
'എന്റെ ഭര്‍ത്താവിന്റെ ഒപ്പം ഞാന്‍ ഒരുപാട് സഹിച്ചു, താന്‍ പറയുന്നത് മാത്രം ശരിയാണെന്ന ചിന്തയാണ്. ഭാര്യയായ തനിക്കു പോലും ഒരഭിപ്രായവും പറയാന്‍ സ്വാതന്ത്ര്യമില്ല. പലപ്പോഴും നിനക്ക് ഒരു വിവരവും ഇല്ല എന്നു പറഞ്ഞ് മറ്റുള്ളവരുടെ മുന്നില്‍ വച്ചു പോലും ചെറുതാക്കി സംസാരിക്കും. ചേട്ടന്‍ ഒരു ഭാവനാലോകത്താണ്, തന്റെ കാര്യം നേടിയെടുക്കാന്‍ ആരുമായും നല്ല അടുപ്പത്തില്‍ നില്‍ക്കും. കാര്യം കഴിഞ്ഞാല്‍ അവര്‍ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ കണ്ട ഭാവം നടിക്കില്ല. മാത്രമല്ല ചേട്ടന് ഭയങ്കര അസൂയയാണ്. വരുമാനം നോക്കാതെയാണ് ചേട്ടന്‍ ഓരോന്നും വാങ്ങിക്കുന്നത്. എനിക്കറിയില്ല ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന്. ആരെങ്കിലും ഇതിനെയൊക്കെ ചോദ്യം ചെയ്താല്‍ അവരോടൊക്കെ ദേഷ്യമാണ്.' നാര്‍സിസിസ്റ്റിക് വ്യക്തിത്വ വൈകല്യത്തിന്റെ ലക്ഷണങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
നാര്‍സിസിസ്റ്റിക് ഒരു ഗ്രീക്ക് വാക്കാണ്. നാര്‍സിസ് എന്ന കഥാപാത്രം വെള്ളത്തില്‍ സ്വന്തം പ്രതിബിംബത്തെ കണ്ടിഷ്ടപ്പെട്ട് അതിനെ മാത്രം നോക്കി ജീവിച്ചയാളാണ്. തന്നോടുമാത്രം സ്‌നേഹം തോന്നിയ വ്യക്തി. സമൂഹത്തില്‍ 3 മുതല്‍ 5 ശതമാനം വരെ ആളുകള്‍ക്ക് നാര്‍സിസിസ്റ്റിക് വ്യക്തിത്വമുണ്ട്. ചെറുപ്പം മുതലേ ഇതിന്റെ അംശങ്ങള്‍ കാണാമെങ്കിലും 18 വയസ്സ് കഴിഞ്ഞേ പൂര്‍ണ്ണരൂപത്തിലാകൂ. സ്വന്തം കാര്യങ്ങള്‍ നടക്കാന്‍ ആരുമായും കൂട്ടുകൂടാം. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ഇവര്‍ക്കൊരു പ്രശ്‌നമല്ല. എംപതി, സിംപതി എന്നിവ തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണിവര്‍. എപ്പോഴും സ്വയം പൊക്കിപ്പറഞ്ഞ് നടക്കും. നേരിട്ട് കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെങ്കിലും മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തിയാണെങ്കിലും കാര്യങ്ങള്‍ സാധിച്ചെടുക്കും. ആര്‍ക്കെന്തു സംഭവിച്ചാലും തനിക്ക് മുന്നേറണമെന്ന ചിന്തയായതിനാല്‍ സുഹൃത്തുക്കളോ ജീവിതപങ്കാളി പോലുമോ ഒപ്പമുണ്ടാകില്ല. ഇവരുടെ സ്വഭാവം സഹിക്കാന്‍ സാധിക്കില്ല എന്നതാണ് കാര്യം. അക്രമാസക്തിയും ഇവര്‍ക്ക് കൂടുതലാണ്. കുടുംബജീവിതം പരാജയമായിരിക്കും. സ്വന്തം സന്തോഷത്തിനായി ലഹരിയടക്കം എന്തും ഉപയോഗിക്കും.
തലച്ചോറിന്റെ പ്രീഫോണ്ടല്‍ ലോബിന്റെ പ്രവര്‍ത്തനത്തിലെ വ്യതിയാനങ്ങളാണ് രോഗാവസ്ഥയ്ക്കു കാരണം.
പരിഹാര മാര്‍ഗങ്ങള്‍
തലച്ചോറിന്റെ പ്രീഫോണ്ടല്‍ ലോബിന്റെ പ്രവര്‍ത്തനത്തിലെ വ്യതിയാനങ്ങളാണ് രോഗാവസ്ഥയ്ക്കു കാരണം. അതുകൊണ്ട് ഇവര്‍ക്ക് മറ്റുള്ളവരുടെ പ്രശ്‌നങ്ങളോ വികാരങ്ങളോ മനസ്സിലാക്കാന്‍ കഴിയാതെ വരുന്നു. ചെറുപ്പം തൊട്ടേ നീ മിടുക്കനാണ്, സുന്ദരനാണ്, നിന്നെക്കൊണ്ട് എല്ലാം സാധിക്കും എന്നിങ്ങനെ ആവര്‍ത്തിച്ച് അഭിനന്ദിക്കുന്നതിലൂടെ കുട്ടികളുടെ മനസ്സില്‍ ഒരുതരം നാര്‍സിസം രൂപപ്പെടും. അതില്‍ നിന്നും താനെന്തോ സംഭവമാണെന്ന് കുട്ടിക്ക് സ്വയം തോന്നും. താരതമേ്യന ഇന്റലിജന്റായ ഇക്കൂട്ടര്‍ ഒരു പ്രശ്‌നം വന്നുപെട്ടാല്‍ അത് പരിഹരിക്കാനാവാത്തവരും അഹംഭാവത്തെ വേദനിപ്പിച്ചാല്‍ തകര്‍ന്നുപോകുന്നവരുമാണ്. വിഷാദത്തിലേക്ക് കൂപ്പുകുത്താനും ആത്മഹത്യാപ്രവണതയടക്കം കാണിക്കാനും സാധ്യതയുണ്ട്. പൊതുവേ ചികിത്സയ്ക്ക് വഴങ്ങാത്ത ഒരു വ്യക്തിത്വ വൈകല്യമാണിത്. എങ്കിലും, കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയിലൂടെ അവരുടെ സ്വഭാവം അവരെ ബോധ്യപ്പെടുത്തുകയും പോരായ്മകള്‍ മനസ്സിലാക്കി കൊടുക്കുകയും ചെയ്യാം. വിഷാദസാധ്യത കുറയ്ക്കുവാനും വികാരചാഞ്ചാട്ടങ്ങളെ(Mood swings)നിയന്ത്രിക്കാനും മനോരോഗ വിദഗ്ധന്റെ സഹായവും ആവശ്യമായി വരാം.