രീതിയില്‍ സംസാരിക്കുക, ഭര്‍ത്താവിന്റെ സാന്നിധ്യം ഉണ്ടെന്ന് പറയുക, അതുപോലെ മരിച്ചുപോയ ഭര്‍ത്താവിന്റെ ചേഷ്ടകള്‍ കാണിച്ച് ചുറ്റും ആരൊക്കെ ഉണ്ടെന്നു പോലും നോക്കാതെ ബോധം കെട്ടു വീഴുക തുടങ്ങിയ സംഭവവികാസങ്ങള്‍ പ്രകടിപ്പിക്കുവാന്‍ തുടങ്ങി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് വിമലയെ മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തിച്ചത്. മരിച്ചുപോയ ഭര്‍ത്താവുമായി ആഴമായ സ്‌നേഹബന്ധം വിമലയ്ക്ക് ഉണ്ടായിരുന്നു. അപ്രതീക്ഷിതമായ ഭര്‍ത്താവിന്റെ മരണം അവളില്‍ വലിയ ആഘാതം ഉണ്ടാക്കി. ഈ ആഘാതം ഒരു പ്രത്യേക തരത്തിലുള്ള മാനസികാവസ്ഥയിലേക്ക് ഡിസോസിയേഷന് കാരണമായ തായി ഇവിടെ കാണുന്നു.

ഒരു വ്യക്തിയുടെ ചിന്തകള്‍ അഥവാ സ്വത്വം എന്നിവ വേര്‍പ്പെടുന്ന മാനസികമായ അവസ്ഥയാണിത്. യാഥാര്‍ഥ്യ ബോധത്തില്‍ നിന്നുള്ള ബോധപൂര്‍വമല്ലാത്ത ഒളിച്ചോട്ടമാണിത്.

ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ അവസ്ഥ വരാവുന്നതാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. മുമ്പ് ഇത്തരം അവസ്ഥകള്‍ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്ന പേരിലാണ് അറിയ പ്പെട്ടിരുന്നത്. ശാരീരികരോഗമോ, മയക്കുമരുന്നുപയോഗം മൂലമോ അല്ല പൊതുവെ ഇത്തരം അവസ്ഥകള്‍ പ്രകടമാക്കുന്നത്. മാനസികാഘാത (Trauma) മാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്.

  • ലക്ഷണങ്ങള്‍

ചില സംഭവങ്ങളെക്കുറിച്ചും, വ്യക്തികളെക്കുറിച്ചും, സമയങ്ങളെക്കുറിച്ചുമുള്ള സാരമായ ഓര്‍മ്മക്കുറവ് ഇവരില്‍ പ്രകടമാകുന്നു. ഇത്തരം വ്യക്തികള്‍ തന്റെ സ്വന്തം ശരീരത്തില്‍ നിന്നും, വികാര വിചാരങ്ങളില്‍ നിന്നും വിട്ടുപോകുന്നതായി അനുഭവപ്പെടുന്നു. താന്‍ ആരാണെന്ന അവബോധം ഇല്ലാത്ത തരത്തില്‍ പെരുമാറുക, പലപ്പോഴും നഷ്ടബോധം പ്രകടിപ്പിക്കുക, സ്വന്തം ശരീരത്തിന്റെ ചലനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവ പ്രകടമാക്കുന്നു.

ഇവരില്‍ വിഷാദം, ഉല്‍ക്കണ്ഠ, ആത്മഹത്യാചിന്തകള്‍ തുടങ്ങിയവയും, ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡറിനൊപ്പം ഒന്നിച്ചു നില നില്‍ക്കുന്ന (comorbidity) പോസ്റ്റ് ടോമോറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡര്‍ (PTSD), വ്യക്തിത്വവൈകല്യങ്ങള്‍ (Personality Disorder) എന്നിവയും പലപ്പോഴും കാണാവുന്നതാണ്.

  • ചികിത്സാ സമീപനങ്ങള്‍

ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡറില്‍ പ്രധാനമായും മാനസിക ആഘാതം സൂക്ഷ്മമായി വിലയിരുത്തികൊണ്ടുള്ള കൊഗ്നറ്റീവ് ബിഹേവിയര്‍ തെറാപ്പി (CBT) വളരെ സഹായകരമായി കാണുന്നു. അതുപോലെ ഡയലിറ്റിക്കല്‍ ബിഹേവിയര്‍ തെറാപ്പിയും (DBT), ഐ മൂവ്‌മെന്റ് ഡിസെന്‍ഡിറൈസേഷന്‍ (EMDR) തെറാപ്പിയും ഇവിടെ ഉപകാരപ്രദമാണ്.

അതുപോലെ ഇത്തരം രോഗലക്ഷണങ്ങള്‍ ബാധയാണെന്ന തെറ്റിദ്ധാരണ ജനങ്ങളില്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. മനഃശാസ്ത്ര സമീപനത്തിന്റെ ഭാഗമായി രോഗിയുടെ വീട്ടുകാരെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച ആഘാതമാണ് ഇതിനു കാരണമായിട്ടുള്ളതെന്ന് ബോധ്യപ്പെടുത്തുക. ഈ ലക്ഷണങ്ങള്‍ ബോധപൂര്‍വം രോഗി കാണിക്കുന്നതല്ല എന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തുക. അതുപോലെ തന്നെ ഇത്തരം രോഗികളെ മനഃശാസ്ത്ര ചികിത്സയ്ക്കു വിധേയമാക്കുമ്പോള്‍ ആത്മഹത്യാചിന്ത, അമിത ഉല്‍ക്കണ്ഠ, ഉറക്കപ്രശ്‌നങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ മനോരോഗ വിദഗ്ധന്റെ സഹായം സ്വീകരിക്കാനും പ്രേരിപ്പിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org