ഡിമെന്‍ഷ്യ തിരിച്ചറിയാം സഹായിക്കാം

ഡിമെന്‍ഷ്യ തിരിച്ചറിയാം സഹായിക്കാം

1994 മുതല്‍ സെപ്തംബര്‍ 21-ാം തീയതിയാണ് ലോക അല്‍ഷിമേഴ്‌സ് ദിനം ആചരിക്കുന്നത്. ലോക അല്‍ഷിമേഴ്‌സ് ഡിസീസ് ഓര്‍ഗനൈസേഷന്‍ ആണ് ഈ ദിനം കൊണ്ടാടുന്നത്. മറവിരോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാന്ത്വനം കൊടുക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം. നിതേ്യന ജീവിതത്തിലുണ്ടാകുന്ന സാധാരണമായ ഓര്‍മ്മക്കുറവില്‍ നിന്നും ഏറെ വിഭിന്നമാണ് ഡിമെന്‍ഷ്യകളിലുണ്ടാകുന്ന ഓര്‍മ്മക്കുറവ്. ഡിമെന്‍ഷ്യയില്‍ ഉണ്ടാകുന്ന ഓര്‍മ്മക്കുറവിനെ താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ക്കൂടി തിരിച്ചറിയാം.

ലക്ഷണങ്ങള്‍

അടുത്തു നടന്ന കാര്യങ്ങളായിരിക്കും ഡിമെന്‍ഷ്യയില്‍ ആദ്യം മറന്നുപോകുന്നത്. രാവിലെ ഭക്ഷണം കഴിച്ച കാര്യം മറന്നുപോവുകയും പത്തോ ഇരുപതോ മിനിട്ടിനുശേഷം വീണ്ടും ഭക്ഷണം ആവശ്യപ്പെടുക, പത്രങ്ങളില്‍ വായിച്ച വാര്‍ത്തകള്‍ വൈകുന്നേരമാകുമ്പോഴേക്കും ഓര്‍ത്തെടുക്കാന്‍ പറ്റാതെ വരിക മുതലായവ ഡിമെന്‍ഷ്യയില്‍ കാണാവുന്ന താണ്. അതേസമയം വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഒരു കേടും സംഭവിക്കാറില്ല. ഇതിന് കാരണമുണ്ട്. ഡിമെന്‍ഷ്യകളില്‍ ഏറ്റവും സാധാരണമായ അല്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യ ഏറ്റവും ആദ്യം ബാധിക്കുന്നത് ഓര്‍മ്മകളെ ആദ്യം ശേഖരിച്ചുവയ്ക്കുന്ന ഹിപ്പോകാമ്പസ് ഉള്‍പ്പെടെയുള്ള മധ്യ ടെംപറല്‍ ദളങ്ങളെ ആയിരിക്കും.

ഓര്‍മ്മക്കുറവു മാത്രമല്ല ഡിമെന്‍ഷ്യയുടെ ലക്ഷണം. രോഗം ബാധിച്ചയാള്‍ക്ക് ദിശാബോധവും നഷ്ടപ്പെടുന്നു. ദീര്‍ഘകാലമായി സഞ്ചരിച്ച് ഏറെ പരിചയമുള്ള വഴിപോലും രോഗിക്ക് തെറ്റിപ്പോയെന്നു വരാം. ഇടതുവശവും വലതുവശവും പരസ്പരം മാറിപ്പോകാം. സ്പഷ്ടമായ ഓര്‍മ്മകള്‍ അഥവാ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളെക്കൂടാതെ അന്തര്‍ലീനമായ, പരിശീലിച്ച ഓര്‍മ്മകളും ഡിമെന്‍ഷ്യയില്‍ മാഞ്ഞുപോകുന്നു. തത്ഫലമായി ശീലിച്ച കാര്യങ്ങളും രോഗിക്ക് ചെയ്യാനാകാതെ വരുന്നു. ഇവിടെ ഷര്‍ട്ട് ഇടുമ്പോള്‍ ബട്ടണുകള്‍ തെറ്റായി ഇടുക, ചെരിപ്പുകള്‍ മാറിപ്പോവുക, വാഹനം ഓടിച്ചിരുന്ന ഒരാള്‍ക്ക് അത് സാധിക്കാതെ വരികയോ അപകടത്തില്‍പ്പെടുകയോ ചെയ്യുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. രോഗം കഠിനമാകുന്നതോടെ രോഗിയുടെ സംസാരം കുറഞ്ഞുവരും. അത് ഏതാനും ചില ആശയങ്ങളിലേക്കു മാത്രമായി ചുരുങ്ങും. രോഗത്തിന്റെ അവസാനഘട്ടത്തില്‍ സംസാരം വ്യക്തമാകണമെന്നില്ല. വര്‍ഷങ്ങള്‍ കഴിയുന്നതോടെ രോഗിക്ക് സ്ഥലകാലബോധം നഷ്ടപ്പെടുന്നു. വീട്ടിലെ സ്വീകരണമുറി ടോയ്‌ലറ്റാണെന്ന് തെറ്റിദ്ധരിക്കുന്ന രോഗി അവിടെ മൂത്രമൊഴിച്ചെന്നുവരാം. രോഗത്തിന്റെ അന്ത്യഘട്ടത്തില്‍ ഏറ്റവും അടുത്ത ബന്ധുമിത്രാദികളെപ്പോലും തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല.

മസ്തിഷ്‌കത്തിലെ ചെറിയ രക്തക്കുഴലുകള്‍ വ്യാസം കുറയുന്നതുമൂലം രക്തഓട്ടത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ ഡിമെന്‍ഷ്യയ്ക്കു കാരണമായേക്കാം. ഈ ഡിമെന്‍ഷ്യ വാസ്‌കുലര്‍ ഡിമെന്‍ഷ്യ എന്നറിയപ്പെടുന്നു. വ്യക്തമായ, അറിയപ്പെടുന്ന കാരണങ്ങള്‍ ഒന്നുമില്ലാതെ ഫ്രോണ്ടല്‍ ദളങ്ങളും ടെംപറല്‍ ദളങ്ങളും ക്ഷയിക്കുന്ന ഒരുതരം ഡിമെന്‍ഷ്യയാണ് ഫ്രോണ്ടോ ടെംപറല്‍ ഡിമെന്‍ഷ്യ. ഇവിടെ വ്യക്തിയുടെ സ്വഭാവത്തിനാണ് പെട്ടെന്ന് മാറ്റം വരുന്നത്. പെട്ടെന്ന് ദേഷ്യപ്പെടുക, അക്രമാസക്തനാവുക, എടുത്തുചാടി കാര്യങ്ങള്‍ ചെയ്യുക, മറ്റു ചിലപ്പോള്‍ ഒന്നിലും താത്പര്യമില്ലാതെ ശാന്തമായിരിക്കും. അല്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യയില്‍ ഈ പരിണാമം നേരെ തിരിച്ചാണ്. ഓര്‍മ്മക്കുറവ് ആദ്യം സംഭവിക്കുന്നു. ദേഷ്യവും മറ്റു പെരുമാറ്റ വ്യതിയാനങ്ങളും രോഗത്തിന്റെ പിന്നീടുള്ള ഘട്ടത്തില്‍ സംഭവിക്കുന്നു. ഇത്തരം ഡിമെന്‍ഷ്യകളെല്ലാം തന്നെ പ്രായമായവരിലാണ് കണ്ടുവരുന്നത്. 65 വയസ്സിനു മുകളില്‍ പ്രായം കൂടുന്തോറും ഡിമെന്‍ഷ്യ വരാനുള്ള സാധ്യതയും കൂടുന്നു.

ചികിത്സയും പരിചരണവും

ഡിമെന്‍ഷ്യ രോഗം വഷളാകുന്നതിന്റെ തോത് സാവധാനത്തിലാക്കുന്ന ഏതാനും മരുന്നുകള്‍ നിലവിലുണ്ട്. ഓര്‍മ്മയ്ക്കു നിദാനമായ മസ്തിഷ്‌കത്തിലെ അസറ്റൈല്‍ കോളിന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ അളവിനെ കൂട്ടുന്ന മരുന്നുകളാണിവ. ഈ മരുന്നുകള്‍ നഷ്ടപ്പെട്ട ഓര്‍മ്മകളെ വീണ്ടെടുക്കുന്നില്ല. നിലവിലുള്ള ഓര്‍മ്മകള്‍ നഷ്ടപ്പെടാതെ ചെറിയൊരു പരിധിവരെ പിടിച്ചുനിര്‍ത്തുന്നു എന്നു മാത്രം.

ഡിമെന്‍ഷ്യ ബാധിച്ചവരെ പരിചരിക്കുന്നവര്‍ക്ക് വളരെ സഹായവും അനുകമ്പയും പരിശീലനവും ആവശ്യമാണ്. ഡിമെന്‍ഷ്യയുള്ളവരെ പരിചരിക്കുകയെന്നത് മാനസികമായും ശാരീരികമായും വലിയൊരു വെല്ലുവിളിയാണ്. കാരണം ഡിമെന്‍ഷ്യ ഒരു മനുഷ്യന്റെ അസ്തിത്വത്തെയാണ് അപഹരിക്കുന്നത്. ഡിമെന്‍ഷ്യ ബാധിക്കുന്നതോടെ ഒരാള്‍ അയാളല്ലാതായി മാറുന്നു. ഇങ്ങനെയൊരാള്‍ അതുവരെയല്ലാത്ത തരത്തില്‍ ദേഷ്യത്തോടും മിഥ്യാധാരണകളോടും കൂടി പെരുമാറുമ്പോള്‍ രോഗിയെ പരിചരിക്കുന്നവര്‍ക്ക് കനത്ത സമ്മര്‍ദമാണുണ്ടാകുന്നത്. താഴെപ്പറയുന്ന കാര്യങ്ങള്‍ ഡിമെന്‍ഷ്യ ബാധിച്ചവരെ പരിചരിക്കുന്നവര്‍ക്ക് സഹായകരമാകും:

ഓര്‍മ്മക്കുറവ് ബോധപൂര്‍വമായ പ്രവൃത്തിയല്ലെന്നും അവ രോഗംകൊണ്ടാണെന്നും മനസ്സിലാക്കി രോഗിയോട് ക്ഷമാപൂര്‍വം പെരുമാറുക, രോഗിയോട് തര്‍ക്കിക്കാതിരിക്കുക. ദേഷ്യത്തിനു കാരണമായ കാര്യങ്ങളെ കണ്ടെത്തി അവയെ പരിഹരിക്കാന്‍ നോക്കുക. രോഗിക്ക് സ്ഥലകാലബോധവും ദിശാബോധവും നല്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. ഉദാഹരണത്തിന് ഒരു കലണ്ടറില്‍ തീയതിയും ദിവസവും അടയാളപ്പെടുത്തി പലമുറികളിലും വയ്ക്കുക, അപകടസാധ്യതയുള്ള കാര്യങ്ങളില്‍ നിന്നു രോഗിയെ അകറ്റി നിര്‍ത്തുക - ഡിമെന്‍ഷ്യ ബാധിച്ചവര്‍ വാഹനം ഓടിച്ചാല്‍ അപകടസാധ്യത ഏറെയാണ്. ഡിമെന്‍ഷ്യരോഗികളെ പരിചരിക്കുന്നവര്‍ക്ക് പരിശീലനം വേണ്ടിവരും. അവര്‍ക്ക് മനസ്സിലുള്ള വിഷമങ്ങള്‍ തുറന്നുപറയാന്‍ മനഃശാസ്ത്ര കൗണ്‍സലിങ് സഹായിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org