മതബോധങ്ങളുടെ മൂടുപടം

സുവിശേഷഭാഷ്യം അല്മായവീക്ഷണത്തിൽ
മതബോധങ്ങളുടെ മൂടുപടം
Published on

ജനുവരി 4, 2026

പിറവി രണ്ടാം ഞായർ

പുറ. 34. 28 - 35

1 സാമു. 3. 1-10

റോമ. 11. 33 - 12. 2

ലൂക്ക. 2. 22-24, 41- 52

 മതബോധങ്ങളുടെ മൂടുപടം

- അഭിലാഷ് ഫ്രേസര്‍

'From shadows and symbols into the truth' എന്നാണ് കര്‍ദിനാള്‍ ന്യൂമാന്റെ സ്മൃതികുടീരത്തിലെ ശിലാലിഖിതം. ഒന്‍പത് പതിറ്റാണ്ടുകള്‍ നീണ്ട ആ ജീവിതത്തിന്റെ സംഹഭാഗവും നിഴലുകളുടെയും പ്രതീകങ്ങളുടെയും മൂടുപടത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന സത്യം തേടിയുള്ള ഒരു അലച്ചിലായിരുന്നല്ലോ. പുറംകാഴ്ചകളുടെ ഉലകം മൂടുപടമാണെന്ന ധാരണ മാനവ ചിന്താചരിത്രത്തിന്റെ ആദി മുതല്‌ക്കേയുണ്ട്. അതിനു പിന്നിലെ അര്‍ത്ഥത്തെ കുറിച്ചും അര്‍ത്ഥാന്വേഷണങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ചരിത്രം തന്നെയാണ് ഭൂരിഭാഗം തത്വചിന്തകളും മതചിന്തകളും. 'ചിത്രപ്പണികള്‍ കൊണ്ടലങ്കരിച്ച മൂടുപടം ഉയര്‍ത്തരുതേ!' (Lift not the painted veil...) എന്ന് വിളിച്ചു പറയുന്ന ഷെല്ലിയുടെ കവിതയും മൂടുപടത്തിനകത്തെ നിഗൂഢത തേടുന്ന മനുഷ്യവംശത്തിന്റെ നൈരന്തര്യത്തെയാണ് സൂചിപ്പിക്കുന്നത്. ചിലര്‍ ജീവിതത്തിന്റെ മൂടുപടമുയര്‍ത്തി നോക്കി അതിനുള്ളില്‍ ഒന്നുമില്ലെന്ന് കണ്ട് ഹതാശരാകുന്നു. മറ്റു ചിലരാകട്ടെ, ധ്യാനാത്മകമായി തുറന്ന ഉള്‍ക്കണ്ണാല്‍, നിഴലും പ്രതീകങ്ങളും കൊണ്ട് തീര്‍ത്ത മൂടുപടത്തിനുള്ളിലെ നിഗൂഢ വെളിച്ചം കണ്ടെത്തുന്നു.

ഇന്നത്തെ വായനകളെല്ലാം മൂടുപടത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഒന്നാം വായന, ദൈവത്തെ മുഖാമുഖം കണ്ട് ജ്വലിതമുഖനായ മോശ, തന്നെ കണ്ട് ഭയന്നു പോയ ജനത്തില്‍ നിന്ന്, ഉള്ളില്‍ ജ്വലിക്കുന്ന ദൈവസാന്നിധ്യത്തെ മുഖത്ത് മൂടുപടമിട്ട് മറച്ചു പിടിക്കുന്നതാണ് വിവരിക്കുന്നത്. സുവിശേഷത്തിലേക്ക് ചെല്ലുമ്പോള്‍, അതു വരെ മാംസത്തിന്റെ മൂടുപടമിട്ട് നിഗൂഢമാക്കി വച്ചിരുന്ന നിത്യവചനത്തിന്റെ ദൈവികതേജസ്സ് പന്ത്രണ്ടാം വയസ്സില്‍ യേശുവില്‍ നിന്ന് മൂടുപടം നീക്കി പുറത്തു വരുന്ന രംഗമാണ് ആവിഷ്‌കരിക്കുന്നത്. ബാലനായ യേശുവിന്റെ വാക്കുകള്‍ കേട്ട് ജറുസലേം ദേവാലയത്തിലെ പണ്ഡിതര്‍ വിസ്മയിച്ചപ്പോള്‍, മൂടുപടം നീക്കി മുഖം നീട്ടുന്ന അവന്റെ വാക്കുകളുടെ ആഴമറിയാനാകാതെ മാതാപിതാക്കള്‍ ഉഴറുന്നതും നാം കാണുന്നു. ഈ സന്ദര്‍ഭങ്ങളെ വിശദീകരിച്ചു കൊണ്ട് പൗലോസ് രണ്ടാം വായനയില്‍ എഴുതുന്നതിങ്ങനെ: 'ഹാ! ദൈവത്തിന്റെ സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം!... ദൈവത്തിന്റെ മനസ്സ് അറിഞ്ഞതാര്?'

യൂഹദമതത്തില്‍ പന്ത്രണ്ടാം വയസ്സ് ഒരു പടിവാതിലാണ് - ബാല്യത്തില്‍ നിന്ന് മതപരമായ പക്വതയിലേക്ക് കടക്കുന്ന പടിവാതില്‍. പന്ത്രണ്ടാം വയസ്സിലെ 'ബാര്‍ മിത്സ്വാ' യഹൂദ പെണ്‍കുട്ടികള്‍ക്കും നിര്‍ണായകമായ പ്രായസന്ധിയാണ്.  ഒരര്‍ത്ഥത്തില്‍ വ്യക്തിത്വത്തിന്റെ മൂടുപടം നീക്കല്‍. പന്ത്രണ്ടിന് ബൈബിളില്‍ വേണ്ടുവോളം പ്രാധാന്യവുമുണ്ട്. പന്ത്രണ്ട് ഗോത്രങ്ങള്‍ മുതല്‍ പന്ത്രണ്ട് ശിഷ്യന്മാര്‍ വരെ നീളുന്ന പരമ്പര പൂര്‍ണതയെ കുറിക്കുന്നു. പന്ത്രണ്ട് മാസങ്ങളും ദിനരാത്രങ്ങളെ പകുക്കുന്ന പന്ത്രണ്ട് മണിക്കൂറുകളും വേറെ. ശ്രദ്ധേയമായ മറ്റൊരു കാര്യം, ഇന്നത്തെ മറ്റൊരു വായനയില്‍ ബാലനായ സാമുവേലിന് ദൈവം പ്രത്യക്ഷനാകുന്നതും പന്ത്രണ്ടാം വയസ്സിലാണെന്നതാണ്.

പന്ത്രണ്ടാം വയസ്സില്‍ യേശു പൊടുന്നനെ തിരുക്കുടുംബത്തില്‍ നിന്ന് അപ്രത്യക്ഷനാകുകയാണ്! മാതാപിതാക്കള്‍ക്ക് ആകുലതയുടെ മൂന്നു ദിനങ്ങള്‍ സമ്മാനിച്ചിട്ട്. ദൈവം മൂടുപടം നീക്കി സ്വയം വെളിപ്പെടുത്തുന്നതിന് മുമ്പ് ആകുലമായ അലച്ചിലുകളുടെ ഒരു കാലമുണ്ട്. കര്‍ദിനാള്‍ ന്യൂമാന്‍ കുറിച്ചിട്ടതു പോലെ, നിഴലും പ്രതീകങ്ങളും മാത്രം വഴി കാട്ടുന്ന കാലം. കാല്‍വരിക്കും ഉത്ഥാനത്തിനും ഇടയിലെ അശരണമായ കാലം പോലെ. അതു വരെ നസ്രത്തിലെ വീട്ടില്‍ കൊഞ്ചിയും കളിച്ചും നടന്നിരുന്ന ബാലന്‍ മൂടുപടം നീക്കി ഒരല്‍പനേരത്തേക്ക് വിശ്വരൂപം കാട്ടുകയാണ്. മാംസത്തിന്റെ ഉടയാട നീക്കി വചനം ഒരു വേള സംസാരിക്കുന്നത് കേട്ട് സകല പണ്ഡിതരും ജ്ഞാനികളും വിസ്മയം പൂണ്ടു. ദൈവത്തോട് സംസാരിച്ചിട്ട് മലമുകളില്‍ നിന്ന് മോശ ഇറങ്ങി വന്നപ്പോള്‍ ആ മഹാതേജസ്സ് താങ്ങാനാവാതെ ജനം ഭയന്നതു പോലെ. മോശയക്ക് മാത്രം വെളിപ്പെടുത്തിയിരുന്ന ആ തേജസ്സ് ഇന്നിതാ ദേവാലയത്തില്‍ സ്വയം വെളിപ്പെടുത്തുകയാണ്, ഒരു ചോദ്യാവലിയിലൂടെ - മതബോധങ്ങളുടെ മറഞ്ഞിരിക്കുന്ന

അസ്തിവാരങ്ങളെ മൂടുപടം നീക്കി ഉയര്‍ത്തുന്ന ചോദ്യപരമ്പരയിലൂടെ!

ചോദ്യങ്ങളുമായാണ് യേശു തന്റെ വ്യക്തിത്വം മറ നീക്കുന്നതെന്നത് ശ്രദ്ധേയമാണ്. ജോബിന്റെ പുസ്തകം അവസാനിക്കുന്നത് നോക്കുക. ദൈവം ഒരു ചോദ്യാവലിയുമായാണ് ജോബിനെ നേരിടുന്നത്. ജോബിനെന്നല്ല ഒരു മനുഷ്യനും ഉത്തരം നല്‍കാനാവാത്ത ചോദ്യശരങ്ങള്‍! ഈ രണ്ടു സന്ദര്‍ഭങ്ങളിലും ചോദ്യങ്ങളിലൂടെ ദൈവത്തിന്റെ മനസ്സിലേക്ക് ഒരു വാതില്‍ തുറന്നിടുകയാണ് ദൈവം. ജീവിതസമസ്യകളില്‍ കുഴങ്ങി നിന്ന തന്റെ നേര്‍ക്ക് ദൈവം ഉയര്‍ത്തുന്ന ചോദ്യങ്ങളിലൂടെ ജോബ് ദൈവ മനസ്സിന്റെ നിഗൂഢതകളിലേക്ക് പ്രവേശിക്കുന്നു. ദേവാലയത്തില്‍ പന്ത്രണ്ടുകാരനായ യേശു പണ്ഡിതരുടെ നേര്‍ക്കുയര്‍ത്തുന്ന ചോദ്യങ്ങളിലൂടെ അവരെ ലിഖിതമോ അലിഖിതമോ ആയ വാക്കുകള്‍ക്കും പ്രമാണങ്ങള്‍ക്കും സംഹിതകള്‍ക്കുമപ്പുറമുള്ള ദൈവത്തിന്റെ മനസ്സിലേക്കാണ് നയിക്കുന്നത്. ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സംവിധാനങ്ങളെ, അത് മതമായാലും രാജ്യമായാലും പ്രത്യയശാസത്രമായാലും രാഷ്ട്രീയമായാലും ഭയപ്പെടണം - ദൈവത്തിന്റെ മനസ്സിലേക്കുള്ള വാതിലുകള്‍ അടിച്ചിടുകയാണ് അവ ചെയ്യുന്നത്!

സുവിശേഷഭാഗം ഉപസംഹരിക്കുന്നത്, ക്ഷണനേരത്തേക്കുള്ള വെളിപ്പെടുത്തിലിന് ശേഷം വീണ്ടും മനുഷ്യത്വത്തിന്റെ മൂടുപടത്തിനുള്ളിലേക്ക് സ്വയം ചുരുങ്ങുന്ന യേശുവിനെ അവതരിപ്പിച്ചു കൊണ്ടാണ്. നിശബ്ദതയിലേക്ക് പിന്‍വാങ്ങി, മാതാപിതാക്കള്‍ക്ക് വിധേയനായി ജീവിതം തുടരുന്ന യേശു. 'ഞാന്‍ എന്റെ പിതാവിന്റെ കാര്യത്തില്‍ വ്യാപൃതനാകേണ്ടതല്ലയോ?' എന്ന് ചോദ്യമുയര്‍ത്തി അമ്മയെ അമ്പരപ്പിക്കുന്ന യേശു അടുത്ത നിമിഷം മാതാപിതാക്കള്‍ക്ക് വിധേയനായകുന്നതും അനുസരണം ശീലിക്കുന്നതുമെല്ലാം പിതാവിന്റെ കാര്യത്തില്‍ വ്യാപൃതനാകുന്നതില്‍ ഉള്‍പ്പെടും എന്ന് തിരിച്ചറിയുകയും ചെയ്യുന്നതാണ് നാം കാണുന്നത്. ഗുരുത്വത്തെ നിന്ദിച്ചു കൊണ്ടൊരു വിപ്ലവവുമില്ല എന്നൊരു സന്ദേശവും യേശു നല്‍കുന്നുണ്ടിവിടെ. വന്ന വഴി മറക്കരുതെന്നും!

ഇന്നത്തെ സുവിശേഷ വായന അവസാനിക്കുന്നത് യേശുവിന്റെയും സഭയുടെയും വ്യക്തിത്വത്തിലേക്ക് വെട്ടം വീശുന്ന ഒരു വരിയിലാണ് - 'യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നു വന്നു.' ഇതില്‍ 'ജ്ഞാനത്തിലും പ്രായത്തിലും' എന്ന വാക്കുകള്‍ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നു. പ്രായത്തോടൊപ്പം വളരുന്ന ജ്ഞാനത്തില്‍ യേശു വളര്‍ന്നു വന്നു എന്നര്‍ത്ഥം വരുന്ന ഈ വരി, മാംസം ധരിച്ച യേശുവിന്റെ വ്യക്തിത്വം വെളിവാക്കുന്നു. എല്ലാമറിയുന്നവനും ആദി മുതല്‍ ഉണ്ടായിരുന്നവനുമായ വചനം മനുഷ്യനായപ്പോള്‍, പ്രായത്തോടൊപ്പം വളരുന്ന മനുഷ്യത്വത്തിലേക്കും പ്രായത്തോടൊപ്പം വര്‍ദ്ധിക്കുന്ന അറിവിലേക്കും ചുരുങ്ങി എന്നത് യേശു സ്വയം ശൂന്യനാക്കി, ദൈവത്തോടുള്ള സമാനത പോലും പരിത്യജിച്ച്, മനുഷ്യന്റെ സകല പരിമിതികളും സ്വീകരിച്ച് പൂര്‍ണമനുഷ്യനായി തീര്‍ന്നു എന്ന പൗലോസിന്റെ വാക്യത്തെ വിശദീകരിക്കുന്നു. പന്ത്രണ്ടു വയസ്സുള്ള യേശുവിന്റെ അറിവായിരുന്നില്ല, ഇരുപത് വയസ്സുള്ള യേശുവിന്റേത്. അതായിരുന്നില്ല, മുപ്പത് വയസ്സുള്ളപ്പോള്‍ എന്നും സൂചിപ്പിക്കുന്ന വാക്യമാണല്ലോ ജ്ഞാനത്തിലും പ്രായത്തിലും വളര്‍ന്നു എന്ന പ്രയോഗം വ്യക്തമാക്കുന്നത്. നിരീക്ഷണങ്ങളിലൂടെയും ശ്രവണത്തിലൂടെയും യേശു ഭൂമിയിലെ അറിവ് നേടിയിരുന്നു എന്നും ഇത് സൂചിപ്പിക്കുന്നു.

പ്രായത്തോടൊപ്പം, കാലത്തോടൊപ്പം, വളരാന്‍ യേശുവിനെ പോലെ മൗതികദേഹമായ സഭയും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് ചിത്രം പൂര്‍ണമാകുന്നത്. കൂടുതല്‍ ഉദാഹരണങ്ങള്‍ പറയുന്നില്ല. ഗലീലിയോയോടുള്ള കലഹം മാത്രം ഓര്‍ക്കുക. കാലത്തോടൊപ്പം വളര്‍ന്നു വരുന്ന അറിവുകളിലേക്ക് സഭയും മനസ്സ് തുറന്ന് വയ്ക്കണം എന്ന് ചുരുക്കം. ദൈവിക വെളിപാടുകളുടെ സനാതന സത്യങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നില്ലെങ്കിലും ലൗകികമായ അറിവുകള്‍ ഓരോ നിമിഷത്തിലും ഇതള്‍ വരിയുകയാണ്. മുന്‍വിധികളുപേക്ഷിച്ച്, തുറന്ന മനസ്സോടെ അവയ്ക്ക് ഒപ്പം നടക്കാനും, കാലത്തിനനുസരിച്ച് സ്വയം പുതുക്കാനും പ്രായത്തിനൊപ്പം അറിവിനെ നവീകരിക്കാനും ഈ സുവിശേഷ ഭാഗം ഓര്‍മപ്പെടുത്തുന്നു. കടുംപിടുത്തത്തിന്റെയും ചൂരല്‍വടി കാട്ടി അനുസരിപ്പിക്കുന്നതിന്റെയും കാലം കഴിഞ്ഞു പോയി. തുറവികളുടെ കാലമാണിത്. തുറവിയുള്ള, ലോകത്തെ അതിന്റെ സകല വൈവിധ്യങ്ങളോടും സാഹോദര്യത്തോടും കൂടി ആശ്ലേഷിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന, മാര്‍പാപ്പാമാരെ ദൈവം അയക്കുന്ന കാലം. ഉള്‍പ്രപഞ്ചത്തിന്റെ വാതിലുകള്‍ തുറന്നിടുമ്പോഴാണ്, ഉള്‍ക്കൊള്ളലിന്റെ ഭാഷ സ്വന്തമാക്കുമ്പോഴാണ്, ഒരാള്‍ പ്രപഞ്ചത്തോടൊപ്പം വളരുന്നത് - അത് സഭയായാലും സംവിധാനങ്ങളായാലും വ്യക്തികളായാലും.

ദൈവത്തിന്റെ മനസ്സ് നിയമങ്ങളിലും മനുഷ്യസ്വാര്‍ത്ഥതകളില്‍ പണിതുയര്‍ത്തിയ കാലഹരണപ്പെട്ട ചില പാരമ്പര്യങ്ങളിലുമാണെന്ന് ധരിച്ച് കഴിഞ്ഞിരുന്നവരോട് ചോദ്യങ്ങളുയര്‍ത്തി കൊണ്ട്, പന്ത്രണ്ടുകാരന്‍ യേശു ദൈവത്തിന്റെ യഥാര്‍ത്ഥ മനസ്സ്, പരമമായ ആധ്യാത്മികതയുടെ ആത്മാവ് അനാവരണം ചെയ്യുകയാണ്. ആഴം ആഴത്തെ വിളിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ദൈവത്തിന് മുമ്പില്‍, എല്ലാ കുടുംപിടുത്തങ്ങളുടെയും മുന്‍ധാരണകളുടെയും മൂടുപടം നീക്കി, സ്വാഗതം വിടരുന്ന കണ്ണുകളോടെയും തുറന്ന കാതുകളോടെയും നില്‍ക്കുകയല്ലാതെ ഈ പുതുവര്‍ഷാംരഭത്തില്‍ നാം മറ്റെന്താണ് ചെയ്യേണ്ടത്?

......................................

Publisher: Fr Paul Kottackal (Sr)

Email:

frpaulkottackal@gmail.com 

*Homilieslaity.com*

അഭിലാഷ് ഫ്രേസര്‍

- അഭിലാഷ് ഫ്രേസര്‍

(ഇംഗ്ലീഷ്, മലയാളം കവിയും നോവലിസ്റ്റും ആണ് ലേഖകൻ)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org