കോപം നിയന്ത്രിക്കാന്‍ മനഃശാസ്ത്ര വഴികള്‍

കോപം നിയന്ത്രിക്കാന്‍ മനഃശാസ്ത്ര വഴികള്‍

ദേഷ്യം സാര്‍വത്രികമായ മനുഷ്യവികാരമാണ്. ജീവിതത്തില്‍ ഒരിക്കലും ദേഷ്യം പ്രകടിപ്പിക്കാത്തവര്‍ വിരളമാണ്. ദേഷ്യം അടിസ്ഥാനപരമായി ജീവിവര്‍ഗങ്ങളുടെ നിലനില്പിന്റെ വികാരമാണ്. നിലനില്പിന്റെ നേരെയുള്ള ഭീഷണികളോട് മനുഷ്യരുള്‍പ്പെടെയുള്ളവ മൂന്നു തരത്തിലാണ് പ്രതികരിക്കുന്നത്. ഒന്ന്, ഏറ്റുമുട്ടുക (Fight) രണ്ട്, ഭയപ്പെട്ട് മാറിനില്‍ക്കുക (Fright) മൂന്ന്, ഭീഷണികളില്‍ നിന്നും പറന്നകലുക (Flight). ഇതില്‍ ഭീഷണികളോട് ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ അതിനെ ശക്തമായി ചെറുത്തുനില്ക്കുന്നതിനുവേണ്ടിയുള്ള വികാരമാണ് ദേഷ്യം. പരിണാമപരമായി നോക്കിയാല്‍ മസ്തിഷ്‌കത്തിന്റെ 'ലിംബിക്' എന്നു പേരുള്ള ദളങ്ങളില്‍ നിന്നാണ് ദേഷ്യം ഉദ്ഭവിക്കുന്നത്.

ദേഷ്യം വരുമ്പോഴുള്ള മനുഷ്യരുടെ പേരുമാറ്റം വിചിത്രമായിരിക്കും. അതുവരെ കാണാത്ത ഭാവമായിരിക്കും അപ്പോള്‍ പ്രത്യക്ഷപ്പെടുക. ഇവിടെ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ട ചില കണ്ടെത്തലുകളുണ്ട്. ഒന്നാമതായി, ദേഷ്യം പ്രകടിപ്പിക്കുമ്പോഴും തങ്ങള്‍ക്ക് ദേഷ്യമുണ്ടെന്ന് മനുഷ്യര്‍ സമ്മതിക്കാറില്ല. ദേഷ്യപ്പെടുന്നത് ഒരു പരിഷ്‌കൃത മനുഷ്യന്റെ ലക്ഷണമല്ലെന്നുള്ള വിശ്വാസം ലോകത്തു നിലവിലുള്ള പല സംസ്‌കാരങ്ങളിലുമുണ്ട്. ഇത് ഒന്നോ രണ്ടോ ദിവസത്തെ രീതി ആയിരിക്കില്ല. ചെറുപ്രായം മുതലേയുള്ള ഇവരുടെ ശീലമായിരിക്കും. അതുകൊണ്ടാണ് ദേഷ്യം ഒരു പ്രകൃതമായി മാറുന്നത്.

ദേഷ്യം പ്രകൃതമായി മാറുന്നവരില്‍ പല കാരണങ്ങളുമുണ്ടാകാം. ഒന്ന് ഇവരുടെ ജനിതകഘടന, ദേഷ്യത്തെ നിയന്ത്രിക്കുന്ന മസ്തിഷ്‌ക രാസപദാര്‍ത്ഥങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'സെറടോണിന്‍' എന്ന പദാര്‍ത്ഥം. ഈ പദാര്‍ത്ഥത്തിന്റെ അസന്തുലനം ദേഷ്യത്തിനു കാരണമായേക്കാം. ഈ പദാര്‍ത്ഥത്തിന്റെ ഉത്പാദനത്തിനുള്ള സന്ദേശം നല്കുന്ന ജീനുകള്‍ക്ക് അപാകത സംഭവിച്ചാല്‍ അന്തിമമായി അത് ദേഷ്യപ്രകൃതത്തിലേക്ക് നയിക്കുന്നു. പുരുഷ ഹോര്‍മാണായ 'ടെസ്റ്റോസ്റ്റിറോണ്‍' കൂടുമ്പോള്‍ കോപവും അക്രമവാസനയും കൂടും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ കൂടുതല്‍ കോപാകുലരായി കാണാന്‍ ഇതായിരിക്കാം ഒരു കാരണം. ചില പുരുഷന്മാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഈ ഹോര്‍മോണിന്റെ അളവ് ജന്മനാ കൂടുതലായിരിക്കും. ഇതും ദേഷ്യപ്രകൃതത്തിനു കാരണമായേക്കാം.

ആല്‍ബര്‍ട്ട് ബന്ധുരയുടെ സിദ്ധാന്തമനുസരിച്ച് മറ്റുളളവര്‍ ദേഷ്യപ്പെടുന്നത് കണ്ടുവളരുന്ന കുട്ടികള്‍ ഒരു പ്രായം കഴിയുമ്പോള്‍ സ്വന്തം ജീവിതത്തിലേക്ക് അതിനെ പകര്‍ത്തുന്നു. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്ന ആളാണ് അച്ഛനെങ്കില്‍ ഈ പ്രക്രിയ ത്വരിതപ്പെടുന്നു. സിനിമ, ടി.വി. എന്നീ ദൃശ്യമാധ്യമങ്ങളിലെ ആക്രമണരംഗങ്ങള്‍, സ്റ്റണ്ട് സീനുകള്‍ മുതലായവ കുട്ടികള്‍ ദേഷ്യത്തെ അനുകരിക്കാന്‍ സഹായിക്കുന്നു. ചുരുക്കത്തില്‍ ഇവയില്‍ ഒരു ഘടകം മാത്രമായിട്ടല്ല, മറിച്ച് ജനിതക, ശാരീരിക, കുടുംബ, സാമൂഹികഘടകങ്ങള്‍ പ്രതികൂലമായി ഒരാളുടെ ചെറുപ്രായത്തില്‍ സമന്വയിക്കുമ്പോഴാണ് കോപമെന്ന പ്രകൃതം രൂപപ്പെടുന്നത്.

കാരണങ്ങള്‍:

തീവ്രമായും, തുടരെത്തുടരെ ഉണ്ടാകുന്നതുമായ ദേഷ്യം ചിലപ്പോള്‍ അസുഖത്തിന്റെ ലക്ഷണമാകാം. അത് ശരീരസംബന്ധമായ അസുഖമാകാം, മാനസിക അസുഖമാകാം. അപസ്മാരം മസ്തിഷ്‌കത്തിലുണ്ടാകുന്ന മുഴകള്‍, ഡിമന്‍ഷ്യ, തൈറോയിഡ് ഹോര്‍മോണിന്റെ ആധിക്യം മുതലായവ അമിത ദേഷ്യത്തിനു കാരണമായേക്കാം.

മാനസികരോഗങ്ങളില്‍ വിഷാദരോഗമാണ് പലപ്പോഴും അനവസരത്തിലും, അധികമായും ഉണ്ടാകുന്ന ദേഷ്യത്തിനു കാരണമാകുന്നത്. ദേഷ്യം ഇതിന്റെ നിരവധിലക്ഷണങ്ങളില്‍ ഒന്നുമാത്രമാണ്. മദ്യലഹരിയില്‍ ചിലര്‍ അമിതമായി ദേഷ്യപ്പെടുന്നു, മദ്യം മാത്രമല്ല, മറ്റു മയക്കുമരുന്നുകളും ക്രമാതീതമായ ദേഷ്യത്തിനു കാരണമാകുന്നു. സ്‌കിസോഫ്രീനിയ, മാനിയ മുതലായ മാനസികരോഗങ്ങളും അമിതമായ ദേഷ്യത്തിനു കാരണമാകാറുണ്ട്. ദേഷ്യം ഒരു പ്രധാന ലക്ഷണമായ രണ്ടു വ്യക്തിത്വവൈകല്ല്യങ്ങളാണ് ബോര്‍ഡര്‍ ലൈന്‍ വ്യക്തിവൈകല്യവും, സാമൂഹികവിരുദ്ധ വ്യക്തിത്വവൈകല്യവും. അതുപോലെ അസുഖങ്ങളുടെ അ ഭാവത്തിലും, അതിതീവ്രമായ ദേഷ്യം ഒരാള്‍ കൂടെക്കൂടെ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അത് വിട്ടുവിട്ടുള്ള സ്‌ഫോടനാത്മക അസുഖത്തെ സൂചിപ്പിക്കുന്നതാകാം.

എങ്ങനെ പരിഹരിക്കാം

കോപത്തെ നിയന്ത്രിക്കാന്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് അവനവനിലുള്ള ദേഷ്യം ഓരോരുത്തരും തിരിച്ചറിയുക എന്നതാണ്. കൂടെക്കൂടെ ദേഷ്യപ്പെടുന്നവര്‍ സ്വന്തം ദേഷ്യത്തെ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നതിനു മുന്‍പുതന്നെ സ്വയം തിരിച്ചറിയേണ്ടതാണ്. മസ്തിഷ്‌കരോഗങ്ങളും മാനസികരോഗങ്ങളും ഇല്ലെങ്കില്‍ സ്വന്തം ദേഷ്യത്തെ തിരിച്ചറിയാന്‍ എല്ലാവര്‍ക്കും സാധിക്കും.

പെരുമാറ്റചട്ടങ്ങള്‍

കോപം അനുഭവപ്പെടുന്നു എന്ന തിരിച്ചറിവ് ഉണ്ടായാല്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഏറ്റവും പ്രധാനം സ്വന്തം ആരോഗ്യവും ശാന്തമായ പ്രകൃതവും ആണെന്ന് മനസ്സിലാക്കിക്കൊണ്ട് വളരെ സാവകാശത്തിലും ദീര്‍ഘമായും (അഞ്ചുവരെ മനസ്സില്‍ എണ്ണിക്കൊണ്ട്) ശ്വാസം ഉള്ളിലേക്ക് വലിക്കണം. അഞ്ചുവരെ എണ്ണിക്കൊണ്ട് അത് ഉള്ളില്‍ പിടിക്കണം. പിന്നീട് അഞ്ചുവരെ എണ്ണിക്കൊണ്ട് സാവകാശത്തില്‍ പുറത്തുവിടണം. ഇതു ശാന്തത വരുത്താന്‍ സഹായിക്കും.

മാറി നില്ക്കുക

മുകളില്‍ സൂചിപ്പിച്ച വ്യായാമം കൊണ്ട് ദേഷ്യത്തെ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ ഉടനെ മറ്റുളളവരില്‍നിന്നും ദേഷ്യം ഉണ്ടാക്കിയ സാഹചര്യത്തില്‍ നിന്നും മാറിനില്‍ക്കണം. ദേഷ്യം തോന്നുമ്പോള്‍ കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതും മറ്റുള്ളവരോട് തര്‍ക്കിക്കുന്നതും കൂടുതല്‍ പ്രശ്‌നങ്ങള്‍ വഷളാക്കുകയാണ് ചെയ്യുന്നത്. കാരണം ദേഷ്യം അനുഭവപ്പെടുന്ന വേളയില്‍ മനസ്സിന്റെ ബുദ്ധിപരമായ കഴിവുകള്‍ ദേഷ്യത്തില്‍ കുറഞ്ഞുപ്പോവുകയാണ് പതിവ്. കാര്യങ്ങളെ സൂക്ഷ്മമായി അവലോകനം ചെയ്യാനോ ബുദ്ധിപൂര്‍വം വിലയിരുത്താനോ ഈ സന്ദര്‍ഭത്തില്‍ സാധിക്കുകയില്ല.

അര്‍ത്ഥങ്ങളെ പുനഃപരിശോധിക്കുക

കോപകാരണമായ സാഹചര്യങ്ങളില്‍നിന്ന് മാറിനിന്നാല്‍ പിന്നീട് ഉടനെ ചെയ്യേണ്ടത് ആ സാഹചര്യങ്ങളെ പരിശോധിക്കുകയാണ്. ദേഷ്യമുണ്ടാക്കുന്ന മറ്റുള്ളവരുടെ പരാമര്‍ശങ്ങള്‍, പെരുമാറ്റങ്ങള്‍, മറ്റു സാഹചര്യങ്ങള്‍, സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഒരു സവിശേഷ അര്‍ത്ഥം നില്ക്കുമ്പോഴാണ് ദേഷ്യം ഉണ്ടാകുന്നത്.

കോപത്തെ നിരുപദ്രവകരമായ രീതിയില്‍ പ്രകടിപ്പിക്കുക

മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കൊണ്ടൊന്നും നിയന്ത്രണത്തിലായില്ലെങ്കില്‍, അത് പ്രകടിപ്പിച്ചേ തീരൂ എന്നുണ്ടെങ്കില്‍ ഒരു മുറിയില്‍ വാതിലടിച്ച് ദേഷ്യത്തെ പ്രകടിപ്പിക്കുക. ഒരിക്കല്‍ കോപത്തെ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ പിന്നെയുള്ള സുപ്രധാനമായ കാര്യം കോപമുണ്ടാക്കുന്ന സാഹചര്യങ്ങളും സംഭാഷണങ്ങളും ഒഴിവാക്കുക എന്നതാണ്. ശാന്തത വരുത്തുന്ന പരിശീലനങ്ങളും (Relaxation techniques), കൊഗ്നിറ്റീവ് ചികിത്സാരീതികളും ദേഷ്യത്തെ നിയന്ത്രിക്കുന്നതിനു സഹായിക്കും.

ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍

(ക്ലിനിക്കല്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റ് & പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org