മദ്യപാനാസക്തി നിയന്ത്രിക്കാം മനഃശാസ്ത്ര സമീപനങ്ങളിലൂടെ

മദ്യപാനാസക്തി നിയന്ത്രിക്കാം മനഃശാസ്ത്ര സമീപനങ്ങളിലൂടെ

കൂടെ നടന്നിരുന്ന വിശ്വസ്തനായ സ്‌നേഹിതന്‍ ജെയിംസ് ചേട്ടനെ ചതിച്ചു. പുതിയ ബിസിനസ്സ് തുടങ്ങുന്നതിനായി അയാള്‍ ജെയിംസ് ചേട്ടനെ നിര്‍ബന്ധി ച്ചു. അതുപ്രകാരം സ്വര്‍ണ്ണം പണിത് പുതിയ ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ ജെയിംസ് ചേട്ടന്റെ മകന്റെ കാര്‍ ഇടിച്ചു. അത് കേസായി. കാര്‍ ഓടിച്ചിരുന്നത് വിശ്വസ്തനായ സ്‌നേഹിതനായിരുന്നു. കാര്‍ അപകടം കേസായപ്പോള്‍ സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ ചില സംശയങ്ങള്‍ ഉണ്ടായി. ചുരുക്കത്തില്‍ പറഞ്ഞാല്‍ ജെയിംസ് ചേട്ടന്റെ മകന്‍ സ്വര്‍ണ്ണകടത്തു നടത്തുന്നവനായി കേസ് വന്നു. ജയിലിലായി, ജെയിംസ് ചേട്ടന്റെ മകന്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ദുഃഖം കൊണ്ട് ആത്മഹത്യ ചെയ്തു. കേസ് അവിടെയും തീര്‍ന്നില്ല. വിശ്വസ്തനായ സ്‌നേഹിതന്‍ ജെയിംസ് ചേട്ടനെതിരെ മൊഴികൊടുത്തു. എല്ലാം കൂടി ഒരുമിച്ചായപ്പോള്‍ ജെയിംസ് ചേട്ടന്റെ സകല സ്വത്തുക്കളും കണ്ടുകെട്ടി. സ്വന്തം വീടുവരെ നഷ്ടപ്പെട്ടു. പലരോടും പൈസ ചോദിച്ചു. പക്ഷെ ജെയിംസ് ചേട്ടന്റെ കയ്യില്‍ തിരിച്ചുതരാന്‍ ഒന്നുമില്ലായെന്ന് അറിയാവുന്നതുകൊണ്ട് ആരും പൈസ കൊടുത്തില്ല. ഇദ്ദേഹം മുഴുകുടിയനായി മാറി. എല്ലാവരോടും ഇരന്ന് വാങ്ങുന്ന പ്രകൃതക്കാരനായി മാറി. ജീവിതസാഹചര്യങ്ങള്‍ ഒരു മനുഷ്യനെ മദ്യപാനശീലത്തിലേക്ക് നയിക്കുന്നതാണ് നാം കണ്ടത്.

  • മദ്യപാനം അമിതമാണെന്ന് അംഗീകരിക്കുക, പലരും ഇതിനെ ലഘൂകരിച്ചു കാണാന്‍ ശ്രമിക്കുന്നു. കാരണം അതാണല്ലോ മനസ്സിന് ആശ്വാസം നല്‍കുന്നത്. ഞാന്‍ അങ്ങനെയൊന്നും കുടിക്കാറില്ല എന്നത് മനസ്സ് പയറ്റുന്ന ഒരു പ്രതിരോധ തന്ത്രമാണ്. മദ്യപാനം അമിതമാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചാല്‍ മാത്രമേ കുടി നിര്‍ത്തണം എന്ന ചിന്തയുണ്ടാകൂ.

  • മദ്യപാനം മരണത്തിലേക്കെത്തുന്ന സിറോസിസ് എന്ന അസുഖത്തിനു കാരണമാകുന്നുവെന്ന യാഥാര്‍ത്ഥ്യവും അംഗീകരിക്കുക. സാധാരണ മരണമല്ല, വര്‍ഷങ്ങളോളം രോഗബാധിതനായി കിടക്കേണ്ടിവരുന്നു. ഓര്‍മ്മകള്‍ നശിച്ച് ഉറ്റവരെയും ഉടയവരെയും തിരിച്ചറിയാനാകാതെ വഴിയില്‍ അലഞ്ഞുതിരിയുന്ന ഒരവസ്ഥയ്ക്കും മദ്യം കാരണമാകുന്നുവെന്ന യാഥാര്‍ഥ്യവും അംഗീകരിക്കുക. യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുന്നത് മനഃസമാധാനം കളയും എന്നുള്ളതുകൊണ്ട് ഈ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കാനോ (Denial) അവയില്‍ നിന്ന് ഒളിച്ചോടാനോ ഉള്ള വാസന ഉണ്ടെന്നത് ശ്രദ്ധിക്കുക.

  • യാഥാര്‍ഥ്യങ്ങള്‍ ഒരിക്കല്‍ അംഗീകരിച്ചാല്‍ മദ്യപാനം നിര്‍ത്തുന്നതിനുള്ള തീരുമാനം എടുക്കുക. തുടര്‍ന്ന് ഒരു മാനസികാരോഗ്യവിദഗ്ദ്ധനെ കാണുക. കാരണം മദ്യം പെട്ടെന്ന് ശരീരത്തില്‍ ചെല്ലാതായാല്‍ വിറയലും മറ്റും അനുഭവപ്പെട്ടേക്കാം. ഇത് ഒഴിവാക്കാന്‍ മരുന്നുകള്‍ ആവശ്യമാണ്. മാത്രമല്ല മദ്യപാനം പെട്ടെന്നു നിര്‍ത്തുമ്പോള്‍ മറ്റു പല അസ്വസ്ഥകളും ഉണ്ടായേക്കാം. അതുകൊണ്ടാണ് പലരും ഒരിക്കല്‍ നിര്‍ത്തിയതിനുശേഷം വീണ്ടും മദ്യം കഴിക്കുന്നത്. എന്നാല്‍, ഈ അസ്വസ്ഥതകളെ ഒഴിവാക്കാന്‍ മരുന്നുകള്‍ക്ക് സാധിക്കും. അതുകൊണ്ട് തുടര്‍ന്നു കുടിക്കണം എന്ന തോന്നല്‍ ഉണ്ടാവുകയില്ല.

  • മദ്യപാനംമൂലം ശരീരത്തിലുണ്ടായിട്ടുള്ള മാലിന്യങ്ങള്‍ മുഴുവന്‍ കഴുകിപ്പോകാന്‍ ഒരാഴ്ച സമയമെടുക്കും. ഈ സമയം മാലിന്യങ്ങള്‍ ഒഴുക്കിക്കളയുന്ന മരുന്ന്, വൈറ്റമിന്‍ ബി, വിശ്രമം, നല്ല ആഹാരം, ധാരാളം വെള്ളം എന്നിവയെല്ലാം വേണം. ഈ ചികിത്സയില്‍ വൈദഗ്ധ്യം നേടിയിട്ടുള്ളത് സൈക്യാട്രിസ്റ്റുകളാണ്. ചികിത്സയുടെ ഈ ഘട്ടത്തെ Detoxification എന്നു പറയുന്നു. ഒരിക്കല്‍ രോഗി ഈ ഘട്ടം തരണം ചെയ്താല്‍ വീണ്ടും മദ്യപാനം തുടങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആവശ്യമാണ്. മദ്യത്തിനോടുള്ള ആസക്തി കുറയ്ക്കുന്ന മരുന്നുകള്‍ (Anticraving drugs) ഇന്ന് ലഭ്യമാണ്. ഈ മരുന്നുകള്‍ ക്രമമായി കഴിച്ചാല്‍ നല്ലൊരു ശതമാനം പേരിലും മദ്യവിമുക്ത ജീവിതം സാധ്യമാണ്.

  • ചികിത്സയില്‍ മരുന്നുകള്‍ മാത്രം പോരാ, മദ്യമില്ലാത്ത ജീവിതം പലര്‍ക്കും ഒരു വെല്ലുവിളിയാണ്. മദ്യത്തിന് അടിമപ്പെട്ടവര്‍ക്ക് മദ്യം നിര്‍ത്തിയാല്‍ ജീവിതത്തില്‍ അതിനു പകരംവയ്ക്കാന്‍ എന്തുണ്ട് എന്ന ചോദ്യം വളരെയധികം അലട്ടുന്ന ഒന്നാണ്. രോഗിക്ക് ഈയവസരത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായം വിലപ്പെട്ടതാണ്. പുതിയ തൊഴില്‍, വിനോദവേളകള്‍, സുഹൃദ്ബന്ധങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ അയാള്‍ക്ക് സഹായം വേണ്ടിവരും. അതുപോലെ കൗണ്‍സിലിംഗ് സഹായം ചെയ്തുകൊടുക്കണം.

  • സുഹൃത്തുക്കളില്‍ നിന്നുള്ള സമ്മര്‍ദം, മദ്യം വിളമ്പുന്ന ചടങ്ങുകള്‍ കഴിയുന്നതും ഒഴിവാക്കുക. മദ്യപാനം നിര്‍ത്തി ഏറെ നാളുകള്‍ കഴിഞ്ഞ് തികഞ്ഞ ആത്മവിശ്വാസം കൈവരിച്ചതിനുശേഷം മാത്രം ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നതായിരിക്കും അഭികാമ്യം. സുഹൃത്തുക്കളെ ബാറിനു സമീപം കണ്ടുമുട്ടുന്നത് ഒഴിവാക്കണം.

  • മദ്യം നിര്‍ത്തി ഏറെ നാളുകള്‍ക്കുശേഷം ഒരിക്കല്‍ കുടിച്ചാല്‍ അത് പിന്നീട് കുടി തുടരുന്നതിലേക്കുള്ള ഒരു അടയാളമായി മാറരുത്. അതിനെ ആ ഒരു അവസരത്തിലെ കുടി മാത്രമായി ഒതുക്കുക. ഒരിക്കല്‍ വീണ്ടും കുടിച്ചുപോയി, അതുകൊണ്ട് ഇനി കുടി തുടരാം എന്നത് വളരെ അപകടം പിടിച്ച ന്യായവാദമാണ്. ഒരിക്കല്‍ കുടിച്ചു എന്നു കരുതി വീണ്ടും കുടിക്കണമെന്നില്ല. കുടുംബാംഗങ്ങള്‍ വിശേഷിച്ചു ഭാര്യമാര്‍ സൗമ്യതയോടും പരിഗണനയോടും കൂടി മദ്യപന്മാരെ സമീപിക്കുന്നത് കുടി നിര്‍ത്താന്‍ അവര്‍ക്ക് പ്രചോദനമായേക്കും. ഒരിക്കല്‍ കൂടി നിര്‍ത്തിയാല്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ സ്‌നേഹവും ശ്രദ്ധയും കാണിക്കുകയും വേണം.

  • ആള്‍ക്കഹോള്‍ അനോണിമസ് ഗ്രൂപ്പ്, മദ്യപാനത്തില്‍ നിന്നും മോചനം നേടാന്‍ ശ്രമിക്കുന്നവരുടെ ഒരു കൂട്ടായ്മയാണിത്. പരസ്പര ആശയവിനിമയത്തിലൂടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെയും പലര്‍ക്കും ഇതില്‍ നിന്നും പ്രയോജനം ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

  • ആത്മീയത മദ്യപാനികള്‍ക്ക് വലിയൊരു ഔഷധമാണ്. പ്രസിദ്ധനായ മനഃശാസ്ത്രജ്ഞന്‍ കാള്‍ ഗുസ്താവ് യുംങ് എല്ലാ തരത്തിലുള്ള ചികിത്സാവിധിയിലൂടെയും ഒരു മദ്യപാനിയെ കടത്തിവിട്ടതിനുശേഷം ഫലം ലഭിക്കാതെ വന്നപ്പോള്‍, പിന്നീട് ആത്മീയതയിലേക്ക് നയിച്ചപ്പോള്‍ വലിയ ഫലമുള്ളതായി അദ്ദേഹം വിവരിക്കുന്നുണ്ട്.

  • മദ്യവിമുക്തജീവിതം ഒരു പുനരുത്ഥാനമാണ്. ദീര്‍ഘകാലം ഒരാളുടെ ജിവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ മദ്യത്തില്‍ നിന്നുള്ള മോചനം നീണ്ട പ്രക്രിയയാണ്. പ്രയാസമേറിയതുമാണ്. പക്ഷെ, ദൃഢനിശ്ചയംകൊണ്ടും ഉത്സാ ഹം കൊണ്ടും അത് സാധ്യമാണ്. മദ്യമില്ലാത്ത ജീവിതം ഒരിക്കല്‍ ശീലിച്ചുതുടങ്ങിയാല്‍ പിന്നീട് അനവധി പേര്‍ അതാസ്വദിച്ചു തുടങ്ങുന്നു. സമൂഹത്തില്‍ പുതിയ ഒരു സ്ഥാനം, ജീവിതത്തിന് പുതിയ ഒരര്‍ത്ഥം എന്നിവ നല്കുന്നതാണിത്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന ഒരു ഘട്ടമായിരിക്കും ഇത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org