
ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
ക്ലിനിക്കല്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റ്
& പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍
മൂന്ന് മക്കളാണ് ഈ മാതാപിതാക്കള്‍ക്ക്. ആദ്യത്തേതും രണ്ടാമത്തേതും പെണ്‍കുഞ്ഞ്, മൂന്നാമത്തേത് ആണ്‍കുഞ്ഞ്. ഒരു ദിവസം നേരം വെളുത്തപ്പോള്‍ രണ്ടാമത്തെ കുട്ടിയായ ജാസ്മിന് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുവാന്‍ സാധിക്കുന്നില്ല. രണ്ട് കാലുകളും തളര്‍ന്നുപോയ അവസ്ഥയിലാണ് അവള്‍. മാതാപിതാക്കള്‍ക്കും കുടുംബക്കാര്‍ക്കും ഭയമായി. അവര്‍ ഉടനെ അടുത്തുള്ള പ്രശസ്തമായ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ കാണിച്ചു. ടെസ്റ്റുകളെല്ലാം കഴിഞ്ഞപ്പോള്‍ എല്ലാം നോര്‍മലാണ് എന്നാണ് റിസല്‍ട്ട് കിട്ടിയത്. ആശുപത്രിയില്‍ നിന്നു തന്നെ അവര്‍ കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് അയച്ചു.
വിദഗ്ധമായ ഇടപെടലില്‍ ജാസ്മിന്റെ ഉള്ളിലെ സംഘര്‍ഷങ്ങള്‍ ഓരോന്നായി പുറത്തു വന്നു. തന്നെ വീട്ടില്‍ അപ്പച്ചനും അമ്മയും ഒട്ടും പരിഗണിക്കുന്നില്ലെന്നും ചേച്ചിക്കും അനിയനുമാണ് കൂടുതല്‍ പ്രാധാന്യം മാതാപിതാക്കള്‍ കൊടുക്കുന്നതെന്നും ചിന്തിച്ച് ജാസ്മിന്‍ ആകെ അസ്വസ്ഥയായിരുന്നു.
കുട്ടി പലപ്പോഴും ഈ അസ്വസ്ഥത പല വിധത്തില്‍ മാതാപിതാ ക്കളോടും ചേച്ചിയോടും അനിയന്റെ അടുത്തും പ്രകടിപ്പിച്ചിരുന്നു. ആദ്യ ദിവസം വീല്‍ചെയറില്‍ വന്ന ജാസ്മിന്‍, അടുത്ത തവണ സൈക്കോളജിസ്റ്റിനെ കാണുവാന്‍ വന്നത് വീല്‍ചെയറിന്റെ സഹായമില്ലാതെയാണ്. അമിതമായ സ്‌ട്രെസ്സ് ശരീരത്തിലും മനസ്സിലും ഏല്‍പിക്കുന്ന അവസ്ഥയാണ് കണ്‍വേര്‍ഷന്‍ ഡിസോര്‍ഡറിലൂടെ ജാസ്മിനില്‍ കാണുവാന്‍ കഴിയുന്നത്.
ശരീരത്തില്‍ മുറിവുകളോ, ശാരീരികമായ മറ്റ് രോഗങ്ങളോ ഇല്ലാതെ തന്നെ പക്ഷാഘാതം, അന്ധത അല്ലെങ്കില്‍ നാഡീ സംവിധാനത്തെ ബാധിക്കുന്ന മറ്റ് ലക്ഷണങ്ങളോ ഒരു വ്യക്തിയില്‍ കാണുന്ന അവസ്ഥയാണ് കണ്‍വേര്‍ഷന്‍ ഡിസോര്‍ഡര്‍. ആദ്യകാലത്ത് 'ഹിസ്റ്റീരിയ' എന്ന പേരിലാണ് ഈ അവസ്ഥ അറിയപ്പെട്ടിരുന്നത്.
ശരീരത്തില്‍ മുറിവുകളോ, ശാരീരികമായ മറ്റ് രോഗങ്ങളോ ഇല്ലാതെ തന്നെ പക്ഷാഘാതം, അന്ധത അല്ലെങ്കില്‍ നാഡീ സംവിധാനത്തെ ബാധിക്കുന്ന മറ്റ് ലക്ഷണങ്ങളോ ഒരു വ്യക്തിയില്‍ കാണുന്ന അവസ്ഥയാണ് കണ്‍വേര്‍ഷന്‍ ഡിസോര്‍ഡര്‍.
മനോരോഗ ശാസ്ത്രത്തിന്റെ (DSM5) കണ്‍വേര്‍ഷന്‍ ഡിസോര്‍ഡര്‍, ഫങ്ഷണല്‍ ന്യൂറോളജിക്കല്‍ സിംപ്റ്റം ഡിസോര്‍ഡര്‍ (FNSD) എന്ന പേരിലും അറിയപ്പെടുന്നു. ഇത്തരം അവസ്ഥകള്‍, ശാരീരികമായും നാഡീസംബന്ധ മായും വിശദീകരിക്കാന്‍ കഴിയാതെ വരുന്നു. മനഃശാസ്ത്രപരമായ സംഘര്‍ഷങ്ങളാണ് പ്രധാന കാരണമായി വരുന്നത്. സ്ത്രീകളിലാണ് കൂടുതലായി ഈ അവസ്ഥ കാണുന്നത്.
ലക്ഷണങ്ങള്‍
ഇത്തരം അവസ്ഥയില്‍ നിയന്ത്രിക്കാനാവാത്ത ശാരീരിക ചലനങ്ങള്‍ കാണിക്കുന്നു. കാഴ്ചയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ അഥവാ അന്ധത പോലുള്ളവ പ്രകടിപ്പിക്കുന്നു. ഇത്തരക്കാര്‍ക്ക് ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുക, സംസാരശേഷിയില്‍ കഴിവ് കുറയുക, ഒരു തരം മരവിപ്പ് കാണിക്കുക, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് കാണിക്കുക, വിറയലോടുകൂടിയ ശാരീരിക സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന അവസ്ഥ, പക്ഷാഘാതത്തിന്റെ അവസ്ഥ തുടങ്ങിയവ കാണിക്കുന്നു.
ചികിത്സാസമീപനങ്ങള്‍
ഇത്തരം വ്യക്തികളെ ആദ്യമെ തന്നെ വിദഗ്ധ മെഡിക്കല്‍ ഡോക്ടറെ കാണിച്ച്, നാഡീ സംബന്ധമോ, ശാരീരികമോ ആയ എന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ഇവിടെ മെഡിക്കല്‍ കാരണങ്ങള്‍ കണ്ടുപിടിക്കുന്നില്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ കീഴില്‍ ചികിത്സിക്കണം. രോഗലക്ഷണങ്ങള്‍ പലപ്പോഴും ദിവസങ്ങളോ ആഴ്ചകളോ നിലനില്‍ക്കാം.
ഇത്തരം അവസ്ഥകള്‍ മരണകാരണമാകുന്നില്ലെങ്കിലും ജീവിതഗുണനിലവാരത്തെ സാരമായി ബാധിക്കാം. ഇവിടെ കുടുംബത്തിന്റെ സാന്ത്വനം (Family Support) വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടെ സോഷ്യല്‍ തെറാപ്പിയുടെ ഭാഗമായി രോഗിയോട് അനുകമ്പയോടെ പെരുമാറുകയും, അനാവശ്യ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കുകയും, രോഗിയുടെ അവസ്ഥ ശരിയായവിധം മനസ്സിലാക്കുകയും ചെയ്യേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
മനഃശാസ്ത്ര വിദഗ്ധന്റെ കീഴില്‍ കൊഗ്നറ്റീവ് ബിഹേവിയര്‍ തെറാപ്പിയും അതുപോലെ ആവശ്യഘട്ടങ്ങളില്‍ മനോരോഗ വിദഗ്ധന്റെ കീഴില്‍ ആന്റിഡിപ്രസന്റ് പോലുള്ള ഔഷധ ചികിത്സയും നല്‍കണം. രോഗിക്ക് രോഗം ഭേദമാകാന്‍ കഴിയുന്ന വിദഗ്ധനെ സമീപിച്ച് രോഗം സുഖമാക്കാ വുന്നതാണെന്ന് ഉറപ്പ് നല്‍കണം.