
ടോണി മനഃശാസ്ത്രജ്ഞന്റെ അടുത്ത് തന്റെ മനസ്സ് തുറന്നു. ''മടുത്തു ഭാര്യയുടെ ഒപ്പമുള്ള ജീവിതം. ഒരിക്കലും അവള്‍ സ്വസ്ഥത തരില്ല, എപ്പോഴാണ് അവളുടെ മൂഡ് മാറുക എന്നറിയില്ല. ചിലപ്പോള്‍ വലിയ സ്‌നേഹം കാണിക്കും, മറ്റ് ചിലപ്പോള്‍ ഒരു തരം വന്യമായ പെരുമാറ്റം. ഇവള്‍ ഒന്ന് സ്ഥായിയായി പെരുമാറിയാല്‍ എത്ര നന്നായിരുന്നുവെന്ന് ആശിച്ചു പോയിട്ടുണ്ട്. നിസാരപ്രശ്‌നങ്ങളുടെ പേരിലാവും അവളുടെ പെരുമാറ്റം തകിടം മറിയുന്നതും അമിതമായ ദേഷ്യപ്രകൃതം കാണിക്കുന്നതും. ചിലപ്പോള്‍ അവള്‍ മരിച്ചുകളയു മെന്ന് പറയുകയും ചില ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.'' ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ അഥവാ വ്യക്തിത്വവൈകല്യമുള്ള വ്യക്തിയുടെ പ്രത്യേകതകളാണ് ഇവിടെ കാണുന്നത്. താരതമ്യേന സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഈ അവസ്ഥ 18 മുതല്‍ 35 വയസ്സുവരെയുള്ള പ്രായത്തിനിടയ്ക്കാണ് അധികരിക്കാറുള്ളത്.
ലക്ഷണങ്ങള്‍
ദേഷ്യമുണ്ടാകുമ്പോള്‍ കൈയില്‍ കിട്ടുന്നതെല്ലാം വലിച്ചെറിയുക, കൂടെയുള്ളവര്‍ക്കു നേരെ ആക്രോശിക്കുക, അതുപോലെ അസ്ഥിരമായ വൈകാരികഭാവം പ്രകടിപ്പിക്കുക. ഇത്തരക്കാരുടെ വികാരങ്ങള്‍ പെട്ടെന്ന് മാറിക്കൊണ്ടിരിക്കും. അത് സങ്കടത്തില്‍ നിന്നു ദേഷ്യത്തിലേക്കും പിന്നീട് സന്തോഷത്തിലേക്കും വഴുതിമാറും. കൂടെയുള്ളവരുമായി സ്ഥിരതയുള്ള ഒരു ബന്ധം സ്ഥാപിക്കാന്‍ ഈ വ്യക്തിത്വമുള്ളവര്‍ക്കു പലപ്പോഴും സാധിക്കാറില്ല. 'ബോര്‍ഡര്‍ ലൈന്‍' വ്യക്തിത്വമുള്ളവര്‍ കൂടെയുള്ളവരെ ഒരു നിമിഷം ഗാഢമായി സ്‌നേഹിക്കും. തൊട്ടടുത്ത നിമിഷം അതുപോലെ വെറുക്കും. ഇത്തരത്തില്‍ വേര്‍പ്പെടുത്തല്‍ (Splitting) ഇവരില്‍ കാണുന്നു. പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും കൂടെയുള്ളവര്‍ തന്നെ ഉപേക്ഷിച്ചു പോകുമോ, തിരസ്‌കരിക്കുമോ എന്നുള്ള വിഭ്രാന്തി ഈ വ്യക്തിത്വമുള്ളവര്‍ക്ക് കൂടെക്കൂടെ ഉണ്ടാകാറുണ്ട്. കൂടെയുള്ളവരെ ചേര്‍ത്തുനിര്‍ത്താനും അവര്‍ വിട്ടുപോകാതിരിക്കാനും വേണ്ടി ഇവര്‍ സ്വയം മുറിവേല്‍പ്പിക്കുക സാധാരണമാണ്.
അസ്ഥിരമായ സ്വത്വബോധം ഇവരില്‍ കാണുന്നു, ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വമുളള ഒരാള്‍ക്ക് തന്നെക്കുറിച്ച് തന്നെയുള്ള അവബോധം സ്ഥിരമായ ഒന്നായിരിക്കുകയില്ല. ഞാന്‍ എങ്ങനെയുള്ള ഒരാളാണ് എന്നതിനെക്കുറിച്ച് അയാള്‍ക്ക് കാര്യമായ ഗ്രാഹ്യം ഉണ്ടാവില്ല. ഒരു സവിശേഷ സന്ദര്‍ഭത്തില്‍ താന്‍ എങ്ങനെ പെരുമാറുമെന്നോ എന്തായിരിക്കും തന്റെ തീരുമാനമെന്നോ അവര്‍ക്ക് മുന്‍കൂട്ടി പറയാന്‍ പ്രയാസമായിരിക്കും.
സ്ഥായിയായ ശൂന്യതാബോധം (Chronic Emptiness) ഇവര്‍ അനുഭവിക്കുന്നു. ഉറച്ച ഒരു വ്യക്തിത്വത്തെക്കുറിച്ചുള്ള ബോധമില്ലാത്തതായിരിക്കാം ഒരുപക്ഷേ ഇതിന്റെ കാരണം. കൂടെയുള്ളവരുമായി തര്‍ക്കമുണ്ടായാല്‍ 'എന്നെ ഒന്നിനും കൊള്ളുകയില്ല' എന്ന 'നെഗറ്റീവ്' ചിന്താരീതിയും ഇവര്‍ പ്രകടിപ്പിക്കാറുണ്ട്. അതുപോലെ ആവര്‍ത്തിച്ചുവരുന്ന ആത്മഹത്യാപ്രവണത ഇവര്‍ കാണിക്കുന്നു, സ്വയം മുറിവേല്‍പ്പിക്കുക എന്നതിനോടൊപ്പം മറ്റുള്ളവരേക്കാള്‍ സ്വയം അപകടപ്പെടുത്താനുള്ള സാധ്യത ബോര്‍ഡര്‍ ലൈന്‍ വ്യക്തിത്വമുള്ളവരില്‍ കൂടുതലാണ്. ഇപ്പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം ഒരാളില്‍ത്തന്നെ കാണണമെന്നില്ല. പക്ഷേ, ഒന്നില്‍ക്കൂടുതല്‍ ലക്ഷണങ്ങള്‍ ഒരാളില്‍ത്തന്നെ കണ്ടാല്‍ അയാള്‍ക്ക് ബോര്‍ഡര്‍ ലൈന്‍ വ്യക്തിത്വവൈകല്യമുണ്ടോയെന്ന് സംശയിക്കണം.
കാരണങ്ങള്‍
പാരമ്പര്യഘടകങ്ങള്‍, കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍, പേരന്റിങ്ങിലെ താളപ്പിഴകള്‍, അസ്ഥിരമായ കുടുംബബന്ധങ്ങള്‍ എന്നിവയെല്ലാം കാരണമായി വരാന്‍ സാധ്യതയേറെയാണ്. അതുപോലെ ഇത്തരക്കാരുടെ മസ്തിഷ്‌ക്കത്തില്‍ സെറോട്ടോണിന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ അളവ് കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തലച്ചോറിലെ അമിഗ്ഡലാ, ലിംബിക് സിസ്റ്റം, ഫ്രോണ്ടല്‍ ലോബ് എന്നീ ഭാഗങ്ങളുടെ ചില പ്രവര്‍ത്തന തകരാറുകളും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചികിത്സാസമീപനങ്ങള്‍
അമേരിക്കന്‍ മനഃശാസ്ത്രജ്ഞയായ മാര്‍ഷാ ലിനെഹാന്‍ വികസിപ്പിച്ചെടുത്ത ഡയലിറ്റിക്കല്‍ ബിഹേവിയര്‍ തെറാപ്പിയില്‍ ഒരു വര്‍ഷത്തോളം നീളുന്ന മൂന്ന് ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ ആത്മഹത്യാ പ്രവണതയും ചികിത്സയ്ക്ക് തടസ്സമാകുന്ന പെരുമാറ്റങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങളോടൊപ്പം ആത്മനിയന്ത്രണം വര്‍ധിപ്പിക്കാനുള്ള മൈന്‍ഡ് ഫുള്‍നെസ് വ്യായാമങ്ങളും ഉണ്ട്. രണ്ടാം ഘട്ടത്തില്‍ പഴയകാല ദുരനുഭവങ്ങളേയും വേദനകളേയും വിശകലനം ചെയ്യാനുള്ള പരിശീലനമാണ് കൊടുക്കുന്നത്. മൂന്നാം ഘട്ടത്തില്‍ ആത്മവിശ്വാസം വളര്‍ത്താനും യാഥാര്‍ഥ്യബോധത്തോടെയുള്ള ലക്ഷ്യങ്ങള്‍ വികസിപ്പിക്കാനും ശ്രമിക്കുന്നു. മൂന്ന് ഘട്ടവും വിജയകരമായി പൂര്‍ത്തിയായാല്‍ ആത്മീയശേഷി വികസിപ്പിക്കാനുള്ള പരിശീലനവുമുണ്ട്. ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ വൈകല്യമുള്ളവര്‍ക്ക് ഇത് പ്രയോജനം ചെയ്യാറുണ്ട്. ലഘുവായ തോതിലാണ് പെരുമാറ്റ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ ഔഷധങ്ങളേക്കാളുപരി സൈക്കോ തെറാപ്പിയാണ് നല്‍കുന്നത്. എന്നാല്‍ വ്യക്തിത്വവൈകല്യം കഠിനവും ലക്ഷണ ങ്ങള്‍ കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നവയും ആണെങ്കില്‍ മനഃശാസ്ത്ര ചികിത്സയോടൊപ്പം മനോരോഗവിദഗ്ധന്റെ സഹായവും വേണ്ടിവരും.