
ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
ക്ലിനിക്കല്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റ്
& പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍
അജിത്ത് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ്. ഒരുവിധം നല്ല ശമ്പളം കിട്ടുന്നുണ്ടെങ്കിലും അവന് ഒന്നിനും തികയുന്നില്ല. പണം കൂടുതല്‍ കിട്ടിയാല്‍ ഉടനെ അവന് യാത്ര പോകണം. ഒരു വിവേകവുമില്ലാതെ പണം ധൂര്‍ത്തടിക്കും, ചോദിക്കുന്നവര്‍ക്ക് വാരിക്കോരി കൊടുക്കും, ജോലി ചെയ്യുന്ന സ്ഥലത്തു പോലും കസ്റ്റമേഴ്‌സിനു ചോദിക്കുന്നതിലും അധികം സാധനസാമഗ്രികള്‍ എടുത്തു കൊടുക്കുക പതിവാണ്, ഉറങ്ങിയില്ലെങ്കിലും ഒരു ക്ഷീണവുമില്ല. ഭക്ഷണം കഴിച്ചില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല, എല്ലാവരോടും നല്ല സംസാരം, ചില അവസരങ്ങളില്‍ മാത്രം ഈ വ്യക്തി ഉള്‍വലിഞ്ഞ് ഇരിക്കുന്നതും കാണാം.
ബൈപോളാര്‍ ഡിസോര്‍ഡര്‍ അഥവാ വിഷാദോന്മാദരോഗത്തില്‍ അസാധാരണമായ വൈകാരിക വ്യതിയാനങ്ങളാണുളളത്. അതോടൊപ്പം ശരീരത്തിന്റെ ഊര്‍ജത്തിലും പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങളുണ്ടാകുന്നു. വിഷാദോന്മാദ രോഗലക്ഷണങ്ങള്‍ തീവ്രത യേറിയതും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതുമാണ്. സാധാരണ വൈകാരിക വേലിയേറ്റങ്ങളെ ക്കാളും വേലിയിറക്കത്തേക്കാളും അവ കൂടുതലും ജീവിത ഗുണനിലവാരത്തെ ബാധിക്കുന്നതായിരിക്കും. കുടുംബവും സാമൂഹ്യജീവിതവും ഇവരില്‍ തകരാറിലാകുന്നു. ആത്മഹത്യാസാധ്യതയും ഇവരില്‍ കൂടുതലാണ്.
ഉന്മാദരോഗ ലക്ഷണങ്ങള്‍
വൈകാരികമാറ്റങ്ങള്‍ സംഭവിക്കുന്നു, നീണ്ടുനില്‍ക്കുന്ന ഉത്തേജിതാവസ്ഥയും സന്തോഷാവസ്ഥയും അനുഭവപ്പെടുന്നു. വേഗം ദേഷ്യം വരുന്നു, വേഗത്തില്‍ സംസാരിക്കുന്നു, ചിന്തകള്‍ വേഗത്തിലാകുന്നു, ഒരാശയത്തില്‍ നിന്നും വേറൊന്നിലേക്ക് വേഗം പോകുന്നു, കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നു, അപ്രായോഗികമായ പദ്ധതികള്‍ തുടങ്ങുന്നു. പണം അനാവശ്യമായി ചിലവാക്കുന്നു. വിശ്രമിക്കാനും, ഉറങ്ങാനും തോന്നുന്നില്ല. ക്ഷീണം തോന്നുന്നില്ല, സ്വന്തം കഴിവിനെക്കുറിച്ച് ഊതിവീര്‍പ്പിച്ച വിശ്വാസങ്ങള്‍ പറയുന്നു. ചിന്തിക്കാതെയുള്ള പെരുമാറ്റങ്ങള്‍, ലൈംഗികമായ എടുത്തുചാട്ടങ്ങള്‍ തുടങ്ങിയവ കാണിക്കുന്നു.
വിഷാദരോഗ ലക്ഷണങ്ങള്‍
വേഗം ക്ഷീണമുണ്ടാകുകയും എല്ലാം സാവധാനത്തിലാവുകയും ചെയ്യുന്നു. ശ്രദ്ധിക്കാനും, ഓര്‍ക്കാനും, തീരുമാനമെടുക്കാനും പ്രയാസം നേരിടുന്നു. വേഗം ദേഷ്യം വരുന്നു. ഭക്ഷണം കഴിക്കല്‍, ഉറക്കം മറ്റു സ്വഭാവങ്ങളില്‍ മാറ്റം കാണിക്കുന്നു. ലൈംഗികകാര്യങ്ങളില്‍ താല്‍പര്യം കുറയുന്നു. ആത്മഹത്യചിന്ത, ആത്മഹത്യശ്രമം എന്നിവ കാണിക്കുന്നു.
വൈകാരിക മാറ്റങ്ങള്‍ അത്ര പ്രകടമല്ലെങ്കിലും വിഷാദോന്മാദരോഗമുണ്ടാകാം. ഇവിടെ ഉന്മാദത്തിന്റെ താഴത്തെ പടിയായ ഹൈപ്പോമാനിയ എന്ന ലഘു ഉന്മാദത്തില്‍ തുടങ്ങി വിഷാദരോഗത്തിലെത്താം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വേണ്ടവിധത്തില്‍ ചികിത്സ സിദ്ധിച്ചില്ലെങ്കില്‍ പൂര്‍ണ്ണ ഉന്മാദത്തിലേക്കു രോഗി പോകാന്‍ സാധ്യതയുണ്ട്. ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദവും, ഉന്മാദവും കലര്‍ന്ന മിശ്രാവസ്ഥയായും പ്രത്യക്ഷപ്പെടാം. ഇതില്‍ ഒരേ സമയം ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും ലക്ഷണങ്ങള്‍ കാണുന്നു. ബൈപോളാര്‍ ഡിസോര്‍ഡറിന്റെ മിക്‌സ്ഡ് സവിശേഷതകള്‍ (Dysphoric Mania) എന്ന് വിശേഷിപ്പിക്കുന്നു. ഇവിടെ മിഥ്യാധാരണകള്‍ (Delusions) പ്രത്യക്ഷമാകാറുണ്ട്.
കാരണങ്ങള്‍
ജനിതകകാരണങ്ങള്‍, ജൈവശാസ്ത്രപരമായ കാരണങ്ങള്‍, ചുറ്റുപാടുകളുടെ സ്വാധീനം, അതുപോലെ മുതിര്‍ന്നവരിലെ ബൈപോളാര്‍ ഡിസോര്‍ഡറില്‍ മസ്തിഷ്‌കത്തിന്റെ പുരോഭാഗമായ പ്രിഫോണ്ടല്‍ കോര്‍ട്ടക്‌സ് (Preforontal Cortex) രോഗമില്ലാത്തവരേക്കാള്‍ ചെറുതും പ്രവര്‍ത്തനം കൂറഞ്ഞതുമായി നിരീക്ഷിച്ചിട്ടുണ്ട്. ഈ ഭാഗം കാര്യനിര്‍വഹണ പ്രാപ്തിയുമായി ബന്ധപ്പെട്ട ഭാഗമാണ്.
രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍
രക്തബന്ധമുള്ള മാതാപിതാക്കന്മാര്‍ക്കോ സഹോദരീ സഹോദരന്മാര്‍ക്കോ രോഗം ഉണ്ടാകുക, അമിതമായ മാനസിക സമ്മര്‍ദം ഉണ്ടാവുക, മദ്യവും സിന്തറ്റിക് ലഹരി വസ്തുക്കളും ഉപയോഗിക്കുക, ജീവിതത്തില്‍ വലുതായ നഷ്ടം സംഭവിക്കുക. ബൈപോളാര്‍ രോഗത്തില്‍ ഒപ്പമുള്ള മറ്റ് ശാരീരികമാനസിക രോഗങ്ങള്‍ എന്നിവയും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.
ചികിത്സാമാര്‍ഗങ്ങള്‍
വൈകാരികഭാവം നിലനിര്‍ത്തുന്ന മൂഡ് സ്റ്റബിലൈസേഴ്‌സ് ഔഷധങ്ങള്‍ മനോരോഗവിദഗ്ധന്റെ ചികിത്സയില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു. മരുന്നുകളോടൊപ്പം സൈക്കോ തെറാപ്പി ഏറ്റവും ഫലപ്രദമാണ്. കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, കുടുംബ കേന്ദ്രീകൃതമായ ഫാമിലി ഫോക്കസ്ഡ് തെറാപ്പി, വ്യക്തിബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും ശരിയാക്കുന്ന ഇന്റര്‍ പേഴ്‌സണല്‍ ആന്റ് സോഷ്യല്‍ റിഥം തെറാപ്പി എന്നിവയെല്ലാം വളരെ പ്രയോജനകരമാണ്. ഇവയിലൂടെയും ദിനചര്യകള്‍ നേരെയാക്കുന്നതിലൂടെയും ഉന്മാദവിഷാദഘട്ടങ്ങള്‍ ഉല്‍ഭവിക്കുന്നത് തടയാന്‍ കഴിയും.