കംപല്‍സീവ് ഇന്റര്‍നെറ്റ് യൂസ് നിയന്ത്രിക്കാം

കംപല്‍സീവ് ഇന്റര്‍നെറ്റ് യൂസ് നിയന്ത്രിക്കാം
Published on

പത്താം ക്ലാസില്‍ പഠിക്കുന്ന റോബിന്‍ പഠനകാര്യത്തില്‍ വളരെയധികം പിന്നോട്ടുപോയിരിക്കുന്നു. അവന്റെ വൈകാരിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണ്. ക്ലാസില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ സമയത്തിന് അവസാനിപ്പിക്കുന്നില്ലെന്ന് അധ്യാപകര്‍ പരാതി പറയുന്നു. ഒന്നിനും സമയമില്ലെന്ന് അവന്‍ പറയുന്നു. പെട്ടെന്ന് ദേഷ്യം വരിക, മിക്കദിവസങ്ങളിലും ഉറക്കകുറവ് കാണിക്കുക തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലാകുന്നത്. റോബിന്‍ ഒരു ദിവസം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പഠനാവശ്യങ്ങള്‍ക്കല്ലാതെ ഇന്റര്‍നെറ്റില്‍ സമയം ചിലവിടുന്നു. കഴിഞ്ഞ നാല് മാസമായി ഓണ്‍ലൈന്‍ ചാറ്റിംഗ്, ഓണ്‍ലൈന്‍ ഗെയിമിംഗ്, സിനിമകള്‍ തുടങ്ങിയവ ഉറക്കമൊഴിച്ചും കണ്ടുകൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമിംഗ് അവന് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.

ഇത്തരം അവസ്ഥകളില്‍ വ്യക്തികളുടെ സ്വഭാവം കൂടി കണക്കിലെടുക്കണം. അന്തര്‍മുഖരും ബഹിര്‍മുഖരും ഒരേപോലെ ഇന്റര്‍നെറ്റിന് അടിമകളാകുന്നു. അന്തര്‍മുഖരായ ആളുകള്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ സമയം ചെലവഴിക്കാനുള്ള മാര്‍ഗമായി ഇന്റര്‍നെറ്റിനെ കാണുമ്പോള്‍ ബഹിര്‍മുഖര്‍ കൂടുതല്‍ ആളുകളുമായി സൗഹൃദം സ്ഥാപിക്കാനാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. ഉറച്ച തീരുമാനങ്ങളോ വ്യക്തമായ ചിന്തകളോ ഇല്ലാത്തവര്‍ ഇന്റര്‍നെറ്റ് അടിമകളാകാന്‍ സാധ്യതയേറെയാണ്. പുതിയ യന്ത്രസംവിധാനങ്ങളും ആശയങ്ങളും പരീക്ഷിച്ചറിയാന്‍ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കുന്നുവെന്നതാണ് ഇതിനുള്ള കാരണം. ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഡിസോര്‍ഡര്‍, കംപല്‍സീവ് ഇന്റര്‍നെറ്റ് യൂസ് എന്നാണ് ഈ പുതിയ അസുഖത്തെ പൊതുവേ അറിയപ്പെടുന്നത്.

നമ്മുടെ തലച്ചോറില്‍ നാഡീകോശങ്ങള്‍ പരസ്പരം ആശയവിനിമയം ചെയ്യാന്‍ ഉപയോഗിക്കുന്ന വിവിധ രാസപദാര്‍ത്ഥങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഡോപിന്‍. തലച്ചോറിന്റെ ഏതാണ്ട് മധ്യഭാഗത്തായി വെന്ററല്‍ ടെഗെമെന്റര്‍ ഏരിയ, അമിഗ്ഡല ന്യൂക്ലിയസ് അക്യുംബെന്‍സ് എന്നീ ഭാഗങ്ങള്‍ ഉണ്ട്. പ്ലഷര്‍ ഏരിയ (സന്തോഷം ഉണ്ടാക്കുന്ന ഭാഗം) എന്നാണ് ഈ ഭാഗങ്ങളെ വിളിക്കുന്നത്. അതായത് ഒരു വ്യക്തി ലഹരി ഉപയോഗിക്കുമ്പോള്‍ ഈ ഭാഗങ്ങളില്‍ കൂടുതല്‍ ഡോപമിന്‍ ഉല്‍പാദിപ്പിക്കപ്പെടുകയും അതുമൂലം വ്യക്തിക്ക് ഒരു പ്രതേ്യക അനുഭൂതി ഉണ്ടാകുകയും ചെയ്യുന്നു. പിന്നീട് ഈ പ്രതേ്യക അനുഭൂതി ലഭിക്കാന്‍ വ്യക്തി വീണ്ടും വീണ്ടും ലഹരി ഉപയോഗിക്കാന്‍ തുടങ്ങുകയും അങ്ങനെ ആ വ്യക്തി ലഹരിക്ക് അടിമയായി മാറുകയും ചെയ്യുന്നു. ലഹരിസാധനങ്ങളിലെന്നപോലെ ഇന്റര്‍നെറ്റ് അഡിക്ഷനിലും, വ്യക്തികളിലെ തലച്ചോറില്‍ ഇതേ രാസ വ്യത്യാസം സംഭവിക്കുന്നതായി ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

ലക്ഷണങ്ങള്‍

പ്രശസ്ത മനഃശാസ്ത്രജ്ഞനായ മാര്‍ക്ക് ഡി ഗ്രിഫിത്ത് ഇന്റര്‍നെറ്റ് അഡിക്ഷന്‍ തിരിച്ചറിയാന്‍ അഞ്ചു മാനദണ്ഡങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

  • പ്രാധാന്യം: ഒരു വ്യക്തിയുടെ ജീവിതം, വികാര-വിചാരങ്ങള്‍, സ്വഭാവം എന്നിവയ്ക്കുമേല്‍ ഇന്റര്‍നെറ്റ് മേധാവിത്തം പുലര്‍ത്തുന്ന അവസ്ഥ.

  • മാനസികാവസ്ഥയിലെ മാറ്റം: ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥയില്‍ മാറ്റം ഉണ്ടാകല്‍.

  • പൊരുത്തപ്പെടല്‍: മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റവുമായി പൊരുത്തപ്പെടാന്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിപ്പിക്കുന്ന ശീലം.

  • പിന്‍വലിയില്‍: ഇന്റര്‍നെറ്റ് ഉപയോഗം നിര്‍ത്തുമ്പോള്‍ വ്യക്തിക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥത തോന്നല്‍.

  • തിരിച്ചുപോകല്‍: വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണത്തിനുശേഷവും ഇന്റര്‍നെറ്റ് അഡിക്ഷന്‍ ശീലത്തിലേക്ക് തിരിച്ചുപോകാനുള്ള ആളുകളുടെ പ്രവണത.

അനുബന്ധമായി വരുന്ന പ്രശ്‌നങ്ങള്‍

  • ഇന്റര്‍നെറ്റിലെ വിഷയങ്ങളെക്കുറിച്ച് എപ്പോഴുമുള്ള ചിന്ത.

  • അമിതോപയോഗം പെട്ടെന്നു നിര്‍ത്താനോ നിയന്ത്രിക്കാനോ വേണ്ടിയുള്ള പാഴ്ശ്രമങ്ങളുടെ ആവര്‍ത്തനം.

  • അമിതോപയോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അനുഭവപ്പെടുന്ന വിഷാദവും അസ്വസ്ഥതയും.

  • മുന്‍കൂട്ടി നിശ്ചയിച്ചതിലധികം സമയം ഇന്റര്‍നെറ്റില്‍ മുഴുകല്‍.

  • ഇന്റര്‍നെറ്റിന്റെ ലോകത്ത് അകപ്പെട്ട് ജോലി, വ്യക്തിബന്ധങ്ങള്‍, വിദ്യാഭ്യാസം എന്നിവ നഷ്ടപ്പെടുന്ന അവസ്ഥ.

  • ഇന്റര്‍നെറ്റ് അമിതോപയോഗം കുടുംബാംഗങ്ങളില്‍നിന്നും മനഃശാസ്ത്രജ്ഞരില്‍ നിന്നും ഒളിച്ചുവയ്ക്കല്‍.

  • നിരാശ, കുറ്റബോധം, വിഷാദം, ഉത്ക്കണ്ഠ എന്നിവയില്‍നിന്നും രക്ഷ നേടാനുള്ള ഇന്റര്‍നെറ്റ് ഉപയോഗം.

പരിഹാര മാര്‍ഗങ്ങള്‍

നിങ്ങള്‍ ഇന്റര്‍നെറ്റ് അഡിക്റ്റാ ണെങ്കില്‍ ആ സത്യം അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

വീഡിയോ ഗെയിമുകള്‍, ടെലിവിഷന്‍, സെല്‍ഫോണ്‍, സ്മാര്‍ട്ട്‌ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുമായി ബന്ധമില്ലാത്ത കളികള്‍, ക്ലബ്ബു പ്രവര്‍ത്തനങ്ങള്‍, സംഗീതം, നൃത്തം, സാമൂഹികപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിനോദോപാധികളാക്കാന്‍ ശ്രമിക്കുക.

പഠനകാര്യങ്ങളില്‍ നിങ്ങള്‍ പൂര്‍ണ്ണമായി മുഴുകുക. പഠനാവശ്യത്തിനുള്ള വിവരശേഖരണത്തിന് ഇന്റര്‍നെറ്റിനുപകരം ചിലപ്പോഴൊക്കെ പുസ്തകങ്ങളെ ആശ്രയിക്കുക.

ഓണ്‍ലൈന്‍ ചാറ്റിങ്ങിലും മറ്റും മുഴുകാതെ മാതാപിതാക്കളെ പാചകത്തിലും മറ്റും സഹായിക്കുക.

കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക.

ഡിജിറ്റല്‍ ഫാസ്റ്റിംഗ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ പരിശ്രമിക്കുക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org