പാഷാണം വര്‍ക്കിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ്

പാഷാണം വര്‍ക്കിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ്

കാലടി ഗോപിയുടെ ഏഴു രാത്രികള്‍ എന്ന നാടകത്തിലെ ഒരു കഥാപാത്രമാണ് യാചകനായ പാഷാണം വര്‍ക്കി. ക്രിസ്ത്യന്‍ വീടുകളില്‍ കയറുമ്പോള്‍ പുണ്യവാളന്റെയും ഹിന്ദു ഭവനങ്ങളില്‍ ചെല്ലുമ്പോള്‍ ഭഗവാന്റെയും പടം കാണിച്ചാണ് ഇയാള്‍ ഭിക്ഷ ചോദിക്കുക. രണ്ടു വശങ്ങളിലായിട്ട് ഒട്ടിച്ചിരിക്കുന്ന ഈ പടങ്ങള്‍ ഒരു വീട്ടില്‍ കാണിച്ചപ്പോള്‍ മാറിപ്പോയി. തട്ടിപ്പു മനസ്സിലാക്കിയവര്‍ പാഷാണത്തെ പഞ്ഞിക്കിട്ടു. തൃക്കാക്കരയില്‍ ഈ അവസ്ഥയാണ് സിപിഎമ്മിനു സംഭവിച്ചത്.

ഇടതുമുന്നണിയിലെ മന്ത്രിമാരും എം.എല്‍എമാരും മതവും ജാതിയും സമുദായവും അനുസരിച്ച് വോട്ടര്‍മാരുടെ വീടുകള്‍ കയറിയിറങ്ങി വോട്ട് ചോദിക്കുന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍തന്നെ ഉയര്‍ന്നതാണ്. ഫലപ്രഖ്യാപനശേഷം നടന്ന ചാനല്‍ ചര്‍ച്ചയിലും ഇത് ഉന്നയിക്കപ്പെട്ടു. ജാതി, മത, വര്‍ഗ്ഗീയ വികാരങ്ങളെ വോട്ടിനു വേണ്ടി ചൂഷണം ചെയ്യാന്‍ ശ്രമിച്ച സി.പി.എം. അതിനു സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ലേബലാണു നല്കുന്നത്. 2016-ലെ തെരഞ്ഞെടുപ്പില്‍ ആരംഭിച്ച ഈ തന്ത്രം 2021-ല്‍ വളരെ വിജയകരമായി പയറ്റി. പക്ഷെ, 2022-ല്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഈ പാഷാണംകളിയെ പടിയടച്ചു പിണ്ഡം വച്ചു. കേന്ദ്രീകൃതമായി പ്ലാന്‍ ചെയ്ത് സാമൂഹികമാറ്റം, സമൂഹസ്വഭാവം, ഭാവി വികസനം തുടങ്ങിയവയെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തെയാണ് സോഷ്യല്‍ എഞ്ചിനീയറിംഗ് എന്നു വിളിക്കുന്നത്. സി.പി.എം. ഉദ്ദേശിച്ച എഞ്ചിനീയറിംഗ് പ്രകാരം കാര്യങ്ങള്‍ കലാശിച്ചിരുന്നെങ്കില്‍ വിഭജിതമായ ഒരു സമൂഹമായി തൃക്കാക്കരക്കാര്‍ മാറിയേനെ. ഭാവി വികസനം സില്‍വര്‍ ലൈന്‍ ആയേനെ.

യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ഡെമോക്രാറ്റിക് ലെഫ്റ്റ് മാറ്റത്തിന്റെ സില്‍വര്‍ ലൈന്‍ (രജതരേഖ) ആയി മാറുന്ന ഇക്കാലത്ത് സ്റ്റാലിനിസ്റ്റ് തന്ത്രങ്ങളും കാലത്തിനു നിരക്കാത്ത പ്രവര്‍ത്തന രീതികളും പരീക്ഷിക്കുകയാണ് കേരളത്തിലെ സി.പി.എം. ജനാധിപത്യത്തെയും സാമൂഹിക ക്ഷേമത്തെയും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന ഡെമോക്രാറ്റിക് ലെഫ്റ്റിനെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പുച്ഛമാണ്. നമ്പര്‍ വണ്‍ ശത്രുവായാണ് സ്റ്റാലിന്‍ സോഷ്യല്‍ ഡെമോക്രാറ്റുകളെ കണ്ടിരുന്നത്. പാര്‍ട്ടിയുടെ കേന്ദ്രീകൃത ശക്തി സ്ഥാപിച്ച്, എതിരാളിയെ ഇല്ലാതാക്കി, പരമാധികാരം സ്ഥാപിക്കുക എന്നതാണ് സ്റ്റാലിനിസ്റ്റുകളുടെ എക്കാലത്തെയും ലക്ഷ്യം. 99 എം.എല്‍.എമാരുള്ളപ്പോള്‍ അത് നൂറാക്കണം എന്ന അദമ്യമായ ആഗ്രഹം ഉണര്‍ന്നത് പരമാധികാരം സ്വന്തമാക്കാനുള്ള വെമ്പലാണ് വെളിപ്പെടുത്തുന്നത്.

നൂറാം സീറ്റില്‍ ജയിച്ചാല്‍ കോണ്‍ഗ്രസ് എന്ന എതിരാളി തകരും. ആ പാര്‍ട്ടി തമ്മില്‍ തല്ലി തലകീറി പാടേ ഇല്ലാതാകാന്‍ അധികകാലം വേണ്ടി വരില്ല. യു.ഡി.എഫില്‍ ആടി നില്‍ക്കുന്ന കക്ഷികള്‍ ഇപ്പുറത്തേക്കു ചാടും. സില്‍വര്‍ ലൈന്‍ ഗോള്‍ഡന്‍ ലൈനായി മാറും. ഇതൊക്കെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങളാക്കി മാറ്റിയ തൃക്കാക്കരക്കാരോട് കേരളീയ സമൂഹം എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സാമ്പത്തികമായി പാടേ തകര്‍ന്നിരിക്കുന്ന കേരളത്തിന് ഇനി ഒരു ലാറ്റിനമേരിക്കന്‍ മോഡല്‍ ഭരണം താങ്ങാനുള്ള ശേഷിയില്ല.

ജനാധിപത്യത്തെ എണ്ണത്തിന്റെ കണക്കില്‍ കാണാന്‍ തുടങ്ങുമ്പോള്‍ ഏകാധിപതി ജന്മം കൊള്ളുകയായി. വര്‍ത്തമാന കാല ഇന്ത്യയില്‍ ഏകാധിപത്യ മനസ്സുള്ള ഭരണാധികാരികളെ സൃഷ്ടിച്ചതില്‍ തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനു വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ പയറ്റി അധികാരത്തില്‍ വന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രധാനമന്ത്രി മോദി നയിക്കുന്ന ബി.ജെ.പി., നിതീഷ് കുമാര്‍ നയിക്കുന്ന ജനാതാദള്‍ (യു), മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, എം.കെ. സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെ., ജഗന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സ് തുടങ്ങിയവ. ഈ പാര്‍ട്ടികളെല്ലാം ഒറ്റ നേതാവില്‍ കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ പോപ്പുലാരിറ്റിയില്‍ ഊന്നി പ്രവര്‍ത്തിക്കുന്നവയാണ്. ക്രമത്തില്‍ അമിത അധികാര കേന്ദ്രമായി ആ നേതാവ് മാറുമ്പോള്‍ പാര്‍ട്ടി നിശബ്ദമാകുന്നതാണ് കണ്ടുവരുന്നത്.

രാഹുല്‍ ഗാന്ധി അടുത്ത കാലത്തു ചെയ്ത ഏറ്റവും ബുദ്ധിപൂര്‍വ്വമായ കാര്യം പ്രശാന്ത് കിഷോറിന്റെ ഓപ്പറേഷന്‍ ടേബിളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കിടത്താതിരുന്നതാണ്. കോണ്‍ഗ്രസ്സിന്റെ പൈതൃകം മാത്രമല്ല അവസാനത്തെ ശ്വാസവും ഇല്ലാതായേനെ. ജനാധിപത്യത്തെ സംഖ്യകളുടെ കണക്കായും ഇലക്ഷന്‍ വിജയത്തെ തന്ത്രമായും കാണുന്ന നിലപാടിന് ആത്യന്തികമായ നിലനില്പ് ഉണ്ടാവില്ല. തൃക്കാക്കരയില്‍ സി.പി.എമ്മിനു സംഭവിച്ച പരാജയം ഈ സത്യം വിളിച്ചു പറയുന്നുണ്ട്.

ഇന്ത്യയിലും റഷ്യയിലും ചൈനയിലും മാത്രമല്ല ലോകത്ത് പല രാജ്യങ്ങളിലും ഏകാധിപതിയുടെ മനസ്സുള്ള നേതാക്കള്‍ വര്‍ദ്ധിക്കുകയാണ്. കുറെ മാസങ്ങള്‍ക്കു മുമ്പ് യു.എസ്. പ്രസിഡന്റ് വിളിച്ചുകൂട്ടിയ 'ജനാധിപത്യത്തിനുള്ള ഉച്ചകോടി' ഈ വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കാനും ലോകത്ത് ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുമായിരുന്നു. അതിലേക്ക് ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെല്ലാം മഹത്തായ രീതിയില്‍ ജനാധിപത്യം പുലരുന്നുവെന്നു പറയാനാവില്ലെങ്കിലും ഉച്ചകോടി മികച്ച തുടക്കമായിരുന്നു. അത്തരത്തില്‍ ജനാധിപത്യത്തിന്റെ സത്ത തിരിച്ചുപിടിക്കുവാന്‍ കേരളീയര്‍ക്കു തൃക്കാക്കര ഇലക്ഷന്‍ ഫലം അവസരം നല്കിയിരിക്കുന്നു.

ക്യാപ്റ്റനും വികസന നായകനുമായി പിണറായിയെ മുന്നോട്ടു വയ്ക്കുമ്പോള്‍ സി.പി.എമ്മിന്റെ രാഷ്ട്രീയം എന്താണെന്ന അന്വേഷണം പ്രസക്തമാണ്. സി.പി.എം. പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ മൂല്യങ്ങള്‍ക്ക് അതില്‍ എത്രത്തോളം പ്രസക്തിയുണ്ട്? സൗജന്യ കിറ്റും സില്‍വര്‍ ലൈനുമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ പ്രകടിതരൂപങ്ങള്‍. ഒന്ന് സൗജന്യത്തിന്റെ രാഷ്ട്രീയം. രണ്ടാമത്തേത് കോര്‍പ്പറേറ്റ് രാഷ്ട്രീയം. 2021-ല്‍ കിറ്റ് വിജയം നല്കി. വികസനത്തിന്റെ സില്‍വര്‍ ലൈനിലൂടെ ആ വിജയം ആവര്‍ത്തിക്കാനാകുമോ എന്ന അന്വേഷണം തൃക്കാക്കരയില്‍ അരങ്ങേറി. 'ഇല്ല' എന്നു തൃക്കാക്കരക്കാര്‍ നല്കിയ ഉത്തരത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി ഉപേക്ഷിക്കുമോ?

25,016 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിനാണ് ഉമ തോമസ് ജയിച്ചതെങ്കിലും സി.പി.എം. രാഷ്ട്രീയ നിരീക്ഷകര്‍ അവകാശപ്പെടുന്നത് സര്‍ക്കാരിന് അനുകൂലമായി കൂടുതല്‍ പേര്‍ വന്നിരിക്കുന്നുവെന്നാണ്. അതിനവര്‍ ചൂണ്ടിക്കാണിക്കുന്ന ന്യായം 2021-ല്‍ 45,510 വോട്ട് കിട്ടിയപ്പോള്‍ ഇത്തവണ 47,754 വോട്ട് നേടായി എന്നാണ്. 2,244 വോട്ട് വര്‍ദ്ധിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈനുമായി മുന്നോട്ടുപോകും എന്നാണോ ഇതിന്റെ അര്‍ത്ഥം?

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സി.പി.എം. അണികള്‍ പറഞ്ഞിരുന്ന ഒരു കാര്യം സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഭരിക്കുന്ന രാഷ്ട്രീയ മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തിട്ടേ കാര്യമുള്ളൂ, ഇല്ലെങ്കില്‍ അടുത്ത നാലുവര്‍ഷം തൃക്കാക്കരയുടെ വികസനം തടസ്സപ്പെടുമത്രെ. അരാഷ്ട്രീയവും ജനാധിപത്യ വിരുദ്ധവുമായ ഈ നിലപാട് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവരില്‍ നിന്നു വന്നുവെന്നത് അതിശയിപ്പിക്കുന്നതാണ്. ഇതിനു മറുപടിയായി ഒരാള്‍ പറഞ്ഞത്, എങ്കില്‍ സി.പി.എം. ഇനി ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ട കാര്യമില്ലല്ലോ എന്നാണ്. കാരണം, അവര്‍ കേന്ദ്രത്തില്‍ ഭരണം കൈയാളാന്‍ ഒരു സാധ്യതയുമില്ലല്ലോ. എന്തായാലും തൃക്കാക്കര ഫലം ജനാധിപത്യത്തെ ബലപ്പെടുത്തുന്ന ഒട്ടേറെ പാഠങ്ങള്‍ നല്കുന്നുണ്ട്. തോറ്റ സി.പി.എം. മാത്രമല്ല ജയിച്ച കോണ്‍ഗ്രസ്സും ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org