
ഭാര്യയ്ക്ക് ഗുരുതരമായ രോഗമാണ്. തലച്ചോറില്‍ മുഴകള്‍. വളരെ വേഗത്തില്‍ വലുതാകുന്നു, എണ്ണം കൂടുന്നു. പ്രാഥമിക പരിശോധനകളില്‍ ഡോക്ടര്‍ കാന്‍സര്‍ ആണെന്ന നിഗമനത്തിലെത്തി. കൂടുതല്‍ വിദഗ്ദ്ധ പരിശോധനയുടെ ഫലം അറിയുവാന്‍ കാത്തിരിക്കുകയാണ് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ മുന്നിലേക്കു കടന്നു വന്ന ഡോക്ടര്‍ പറഞ്ഞു: ''നിങ്ങള്‍ക്കു ലോട്ടറി അടിച്ചു, കാന്‍സര്‍ അല്ല ടിബിയാണ്.'' കാന്‍സറല്ല എന്നത് അയാള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തയാണ്. പക്ഷേ, ഈ ഭാഷ യില്‍ ആയിരുന്നില്ല.
എത്രയോ നല്ല രീതിയില്‍ സഹാനുഭൂതിയോടെ പകര്‍ന്നു കൊടുക്കാമായിരുന്ന ഒരു സദ്വാര്‍ത്തയെ ഇത്രയും അന്തസ്സില്ലാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ ഒരു ഡോക്ടര്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്നത് അതിശയകരമാണ്. ഭാഷ വ്യക്തിയെ വെളിപ്പെടുത്തുന്നതാണ്. ആ നിലയ്ക്ക് നമ്മുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തില്‍ നിന്ന് ഭാഷയുടെ മാനുഷിക ഗുണം പടിയിറങ്ങിപ്പോയതായി സംശയിക്കണം.
ആശയം വിനിമയം ചെയ്യാനുള്ളതാണ് ഭാഷ. ആഖ്യയും ആഖ്യാതവും വ്യാകരണവും മറ്റു മേനികാട്ടലുമൊന്നും വേണ്ട എന്നൊരു പക്ഷമുണ്ട്. ഉത്തരക്കടലാസുകളില്‍ മാര്‍ക്കു വീഴുന്നതും നാട്ടില്‍ ഫുള്‍ 'എ' പ്ലസ്സുകാര്‍ നിറയുന്നതും ഈ നിലപാടിന്റെ പഴുതിലൂടെയാവണം. അങ്ങനെ വിദ്യാലയങ്ങളില്‍ ഫുള്‍ 'എ' പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പ്രധാനാധ്യാപകന് ആദരിച്ചുവെന്ന് പത്ര മാധ്യമങ്ങളില്‍ വാര്‍ത്ത വരും. പ്രായത്തിലും നേട്ടത്തിലും ഉയര്‍ന്നവരെയാണ് ആദരിക്കുന്നത്. നേട്ടം കൈവരിച്ച പ്രായം കുറഞ്ഞവരെ പ്രായം കൂടിയവര്‍ അഭിനന്ദിക്കുകയാണ് ചെയ്യുക. അതിനാല്‍ അഭിനന്ദിച്ചു, അനുമോദിച്ചു എന്നൊക്കെയാണ് വാര്‍ത്ത എഴുതേണ്ടത്. പക്ഷേ, ആശയം ഉണ്ടായാല്‍ മതിയല്ലോ, ബാക്കിയെല്ലാം അധികപ്പറ്റ്.
അനുയോജ്യമായ ഭാഷ ഉപയോഗിക്കുന്നത് വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രകാശനമായാണ് മനസ്സിലാക്കിയിരുന്നത്. അതു മാറാന്‍ തുടങ്ങിയെങ്കില്‍ സാമൂഹികക്രമത്തിനു തന്നെ മാറ്റം വരുന്നുവെന്നു വ്യക്തം.
ആരോഗ്യശുശ്രൂഷാരംഗത്ത് ഡോക്ടര്‍ രോഗിയുടെ ഭാഷ സംസാരിക്കാന്‍ പരിശ്രമിക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച സംഭവത്തില്‍ ഭാഷ ഒന്നായിരിക്കെ പ്ര യോഗവൈകല്യം ഉണ്ടായി. നമ്മുടെ നാട്ടില്‍ ഇന്നും ഡോക്ടറും രോഗിയുമായുള്ള ബന്ധത്തില്‍ ജന്മി-കുടിയാന് സ്വഭാവമുണ്ട്. ഡോക്ടര്‍ സംസാരി ക്കും, രോഗി അനുസരിച്ചാല്‍ മതി എന്നാണ് മനോഭാവം. രോഗി കുറച്ചു വാക്കുകളില്‍ രോഗവിവരങ്ങള്‍ പറയണം. സംശയങ്ങള്‍ ചോദിക്കാന്‍ പാടില്ല. Protocol (ചികിത്സാരീതി) ഡോക്ടര്‍ വ്യക്തമാക്കില്ല. വിശദീകരണം ഒട്ടുമില്ല.
പ്രശസ്തനായ ഡോക്ടറോട് ഹൈക്കോടതി അഭിഭാഷകന് തന്റെ ചികിത്സയുമായി ബന്ധപ്പെട്ട് സംശയം ഉന്നയിച്ചപ്പോള്‍, ''വക്കീലേ, ഞാന്‍ പത്തു മുപ്പതു കൊല്ലമായി ഈ പണി തുടങ്ങിയിട്ട്'' എന്നായിരുന്നു മറുപടി. ഈ ഡോക്ടര്‍ സാധാരണക്കാരനായ രോഗിയോട് എങ്ങനെയാവും പെരുമാറുക എന്നറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടതില്ല.
ഡോക്ടര്‍മാരുടെ പടിപ്പുരയ്ക്കു മുന്നില്‍ രോഗികള്‍ മാത്രമല്ല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ക്യൂ ആണ്. അവരും ഡോക്ടറും തമ്മിലുള്ള സംഭാഷണത്തില്‍ ഡോക്ടര്‍ക്കു നല്കുന്ന സൗജന്യ സമ്മാനങ്ങളെക്കുറിച്ചുള്ള ആശയവിനിമയവും അരങ്ങേറുന്നുണ്ട്. 2022 ഫെ്രബുവരി 22-നു സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവര്‍ പുറപ്പെടുവിച്ച വിധി ഇത്തരം സൗജന്യങ്ങളെക്കുറിച്ചുള്ളതാണ്. ഡോക്ടര്‍മാര്‍ക്കു കൊടുത്ത സൗജന്യ സമ്മാനങ്ങള്‍ക്കു നികുതി ഇളവ് അനുവദിക്കണമെന്ന അപ്പക്സ് ലബോറട്ടറീസിന്റെ സ്പെഷല്‍ ലീവ് പെറ്റീഷന് തള്ളിക്കൊണ്ട് രണ്ടംഗ ബെഞ്ച് ഉത്തരവാകുകയായിരുന്നു. മരുന്നുകമ്പനികള്‍ ഡോക്ടര്‍ മാര്‍ക്ക് സൗജന്യ സമ്മാനങ്ങള്‍ കൊടുക്കുന്നത് നിയമം നിരോധിച്ചിട്ടുള്ള കാര്യമാണെന്നു കോടതി വ്യക്തമാക്കി.
രോഗിയും ഡോക്ടറുമായിട്ടുള്ളത് fiduciary relationship ആണ്. രോഗിയുടെ നന്മയ്ക്കുവേണ്ടി ഡോക്ടര്‍ കര്ത്തവ്യബന്ധിതമായി പ്രവര്‍ത്തിക്കുന്നതാണിത്. രോഗി ഡോക്ടറില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നു. അതുവഴി ഡോക്ടര്‍ക്ക് രോഗിയില്‍ മേല്‍ക്കൈയും സ്വാധീനവും സിദ്ധിക്കുന്നു. ഡോക്ടറുടെ മരുന്നുകുറിപ്പ് മൃതസഞ്ജീവനി പോലുള്ള അവസാന വാക്ക് ആയി മാറുന്നു. തന്മൂലം വലിയ വിലയുള്ള മരുന്നു പോലും രോഗി കഷ്ടപ്പെട്ടു വാങ്ങുന്നു. അങ്ങനെയുള്ള മരുന്നു കുറിക്കുന്നത് സൗജന്യ സമ്മാനങ്ങളുടെ സ്വാധീനത്തിലാകുന്നത് അധാര്‍മ്മികമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മരുന്നുവില ഉയരുവാന് സൗജന്യ സമ്മാനങ്ങള്‍ കാരണമാകുന്നുണ്ടെന്ന നിരീക്ഷണവും കോടതി നടത്തി.
ഡോക്ടറുടെ വാക്ക് ദൈവത്തിന്റെ വാക്കായി മാറുന്നുവെന്ന ബോധത്തോടെ വേണം ഡോക്ടര്‍ രോഗിയോട് സംസാരിക്കാന്‍. രോഗിയും ഡോക്ടറും തമ്മിലുള്ള ആശയവിനിമയം എങ്ങനെയാവണമെന്ന് തൃശൂരിലെ അശ്വിനി ആശുപത്രിയുടെ സ്ഥാപകനും മുന്‍ എം.ഡിയുമായ ഡോ. സി.എന്‍. പരമേശ്വരന് ചികിത്സയുടെ ലോകം എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഉദ്ധരിക്കട്ടെ.
''രോഗി സംശയങ്ങള്‍ ദുരീകരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും മടിക്കേണ്ട, ഭയപ്പെടേണ്ട. ഇക്കാലത്ത് പത്രമാസികകളിലും ടിവിയിലും ഇന്റര്‍നെറ്റിലുമൊക്കെ ധാരാളമായി ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതില്‍നിന്ന് ആര്‍ജ്ജിച്ച കാര്യങ്ങള്‍ നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞതിനു വിരുദ്ധമായി തോന്നുന്നുണ്ടെങ്കില്‍ അതു നേരിട്ട് ഉന്നയിക്കാം. രണ്ടാമതൊരു ഡോക്ടറുടെ അഭിപ്രായം തേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു പറയാം. മനമില്ലാമനസ്സോടെയാണെങ്കിലും ഡോക്ടര്‍മാര്‍ സാവധാനത്തില്‍ ഈ സാഹചര്യത്തോട് ഇണങ്ങിവരികയാണ്. ഓരോ മരുന്നും എന്തിനുള്ളതാണെന്നു ചോദിക്കുക. ആവശ്യമില്ലാതെ ടോണിക്കുകളും വിറ്റാമിനുകളും എഴുതുന്ന ദുശ്ശീലമുള്ളവരാണ്. പലരും. ദേഹപോഷണമല്ല കീശശോഷണമേ അതുകൊണ്ടുണ്ടാവൂ. ഡോക്ടറുടെ കണ്സള്ട്ടേഷനില് അതൃപ്തി തോന്നിയെങ്കില്‍, (21 ശതമാനം രോഗികള്ക്കേ സംതൃപ്തി ലഭിക്കുന്നുള്ളൂ) പരാതിയുണ്ടെങ്കില്‍ അത് അധികൃതരെ അറിയിക്കുക. അങ്ങനെയേ സിസ്റ്റം കുറ്റ മറ്റതാവൂ. അതില്‍ നിങ്ങള്‍ക്കും പങ്കുണ്ടാവണം'' (പേജ് 52).
ഈ പറഞ്ഞിരിക്കുന്നതില്‍ എത്ര കാര്യങ്ങള്‍ രോഗിക്ക് ഡോക്ടറുടെ മുന്നില്‍ ഉന്നയിക്കാനാകും?! അതിനു ശ്രമിച്ചാല്‍ രോഗിക്ക് വേറെ ഡോക്ടറെ തേടി പോകേണ്ടി വരും. അവിടെയും കാത്തിരിക്കുന്നത് ഇതേ അനുഭവമാകും. രോഗത്തിനും ഡോക്ടര്‍ക്കും മധ്യത്തില്‍, ചെകുത്താനും കടലിനും ഇടയില്‍ എന്നോണം രോഗി കീഴടങ്ങുകയേ മാര്‍ഗ്ഗമുള്ളൂ.
''കമ്മ്യൂണിക്കേഷന്‍ ഒരു കലയാണ്. ചികിത്സ മുഴുവനും തന്നെ ഒരു കലയായിട്ടാണ് കണക്കാക്കപ്പെടുന്നത്'' എന്ന് ഡോ. പരമേശ്വരന് എഴുതി. കമ്മ്യൂണിക്കേഷന്‍ എന്ന കലയില്‍ ഭൂരിപക്ഷം ഡോക്ടര്‍മാരും പരാജയപ്പെടുന്നു. ദീര്‍ഘകാലത്തെ പഠനത്തിനു ശേഷം വൈകി നേടിയെടുക്കുന്ന പ്രാക്ടീസ്, സമയക്കുറവ്, സമൂഹം സങ്കല്പിക്കുന്ന ഡോക്ടറുടെ സ്റ്റാറ്റസില്‍ ജീവിക്കാനുള്ള പണം സമ്പാദിക്കാനുള്ള ബദ്ധപ്പാട്, വര്‍ദ്ധിക്കുന്ന ചെലവുകള്‍, വിശ്രമമില്ലായ്മ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഡോക്ടറുടെ ജീവിതം സ്ട്രെസ് നിറഞ്ഞതാക്കുന്നുണ്ട്. പക്ഷേ, അതൊന്നും രോഗിക്കു ലഭിക്കേണ്ട ന്യായമായ ചികിത്സയ്ക്കും പെരുമാറ്റത്തിനും തടസ്സമായിക്കൂടാ.
manipius59@gmail.com