ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
ക്ലിനിക്കല്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റ്
& പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍
ആന്‍സി മനഃശാസ്ത്രജ്ഞനെ സമീപിച്ചത് 'എന്റെ ജീവിതം തകര്‍ന്നു' എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ്. അവളുടെ കൈയില്‍ ഒരു ദിനപത്രവുമുണ്ട്. അതില്‍, അവളുടെ ഭര്‍ത്താവായ മനുവിന്റെ ഫോട്ടോയാണ് കാണുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍, വ്യാജമായി സൃഷ്ടിച്ച് ധനസഹായ സ്ഥാപനങ്ങളില്‍ നിന്നും പണം തട്ടിയെടുക്കലാണ് മനുവിന്റെ പതിവ്. ഒരു തവണയല്ല പല തവണ ഇത് ആവര്‍ത്തിച്ചു. മനുവിന് ധാരാളം സുഹൃത്തുക്കളുണ്ട്, പണം ലഭിക്കുമ്പോള്‍ അവരുമായി മദ്യവും ലഹരിവസ്തുക്കളും മറ്റുമായി കുറെ നാള്‍ ആര്‍ഭാടമായി ജീവിക്കും. ഭര്‍ത്താവിനോട് ഇതേപറ്റി പറഞ്ഞാല്‍ കോപിക്കുകയും, ഉപദ്രവിക്കുകയും ചെയ്യും. ഇത് മൂന്നാമത്തെ തവണയാണ് പൊലീസ് പിടിച്ച് ജയിലിലാക്കി, ജാമ്യത്തിലിറങ്ങുന്നത് ഇവിടെ 'ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറാണ്' ആന്‍സിയുടെ ഭര്‍ത്താവില്‍ കാണുന്നത്.
ഇത്തരം വ്യക്തിത്വ വൈകല്യങ്ങള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്. കളവ് പറയുക, സ്‌കൂളില്‍ വഴക്ക് കൂടുക, മുതിര്‍ന്നവരുമായി ബന്ധം ഉണ്ടാക്കുക, അവരുമായി ഒന്നിച്ച് ചുറ്റികറങ്ങുക, സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിക്കുക, മോശം വാക്കുകള്‍ ഉപയോഗിക്കുക തുടങ്ങിയവ ചെയ്യുന്ന ഇത്തരം കുട്ടികളിലാണ്, പൊതുവില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞാല്‍, ഇത്തരം വ്യക്തിത്വ വൈകല്യങ്ങള്‍ പ്രകടമാകുന്നത്. എപ്പോഴും നിയമങ്ങള്‍ക്ക് എതിരെ നില്‍ക്കുക ഇത്തരക്കാരുടെ പ്രത്യേകതയാണ്. കാര്യസാധ്യത്തിനായി ഏതു സൂത്രങ്ങളും പ്രയോഗിക്കുവാന്‍ ഇവര്‍ക്കുള്ള കഴിവ് അപാരമാണ്. വാദ പ്രതിവാദം നടത്താനും, വേണ്ടിവന്നാല്‍ എതിര് നില്ക്കുന്നവരെ ആക്രമിക്കാനും ഇവര്‍ മടിക്കാറില്ല, യാതൊരു മനഃസാക്ഷിയും കാണിക്കില്ല.
ലക്ഷണങ്ങള്‍
മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതെ ക്രൂരമായി പെരുമാറുക, സമൂഹത്തിലെ നിയമങ്ങളെയും പെരുമാറ്റ രീതികളെയും നിരാകരിക്കുക. സ്ഥായിയായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുക. നിയന്ത്രിക്കാനാവാത്ത കോപം കാണിക്കുക, ജീവിതാനുഭവങ്ങളില്‍ നിന്നും ഒന്നും പഠിക്കാതെ മാനസാന്തരമോ, കുറ്റബോധമോ ഇല്ലാത്ത അവസ്ഥ, മറ്റുള്ളവരുടെ ദുഃഖത്തില്‍ സന്തോഷിക്കുക, മറ്റുള്ളവരെ മനഃസാക്ഷിയില്ലാതെ ചതിക്കുക. ഇത്തരം ലക്ഷണങ്ങള്‍ എല്ലാം ഒരാളില്‍ തന്നെ കാണണമെന്നില്ല. ഇത്തരക്കാര്‍ മയക്കുമരുന്ന് കേസുകള്‍, മാഫിയ സംഘം, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടാനും ഇവരുടെ പേരിലുള്ള കേസുകള്‍ വഴി ജയിലില്‍ അകപ്പെടാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.
കാരണങ്ങള്‍
കുട്ടിക്കാല ജീവിതാനുഭവങ്ങള്‍, ശാരീരിക ലൈംഗിക ദുരുപയോഗങ്ങള്‍, അതുപോലെ സമൂഹത്തിലെ ഏറ്റവും സാമൂഹികവും സാമ്പത്തികവും ധാര്‍മ്മികവുമായി ദുര്‍ബല അവസ്ഥകളില്‍ നിന്നും വരുന്നവര്‍ ഈ രോഗാവസ്ഥയില്‍ ഉള്‍പ്പെടാം. ഇത്തരം വ്യക്തിത്വ വൈകല്യങ്ങള്‍ക്ക് പാരമ്പര്യ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേണ്‍ബര്‍ഗ് എന്ന അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍ പറയുന്നത് അമിതമായ സൂപ്പര്‍ ഈഗോയോടുള്ള പ്രതികരണമാണിതെന്നാണ്.
മനഃശാസ്ത്ര സമീപനങ്ങള്‍
ഇത്തരം വ്യക്തി വൈകല്യങ്ങള്‍ക്ക് സൈക്കോ എഡ്യൂക്കേഷനാണ് പ്രധാനമായും കൊടുക്കുന്നത്. ഈ വ്യക്തിത്വ വൈകല്യത്തിന്റെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഇത്തരം വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവബോധം നല്കണം. ഇവിടെ വ്യക്തികളുടെ പ്രത്യേക സാഹചര്യവും മനഃശാസ്ത്ര ചികിത്സയ്ക്കുള്ള സന്നദ്ധതയും പ്രധാനമാണ്. കുടുംബാംഗങ്ങള്‍ക്ക് ഇത്തരം വ്യക്തികളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള സംഗതികള്‍ പറഞ്ഞുകൊടുക്കണം. അമിതമായ ഉല്‍ക്കണ്ഠ, കോപം എന്നിവയ്ക്ക് മനോരോഗ വിദഗ്ധന്റെ സഹായവും ആവശ്യമായി വരും.
പെരുമാറ്റ വൈകല്യങ്ങള്‍ കുട്ടിക്കാലത്തും കൗമാരത്തിലും കാണുമ്പോള്‍ ശരിയായ സമയത്തുതന്നെ അവരെ മനഃശാസ്ത്ര വിദഗ്ധരെ കാണിക്കാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഇത്തരം വ്യക്തിത്വ വൈകല്യങ്ങള്‍ പ്രതിരോധിക്കാനാവും.
മനഃശാസ്ത്ര ചികിത്സയ്ക്ക് വിധേയമാക്കാതെ പോകുന്ന കുട്ടിക്കാലത്തെ പെരുമാറ്റ വൈകല്യങ്ങള്‍ (Conduct Disorder) ഭാവിയില്‍ ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റിയിലേക്ക് നയിക്കാം. ഇത്തരം പെരുമാറ്റ വൈകല്യങ്ങള്‍ കുട്ടിക്കാലത്തും കൗമാരത്തിലും കാണുമ്പോള്‍ ശരിയായ സമയത്തുതന്നെ അവരെ മനഃശാസ്ത്ര വിദഗ്ധരെ കാണിക്കാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഇത്തരം വ്യക്തിത്വ വൈകല്യങ്ങള്‍ പ്രതിരോധിക്കാനാവും.പെരുമാറ്റ വൈകല്യങ്ങള്‍ കുട്ടിക്കാലത്തും കൗമാരത്തിലും കാണുമ്പോള്‍ ശരിയായ സമയത്തുതന്നെ അവരെ മനഃശാസ്ത്ര വിദഗ്ധരെ കാണിക്കാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഇത്തരം വ്യക്തിത്വ വൈകല്യങ്ങള്‍ പ്രതിരോധിക്കാനാവും.