ശ്രദ്ധിക്കണേ സംശയരോഗത്തെ

ശ്രദ്ധിക്കണേ സംശയരോഗത്തെ

എന്റെ ഭര്‍ത്താവിന്റെ പെരുമാറ്റം മൂലം ജീവിതം ദുരിതമായിരിക്കുന്നു. എപ്പോഴും എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കും, ഒരു വാക്ക് അല്ലെങ്കില്‍ ഒരു നോട്ടം പോലും സൂക്ഷ്മമായി വിശകലനം ചെയ്ത് സംശയത്തിന് അനുകൂലമായ തെളിവുകളുമായി അദ്ദേഹം വരും. ഞാന്‍ ഒരിക്കല്‍ ചുവന്ന സാരിയുടുത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോള്‍ അയല്‍വാസി ചുവന്ന ഷര്‍ട്ടിട്ട് അവിടെ ചെന്നത് എന്റെ ചുവന്ന സാരി കണ്ടിട്ടാണെന്ന് ഭര്‍ത്താവ് പറയുന്നു. ചിലപ്പോള്‍ മര്‍ദ്ദിച്ച് കുറ്റം സമ്മതിക്കാന്‍ പറയും, എന്നെ ഭര്‍ത്താവ് സദാ പിന്‍തുടരുകയാണ്. യാഥാര്‍ത്ഥ്യവുമായി ഒരുവിധ ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഭര്‍ത്താവ് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.

സംശയരോഗം ബാധിച്ച ഒരു വ്യക്തിയുടെ പെരുമാറ്റത്തെയാണ് ഭാര്യ ഇവിടെ പ്രതിപാദിക്കുന്നത്.ഗൗരവമേറിയ മനോരോഗങ്ങളില്‍ ഉള്‍പ്പെട്ടതാണ് സംശയരോഗം. സംശയ രോഗത്തിന്റെ ലക്ഷണങ്ങള്‍ പല മനോരോഗങ്ങളിലും മറ്റുള്ള രോഗലക്ഷണങ്ങളോടൊപ്പം കാണാറുണ്ട്. എന്നാലും സംശയരോഗം (Delusional Disorder) ഒരു പ്രതേ്യക രോഗാവസ്ഥതന്നെയാണ്. മറ്റുള്ള രോഗങ്ങളേക്കാള്‍ കുറവായാണ് കണ്ടുവരുന്നതെന്നുമാത്രം. നിത്യജീവിതത്തില്‍, സംഭവ്യമായ ഒരു കാര്യത്തോടനുബന്ധിച്ചുള്ള മിഥ്യാധാരണ (Non bizarre delusion) യാണ് സംശയരോഗത്തിന്റെ കാതല്‍.

രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് അഞ്ചായി തിരിക്കാം.

  • മറ്റുള്ളവര്‍ തന്നെ ഉപദ്രവിക്കാനും കൊല്ലാനും ശ്രമിക്കുന്നു എന്ന വിശ്വാസം (Persecutory Type).

  • ഭാര്യയ്ക്ക് ഭര്‍ത്താവിന്റെയോ ഭര്‍ത്താവിന് ഭാര്യയുടെയോ ചാരിത്ര്യശുദ്ധിയിലുള്ള സംശയം (Jealous Type).

  • തന്നെക്കാള്‍ ഉയര്‍ന്ന പദവിയിലുള്ള ഒരാള്‍ തന്നെ പ്രേമിക്കുന്നു എന്ന ഉറച്ച വിശ്വാസം (Erotomanic Type).

  • തനിക്ക് ശാരീരികമായി തകരാറുണ്ടെന്ന ഉറച്ച വിശ്വാസം (Somatic Type).

  • തനിക്ക് മറ്റുള്ളവരേക്കാള്‍ കഴിവുണ്ടെന്ന, സ്വത്തുണ്ടെന്ന ഉറച്ച വിശ്വാസം (Grandiose Type).

ഈ അഞ്ചുരോഗലക്ഷണങ്ങളില്‍ ഒന്നിലധികം ഒരാള്‍ക്കുണ്ടാവുകയാണെങ്കില്‍, മിക്‌സഡ് ടൈപ്പ് (Mixed Type) എന്നാണ് ആ രോഗാവസ്ഥയെ വിവരിക്കുക.

കൂടുതലായി കണ്ടുവരുന്നത് Persecutory type ഉം Jealous type ഉം ആണ്. ജലസ് ടൈപ്പ് കൂടുതല്‍ പുരുഷന്മാരിലും ഇറോട്ടോമാനിക് ടൈപ്പ് കൂടുതല്‍ സ്ത്രീകളിലുമാണ് കണ്ടുവരുന്നത്. അതുപോലെ സോമാറ്റിക് ടൈപ്പ് മിഥ്യാധാരണകള്‍ വ്യത്യസ്ത രീതിയിലും രോഗികള്‍ പ്രകടിപ്പിക്കുന്നു.

സംശയാലുവായ ഭര്‍ത്താവ് ഭാര്യയുടെ ഓരോ ചലനവും നിരീക്ഷിക്കും. ഒരു വാക്ക്, അല്ലെങ്കില്‍ ഒരു നോട്ടം പോലും സൂക്ഷ്മമായി വിശകലനം ചെയ്ത് തന്റെ സംശയത്തിനനുകൂലമായ തെളിവുകളായി ഭാര്യയുടെ മുന്നിലവതരിപ്പിക്കും. ഭാര്യയെ നിരന്തരം മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കും. ഭാര്യയെ സദാ പിന്തുടരുന്ന ഭര്‍ത്താവും ഭര്‍ത്താവിനെ പുറത്തുപോകാനനുവദിക്കാത്ത ഭാര്യയും കുടുംബം നരകമാക്കും. ചിലപ്പോള്‍, സംശയമാണോ, യാഥാര്‍ത്ഥ്യമാണോ എന്നു മനസ്സിലാക്കാന്‍ പറ്റാത്തവിധം സങ്കീര്‍ണമാവും രോഗിയുടെ കഥ. മനോരോഗവിദഗ്ദ്ധര്‍ക്ക് രോഗനിര്‍ണയത്തിന് ബുദ്ധിമുട്ടാവുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴുമുണ്ടാവാറുണ്ട്. ഇറോട്ടാമാനിക് മിഥ്യാധാരണയുള്ള സ്ത്രീ പലപ്പോഴുമൊരു ഏകാന്തപഥികയായിരിക്കും. സൗന്ദര്യം കുറഞ്ഞ താഴ്ന്ന നിലയിലുള്ള അവര്‍, തന്റേതിനെക്കാള്‍ ഉയര്‍ന്ന സാമൂഹ്യശ്രേണിയിലുള്ള ഒരു പുരുഷന്‍ തന്നെ പ്രേമിക്കുന്നുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു.

ചികിത്സ

ഡെല്യൂഷണല്‍ ഡിസോര്‍ഡറിന് ഫലപ്രദമായ ചികിത്സയുണ്ട്, പക്ഷേ സംശയരോഗിയെ ചികിത്സിക്കുക എളുപ്പമല്ല. രോഗിയില്‍ നിന്ന് മാത്രമല്ല, വീട്ടുകാരില്‍നിന്നും അതിലധികമായി നാട്ടുകാരില്‍നിന്നും എതിര്‍പ്പ് നേരിടേണ്ടിവരും. പ്രത്യക്ഷത്തില്‍ ഒരസുഖവുമില്ലാത്തയാളെ എന്തിന് ചികിത്സിക്കണമെന്ന ചോദ്യം വരും. രോഗലക്ഷണങ്ങള്‍, നിത്യജിവിതവുമായി ബന്ധപ്പെട്ട, കാര്യങ്ങളായതുകൊണ്ട് ആളുകള്‍ രോഗി പറയുന്നത് വിശ്വസിക്കും. എന്തെങ്കിലും ദുരന്തം സംഭവിച്ചുകഴിഞ്ഞേ ആളുകളുടെ കണ്ണു തുറക്കൂ. രോഗിയോടിടപഴകുന്നത് ആരായാലും കരുതലോടെ വേണം. അയാളുടെ മിഥ്യാധാരണകളെ ചോദ്യം ചെയ്യരുത്. അംഗികരിക്കുകയുമരുത്. നിഷ്പക്ഷമായ മനോഭാവമാണു നല്ലത്. രോഗിക്ക് വിശ്വാസമുള്ള ഒരാളുടെ സഹായത്തോടെ ചികിത്സ തേടാവുന്നതാണ്. മരുന്നുകളും മനഃശാസ്ത്രചികിത്സയും വളരെ ഫലപ്രദമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org