അന്തംവിട്ട് പുടിന്‍ എന്തും ചെയ്യുമോ?

അന്തംവിട്ട് പുടിന്‍ എന്തും ചെയ്യുമോ?
പുടിന്റെ വിശാലറഷ്യയെന്ന മോഹത്തിന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയുണ്ട്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധികാരിയായ മോസ്‌കോയിലെ പാത്രിയര്‍ക്കീസ് കിരിയോള്‍ (സിറില്‍) പുടിന്റെ ആശയങ്ങള്‍ക്ക് ആത്മീയശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നു.

റഷ്യക്കാരെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. പൗരസ്ത്യവും പാശ്ചാത്യവുമായ പ്രത്യേക മിശ്രിതമാണ് അവരുടെ മനസ്സ്. നെപ്പോളിയന്റെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്, 'ഭീഷണിയും സംഘര്‍ഷവും അഭിമുഖീകരിക്കുമ്പോള്‍ റഷ്യക്കാരില്‍ സിത്തിയന്‍ ക്രൂരതയും നിശ്ചയദാര്‍ഢ്യവും ഉണര്‍ന്നെണീക്കും.'' ഇറാനില്‍ ഉത്ഭവിച്ച് ബി.സി. ഒമ്പതാം നൂറ്റാണ്ടിനു ശേഷം റഷ്യയുടെ തെക്കന്‍ പ്രദേശങ്ങളിലേക്കും യുക്രെയ്‌നിലേക്കും കുടിയേറിയ നാടോടി സമൂഹമാണ് സിത്തിയന്‍കാര്‍. ക്രിമിയ കേന്ദ്രീകരിച്ച് സമ്പന്നവും ശക്തവുമായ ഒരു സാമ്രാജ്യം അവര്‍ കെട്ടിപ്പടുത്തു. വിശാല റഷ്യ എന്ന പുടിന്റെ മോഹത്തില്‍ ഈ സിത്തിയന്‍ സാമ്രാജ്യത്തിന്റെ വേരുകള്‍ പടര്‍ന്നു കിടപ്പുണ്ട്. ഈറ്റയുടെ വേരുകള്‍ ആദ്യം മണ്ണിനടിയില്‍ വ്യാപിക്കുകയും തണ്ടുകള്‍ പിന്നീട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതുപോലെയാണത്.

സാമ്രാജ്യസ്വപ്നം മാത്രമല്ല സ്വയം ചക്രവര്‍ത്തിയായി സങ്കല്പിക്കുന്നുമുണ്ട് പുടിന്‍. റഷ്യന്‍ ചരിത്രത്തിലെ മഹാനായ പീറ്റര്‍ ചക്രവര്‍ത്തിയോടാണ് കൂടുതല്‍ ആഭിമുഖ്യം. ഏഴടി ഉയരവും അതിനൊത്ത ശരീവുമുണ്ടായിരുന്ന പീറ്റര്‍ ഉരുക്കുദണ്ഡുകള്‍ കൈകള്‍കൊണ്ട് വളയ്ക്കുന്ന മഹാകരുത്തനായിരുന്നു. പാറപോലുള്ള മസിലുകള്‍ പ്രദര്‍ശിപ്പിക്കുമ്പോഴും മഞ്ഞുപോലെ തണുത്ത വെള്ളത്തില്‍ നീന്തി ശാരീരിക ശേഷി പ്രദര്‍ശിപ്പിക്കുമ്പോഴും പുടിന്‍ അനുകരിക്കുന്നത് പീറ്റര്‍ ചക്രവര്‍ത്തിയെയാണ്.

വിശാല റഷ്യയിലേക്കുള്ള വഴിത്താര തുറക്കാനാണ് 2014 ഫെബ്രുവരിയില്‍ പുടിന്‍ ക്രിമിയയിലേക്കു പടയെ അയച്ചതും പിടിച്ചടക്കിയതും. ക്രിമിയ ഇപ്പോള്‍ റഷ്യയുടെ ഫെഡറല്‍ ഭരണത്തിന്‍ കീഴിലാണ്.

പുടിന്റെ വിശാലറഷ്യയെന്ന മോഹത്തിന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയുണ്ട്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധികാരിയായ മോസ്‌കോയിലെ പാത്രിയര്‍ക്കീസ് കിരിയോള്‍ (സിറില്‍) പുടിന്റെ ആശയങ്ങള്‍ക്ക് ആത്മീയശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നു. ''യുക്രെയ്ന്‍ റഷ്യയുെട ചരിത്രം, സംസ്‌കാരം, ആത്മീയത എന്നിവയുടെ അവിഭാജ്യ ഘടകമാണെന്ന'' പുടിന്റെ നിലപാടിനെ പാത്രിയര്‍ക്കീസ് പിന്തുണയ്ക്കുന്നു. അങ്ങനെ യുക്രെയ്ന്‍ അധിനിവേശം റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ദൃഷ്ടിയില്‍ വിശുദ്ധ യുദ്ധമായി മാറിയിരിക്കുന്നു. പുടിന്‍ ക്രൈസ്തവ മൂല്യങ്ങളുടെ രക്ഷകനായി വാഴ്ത്തപ്പെടുന്നു. ഭ്രൂണഹത്യ, സ്ത്രീവിമോചനം, LGBTQ അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച പാശ്ചാത്യ നിലപാടുകളെ ശക്തമായി എതിര്‍ക്കുന്നവരാണ് റഷ്യയിലെ യാഥാസ്ഥിതിക ക്രൈസ്തവര്‍. അമേരിക്കയിലെ ക്രൈസ്തവ തീവ്രവാദികള്‍ക്കും പ്രിയങ്കരനാണ് പുടിന്‍. 2014 ഫെബ്രുവരിയില്‍ യു.എസ്. സുവിശേഷ പ്രഘോഷകനായ ഫ്രാങ്ക്‌ളിന്‍ ഗ്രഹാം ഡിസിഷന്‍ മാഗസിനില്‍ പുടിനെ പ്രശംസിച്ച് എഡിറ്റോറില്‍ എഴുതി. 2015-ല്‍ ഗ്രഹാം റഷ്യ സന്ദര്‍ശിച്ചു. പ്രാദേശിക ടിവി ചാനലിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പുടിനെ പുകഴ്ത്തിയത്, ''പുടിന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചാല്‍ പിന്തുണയ്ക്കാന്‍ ദശലക്ഷണക്കണക്കിന് അമേരിക്കക്കാര്‍ തയ്യാറാകും'' എന്നാണ്. എന്തൊരു അന്തംവിട്ട പ്രശംസ! പുടിന്റെ മതനയതന്ത്രത്തിന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും പിന്തുണക്കാരുണ്ട്.

എന്നാല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആസ്ഥാനമായുള്ള ഇവാഞ്ചലിക്കല്‍ പാത്രിയര്‍ക്കീസിനെ പിന്തുണയ്ക്കുന്നവര്‍ പുടിന്റെയും കിരിയോളിന്റെയും നിലപാടുകളെ അംഗീകരിക്കുന്നില്ല, ഇത് ഓര്‍ത്തഡോക്‌സ് സഭയില്‍ ഗുരുതരമായ ചേരിതിരിവിനു കാരണമായിട്ടുണ്ട്. യുക്രെയ്‌നിലുള്ള റഷ്യക്കാരെയും യുക്രെയ്ന്‍കാരെയും ശത്രുക്കളാക്കാനുള്ള നീക്കമായാണ് പാത്രിയര്‍ക്കീസ് കിരിയോള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് ബെര്‍ത്തലോമിയോയുടെ നിലപാടിനെ കാണുന്നത്. ഇതിനു പിന്നില്‍ അമേരിക്കയാണെന്നു പുടിന്‍ ആരോപിച്ചു.

സാമ്രാജ്യത്വമോഹം, ദേശീയത, കഴിഞ്ഞ കാലത്തെക്കുറിച്ച് ആകാശം മുട്ടുന്ന അഭിമാനം, മതം, രാഷ്ട്രീയം എന്നിങ്ങനെ അതിസങ്കീര്‍ണ്ണമായ കാര്യങ്ങള്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു പിന്നിലുണ്ട്.

റഷ്യ തണുപ്പില്‍ വിറങ്ങലിച്ചു നിന്ന 1547 ജനുവരിയിലെ ഒരു രാത്രിയിലാണ് പതിനാറുകാരനായ ഇവാന്‍ റഷ്യയുടെ ചക്രവര്‍ത്തിയായി സ്ഥാനമേറ്റത്. ചരിത്രത്തില്‍ ''ഭീകരനായ ഇവാന്‍'' എന്നു രേഖപ്പെടുത്തപ്പെട്ട ഈ ഭരണാധികാരിക്ക് നട്ടെല്ലിന് ഉണ്ടായിരുന്ന അസുഖം മൂലം ഇടയ്ക്കു കഠിനവേദന അനുഭവപ്പെടും. അപ്പോള്‍ അയാള്‍ ഭീകരനെപ്പോലെ പെരുമാറും. വേദന അയാളെ ഭീകരനാക്കി. ഈ ചക്രവര്‍ത്തിയാണ് ആദ്യമായി യുക്രെയ്‌നെ കീഴടക്കി റഷ്യയുടെ ഭാഗമാക്കിയത്. ആധുനികകാലത്ത് മറ്റൊരു ഏകാധിപതി ആ പാതയില്‍ പടനയിക്കുന്നു. എന്തായിരിക്കും പുടിന് കാലം കരുതിവച്ചിരിക്കുന്ന പേര് - മഹാനെന്നോ, ഭീകരനെന്നോ? റഷ്യന്‍ ചരിത്രകാരന്മാര്‍ മഹാനായി വാഴ്ത്തിയാലും ലോക ചരിത്രകാരന്മാര്‍ അംഗീകരിക്കാന്‍ സാധ്യത കുറവാണ്.

കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ചരിത്രമെഴുതിയ ഒരു വലിയ രാജ്യമാണ് ഒരു ഏകാധിപതിയുടെയും ക്രിസ്തീയ തീവ്രവാദ നിലപാടുകാരുടെയും താളത്തിനൊത്ത് തുള്ളുന്നത്. സാമ്പത്തിക ഉപരോധം കൊണ്ട് ഇവര്‍ക്കു നേര്‍ബുദ്ധി വരുമെന്നാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കരുതുന്നത്. അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്നു വി.കെ.എന്‍. എഴുതിയതുപോലെ യുക്രെയ്‌നെ പ്രതീക്ഷിച്ച വേഗത്തില്‍ കീഴടക്കാനാവാത്തതിനാല്‍ പുടിന്‍ അതിരുവിട്ട പ്രവര്‍ത്തികള്‍ ചെയ്യുമോ എന്ന ഭയം അമേരിക്കയ്ക്കും മറ്റുമുണ്ട്. പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ ഭീകരമായ അടിച്ചമര്‍ത്തലിലേയ്ക്കു നീങ്ങിയ ചരിത്രമാണ് റഷ്യന്‍ ഭരണാധികാരികള്‍ക്കുള്ളത്. സമാധാനത്തിനായി പുടിന്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകാനുള്ള സാധ്യത കുറവാണ്. തകര്‍ത്തുകീഴടക്കുകയായിരിക്കും അയാള്‍ അവലംബിക്കാനിടയുള്ള മാര്‍ഗ്ഗം. എങ്കില്‍ ചരിത്രം ഗതിമാറി ഒഴുകും. അതു സംഭവിക്കാതിരിക്കട്ടെ.

അപ്പോഴും ഒരു കാര്യം ശ്രദ്ധേയമാണ്. യുദ്ധവും നാശനഷ്ടങ്ങളും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിധിച്ചിരിക്കുന്ന കാര്യങ്ങളായാണ് വികസിത പാശ്ചാത്യരാജ്യങ്ങള്‍ കാണുന്നത്. അതിനാല്‍ ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കു നയിക്കുന്ന അന്തംവിട്ട യുദ്ധസമീപനങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍നിന്നും വരാന്‍ സാധ്യതയില്ല. വെളുത്തവരുടെ ജീവന് കറുത്തവരുേടതിനേക്കാള്‍ വിലയുണ്ടെന്നാണ് അവര്‍ ഇപ്പോഴും എപ്പോഴും കരുതുന്നത്.

manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org