
ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33% സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുന്ന ബില്‍ ഭരണപ്രതിപക്ഷ പിന്തുണയോടെ ലോക്‌സഭയിലും രാജ്യസഭയിലും പാസ്സായി. പകുതി നിയമസഭകള്‍ അംഗീകരിച്ച് പ്രമേയം പാസ്സാക്കുകയും രാഷ്ട്രപതി വിജ്ഞാപനം ഇറക്കുകയും ചെയ്യുന്നതോടെ ബില്‍ നിയമമാകും. സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണ്ണയത്തിനും ശേഷം 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ഈ നിയമം നടപ്പാക്കാനാവും എന്നാണ് ഭരണപക്ഷം പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വനിതാ സ്ഥാനാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാനുള്ള അവസരം ഇതുമൂലം കിട്ടും. 2029-ല്‍ നിയമം നടപ്പാകും എന്ന കാര്യത്തില്‍ അത്ര ഉറപ്പില്ലെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ പൊതുപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും പുതിയ ഇടങ്ങളിലും സ്ത്രീസാന്നിധ്യം എത്രത്തോളമുണ്ടെന്ന അന്വേഷണത്തിന് ഇപ്പോള്‍ പ്രസക്തിയുണ്ട്. പൊതുവേദികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ചന്തകള്‍, കടകള്‍, തിയേറ്ററുകള്‍ തുടങ്ങിയവ നിരീക്ഷിച്ചാല്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണെന്ന് കാണാം. നീണ്ട ക്യൂവിലും അവരുടെ എണ്ണം കുറവാണ്.
ഇതിന് ഒരു കാരണം പരമ്പരാഗതമായി സ്ത്രീകളുടെ ഇടം കുടുംബമാണ് എന്നതാണ്. കുടുംബം നയിക്കാന്‍ പ്രാപ്തിയുള്ളവളാണോ എന്നാണ് പണ്ട് വിവാഹം ഉറപ്പിക്കും മുമ്പേ മുതിര്‍ന്നവര്‍ പെണ്‍കുട്ടിയെക്കുറിച്ച് ചിന്തിച്ചിരുന്നത്. കുടുംബത്തിനുള്ളിലെ കാര്യങ്ങള്‍ നോക്കി നടത്താനുള്ള കഴിവാണത്. നാട്ടിലിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളുടെ പ്രാപ്തിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.
രണ്ടാമത്തെ കാരണം പൊതുയിടത്തില്‍ സ്ത്രീ സുരക്ഷിതയല്ല എന്നതാണ്. അശ്ലീലം കലര്‍ന്ന കമന്റുകള്‍, സ്പര്‍ശനം, ബലാല്‍സംഗം, സ്ത്രീഹത്യ തുടങ്ങിയവ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുഭവിക്കേണ്ടിവരുന്നു. തെരുവുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, പാര്‍ക്കുകള്‍, വെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്ന സ്ഥലങ്ങള്‍ എന്നിങ്ങനെ ഈ അതിക്രമങ്ങള്‍ അരങ്ങേറുന്ന സ്ഥലങ്ങളുടെ നിര നീണ്ടതാണ്. സ്‌കൂളുകളിലും തൊഴിലിടങ്ങളിലും ഇവ സംഭവിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും നഗരത്തിലും ഗ്രാമത്തിലും ഇത് യാഥാര്‍ത്ഥ്യമാണ്. ഇതു സൃഷ്ടിക്കുന്ന ഭയം സ്ത്രീകളുടെ സ്വാതന്ത്ര്യത്തോടെയുള്ള യാത്രകള്‍ ഇല്ലാതാക്കുന്നു. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും വിനോദപരവുമായ കാര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ ഈ അവസ്ഥ തടസ്സമാകുന്നു. അവര്‍ വീടുകളിലെ അകത്തളങ്ങളിലേക്ക് ഒതുങ്ങുന്നു.
ജോലിചെയ്യുന്ന സ്ഥലങ്ങളില്‍ പോലും സ്ത്രീ സുരക്ഷിതയല്ല. അവിടെ കാര്യങ്ങള്‍ ഭംഗിയായിട്ടു വേണമല്ലോ മറ്റിടങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍. ജോലിസ്ഥലങ്ങളില്‍ സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്നുമുണ്ട്.
ജോലിസ്ഥലത്ത് സ്ത്രീ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ നേരിട്ടുള്ളതും ഘടനാപരവുമാണ്. നേരിട്ടുള്ള അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പരോക്ഷമായ അതിക്രമങ്ങള്‍ വേണ്ടത്ര ശ്രദ്ധ നേടുന്നില്ല. നമ്മുടെ സാമൂഹിക സാമ്പത്തിക ക്രമങ്ങളുടെ പ്രശ്‌നമാണിത്.
സംഘടിത മേഖലയിലും അസംഘടിത മേഖലയിലും പുരുഷ സ്ത്രീ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ അന്തരമുണ്ട്. അംഗസംഖ്യ കൂടുതലായ പുരുഷന്മാര്‍ അതിന്റെ നേട്ടം കയ്യെടുക്കുന്നതാണ് പതിവു രീതി. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ അതേ സംഭവിക്കൂ.
ഇന്നും ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വളരെ കുറവാണ്. പാര്‍ലമെന്റിലും നിയമസഭകളിലും 33% സീറ്റുകള്‍ സ്ത്രീകള്‍ക്ക് നിയമംമൂലം ഉറപ്പാക്കിയാലും 67% സീറ്റുകള്‍ പുരുഷന്മാരുടേതാണ്. ഇരട്ടിയിലും കൂടുതല്‍ എങ്കില്‍ പോലും 33% സീറ്റുകള്‍ അധികാരത്തിന്റെ മണ്ഡലത്തില്‍ സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമാക്കും. സ്ത്രീസമൂഹത്തിന് അതു പകരുന്ന ഊര്‍ജം ചെറുതാവില്ല.
കര്‍ണ്ണാടകയില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചതു പോലുള്ള തീരുമാനങ്ങള്‍ സ്ത്രീകളെ കൂടുതലായി പൊതുയിടങ്ങളിലേക്ക് ആകര്‍ഷിക്കുമെന്നാണ് ഒരു നിരീക്ഷണം. കൂടുതല്‍ സ്ത്രീകള്‍ എത്തുമ്പോള്‍ അവര്‍ക്കുവേണ്ടി കൂടുതല്‍ പൊതുസംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. അധികാരത്തില്‍ സ്ത്രീ സാന്നിധ്യം ഗണ്യമാകുമ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയും. ഒട്ടനവധി കാര്യങ്ങളില്‍ സ്ത്രീപക്ഷപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും. പഞ്ചാബിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലും സൗജന്യയാത്രാ ആനുകൂല്യമുണ്ട്.
സ്ത്രീകള്‍ അധികാര സ്ഥാനത്ത് ഇരിക്കുമ്പോള്‍ അഴിമതിയില്‍ കുറവു സംഭവിക്കുമെന്ന ഒരു നിരീക്ഷണമുണ്ട്. ഇത് തെറ്റാണെന്ന അഭിപ്രായവുമുണ്ട്. അത് ശരിയായാലും തെറ്റായാലും രാഷ്ട്രീ യ ഉള്‍പ്പെടുത്തല്‍ (political inclusion) ഇല്ലെങ്കില്‍ നാട് പുരോഗമിക്കില്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ വയ്യ. ഒരു സ്വരവും കേള്‍ക്കപ്പെടാതെ പോകരുത്, ആരും പിന്തള്ളപ്പെടരുത് എന്ന വിശാലമായ നിലയിലേക്കുള്ള ചുവടുവയ്പ്പായി 33% സ്ത്രീസംവരണത്തെ കാണണം.
പെപ്‌സി കോള കമ്പനിയുടെ സി ഇ ഒ ആയിരുന്ന ഇന്ത്യക്കാരിയായ ഇന്ദ്ര ന്യൂയി വിവരിച്ച ഒരു സംഭവമുണ്ട്. 2000 ഡിസംബറില്‍ ഇന്ദ്രയെ പെപ്‌സി കമ്പനിയുടെ പ്രസിഡന്റായി ഉയര്‍ത്തി ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കി എന്ന വിവരം അന്നത്തെ സി ഇ ഒ സ്റ്റീവ് റെയ്‌നേമുണ്ട് വിളിച്ചറിയിച്ചപ്പോള്‍ ഇന്ദ്രലോകം കീഴടക്കിയ ആഹ്ലാദമായിരുന്നു ഇന്ദ്രയ്ക്ക്.
അന്നു പിന്നെ ജോലി ചെയ്തില്ല; വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി അടുക്കള ഭാഗത്തു കൂടിയാണ് അകത്തേക്കു കടന്നത്. ആരോടെങ്കിലും ഈ വിവരം പങ്കുവച്ചേ മതിയാവൂ.
കാറിന്റെ കീയും ബാഗും വച്ചിട്ട് തിരിഞ്ഞപ്പോള്‍ കണ്ടത് അമ്മയെയാണ്. ഇന്ദ്ര ഉറക്കെ പറഞ്ഞു: 'എനിക്ക് അമ്മയോട് അതിശയകരമായ ഒരു വാര്‍ത്ത പറയാനുണ്ട്.'
'വാര്‍ത്ത അവിടെ നില്‍ക്കട്ടെ; നീ പോയി പാല്‍ വാങ്ങിക്കൊണ്ടു വരൂ' എന്നായിരുന്നു അമ്മയുടെ പെട്ടെന്നുള്ള പ്രതികരണം. ഇന്ദ്ര കാറിന്റെ കീ എടുത്ത് മിണ്ടാതെ പുറത്തിറങ്ങി. ഒരു മൈല്‍ അകലെ പോയി പാലു വാങ്ങിക്കൊണ്ടുവന്നു.
അപ്പോഴും ഇന്ദ്രയുടെ ആവേശം കുറഞ്ഞിരുന്നില്ല. പാലിന്റെ പ്ലാസ്റ്റിക് ബോട്ടില്‍ അടുക്കളയിലെ കൗണ്ടറില്‍ ശക്തമായി കു ത്തിക്കൊണ്ട് ഉച്ചത്തില്‍ അമ്മയോടു പറഞ്ഞു: 'ഞാന്‍ അല്പം മുമ്പ് പെപ്‌സി കമ്പനിയുടെ പ്രസിഡണ്ടായി. ആ വാര്‍ത്ത കേള്‍ക്കാനുള്ള ക്ഷമ അമ്മയ്ക്കില്ലേ?'
അമ്മ ശാന്തമായി മറുപടി പറഞ്ഞു: 'നീ പെപ്‌സി കമ്പനിയുടെ പ്രസിഡന്റോ എന്തുമാകട്ടെ, വീട്ടില്‍ വരുമ്പോള്‍ ഭാര്യയും അമ്മയും മകളുമാണ്. ആ സ്ഥാനം മറ്റാര്‍ക്കും അലങ്കരിക്കാന്‍ കഴിയില്ല. അതുകൊണ്ട് നിന്റെ ആ കിരീടം ഗ്യാരേജില്‍ അഴിച്ചുവച്ചിട്ട് വീട്ടിലേക്ക് കയറുക.'
പെപ്‌സി കമ്പനി പ്രസിഡന്റ് ആയ വിവരം വീട്ടില്‍ പ്രഖ്യാപിക്കുന്ന ഒരു പുരുഷന് ലഭിക്കുന്ന പ്രതികരണം ഇതായിരിക്കില്ല. അയാളുടെ അമ്മയുടെയും അച്ഛന്റെയും അരികില്‍ നിന്ന് ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടാവുകയില്ല. ഈയൊരു കാതലായ വ്യത്യാസം ഏറിയും കുറഞ്ഞുമുള്ള അളവില്‍ അധികാരത്തിലിരിക്കുന്ന സ്ത്രീയും പുരുഷനും തമ്മിലുണ്ട്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കൈക്കുഞ്ഞുമായി ഓഫീസില്‍ എത്തി ഫയല്‍ നോക്കിയത് ഒരു പ്രചാരണ തന്ത്രമാകാം. പക്ഷേ, അതിന്റെ അടിയില്‍ അധികാരത്തിലിരിക്കുന്ന സ്ത്രീയുടെ യഥാര്‍ത്ഥ സത്തയുടെ ഓര്‍മ്മപ്പെടുത്തലുണ്ട്.
manipius59@gmail.com