
മാണി പയസ്
കൊവിഡ്-19 മൂലം മാനവസമൂഹം അരക്ഷിതമായ ഒരു കാലഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. ഇതല്ലാതെ കേരളത്തിലെ ക്രൈസ്തവസമൂഹത്തിനു പ്രത്യേകിച്ച്, സുറിയാനി ക്രിസ്ത്യാനിക്ക് മാത്രമായ എന്തെങ്കിലും അരക്ഷിതാവസ്ഥയുണ്ടോ? ഉണ്ട് എന്ന ഉത്തരം ശരിയാണ്.
കേരളത്തില്‍ ക്രൈസ്തവരുടെ ജനസംഖ്യ 15 ശതമാനത്തില്‍ താഴെയായിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളില്‍ കേരളത്തില്‍ നാലില്‍ ഒരാള്‍ ക്രിസ്ത്യാനി ആയിരുന്നെങ്കില്‍ ഇന്ന് ഏഴില്‍ ഒന്നായിരിക്കുന്നു. സമുദായത്തെ ബൗദ്ധികമായി സംരക്ഷിക്കാന്‍ കഴിവുള്ള യുവത്വം ഇവിടെയില്ല. അവര്‍ കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു വെളിയിലുമാണ്. അവരില്‍ പാശ്ചാത്യനാടുകളില്‍ കഴിയുന്നവര്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുമില്ല. അതിനാല്‍ സങ്കീര്‍ണതകളിലേക്കു കൂപ്പുകുത്തിയിരിക്കുന്ന കേരളീയ സമൂഹത്തിനു നിര്‍ണ്ണായക നേതൃത്വം ന്‌ലകാന്‍ ഈ സമുദായത്തിനു കഴിയാതെ പോകുന്നു. ക്രൈസ്തവ സമുദായം ഇന്ന് അവഗണന അനുഭവിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്.
സുറിയാനി ക്രിസ്ത്യാനികളില്‍ ഉള്‍പ്പെട്ട സീറോ-മലബാര്‍ സഭാംഗങ്ങളുടെ ഭൂരിപക്ഷം വീടുകളിലും 17-നും 40-നും ഇടയിലുള്ളവര്‍ പുറത്താണെന്നു കാ ണാം. പഠിക്കാന്‍ കേരളത്തിലും പുറത്തുമുള്ള ഹോസ്റ്റലുകളിലും; പിന്നീട് വിദൂര സ്ഥലങ്ങളില്‍ ജോലിയിലുമാണവര്‍. സമൂഹത്തില്‍ ചലനം സൃഷ്ടിക്കാന്‍ കഴിവുള്ള പ്രായത്തില്‍ അവര്‍ ഇവിടെയില്ല. അതിനാല്‍ രാഷ്ട്രീയത്തിലും ബിസിനസ്സിലും ഉയര്‍ന്ന അധികാരസ്ഥാനങ്ങളിലും സാഹിത്യത്തിലും മറ്റും ഈ സമുദായ ത്തിന്റെ സ്വാധീനവും സാന്നിദ്ധ്യവും അസ്തമിച്ചുകൊണ്ടിരിക്കുന്നു.
കച്ചവടം കുലത്തൊഴിലായ വൈശ്യര്‍ കേരളത്തില്‍ ഇല്ലാതിരുന്നതിന്റെ കുറവ് നികത്തിയത് ക്രൈസ്തവരാണ്. വ്യാപാരത്തില്‍ അവരുടെ കഴിവ് പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ന് അതിന് ഇടിവു സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനു പ്രധാന കാരണം ബൗദ്ധികശോഷണമാണ്. കച്ചവടരംഗത്ത് പുതുവഴികള്‍ വെട്ടിത്തുറക്കാന്‍ കഴിവുള്ളവര്‍ കോര്‍പ്പറേറ്റുകള്‍ക്കും വിദേശികള്‍ക്കും വേണ്ടി പണിയെടുക്കാന്‍ പോയതിന്റെ ഫലം.
കാര്‍ഷികരംഗമായിരുന്നു ക്രൈസ്തവര്‍ കയ്യടക്കിയിരുന്ന മറ്റൊരു പ്രധാന മേ ഖല. ഭൂസ്വത്തില്‍ അവര്‍ മുന്നിലായിരുന്നു. കാല്‍നൂറ്റാണ്ടിലേറെയായി കാര്‍ഷികമേഖലയില്‍ തിരിച്ചടിയാണ്. പണ്ട് ഐശ്വര്യം ഊറിവരുന്നതായിരുന്നു റബറെങ്കില്‍ ഇന്നതു ബാദ്ധ്യതയായി മാറിയിരിക്കുന്നു. കുറുന്തോട്ടി നല്ലതാണെന്നു പറഞ്ഞാല്‍ അതും കൃഷി ചെയ്യാനും ക്ഷമയോടെ കാത്തിരിക്കാനും മനസ്സുള്ളവനായിരുന്നു കര്‍ഷകന്‍. ഇന്ന് എത്ര കാത്തിരുന്നാലും കര്‍ഷകനായ ക്രൈസ്തവയു വാവിനു പെണ്ണു കിട്ടാത്ത അവസ്ഥയാണ്. ഇടുക്കിയില്‍ ഈ പ്രശ്‌നം രൂക്ഷമാണ്. ഇന്ത്യയിലെ മികച്ച പൈനാപ്പിള്‍ കര്‍ഷകരാണ് വാഴക്കുളത്തുകാര്‍. മികച്ച നെല്‍കര്‍ഷകരാണ് കുട്ടനാട്ടുകാര്‍. എന്നാല്‍ ഈ മികവൊന്നും അംഗീകരിക്കപ്പെടുന്നില്ല. ഇന്ത്യയില്‍ മൊത്തം കര്‍ഷകര്‍ക്കു വന്നു ഭവിച്ച ദുരന്തത്തിന്റെ അനുബന്ധമാണു കേരളത്തിലെ കര്‍ഷകര്‍ക്കും സംഭവിച്ചതെന്നു സമാധാനിക്കാമെന്നു മാത്രം.
സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ കാര്യത്തിലും സുറിയാനി ക്രിസ്ത്യാനികള്‍ പിന്തള്ളപ്പെട്ടു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയ ശേഷം മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും 27 ശതമാനം സംവര ണം ലഭിച്ചതിനെ തുടര്‍ന്ന് മുസ്ലീംകളും ഈഴവരും മുന്നേറിയപ്പോള്‍ സംവരണത്തിന്റെ ആനുകൂല്യമില്ലാത്ത സുറിയാനി ക്രിസ്ത്യാനികള്‍ പിന്തള്ളപ്പെട്ടു.
അധികാര രാഷ്ട്രീയത്തിന്റെ മണ്ഡലത്തിലും സുറിയാനി ക്രിസ്ത്യാനികളുടെ ശക്തി ക്ഷയിച്ചിരിക്കുന്നു. ക്രിസ്ത്യാനികളുടെ രാഷ്ട്രീയ പാര്‍ട്ടി എന്ന ലേബലുള്ള കേരളാ കോണ്‍ഗ്രസ് പരസ്പരം പോരാടുന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള വിവിധ പാര്‍ട്ടികളായി മാറി. തമ്മില്‍ വലുപ്പക്കൂടുതലുള്ള രണ്ടു വിഭാഗങ്ങള്‍ ഇപ്പോള്‍ ആത്മഹത്യാപരമായ പോരാട്ടത്തിലാണ്. പഴയ പി.എസ്.പി.യുടെ പാതയിലാണവര്‍.
ഇതേ സമയം, മുസ്ലീം ലീഗ് കൂടുതല്‍ ശക്തിപ്പെടാനുള്ള ശ്രമത്തിലാണ്. അതിനായി മിതവാദികള്‍ എന്ന വിശേഷണം ഉപേക്ഷിക്കാന്‍, ആ പാര്‍ട്ടി തയ്യാറായിരിക്കുന്നു. ജമാ അത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ. എന്നിവയുമായുള്ള കൂട്ടുകെട്ടും ധാരണയും പരസ്യമാകുന്നതില്‍ ഇന്നു ലീഗ് അസ്വസ്ഥമല്ല. അധികാരമാണ് പ്രതിച്ഛായയേക്കാള്‍ വലുതെന്ന് അവര്‍ ഉറപ്പിച്ചിരിക്കുന്നു. യുഡി.എഫ്. അധികാരത്തില്‍ വരുമ്പോള്‍ ലീഗിലൂടെയും എല്‍.ഡി.എഫ്. അധികാരത്തില്‍ കയറുമ്പോള്‍ സി.പി.എമ്മിലൂടെയും മുസ്ലീം താത്പര്യങ്ങള്‍ അഭംഗുരം സംരക്ഷിക്ക പ്പെടുന്നു. സി.പി.എമ്മിന്റെ മുസ്ലീം പ്രീണനത്തിന്റെ മുഖമാണ് മന്ത്രി കെ.ടി. ജലീല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനു വിധേയനായ ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടെന്നു സി.പി.എം. നിര്‍ദ്ദേശിച്ചത് മുസ്ലീം സമൂഹത്തിനു നല്കി യ വ്യക്തമായ സന്ദേശമാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പമാണെന്ന സന്ദേശം. 1987-ല്‍ കേരള കോണ്‍ഗ്രസ് ജോ സഫ് ഗ്രൂപ്പിനെ ഇ.എം.എസ്. നേരിട്ടിടപെട്ടു ഇടതുമുന്നണിയിലേക്കു പിടിച്ചുകൊണ്ടുപോയതാണ്. ആ ഒരു വലിപ്പം ഇന്ന് ജോസ് കെ. മാണി വിഭാഗം ഇടതു മുന്നണിയില്‍ ചെല്ലുമ്പോള്‍ ഉണ്ടാകില്ല. മാത്രമല്ല കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്ന നടപടിയായി മാറാനും സാധ്യതയുണ്ട്.
പാലായില്‍ ക്രിസ്ത്യാനികളുടെ സ്വാധീനം ജനസംഖ്യയേക്കാള്‍ വളരെ വലുതായിരുന്നു. അതു പഴങ്കഥയാവുകയാണ്. കരിസ്മാറ്റിക് ആയ കത്തോലിക്കന്‍ മാര്‍ ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനുമാവുന്നു. ബാങ്ക് പ്രസിഡന്റും പഞ്ചായത്തു പ്രസിഡന്റുമാകുന്നു. ഇതിലെ വിരോധാഭാസം ചൂണ്ടിക്കാട്ടിയാല്‍, പാര്‍ട്ടി പ്രാദേശിക കാര്യം മാത്രമാണെന്നാണു മറുപടി. സുറിയാനി ക്രി സ്ത്യാനികളുടെ ഇടയില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇവര്‍ക്കു ശരിയായ വഴി കാണിച്ചുകൊടുക്കാന്‍ എന്താണ് മാര്‍ഗ്ഗമെന്നു സമുദായ സ്‌നേഹികളും സഭാ നേതൃത്വവും കൂട്ടായി ചിന്തിക്കണം.
ക്രൈസ്തവ ധ്യാനകേന്ദ്രങ്ങളില്‍ എത്തുന്നവരുടെ സംഖ്യ കൂടുമ്പോള്‍, എല്ലാവരും ആത്മീയ ഉന്നതി കൈവരിക്കാന്‍ പരിശ്രമിക്കുന്നു എന്നല്ല ചിന്തിക്കേണ്ടത്. ഈ സമുദായം രോഗാതുരമായിരിക്കുന്നു എന്ന ഖേദമാണ് ഉണരേണ്ടത്. ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങളാല്‍ വിഷമിക്കുന്ന വരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. ഇവര്‍ക്കു മുന്നില്‍ ഒരു സമുദായത്തെയോ വ്യക്തികളെയോ അവതരിപ്പിച്ചു കൊണ്ട്, നമ്മുടെ പ്രശ്‌നങ്ങള്‍ക്കു കാരണം അവരാണ് എന്ന് ചിത്രീകരിക്കുന്നത് ഫാഷിസത്തിന്റെ രീതിയാണ്. അസ്വസ്ഥമായ യുവമനസ്സുകളെ തീവ്രവാദികളാക്കാനെ ഇത് ഉതകൂ. പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമുദായം വികസിക്കുവാനുള്ള സാധ്യതകള്‍ തകര്‍ക്കും.
ആഗോളതലത്തില്‍ ക്രിസ്ത്യാനികളോടുള്ള എതിര്‍ പ്പിന്റെ അലയൊലികള്‍ കേരളത്തിലും ഉയര്‍ത്തുന്ന മുസ്ലീം തീവ്രവാദികളുണ്ട്. അവര്‍ക്കു ബൗദ്ധികമായ മറുപടി കൊടുക്കാന്‍ ക്രൈസ്തവ സമുദായം സജ്ജമാകണം. സഭാംഗമെന്ന നിലയിലും വൈദികരുടെയും കന്യാസ്ത്രീകളുടെയും പിന്തുണയിലും മറ്റു രീതികളിലും കോളജ് അധ്യാപക ജോലിയും ഹയര്‍ സെക്കന്ററി അധ്യാപകജോലിയും മറ്റും നേടിയെടുത്തവര്‍ക്ക് ഇക്കാര്യത്തില്‍ ധാര്‍മ്മിക ബാധ്യതയുണ്ട്.
എന്നാല്‍, ജോലി കിട്ടിക്കഴിഞ്ഞാല്‍ സഭയോടും സമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോടും അക ലം പാലിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സഭയ്ക്കും സമുദായത്തിനും വേണ്ടി സംസാരിക്കുന്നവരോട് പി ന്നെ പുച്ഛമാണ്. ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ് മാത്രമല്ല നന്ദിയില്ലായ്മയുമാണ് ഇതു വ്യക്തമാക്കുന്നത്.
തലയില്‍ ആള്‍ത്താമസമുള്ള, എഴുത്തുകാരായ ചിലര്‍ സ്വന്തം സമുദായത്തിലെ തീവ്രവാദത്തെ എതിര്‍ ക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ, ഇതര സമുദായത്തിലെ തീവ്രവാദത്തെ അനുകൂലിക്കുന്ന അവസ്ഥ വരുന്നു.
മുസ്ലീം, ഹിന്ദു മാധ്യമങ്ങളും വ്യക്തികളും എഴുത്തുകാര്‍ പോലും ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്നതിനു നേര്‍ക്ക് ഇവര്‍ മൗനം ആവലംബിക്കുന്നു. പൊതു സമൂഹത്തില്‍ സ്വീകാര്യത നഷ്ടമാവുമോയെന്ന ഭയമാണിവര്‍ക്ക്.
ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും പ്ര ശ്‌നങ്ങള്‍ നേരിടുമ്പോള്‍ സഭാംഗങ്ങളെ അന്വേഷിക്കു ന്നവര്‍, സഭയിലെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടു വരണം. ഇന്നത്തെ വൈദികര്‍ പണ്ടത്തെ വൈദികരെപ്പോലെ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ മുന്നിട്ടിറങ്ങണം. അവര്‍ രാവിലെ വിശുദ്ധ കുര്‍ബാന ചൊല്ലിയശേഷം മറ്റു ചുമതലകളുമായി സ്ഥലം വിടുന്നത് അവസാനിപ്പിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുമൂലം പഠിക്കാന്‍ വിഷമിക്കുന്നവരെയും ബിസിനസ്സ് തകര്‍ച്ചയുടെ വക്കത്തു നില്ക്കുന്നവരെയും, പലവിധ പ്രശ്‌നങ്ങളാല്‍ എങ്ങനെ മുന്നോട്ടു പോകും എന്നറിയാതെ ആകുലചിത്തരായവരെയുമൊക്കെ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ക്ക് എപ്രകാരം പരിഹാരം കാണാമെന്നു ചിന്തിക്കണം. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണം. അതിനായി ഇടവക തലത്തില്‍ കമ്മിറ്റികള്‍ ഉണ്ടാക്കണം. ഇടവക കമ്മിറ്റികള്‍ സ്ഥലം വാങ്ങുക, പാരിഷ്ഹാള്‍ പണിയുക തുടങ്ങിയ സ്ഥിരം കര്‍മ്മങ്ങളില്‍ നിന്നു മാറി ചിന്തിക്കണം. പരസ്പരം ഇടപെട്ട് സഹായിക്കാനും അംഗീകരിക്കാനും തയ്യാറാകണം. ചുരുക്കത്തില്‍ ആദിമ ക്രൈസ്തവസഭയുടെ ചൈതന്യത്തിലേക്കു തിരിച്ചുപോകുക മാത്രമാണ് സമുദായത്തിന്റെ മുന്നിലുള്ള രക്ഷാമാര്‍ഗ്ഗം.