നാക്കുപിഴ തീര്‍ത്തതോ കൈപ്പിഴ പറ്റിയതോ...

നാക്കുപിഴ തീര്‍ത്തതോ കൈപ്പിഴ പറ്റിയതോ...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ എത്തിയ നാലു വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം നമ്മുടെ ആരോഗ്യരംഗം എത്രമാത്രം അനാരോഗ്യകരമാണെന്നു വിളിച്ചോതുന്നു. ശസ്ത്രക്രിയ ടേബിളില്‍ വച്ച് കുട്ടിയില്‍ ടങ്-ടൈ (Tongue-tie) കണ്ടെത്തി അതു നീക്കം ചെയ്തതാണെന്നാണ് ഡോക്ടര്‍ വിശദീകരിച്ചത്. ടങ്-ടൈ എന്ന അവസ്ഥ ജന്മനാല്‍ ഉണ്ടാവുന്നതാണ്. ടിഷ്യൂവിന്റെ നാട നാവിന്റെ തുമ്പിനെ വായുടെ അടിഭാഗത്തോട് ചരടുപോലെ ചേര്‍ത്തുനിര്‍ത്തുന്ന വൈകല്യമാണിത്. ഇത് ഭക്ഷണം കഴിക്കാനും സംസാരിക്കാനുമുള്ള കഴിവിനെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ശസ്ത്രക്രിയയിലൂടെ നീക്കേണ്ടതാണ്. പക്ഷേ, ഇങ്ങനെ നീക്കം ചെയ്യുന്ന കാര്യം ഡോക്ടര്‍ കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. അതാണു പ്രശ്‌നമായത്. ശസ്ത്രക്രിയ മാറിപ്പോയപ്പോള്‍ ഡോക്ടര്‍ പറയുന്ന ഒഴിവുകഴിവായിട്ടാണ് ഭൂരിപക്ഷം ആളുകളും ഡോക്ടറുടെ വാക്കുകളെ കാണുന്നത്. തങ്ങളുടെ പിഴവിന് ഡോക്ടറും സഹായികളും നിരുപാധികം മാപ്പ് പറഞ്ഞെങ്കിലും പ്രശ്‌നം അവസാനിച്ചില്ല.

ഈ സംഭവത്തില്‍ ഡോക്ടര്‍ക്കു പിഴവ് പറ്റിയതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് കണ്‍വീനര്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇതനുസരിച്ച് പൊലീസ് തുടര്‍നടപടി സ്വീകരിക്കും. ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതായി പൊലീസ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

ഇങ്ങനെ പിഴവ് സംഭവിക്കാനിടയായ സാഹചര്യങ്ങള്‍, ആശുപത്രി സംവിധാനങ്ങളിലെ പിഴവ് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. ജനറല്‍ അനസ്തീസിയ നല്കിയ 16 സര്‍ജറികളും മറ്റ് അഞ്ച് സര്‍ജറികളും അന്ന് പീഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ ചെയ്യാനുണ്ടായിരുന്നുവെന്നാണു പറയുന്നത്. സര്‍ജറി ടീം അംഗങ്ങള്‍ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം എന്തെല്ലാം പരിമിതികള്‍ നിരത്തിവച്ചാലും സംഭവിച്ച തെറ്റിന്റെ ഗൗരവം കുറയില്ല. ഇങ്ങനെയുള്ള സംഭവങ്ങള്‍ മൂലം ഡോക്ടര്‍മാരുടെയും പൊതുജനാരോഗ്യ വകുപ്പിന്റെയും വിശ്വാസ്യതയാണു നഷ്ടമാകുന്നത്. പാവപ്പെട്ട മനുഷ്യര്‍ക്ക് എങ്ങനെ ധൈര്യപൂര്‍വം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്താനാകുമെന്ന ചോദ്യം മുഴങ്ങുന്നു.

ഇതിനിടയില്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ ഒരു നിരീക്ഷണം ചര്‍ച്ചാവിധേയമായിട്ടുണ്ട്. കഴിഞ്ഞ മാസമാദ്യം അഭിഭാഷകരെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സന്ദര്‍ഭത്തിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. സേവനത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ക്കെതിരെ കണ്‍സ്യൂമര്‍ കോടതിയില്‍ കേസ് കൊടുക്കാമായിരുന്നു; അതാണ് റദ്ദാക്കിയത്. എന്നാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഇപ്പോഴും കണ്‍സ്യൂമര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാം. അക്കാര്യം പുനര്‍ വിചിന്തനം ചെയ്യേണ്ടതുണ്ടെന്നാണ് സുപ്രീം കോടതി സൂചിപ്പിച്ചത്. സേവന ദാതാക്കളെന്ന നിലയില്‍ ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, ആശുപത്രികള്‍ എന്നിവ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ പരിധിയില്‍ വന്നത് ഐ എം എ Vs വി പി ശാന്ത കേസില്‍ 1995-ല്‍ ഉണ്ടായ സുപ്രീം കോടതി വിധി വഴിയാണ്.

ഡോക്ടര്‍മാര്‍ ഉയര്‍ന്ന രീതിയിലുള്ള പ്രൊഫഷണലുകളാണ്. അവരുടെ സേവനത്തെ മറ്റു തൊഴിലുകളുമായി താരതമ്യം ചെയ്യാനാവില്ല. കാരണം മനുഷ്യശരീരങ്ങള്‍ വിവിധ സാഹചര്യങ്ങളില്‍ വിവിധ രീതികളിലാണ് ചികിത്സയോടും മരുന്നിനോടും പ്രതികരിക്കുക. പല സര്‍ജറികളും ഉന്നത സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ളവയാണ്. മാത്രമല്ല രോഗികളെ വളരെ കാര്യക്ഷമമായി ശുശ്രൂഷിക്കേണ്ടതുമുണ്ട്. ചികിത്സ പാളിപ്പോകാന്‍ ഇങ്ങനെ അനേകം സാഹചര്യങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി, ഡോക്ടര്‍മാരെ ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അശാസ്ത്രീയമാണെന്നു വാദിക്കുന്നവരുണ്ട്. ഹോസ്പിറ്റല്‍ ചെലവും ഡോക്ടര്‍മാരുടെ ഫീസും കൊടുക്കാതിരിക്കാന്‍ ഈ നിയമം ദുരുപയോഗിക്കുന്നവരുണ്ടെന്നു ചിലര്‍ ആരോപിക്കുന്നു.

കേസുകള്‍ വന്നാല്‍ തടിയൂരാന്‍ ഡോക്ടര്‍മാര്‍ ചെയ്യുന്ന ഒരു കാര്യം ആവശ്യമില്ലാത്ത ടെസ്റ്റുകള്‍ ചെയ്യിക്കുക എന്നതാണ്. ഇത് ചികിത്സാചെലവ് ദുര്‍വഹമാക്കുന്നു. ഈ ടെസ്റ്റുകളെല്ലാം രോഗിയുടെ ചികിത്സാ ഹിസ്റ്ററിയില്‍ രേഖപ്പെടുത്തും. രോഗിയോ ബന്ധുക്കളോ കേസിനു പോയാല്‍ ഇതൊക്കെ ചൂണ്ടിക്കാട്ടി ഞാന്‍ സകലതും പരീക്ഷിച്ചുവെന്നു ഡോക്ടര്‍ വാദിക്കും. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്ക് എന്നതുപോലെ നഷ്ടം എപ്പോഴും രോഗിക്കായിരിക്കും; ധനനഷ്ടം, ചിലപ്പോള്‍ പ്രാണനഷ്ടം.

രോഗിക്കു നീതി കിട്ടാന്‍ ക്രിമിനല്‍, സിവില്‍ വ്യവഹാരങ്ങള്‍ക്കു പോകുന്നത് ഏറെ ബുദ്ധിമുട്ടും ചെലവും നിറഞ്ഞ ഏര്‍പ്പാടാണ്. അത് കാലദൈര്‍ഘ്യം വരുന്നതുമാണ്. അതിനാല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് നിലനിര്‍ത്തേണ്ടതുണ്ടെന്നാണ് ഒരു വിഭാഗം ആളുകളുടെ വാദം. ഈ നിയമപ്രകാരം കേസിനു പോയാലും ഇപ്പോള്‍ ഏറെ കാലതാമസമുണ്ടാകുന്നുണ്ട് എന്നതും വസ്തുതയാണ്.

വി പി ശാന്ത കേസിലെ വിധിന്യായത്തില്‍ ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തെ സേവനം ലഭിക്കാനായുള്ള കരാറാണെന്നു പറഞ്ഞുകൊണ്ട് ആരോഗ്യസേവന രംഗം ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആ ഒരു ആനുകൂല്യം നഷ്ടമായാല്‍ പരിഹാരം തേടി രോഗികള്‍ എവിടെപ്പോകും?

ഡോക്ടറുടെ ഭാഗത്തുനിന്നുള്ള കടുത്ത അനാസ്ഥമൂലം ചികിത്സാപിഴവുകള്‍ ഉണ്ടാകുന്നതിനെ ന്യായീകരിക്കാന്‍ ആര്‍ക്കുമാവില്ല. കൈവിരലിനു പകരം നാവില്‍ സര്‍ജറി നടത്തിയത് അത്തരത്തിലൊന്നാണ്. എന്നാല്‍ വളരെ മികച്ച ചികിത്സകൊടുക്കാന്‍ ശ്രമിച്ചിട്ടും സംശയത്തിന്റെ നിഴലില്‍ നില്‌ക്കേണ്ടി വരുന്ന ഡോക്ടര്‍മാരുടെ അവസ്ഥ സഹതാപാര്‍ഹമാണ്. ഡോക്ടര്‍മാരുടെ പക്ഷത്തു നില്ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യമാണിത്. താരതമ്യേന സങ്കീര്‍ണ്ണമല്ലാത്ത ഉപഭോക്തൃ കോടതിയിലെ വ്യവഹാരങ്ങള്‍ പോലും പത്തു വര്‍ഷം വരെ നീണ്ടുപോകാം. ജില്ലാ ഉപഭോക്തൃഫോറം, അപ്പീല്‍ കമ്മീഷന്‍, നാഷണല്‍ കമ്മീഷന്‍ എന്നിങ്ങനെ ഉയര്‍ന്ന തലങ്ങളിലേക്ക് കേസ് നീളാം.

ഉപഭോക്തൃ ഫോറത്തിനു പകരം ഒരു റെഗുലേറ്ററി അഥോറിറ്റിയാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നടപടിയെടുക്കാനും അധികാരമുള്ള അഥോറിറ്റിയാകണം.

അമിതമായി മരുന്ന് കുറിക്കുന്നതും രോഗിയോടുള്ള ക്രൂരതയാണ്. ഒരു രോഗത്തിനു പരിഹാരം തേടി ചെല്ലുമ്പോള്‍ മറ്റൊരു രോഗം ബോണസായി കിട്ടുന്ന അവസ്ഥയുണ്ട്. അത്തരം കുറിപ്പടി വിദഗ്ദ്ധരെയും നിയന്ത്രിക്കാന്‍ കഴിയുന്ന അഥോറിറ്റിയാണ് നിലവില്‍ വരേണ്ടത്. ഇപ്പോള്‍ ഡോക്ടര്‍ കുറിക്കുന്ന മരുന്നിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതി മരുന്ന് കഴിക്കണമോ വേണ്ടയോ യെന്നു തീരുമാനിക്കുന്ന അഭ്യസ്തവിദ്യരായ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഡോക്ടര്‍മാരിലുള്ള വിശ്വാസം രോഗികള്‍ക്കു നഷ്ടമായിരിക്കുന്നുവെന്നാണ് ഇതിന്റെ അര്‍ത്ഥം. അതു തിരിച്ചുപിടിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കേണ്ടത് ഡോക്ടര്‍മാരാണ്.

  • manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org